സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പുകൾക്കായുള്ള പ്രവർത്തനങ്ങൾ തുടങ്ങി. കൊവിഡ് എന്ന മഹാമാരിയുടെ സാന്നിധ്യം ഉള്ളത് കൊണ്ട് തന്നെ ഇത്തവണ സമൂഹമാധ്യമങ്ങളിലൂടെയാവും പ്രചരണങ്ങൾ പൊടിപൊടിപ്പിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കടുത്ത നിയന്ത്രണങ്ങളോടെയാവും തെരഞ്ഞെടുപ്പ് നടക്കുക. രാഷ്ട്രീയ കേരളം തദ്ദേശ തെരഞ്ഞെടുപ്പിനെ ഉറ്റ് നോക്കുന്നത് ഇടതുസർക്കാരിൻറെ ജനങ്ങൾക്കിടയിലെ ഇമേജ് വ്യക്തമാക്കുന്ന പോരാട്ടമായി കൂടിയാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷവും വലതുപക്ഷവും തദ്ദേശപ്പോരിനായുള്ള സർവ്വ സന്നാഹങ്ങളുമായി ഒരുങ്ങി കഴിഞ്ഞു.

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളിൽ. കോവിഡ് പശ്ചാത്തലത്തിൽ 3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ പറഞ്ഞു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയിലേക്കുള്ള ജനപ്രതിനിധികളെയാണ് ഡിസംബറിലെ തെരഞ്ഞെടുപ്പിൽ കണ്ടെത്തുക.
വാശിയേറിയ പോരാട്ടത്തിനൊടുവിൽ അധികാരത്തിൽ എത്തുന്ന ജനപ്രതിനിധിയുടെ ശമ്പള വിവരങ്ങളുടെ കണക്കുകൾ പുറത്ത് വന്നു. ശമ്പളം എന്ന പേരിലല്ല, ഓണറേറിയം എന്ന പേരിലാണ് പ്രതിമാസം ഈ ജനപ്രതിനിധികൾക്ക് ലഭിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് 13200, വൈസ് പ്രസിഡന്റിന് 10600, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് 8200, മെമ്പർമാർക്ക് 7000 രൂപ വീതമാണ് ലഭിക്കുക. സാധാരണക്കാരോട് ഏറ്റവുമടുത്തുനിൽക്കുന്ന ഗ്രാമപഞ്ചായത്ത് പോലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ചുമതലക്കാർക്കുള്ള പ്രതിമാസ വരുമാനം അവസാനമായി പുതുക്കിയത് 2016ലാണ്.

152 ബ്ലോക്ക് പഞ്ചായത്തുകളുള്ള സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിൻറെ പ്രതിമാസ വരുമാനം 14600 രൂപയാണ്. വൈസ് പ്രസിഡന്റിന് 12000, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് 8800, മെമ്പർമാർക്ക് 7600 രൂപയും പ്രതിമാസ വരുമാനം ലഭിക്കും.
തദ്ദേശ സ്ഥാപനങ്ങളിൽ ഏറ്റവും ഉയർന്ന ഓണറേറിയം ലഭിക്കുന്നത് ജില്ലാ പഞ്ചായത്തിലെത്തുന്ന ജനപ്രതിനിധികൾക്കാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് 15800, വൈസ് പ്രസിഡന്റിന് 13200, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് 9400, മെമ്പർമാർക്ക് 8800 രൂപവീതമാണ് ജില്ലാ പഞ്ചായത്തിൽ ഓണറേറിയം ലഭിക്കുക.
മുൻസിപ്പാലിറ്റിയിലേക്കെത്തുമ്പോഴും ഈ തുകയിൽ കാര്യമായ വ്യത്യാസമില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻസിപ്പാലിറ്റി ചെയർമാന് 14600, വൈസ് ചെയർമാന് 12000, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് 9400, കൗൺസിലർക്ക് 7600 രൂപ വീതവും ഓണറേറിയം ലഭിക്കും.

മേയറിന് 15800, ഡെപ്യൂട്ടി മേയർ 13200, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് 9400, കൗൺസിലർക്ക് 8200 രൂപ വീതവും ഓണറേറിയം ലഭിക്കും. ഇതിന് പുറമേയാണ് ഹാജർ ബത്ത എന്ന പേരിലുള്ള തുക. മെമ്പർമാർക്ക് ഹാജർ ബത്തയായി തീരുമാനിച്ചിരിക്കുന്നത് 200 രൂപയാണ് ഇത്തരത്തിൽ ഒരുമാസം എഴുതിയെടുക്കാൻ സാധിക്കുന്ന പരമാവധി തുക 1000 രൂപയാണ്.
അതേസമയം മെമ്പർമാർക്ക് മുകളിലുള്ള ജനപ്രതിനിധകൾക്ക് 250 രൂപവീതമാണ് ഹാജർ ബത്ത, ഒരുമാസം ഇത്തരത്തിൽ എഴുതിയെടുക്കാൻ കഴിയുന്ന പരമാവധി തുക 1250 രൂപയുമാണ്. മറ്റ് ജനപ്രതിനിധികളുമായി താരതമ്യം ചെയ്യുമ്പോൾ തുച്ഛമായ തുകയാണ് മാസം തോറുമുള്ള ഓണറേറിയം ആയി ലഭിക്കുന്നതെന്നാണ് പല നേതാക്കളും അഭിപ്രായപ്പെടുന്നുണ്ട്.