മലയാളം ഇ മാഗസിൻ.കോം

സുരേഷ്‌ ഗോപിയെ രൂക്ഷമായി വിമർശിച്ച ശശികല മുഖ്യമന്ത്രിയെ പ്രശംസിച്ചു! ആശ്ചര്യത്തോടെ സോഷ്യൽ മീഡിയ

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കാനാണ് ആഗ്രഹമെന്ന പറഞ്ഞ സുരേഷ് ഗോപി എം.പിയെ രൂക്ഷമായി വിമര്‍ശിച്ച് ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികല രംഗത്ത്‌ വന്നത്‌ ഒരേ സമയം ആശ്ചര്യവും അതിശയവും ഉണ്ടാക്കി. സുരേഷ്ഗോപി പറഞ്ഞത് വിവരക്കേടു കൊണ്ടാണെന്ന് ആ പ്രസ്താവനയെന്നായിരുന്നു ശശികലയുടെ പ്രതികരണം. ആധ്യാത്മിക കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള വിവരക്കേടാണ് ഇതിന് കാരണമെന്നും ശശികല പറഞ്ഞു.

കേരളത്തില്‍ ദളിതര്‍ക്കും പൂജ ചെയ്യാമെന്ന് തെളിയിച്ച സര്‍ക്കാരിന്റെ തീരുമാനം നൂറുശതമാനം ശരിയാണ്. ബ്രാഹ്മണ്യം കര്‍മ്മം കൊണ്ട് നേടുന്നതാണ്. ദളിതര്‍ എന്നല്ല പൂജാരിമാരായി വരുന്ന എല്ലാവരും ബ്രാഹ്മണരാണ്. അതുകൊണ്ട് തന്നെ പിണറായി സര്‍ക്കാരിന്റെ ഈ നടപടി അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണെന്നും ശശികല വ്യക്തമാക്കി.

തിരുവനന്തപുരത്ത് നടന്ന യോഗക്ഷേമസഭയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു തനിക്ക് അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ്ഗോപി പറഞ്ഞത്. ‘പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിന്റെ സത്യമെന്തെന്ന് അനുഭവത്തിലൂടെ മനസിലായിട്ടുണ്ട്. അതില്‍ വിശ്വാസവുമുണ്ട്. മരിച്ച് മണ്ണടിഞ്ഞ് ചാരമായതിന് ശേഷം അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്ന് ആഗ്രഹിക്കുന്നു.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഈശ്വരനെ പ്രാര്‍ത്ഥിക്കാന്‍ എനിക്ക് പിന്തുണയേകുന്ന പൂജാരി സമൂഹം കണ്‍കണ്ടദൈവമാണ്. മാംസവും ചോരയുമുളള ഈശ്വരന്‍മാരാണ് പൂണൂല്‍ സമൂഹം. ആരും നിങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. ബ്രാഹ്മണ സമൂഹത്തിന് അര്‍ഹമായത് കിട്ടണം. അതിന് രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ വെടിഞ്ഞ് സമൂഹത്തിന് നന്മ പകരുന്ന രാഷ്ട്രീയത്തിന് പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നാമനിര്‍ദ്ദേശം ചെയ്ത് രാജ്യസഭാംഗമായ സുരേഷ് ഗോപിയുടെ സവർണ്ണ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി രംഗത്തെത്തിയിരുന്നു.

സുരേഷ് ഗോപിയുടെ പ്രസ്താവനക്ക് പ്രത്യക്ഷ മറുപടിയുമായാണ് പി.സി ജോര്‍ജ് എം.എല്‍.എ എത്തിയിരുന്നത്‌. അടുത്ത ജന്മത്തില്‍ ദളിതനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, അങ്ങനെ ജനിച്ചാല്‍, ഒരു സംശയവും വേണ്ട, ദളിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്നു പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Avatar

Staff Reporter