കാഴ്ച ഇൻഡി ഫിലിം ഫെസ്റ്റിന്റെ ആദ്യ ഖണ്ഡം ഇന്ന് അവസാനിക്കുകയാണ്. സ്വതന്ത്ര സിനിമകളോടുള്ള IFFK യുടെ അവഗണാപരമായ നിലപാടുകൾ ഉയർത്തിവിട്ട പ്രതിഷേധമായിട്ടാണ് KIFF നെക്കുറിച്ചുള്ള ആലോചനകൾ ആരംഭിച്ചതെങ്കിലും സ്വതന്ത്ര സിനിമകൾക്ക് അനിവാര്യമായിരിക്കുന്ന സമാന്തര സംവിധാനങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട ചർച്ചകൾക്ക് തുടക്കം കുറിക്കാനായിരുന്നു അതിന്റെ നിയോഗമെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. നാലു ദിവസങ്ങൾ പതിനാലു സിനിമകൾ, നാല് ഡോക്യുമെന്ററികൾ, പാനൽ ഡിസ്കഷനുകൾ, ഫോട്ടോ എക്സിബിഷൻ, കോഫീ ചാറ്റ്, വിആർ സിനിമകൾ, സെമിനാർ, മിഡ്നൈറ്റ് ഡിസ്കഷൻ.. ഇങ്ങനെ വൈവിധ്യമാർന്ന നിരവധി പരിപാടികളുമായി സംഘടിപ്പിക്കപ്പെട്ട KIFF അതിന്റെ ഉദ്ദേശ ശുദ്ധിയോട് തീർച്ചയായും കൂറ് പുലർത്തിയെന്ന് തന്നെ പറയണം.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ ചുരുങ്ങിയ ചെലവിൽ സംഘടിപ്പിക്കപ്പെട്ടതാണ് ഈ ചലച്ചിത്രമേള. പോരായ്മകൾ ധാരാളമുണ്ടാകുമെന്ന് കൃത്യമായി അറിയാവുന്നത് അതിന്റെ ഭാരവാഹികൾക്ക് തന്നെയാണ്. പക്ഷെ അത് ഉന്നയിച്ച വിഷയങ്ങൾ തുടർന്ന് വരുന്ന ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെടുമെന്നുതന്നെ ഞങ്ങൾ വിശ്വസിക്കുന്നുവെന്നും സനൽകുമാർ ശശിധരൻ പറയുന്നു. ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഉണ്ടാകുന്ന സ്വതന്ത്ര സിനിമകളിലെ മികച്ച സൃഷ്ടികൾ അടയാളപ്പെടുത്തുന്നതിന്റെ ആവശ്യകതയും IFFK പോലുള്ള വേദികൾ എവിടെയാണ് തങ്ങൾക്ക് പിഴച്ചതെന്ന് തിരിച്ചറിയേണ്ടുന്നതിന്റെ അനിവാര്യതയും ഓർമ്മിപ്പിക്കാൻ ഈ മേളക്ക് കഴിയുമെന്നും സനൽകുമാർ ശശിധരൻ കൂട്ടിച്ചേർത്തു. സനൽകുമാർ ശശിധരന്റെ പ്രതികരണങ്ങളിലേക്ക്…
ഒരാൾപൊക്കം, ഒഴിവു ദിവസത്തെ കളി, സെക്‌സി ദുർഗ ഇവ മൂന്നും പ്രേമേയപരമായും മേക്കിങ് ഇലും പരസ്പരം വേറിട്ട പരീക്ഷണങ്ങൾ ആണ്. സംവിധായകൻ എന്ന നിലയിൽ ഈ യാത്ര എങ്ങനെ കാണുന്നു?
ഒരു സംവിധായകൻ എന്ന നിലയിൽ സ്വന്തം സൃഷ്ടികളിൽ ഉള്ള ആവർത്തനങ്ങൾ വല്ലാതെ മുഷിപ്പിക്കും. ഓരോ വേറുകളിലും പുതിയതായി എന്തെങ്കിലും കാത്തുവയ്ക്കുന്നതിനാണ് ആഗ്രഹിക്കുന്നത്. ആ കാര്യത്തിൽ എന്നെ ഏറെ കൊതിപ്പിച്ചിട്ടുള്ളത് കെ.ജി. ജോർജിന്റെ സിനിമകൾ ആണ്. പുതിയ പരീക്ഷണങ്ങൾ, അതിൽ നിന്ന് കിട്ടുന്ന ഔട്ട്പുട്ട് അത് മറ്റൊരുതരം സംതൃപ്തി ആണ് തരുന്നത്. വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ തന്നെ ആണ് എല്ലാ കാലത്തും ആഗ്രഹിക്കുന്നത്.
സിനിമയെ സംബന്ധിച്ച ടോട്ടൽ സമീപനത്തിൽ തുടങ്ങിയ ഇടത്തു നിന്ന് എത്രത്തോളം മാറിയിട്ടുണ്ട് ഇപ്പോൾ?
ഒരു സിനിമ ഉണ്ടാക്കാൻ കഥയും തിരക്കഥയും ഒക്കെ വേണമെന്ന സാമ്പ്രദായിക ചിന്താഗതിയിൽ നിന്നാണ് തുടങ്ങിയത്. സിനിമയെന്ന മാധ്യമത്തിൽ ഇടപെട്ടു തുടങ്ങിയപ്പോൾ അത്തരം കീഴ്‌വഴക്കങ്ങളിൽ നിന്ന് മാറി സഞ്ചരിക്കണമെന്നു തോന്നി. സെക്സി ദുർഗ ഒരു കഷണം കടലാസ്സു പോലും ഇല്ലാതെയാണ് ചെയ്തു തുടങ്ങിയത്. അതിന്റെ തുടർച്ചകൾ പറ്റി ആർക്കും യാതൊരു മുൻ വിധിയും ഉണ്ടായിരുന്നില്ല. പേടി എന്ന അനുഭവം പകർത്തുകയെന്ന ഒറ്റ ആശയത്തിൽ നിന്നാണ് ആ സിനിമ തുടങ്ങുന്നത്. ബാക്കി എല്ലാം സ്വാഭികമായി വന്നു ചേർന്നതാണ്.
സെക്സി ദുർഗ യിൽ പരീക്ഷിക്കപെട്ട സ്ക്രിപ്റ്റ് ഇന്റെ അഭാവവും മനോധർമ്മവും മറ്റും എത്രത്തോളം വിജയകരമായിട്ടുണ്ട്, സ്വന്തം കാഴ്ചപ്പാടിൽ?
അതൊരു വിജയം തന്നെ ആയിരുന്നു. സിനിമയെന്ന മാധ്യമം നിരവധി തൂണുകളോടെ ആണ് ഉണ്ടായി വരുന്നത്. അതൊക്കെ എടുത്തു മാറ്റിയാലും സൃഷ്ടി എന്ന നിലയിൽ അത് അവിടെ തന്നെ ഉണ്ടാകും. കഥയും തിരക്കഥയും ഒക്കെ അങ്ങനെ കൂടി ചേരുന്ന ഘടനകൾ ആണ്. സെക്സി ദുർഗയുടെ ഇപ്പോഴത്തെ രൂപത്തിൽ എത്തുമ്പോൾ പ്രപഞ്ചത്തിൽ നിന്ന് ഒരുപാട് ഘടകങ്ങൾ സ്വാഭാവികമായി വന്നുചേർന്നിട്ടുണ്ട്. ആശയത്തിന് പിന്നാലെ ഉള്ള ആ പോക്കിൽ സ്വാഭാവികതയുടെ ഓർത്തു നിന്ന് ജൈവികമായ നിരവിധി കൂട്ടിയിണക്കലുകളും ഉണ്ടായിട്ടുണ്ട്.
പുതിയ സാഹചര്യത്തിൽ സെൻസർ ബോർഡിന്റെ സമീപനത്തെയും കേന്ദ്ര സർക്കാരിന്റെ നിലപാടുകളെയും എങ്ങനെ കാണുന്നു?
സെൻസറിംഗുമായി ബന്ധപ്പെട്ട കേന്ദ്ര നിയമങ്ങളെ സംസ്ഥാന സർക്കാരുകളും അതുപോലെ പിന്തുടരുന്നു എങ്കിൽ എന്തോ പ്രശ്നമുണ്ട്. നോർത്ത് ഇൻഡ്യൻ രീതികൾ സൗത്ത് ഇന്ത്യയിലേക്ക് അടിച്ചേൽപ്പിക്കാനാണ് ശ്രമം. വ്യത്യസ്ഥതകളെ ആഘോഷിക്കുന്ന ഒരു രാജ്യത്ത് ഓരോ സംസ്ഥാനങ്ങൾക്കും അതിന്റേതായ ഭാഷാ-സംസ്കാര വൈവിധ്യങ്ങളുണ്ട്. അതിനാൽ തന്നെ ഓരോ സംസ്ഥാനങ്ങൾക്കും സെൻസർ നിയമങ്ങളിൽ അതിന്റേതായ സ്വാതന്ത്ര്യവും ഉണ്ടാകണം. അതിനായുള്ള സമ്മർദ്ദം സംസ്ഥാന സർക്കാരുകൾ ചെലുത്തേണ്ടതുണ്ട്. ആ നിയമങ്ങളെ പൊളിച്ചെഴുതാനുള്ള നീക്കങ്ങൾക്ക് സംസ്ഥാന സർക്കാർ മുൻകൈ എടുക്കണം. ഒരു മലയാള സിനിമയുടെ സെൻസറിംഗ് സംബന്ധിച്ച് നിലപാടെടുക്കാൻ പ്രാദേശിക സെൻസർ ബോർഡിന് സാധിക്കും. കേന്ദ്ര സർക്കാരിന്റെ അജണ്ടകളെ പ്രാദേശിക സിനിമകളുടെ ഉത്തരവാദിത്വമുള്ള സെൻസർ ബോർഡ് അതേ പടി പിന്തുടരുന്നുണ്ടെങ്കിൽ അത് കേന്ദ്ര സർക്കാരിന്റെ നിലപാടുകളോടുള്ള വിധേയത്വം തന്നെയാണ്. ഇതാണ് നമ്മളെപ്പോലെയുള്ള സംവിധായകർ നേരിടുന്ന യഥാർത്ഥ വെല്ലുവിളി.