പ്രവാസികളെപ്പറ്റി നിങ്ങളെന്താണ് കരുതിയത്, സത്യങ്ങൾ തുറന്നെഴുതി ഒരു മുൻ പ്രവാസി. സലീൽ ബിൻ ഖാസിം ആണ് മഹാമാരി കാലത്ത് പ്രവാസികളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.
പ്രവാസികളെപ്പറ്റി നിങ്ങളെന്താണ് കരുതിയത്. ചിലരൊക്കെ പറയാറുണ്ട്. കൊന്നാലും ഗൾഫിൽ പോവില്ല കൂലിപ്പണി എടുത്തായാലും നാട്ടിൽ തന്നെ ജീവിക്കാനാണ് ഇഷ്ടം. എന്ന്…അങ്ങനെ പറയുന്നവർക്ക് കൂലിപ്പണി എടുത്താൽ പട്ടിണിയില്ലാതെ കഴിയാൻ പറ്റുന്ന ഒരു സാഹചര്യം ഉണ്ടായത് നാടും വീടും കൂടും കുടുംബവും കൂട്ടുകാരെയും ഒക്കെ ഉപേക്ഷിച്ചു കുറേ ജന്മങ്ങൾ മരുഭൂമിയിൽ പോയി ചോര നീരാക്കുന്നത് കൊണ്ട് തന്നെയാണ്.
എടുത്തു പറയാൻ കൃഷിയോ കാര്യമായ കയറ്റുമതിയോ വ്യവസായമോ ഒന്നുമില്ലാത്ത ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ അല്ലെങ്കിൽ ഇതൊക്കെയുള്ള നമ്മുടെ രാജ്യത്തിന്റെ തന്നെ സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് പറയുന്നത് പ്രവാസികളാണ്. വ്യവസായവും കൃഷിയും കയറ്റുമതിയുമൊക്കെ വേണ്ടുവോളമുള്ള അന്യ സംസ്ഥാനത്ത് നിന്ന് പോലും ലക്ഷക്കണക്കിന് തൊഴിലാളികൾ പട്ടിണി മാറ്റാൻ വേണ്ടി തൊഴിലന്വേഷിച്ചു കേരളത്തിൽ വരുന്നതും ഈ പ്രവാസികൾ ഉള്ളത് കൊണ്ട് തന്നെയാണ്. ഇങ്ങനെയൊക്കെ പറഞ്ഞാൽ ചില ഊളകളുടെ മനസ്സിലെങ്കിലും ഒരു സംശയം ബാക്കിയാവും.
പ്രവാസികൾ മരുഭൂമിയിൽ പോയി ചോര നീരാക്കുന്നുണ്ടെങ്കിൽ അത് അവരുടെ കുടുംബത്തിനു വേണ്ടിയല്ലേ.. അവർ അവരുടെ കുടുംബത്തേക്കല്ലേ പൈസ അയക്കുന്നത്.. അവര് വല്യ മണിമാളിക പണിയുന്നതും പണത്തിന്റെ ഹുങ്ക് കാണിക്കുന്നതും ഒന്നും നാട്ടുകാരായ ഞങ്ങൾക്ക് വേണ്ടിയല്ലല്ലോ എന്നൊക്കെ. തീർത്തും അന്യായമായ സംശയമാണത്. പ്രവാസി ഇവിടുന്ന് ഫ്ലൈറ്റ് കേറുമ്പോൾ ടിക്കറ്റ് ചാർജിനോടൊപ്പം അവൻ അടയ്ക്കുന്ന ടാക്സ് മുതൽ നിങ്ങളോരോരുത്തരും അവന്റെ ഗുണഭോക്താവാണ്. സർക്കാർ ഉദ്യോഗസ്ഥർ ആയാലും കൂലിപ്പണിക്കാർ ആയാലും ബിസിനസുകാർ ആയാലും രാജ്യത്തിനകത്ത് മാത്രം തൊഴിലെടുത്ത് ജീവിക്കുന്നവർ ആഭ്യന്തര സമ്പത്തിന്റെ ഗുണഭോക്താക്കൾ മാത്രമാണ്. ഭൂരിപക്ഷവും പ്രവാസികൾ അടങ്ങുന്ന ഒരുകൂട്ടം ആളുകൾ അധ്വാനിച്ചു കൊണ്ടുവരുന്ന സമ്പത്ത് ക്രയവിക്രയം ചെയ്യുന്നവർ എന്ന് വേണമെങ്കിലും പറയാം.
ആ ആഭ്യന്തര സമ്പത്ത് ഉണ്ടാവുന്നത് ഇവിടുന്ന് എന്തെങ്കിലും പുറംനാട്ടിലേക്ക് കയറ്റുമതി ചെയ്തു വിദേശനാണ്യം നേടുമ്പോഴോ അല്ലെങ്കിൽ പുറത്ത് നിന്നൊരാൾ നാട്ടിലേക്ക് സമ്പത്ത് കൊണ്ടുവരികയോ പണം അയക്കുകയോ ചെയ്യുമ്പോൾ മാത്രമാണ്. നിങ്ങൾ നാട്ടിൽ നിന്ന് ഒരു ഇമ്പോർട്ടഡ് പെർഫ്യൂം വാങ്ങുന്നത് പോലും ആഭ്യന്തര സമ്പത്ത് പുറത്തേക്കൊഴുകാൻ കാരണമാവുന്നു എന്നല്ലാതെ രാജ്യത്തിനോ നാടിനോ നിങ്ങളെക്കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്ന് സാരം. ഒരു പ്രവാസി നാട്ടിലൊരു വീടുണ്ടാക്കിയാൽ പോലും ഒരുപാട് പേര് അതിന്റെ ഗുണഭോക്താക്കൾ ആവുന്നു എന്നത് മറക്കാതിരിക്കുക. കുറേ പേർക്ക് അത് മൂലം പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ കിട്ടുന്നു.
സിമന്റ് കമ്പനിക്കാർ കച്ചവടക്കാർ ക്രഷർ മുതലാളിമാർ തൊഴിലാളികൾ ഹാർഡ്വെയർ ഷോപ്പുകൾ അവിടേക്ക് ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽപനക്കെത്തിക്കുന്ന വ്യവസായികൾ. അവിടുങ്ങളിലെല്ലാമുള്ള തൊഴിലാളികൾ തുടങ്ങി രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ പ്രവാസിയുടെ സമ്പാദ്യം എത്തുന്നു. കൂടാതെ വസ്തു വാങ്ങുമ്പോൾ ഉള്ള ടാക്സ് ആയും മറ്റു പല നിലകളിലുമെല്ലാം പ്രവാസികൾ ചിലവഴിക്കുന്ന പണം തന്നെയാണ് പല നിലക്ക് പല രീതിയിൽ കൂലിയായും ലാഭമായും ശമ്പളമായുമൊക്കെ നാട്ടിൽ ജോലിയും ചെറുകിട വൻകിട ബിസിനസുകളും ഒക്കെ നടത്തി ജീവിക്കുന്നവർക്കെല്ലാം കിട്ടുന്നത്. അല്ലാതെ തരം കിട്ടിയാൽ പ്രവാസികൾക്കിട്ട് ചൊറിയാൻ നടക്കുന്ന തെണ്ടികൾ ഒക്കെ മണ്ണിൽ നിന്ന് കുഴിച്ചെടുത്തതോ അവന്റെയൊക്കെ അപ്പാപ്പന്റെ കീറിയ കോണകം അമേരിക്കയിലേക്ക് കയറ്റി അയച്ചോ ഉണ്ടാക്കിയതല്ല എന്ന് മനസ്സിലാക്കിയാൽ കൊള്ളാം.
എന്നൊക്കെ കരുതി പ്രവാസിയെ ബാഹുബലി ആയി കാണണമെന്നോ തലയിൽ കയറ്റി വെക്കണമെന്നോ പ്രവാസിയെ കാണുമ്പോൾ കുനിഞ്ഞു നിന്നു ബഹുമാനം കാണിക്കണമെന്നോ ഒന്നും പറയുന്നില്ല. നന്ദി കാണിക്കാൻ മറന്നാലും മിനിമം നിന്ദിക്കാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കണം എന്ന് മാത്രമേ ചുരുക്കം ചില ഊളകളോട് പറയാനുള്ളൂ. വിദേശരാജ്യങ്ങളിൽ ആശങ്കയോടെ കഴിച്ചുകൂട്ടുന്ന എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും നന്മ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നാട്ടിലുള്ള അവരുടെ കുടുംബങ്ങൾ പട്ടിണിയാവാതെ നോക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് എന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട് നിർത്തുന്നു.
സലീൽ ബിൻ ഖാസിം