16
January, 2019
Wednesday
05:22 PM
banner
banner
banner

വിരാടിന്റെ മുഖത്ത്‌ നിരാശയും അമർഷവും, സഞ്ജു സാംസണ് ഓറഞ്ച്‌ ക്യാപ്‌!

പത്തു വർഷങ്ങൾക്കു മുമ്പാണ്.ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ഇപ്പോഴത്തെ ഫീൽഡിങ്ങ് പരിശീലകനായ ബിജു ജോർജ്ജ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ടാലൻ്റ് സ്കൗട്ടായി ജോലി ചെയ്യുന്ന കാലം.ഒരു ദിവസം ടീം ഡയറക്ടർ ജോയ് ഭട്ടാചാര്യയോട് ബിജു പറഞ്ഞു-

”കേരളത്തിൽ പ്രതിഭാശാലിയായ ഒരു ബാലനുണ്ട്.13 വയസ്സു മാത്രമേ പ്രായമുള്ളൂ.എങ്കിലും അവനെ നിങ്ങൾ നിർബന്ധമായും കാണണം….”

തൻ്റെ സ്കൗട്ടിനെ പ്രീതിപ്പെടുത്തിയ അത്ഭുതബാലനെ കാണാൻ ഭട്ടാചാര്യ പോയി.ഒരു സാധാരണ പതിമൂന്നുവയസ്സുകാരനേക്കാൾ വലിപ്പമുണ്ടായിരുന്നു അവന്.കൂടാതെ നല്ല വേഗതയും മികച്ച ഹാൻഡ്-എെ-കോർഡിനേഷനും.ഇതെല്ലാം കണ്ട കെ.കെ.ആർ ഡയറക്ടർ വളരെ സന്തുഷ്ടനായി.അവനെ അവർ ക്ലബ്ബ് ക്രിക്കറ്റ് കളിക്കുന്നതിനു വേണ്ടി ശ്രീലങ്കയിലേക്ക് കൊണ്ടുപോയി.

എല്ലാ ശ്രീലങ്കൻ ക്ലബ്ബുകളിലും 3-4 അന്താരാഷ്ട്ര താരങ്ങളുണ്ടായിരുന്നു.അവർക്കെതിരെയാണ് മലയാളിയായ ടീനേജർ ബാറ്റെടുത്തത്.അവന് വലിയൊരു സ്കോർ കണ്ടെത്താനായില്ല.ഇരുപതുകളിലും മുപ്പതുകളിലും നിരന്തരം ഒൗട്ടായി.പക്ഷേ ഭട്ടാചാര്യയ്ക്ക് ഒരു കാര്യം മനസ്സിലായി.പയ്യന് ക്രിക്കറ്റിൻ്റെ ഉയർന്ന തലത്തിൽ കളിക്കാനുള്ള ശേഷിയുണ്ട്.അവനെ പുറകോട്ടുവലിക്കുന്നത് അവൻ്റെ സ്വന്തം പിഴവുകൾ മാത്രമാണ് !

ആ കുട്ടിയുടെ പേര് സഞ്ജു സാംസൺ എന്നായിരുന്നു.പിന്നീട് വർഷങ്ങൾ കൊഴിഞ്ഞുവീണു.ഗംഗാനദിയിലൂടെ ഒത്തിരി ജലം ഒഴുകിപ്പോയി.കെ.കെ.ആർ എെ.പി.എല്ലിലെ വൻശക്തിയായി.പണ്ട് കൊൽക്കത്തയുടെ അണിയറപ്രവർത്തകരെ അതിശയിപ്പിച്ച പയ്യൻ പിൽക്കാലത്ത് അവർക്കെതിരെ കളിക്കാനിറങ്ങി.

ബാറ്റിങ്ങ് ശൈലിയിൽ മഹേള ജയവർദ്ധനയെ ഒാർമ്മിപ്പിക്കുന്ന സഞ്ജു രാജസ്ഥാൻ റോയൽസിൻ്റെ വിശ്വസ്തനായിരുന്നു. രാഹുൽ ദ്രാവിഡിന് അവനെക്കുറിച്ച് വൻ പ്രതീക്ഷകളുണ്ടായിരുന്നു.മലയാളികൾ സ്വപ്നങ്ങൾ കണ്ടുതുടങ്ങിയിരുന്നു.ടിനു യോഹന്നാനും എസ്.ശ്രീശാന്തും ഇന്ത്യയ്ക്കു വേണ്ടി കളിച്ചുവെങ്കിലും നമുക്ക് അഭിമാനത്തോടെ ചൂണ്ടിക്കാട്ടാൻ ഒരു ബാറ്റ്സ്മാനുണ്ടായിരുന്നില്ല.ഇന്ത്യയിൽ എന്നും ദൈവങ്ങളെപ്പോലെ ആരാധിക്കപ്പെടുന്നത് ബാറ്റ്സ്മാൻമാരാണല്ലോ !

ചില മികച്ച ഇന്നിങ്സുകൾ സഞ്ജു എെ.പി.എല്ലിൽ കളിച്ചു.ഇന്ത്യൻ ടീമിലും ഒന്ന് മുഖം കാണിച്ചു.പക്ഷേ പ്രതിഭയോട് പൂർണ്ണമായും നീതി പുലർത്താത്ത അലസൻ എന്ന ചീത്തപ്പേര് എപ്പോഴും കൂടെയുണ്ടായിരുന്നു.ഇടക്കാലത്ത് ഫോം മോശമായി.അച്ചടക്കമില്ലായ്മയുടെ പേരിൽ കേരള രഞ്ജി ടീമിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.അന്താരാഷ്ട്ര ക്രിക്കറ്റിൽ മിന്നിത്തിളങ്ങേണ്ട പ്രതിഭ വിസ്മൃതിയുടെ അന്ധകാരത്തിലേക്ക് മറയുകയാണോ എന്ന് പലരും സംശയിച്ച സമയം.

പക്ഷേ എഴുതിത്തള്ളിയിടത്തു നിന്ന് സഞ്ജു തിരിച്ചുവന്നു.2016 എെ.പി.എൽ സീസൺ 386 റണ്ണുകളോടെയാണ് അയാൾ അവസാനിപ്പിച്ചത്.ഡെൽഹി ഡെയർഡെവിൾസിൻ്റെ ടോപ്സ്കോററായിട്ടും സംശയങ്ങളും വിമർശനങ്ങളും അവസാനിച്ചിരുന്നില്ല.ചില തുടക്കങ്ങൾ പരമാവധി മുതലാക്കുന്നതിൽ സഞ്ജു പരാജയപ്പെട്ടു എന്ന പരാതി ബാക്കിയായി.കേരള കോച്ച് ഡേവ് വാട്മോർ അഭിപ്രായപ്പെട്ടു-” l think Sanju hasn’t realised his full potential yet….”

2018 എെ.പി.എല്ലിൻ്റെ സമയമായി.തങ്ങളുടെ യങ്ങ് ഗണ്ണിനെ തിരിച്ചുപിടിക്കാൻ രാജസ്ഥാൻ റോയൽസ് പരമാവധി പ്രയത്നിച്ചു.സഞ്ജുവിന് വേണ്ടി ലേലത്തിൽ എട്ടുകോടി മുടക്കിയ രാജസ്ഥാനെ പരിഹസിച്ചവരിൽ മലയാളികളും ഉണ്ടായിരുന്നു.ആദ്യ രണ്ടു കളികളിലും പഴയ കഥ ആവർത്തിക്കുകയായിരുന്നു.നല്ല തുടക്കത്തിനു ശേഷം സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

രാജസ്ഥാൻ്റെ അടുത്ത ദൗത്യം വളരെ ദുഷ്കരമായിരുന്നു.റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ അവരുടെ സ്വന്തം മടയിൽ നേരിടണം.വിരാട് കോഹ്ലിയും എ.ബി ഡിവില്ലിയേഴ്സും ബ്രെണ്ടൻ മക്കല്ലവും ക്വിൻ്റൺ ഡിക്കോക്കും അടങ്ങുന്ന വൻ താരനിര.മാത്രവുമല്ല ‘ഗോ ഗ്രീൻ’ ഇനിഷ്യേറ്റീവിൻ്റെ ഭാഗമായി ആർ.സി.ബി പച്ച ജഴ്സിയിൽ ഇറങ്ങുന്ന ദിവസം കൂടിയായിരുന്നു.ദക്ഷിണാഫ്രിക്കക്കാർക്ക് പിങ്ക് ഡേ എന്ന പോലെ ആർ.സി.ബിയ്ക്ക് ആ ദിനം അഭിമാനത്തിൻ്റെ ഭാഗമായിരുന്നു.കഴിഞ്ഞ മത്സരം ജയിച്ച അവരുടെ മനോനിലയും മികച്ചതായിരുന്നു.

RELATED ARTICLES  മാക്സ്‌വെൽ കൈപ്പിടിയിൽ ഒതുക്കിയ ഓസ്ട്രേലിയയുടെ പരമ്പര വിജയം എന്ന ആ സ്വപ്നം ഇന്ത്യ തകർത്തത്‌ ഇങ്ങനെ!

ഇങ്ങനെയൊരു ബാറ്റിങ്ങ് നിരയ്ക്കെതിരെ എത്ര റണ്ണുകളെടുത്താലും അവർ അത് ചെയ്സ് ചെയ്തെന്നുവരാം.ഇനി ആർ.സി.ബി ആദ്യം ബാറ്റുചെയ്യുകയാണെങ്കിൽ ചെയ്സിങ്ങ് ടീമിന് എത്തിപ്പിടിക്കാനാകാത്ത സ്കോർ അവർ ഉയർത്തിയെന്ന് വരാം.ടോസിൻ്റെ സമയത്ത് വിരാടിൽ നിന്ന് വൃക്ഷത്തൈ സ്വീകരിക്കുമ്പോൾ രാജസ്ഥാൻ നായകൻ അജിൻക്യ രഹാനെയുടെ മനസ്സിലൂടെ ഈ വക ചിന്തകൾ കടന്നുപോയിട്ടുണ്ടാകും എന്നത് തീർച്ചയാണ്.ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന രാജസ്ഥാന് ലഭിച്ചത് പ്രതീക്ഷിച്ചതിനേക്കാൾ സ്ലോ ആയ ഒരു പിച്ചാണ്.160-170 റണ്ണുകൾ മികച്ച സ്കോറാകുമെന്ന് രഹാനെ കരുതി.

എല്ലാ പന്തുകളും ചിന്നസ്വാമിയ്ക്കു പുറത്തെത്തിക്കാൻ ശ്രമിച്ച രഹാനെ ഒൗട്ടായപ്പോഴായിരുന്നു സഞ്ജുവിൻ്റെ രംഗപ്രവേശം.ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ പാഡിനു നേരെ വരുന്ന ലെങ്ത്ത് ബോളുകൾ സഞ്ജുവിനെ ബുദ്ധിമുട്ടിക്കാറുണ്ട്.പക്ഷേ ഖുൽവന്ത് കെജ്രോലിയ എന്ന ലെഫ്റ്റ് ആം സീമർ ഇക്കാര്യത്തെക്കുറിച്ച് അജ്ഞനായിരുന്നു.ഷോർട്ട്ബോളുകൾ ഒന്നാന്തരമായി കളിക്കുന്ന സഞ്ജുവിനെ ആ പന്തുകൊണ്ടുതന്നെ ഖുൽവന്ത് പരീക്ഷിച്ചു.സഞ്ജു പുൾ ചെയ്തു.സിക്സർ ! 59 മീറ്റർ !!

ദോഷൈകദൃക്കുകൾ മുറുമുറുത്തു-”ആ ബൗണ്ടറി ചെറുതായിരുന്നു.അതുകൊണ്ടാണ് അത് സിക്സറായത്.”

വിരാട്, ഇന്ത്യയുടെ പുതിയ ബൗളിങ്ങ് സെൻസേഷനായ വാഷിങ്ടൺ സുന്ദറിനെ കൊണ്ടുവന്നു.മണിക്കൂറിൽ 102.3 കി.മീ വേഗത്തിൽ സുന്ദർ പന്തു പായിച്ചു.അതൊരു മോശം പന്തായിരുന്നില്ല.സഞ്ജുവിന് യഥേഷ്ടം റൂം നൽകിയിരുന്നുമില്ല.എന്നിട്ടും പന്ത് ലോങ്ങ് ഒാണിനു മുകളിലൂടെ പറന്നു.83 മീറ്റർ അകലെയാണ് അത് നിലംതൊട്ടത്.

പിന്നീട് ബംഗളൂരുവിൽ സിക്സർ മഴ പെയ്യുകയായിരുന്നു.പവൻ നേഗിയുടെ ഷോർട്ട്ബോളും ഉമേഷ് യാദവിൻ്റെ ഫുൾടോസും മിഡ്-വിക്കറ്റിനു മുകളിലൂടെ സ്റ്റാൻഡ്സിലെത്തി.ക്രിസ് വോക്ക്സിൻ്റെ യോർക്കർ സഞ്ജുവിന് ബാറ്റിൻ്റെ അറ്റം കൊണ്ട് തടുത്തിടേണ്ടി വന്നപ്പോൾ ഗാർഡൻ സിറ്റി ആർത്തിരമ്പി.വോക്ക്സിൻ്റെ അടുത്ത പന്തും കൊണ്ടത് ബാറ്റിൻ്റെ അതേ സ്ഥാനത്താണ്.പക്ഷേ ഇത്തവണ സഞ്ജുവിൻ്റെ പേരിൽ ആറു റണ്ണുകൾ കൂടി വന്നു !

ആ സിക്സറോടു കൂടി ഒാറഞ്ച് ക്യാപ് സഞ്ജുവിൻ്റെ കൈവശം എത്തി.കമൻ്ററി ബോക്സിൽ കെവിൻ പീറ്റേഴ്സൻ ആവേശഭരിതനായി- ”നിങ്ങൾ സ്കീനിൽക്കാണുന്ന ആ മനുഷ്യന് വലിയ ഭാവിയുണ്ട്.അല്പം വ്യത്യസ്തമായ നീല ജഴ്സിയിലാണെന്നുമാത്രം….”

217 എന്ന പടുകൂറ്റൻ സ്കോറിലാണ് രാജസ്ഥാൻ ഫിനിഷ് ചെയ്തത്.രഹാനെ ആഗ്രഹിച്ചതിനേക്കാൾ എത്രയോ അധികം ! ആർ.സി.ബിയ്ക്കെതിരെ രാജസ്ഥാൻ്റെ ഏറ്റവും മികച്ച ടോട്ടൽ.അവസാന ഒാവറുകളിൽ സഞ്ജു അക്ഷരാർത്ഥത്തിൽ കളം ഭരിക്കുകയായിരുന്നു.വിരാടിൻ്റെ മുഖത്തെ നിരാശയും അമർഷവും മാത്രം മതിയായിരുന്നു ആ ഇന്നിംഗ്സിൻ്റെ മൂല്യം അളക്കാൻ.

ഡെത്ത് ഒാവറുകളിൽ ഖുൽവന്തിനും വോക്ക്സിനും ഉമേഷിനും എതിരെ സഞ്ജു അടിച്ച സിക്സറുകൾ വേറിട്ടുനിൽക്കുന്നത് എക്സ്പ്രസ് പേസ് അനായാസം കൈകാര്യം ചെയ്തതുകൊണ്ടുമാത്രമല്ല.കഴിഞ്ഞ ഏതാനും വർഷങ്ങളായി സീം ബൗളർമാർക്കെതിരെയുള്ള സഞ്ജുവിൻ്റെ അറ്റാക്കിംഗ് ഗെയിം ഒാൺസൈഡിലേക്ക് മാത്രമായി പരിമിതപ്പെട്ടിരുന്നു.2016 എെ.പി.എൽ മുതൽ കണക്കിലെടുക്കുമ്പോൾ കവർ മുതൽ ലോങ്ങ്-ഒാഫ് വരെയുള്ള പ്രദേശങ്ങളിലേക്ക് ഒരു സിക്സർ പോലും സഞ്ജു പായിച്ചിരുന്നില്ല.

ആ കറ സൂപ്പർ സൺഡേയിൽ സഞ്ജു കഴുകിക്കളഞ്ഞു.എത്ര അനായാസമായിട്ടാണ് ലോഫ്റ്റഡ് ഷോട്ടുകൾ കളിച്ചത് ! ഒരെണ്ണം സ്റ്റേഡിയത്തിൻ്റെ മേൽക്കൂരയെ ചുംബിച്ചു.ആ കൈക്കുഴകളുടെ കരുത്ത് കണ്ട് നാം അമ്പരന്നു.സ്ലോ ബോളുകളും ഡെലിവെറികളുടെ ലൈനും കൃത്യമായി പിക്ക് ചെയ്തു.പെർഫക്റ്റ് യോർക്കർ പോലും തേഡ്മാൻ ഫെൻസിലേക്ക് സഞ്ചരിച്ചു.ടെലിവിഷൻ റീപ്ലേയിൽ തുറിച്ചു നിൽക്കുന്ന സഞ്ജുവിൻ്റെ കണ്ണുകളും അത്ഭുതമായിരുന്നു.ആ നിമിഷങ്ങളിൽ അയാൾ ശ്രദ്ധയുടെ പര്യായമായിരുന്നു.

RELATED ARTICLES  മാക്സ്‌വെൽ കൈപ്പിടിയിൽ ഒതുക്കിയ ഓസ്ട്രേലിയയുടെ പരമ്പര വിജയം എന്ന ആ സ്വപ്നം ഇന്ത്യ തകർത്തത്‌ ഇങ്ങനെ!

രാഹുൽ ത്രിപാഠി കുറച്ചുനേരത്തേക്ക് സ്ട്രൈക്ക് സൂക്ഷിച്ചില്ലായിരുന്നുവെങ്കിൽ
സഞ്ജുവിന് ഒരു സെഞ്ച്വറിയ്ക്ക് പോലും സാദ്ധ്യതയുണ്ടായിരുന്നു.പക്ഷേ ത്രിപാഠിയുടെ ബാറ്റിൽ നിന്ന് ഒാരോ ഷോട്ടും പിറവികൊള്ളുമ്പോൾ ആഹ്ലാദത്തോടെ പാഞ്ഞുചെന്ന് പങ്കാളിയുടെ ഗ്ലൗവിൽ ആഞ്ഞിടിക്കുന്ന സഞ്ജുവിനെ കാണാമായിരുന്നു.വ്യക്തിപരമായ നാഴികക്കല്ലുകളേക്കാൾ ടീം പടുത്തുയർത്താൻ പോകുന്ന മണിമാളികയാണ് സഞ്ജുവിനെ മോഹിപ്പിച്ചത് !

ടി20 ക്രിക്കറ്റായിട്ടും സഞ്ജുവിൻ്റേത് അപകടം പിടിച്ച ഗെയ്മായിരുന്നില്ല.നേ­രിട്ടുള്ള ഏറിലൂടെയുള്ള റണ്ണൗട്ടിൽ നിന്ന് ഒരുവട്ടം രക്ഷപ്പെട്ടതൊഴിച്ചാൽ ഒരവസരം പോലും സഞ്ജു നൽകിയില്ല എന്ന് തന്നെ പറയാം.വിരാടിൻ്റെ നേതൃത്വത്തിൽ ആർ.സി.ബി ഒന്നു പൊരുതിനോക്കിയെങ്കിലും സഞ്ജുവിൻ്റെ ആക്രമണം അവർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. മാത്യു ഹെയ്ഡൻ സമ്മാനിച്ച ഒാറഞ്ച് തൊപ്പിയണിഞ്ഞ് സഞ്ജു സമ്മാനദാനച്ചടങ്ങിൽ ജേതാവായി നിന്നു.

രസകരങ്ങളായ പല കഥകളും നാം കേട്ടിട്ടുണ്ട്. കപിൽ ദേവ് അഞ്ചു വിക്കറ്റെടുത്താൽ അത് ഇമ്രാൻ ഖാനിലും ഇയൻ ബോതത്തിലും വാശി വളർത്താറുണ്ടായിരുന്നു.സച്ചിൻ തെൻഡുൽക്കറും ബ്രയൻ ലാറയും അടുത്ത സുഹൃത്തുക്കളായിരുന്നുവെങ്കിലും അവർ തമ്മിൽ ആരോഗ്യപരമായ മത്സരങ്ങളുണ്ടായിരുന്നു.സഞ്ജുവിൻ്റെ കാര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ട്.മറ്റു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരായ ഇഷാൻ കിഷനും ഋഷഭ് പന്തും നന്നായി കളിക്കുന്നത് സഞ്ജു തീർച്ചയായും ശ്രദ്ധിച്ചിട്ടുണ്ടാകും.ഇത് കൂടുതൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനുള്ള പ്രചോദനം സഞ്ജുവിന് നൽകിയിട്ടുണ്ടാവും.പന്തും സഞ്ജുവും ഉറ്റമിത്രങ്ങളാണെങ്കിൽക്കൂടിയും !

സുനിൽ ഗാവസ്കർ പറയുന്നത് ഇങ്ങനെ-”ഇന്ത്യൻ വിക്കറ്റ് കീപ്പറാവാനുള്ള മത്സരത്തിന് പന്തും കിഷനും സഞ്ജുവും മുൻപന്തിയിലുണ്ട്. അവരിൽ മികച്ചവനായി ഞാൻ കാണുന്നത് സഞ്ജുവിനെയാണ്.മറ്റു രണ്ടുപേരും പന്തിനെ നിർദ്ദയം പ്രഹരിക്കുന്നവർ മാത്രമാണ്.എന്നാൽ സഞ്ജുവിന് ഡെലിവെറികൾ ബ്ലോക്ക് ചെയ്യാനുള്ള ഡിഫെൻസീവ് ടെക്നിക്കുമുണ്ട്….”

മുംബൈ സ്കൂൾ ഒാഫ് ബാറ്റിങ്ങിൻ്റെ ഉത്പന്നവും മികച്ച ടെക്നീഷ്യനും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസവുമായ അമോൽ മജൂംദാർ പറയുന്നത് അയാൾ സഞ്ജുവിൻ്റെ ആരാധകനാണെന്നാണ്.സഞ്ജുവിൻ്റെ ടെക്നിക്കുകൾ ഉറച്ചതാണെന്ന് അപ്പോൾ വ്യക്തം.ഇതേ ക്ലാസ് ബാറ്റ്സ്മാനാണ് ഇപ്പോൾ കാടനടിക്കാരായ ആന്ദ്രേ റസലിനോടും ഡ്വെയിൻ ബ്രോവോയോടും സിക്സറുകളുടെ എണ്ണത്തിൽ മത്സരിച്ചുകൊണ്ടിരിക്കുന്നത് !

രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകൾ ജയിക്കുന്നതാണ് ഈ എെ.പി.എല്ലിലെ ട്രെൻ്റ്.രണ്ടേ രണ്ടു തവണ മാത്രമാണ് അത് തെറ്റിയത്.ആ രണ്ടു കളികളിലും മാൻ ഒാഫ് ദ മാച്ച് അവാർഡ് നേടിയത് സഞ്ജുവാണ് ! ചാമ്പ്യൻമാർ ട്രെൻ്റ് പിന്തുടരാറില്ല. അവർ ട്രെൻ്റുകൾ സ്വന്തമായി നിശ്ചയിക്കുന്നവരാണ് ! ഈ യുവാവ് സ്പെഷലാണ്.വളരെ വളരെ സ്പെഷൽ !!

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ്റെ കൺമുമ്പിൽ വെച്ചായിരുന്നു സഞ്ജുവിൻ്റെ താണ്ഡവം.ടിക്കറ്റെടുക്കാതെയാണ് വിരാട് ആ ക്ലാസ് ഷോട്ടുകൾ ആസ്വദിച്ചത്.ബ്ലൂ ആർമ്മിയിലേക്ക് സെലക്ഷൻ പിടിച്ചുവാങ്ങാൻ ആഗ്രഹിക്കുന്ന ഒരുവന് പെർഫോം ചെയ്യാൻ ഇതിനേക്കാൾ മികച്ച വേദി വേറെയേതുണ്ട് !?

ജോയ് ഭട്ടാചാര്യ കണ്ട പതിമൂന്നുകാരൻ വളരുക തന്നെയാണ്.എല്ലാ അർത്ഥത്തിലും….!

Written by-Sandeep Das

[yuzo_related]

CommentsRelated Articles & Comments