മലയാളം ഇ മാഗസിൻ.കോം

\”ഒരു പെണ്ണിനെ ഇത്രയും അപമാനിക്കാമോ? കൂടപ്പിറപ്പിനെപ്പോലെ കണ്ടവരാണ് എന്നോടിങ്ങനെ ചെയ്തത്\” മിസ്സിസ് കേരള സജിനാസ് സലിം.

\”ഒരു പെണ്ണിനെ ഇത്രയും അപമാനിക്കാമോ? കൂടപ്പിറപ്പിനെപ്പോലെ കണ്ടവരാണ് എന്നോടിങ്ങനെ ചെയ്തത്\” മിസ്സിസ് കേരള സജിനാസ് സലിം.
\"\"

എസ്പാനിയോ ഗ്രൂപ്പ് സംഘടിപ്പിച്ച മിസ്സിസ് കേരള 2017 ൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സജിനാസ് സലിം. മിസ്സിസ് കേരള 2017 നു വേണ്ടി ദുബായിൽ നടത്തിയ ഒഡിഷനെക്കുറിച്ചുള്ള വാർത്തകൾ ഫേസ് ബുക്കിലും വാട്സാപ്പിലും പ്രചരിക്കുന്നതിനിടയിലാണ് മലയാളം ഇ മാഗസിനോട് സജിനാസ് സലിം തന്റെ നിലപാടുകളും ആരോപണങ്ങൾക്കുള്ള മറുപടിയും തുറന്നു പറഞ്ഞത്.

\”ഈ പ്രശ്നങ്ങആളെല്ലാം തുടങ്ങുന്നത് ദുബായ് ഒഡിഷനിൽ വച്ചാണ്. അവിടെ ഏകദേശം 120 ഓളം മത്സരാർത്ഥികളാണ് ഉണ്ടായിരുന്നത്. ആ ഒഡിഷനിൽ പങ്കെടുക്കാനായി ഞാനും ചെന്നിരുന്നു. എന്നാൽ അതിന്റെ സംഘാടകർ പറഞ്ഞത് സജിനാസ് വരേണ്ട കാര്യമില്ലായിരുന്നു.കാരണം മിസ്സിസ് ഗ്ലോബലിൽ നിന്നും 6 പേർ അപ്ലൈ ചെയ്തിട്ടുണ്ട്, അതിൽ നിന്നും മൂന്നു പേരെ അവർ തെരഞ്ഞെടുക്കുമെന്നും അതാരാണെന്നുള്ളത് പിന്നീട് അറിയിക്കുമെന്നാണ്. എന്നാൽ ഒരു എക്സ് പീരിയൻസ് ആകുമല്ലോ അതുകൊണ്ട് ഞാനും പങ്കെടുക്കാം എന്ന് പറഞ്ഞുകൊണ്ട് ഞാനും അതിൽ പങ്കെടുത്തു\”.

എസ്പാനിയാ ഗ്രൂപ്പ് തന്നെ നേരത്തേ നടത്തിയ മിസ്സിസ് ഗ്ലോബൽ മത്സരത്തിലും കൂടാതെ മിസിസ് സൗത്ത് ഇന്ത്യ, ബ്യൂട്ടി ആൻഡ് ബോൾഡ് എന്നിങ്ങനെ മറ്റ്‌ മൂന്നു മത്സരങ്ങളിൽ ഇതിനു മുൻപ്‌ പങ്കെടുത്ത ആളാണ് സജിനാസ്. ഇതിൽ മിസ്സിസ് ഗ്ലോബൽ സബ് ടൈറ്റിൽ വിന്നർ, മിസ്സിസ് സൗത്ത് ഇന്ത്യ സബ് ടൈറ്റിൽ വിന്നർ, ബ്യൂട്ടി ആൻഡ് ബോൾഡ് (മലയാളി മങ്ക) സെക്കന്റ് റണ്ണർ അപ് എന്നിങ്ങനെ ആയിരുന്നു സജിനയുടെ നേട്ടങ്ങൾ. ഇതിന്റെയൊക്കെ ഒഡിഷനിൽ പങ്കെടുത്തിട്ടുള്ള ആളായതുകൊണ്ടാണ് മിസ്സിസ് കേരള ഒഡിഷനിൽ പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകർ അറിയിച്ചതെന്നാണ് സജിനാസ് പറയുന്നത്.

\"\"

മിസിസ് കേരള 2017 ദുബായ് ഒഡിഷനിൽ പങ്കെടുത്ത നൂറ്റിയിരുപതോളം വരുന്ന കണ്ടസ്റ്റൻസിൽ നിന്നും വെറും 8 പേർ മാത്രമാണ് സെലക്ട് ആയത്. ഇതിൽ സജിനാസിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. അതിനു കാരണമായി പറഞ്ഞത് നേരത്തേ പറഞ്ഞതുപോലെ മിസ്സിസ് ഗ്ലോബലിൽ നിന്നും തെരഞ്ഞെടുക്കേണ്ട സെപ്പറേറ്റ് ക്വോട്ടയിൽപ്പെട്ട ആളാണ് സജിനാസ് എന്നുള്ളതുകൊണ്ടാണെന്നാണ് സജിനാസ് ഞങ്ങളോട് പറഞ്ഞത്. മിസ്സിസ് ഗ്ലോബലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരിൽ സജിനയും ഉൾപ്പെട്ടു. സെപ്പറേറ്റ് കാറ്റഗറിയിൽ നിന്നും തെരഞ്ഞെടുത്തവരിൽ സജിനാസ് ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരും അവരുടെ ആദ്യ ഇവന്റിന് ശേഷം തുടർന്നും മറ്റു ഇവന്റുകളിൽ പങ്കെടുത്തിട്ടുള്ളവരായിരുന്നു എന്നതും അവർ തെരഞ്ഞെടുക്കപ്പെടാൻ ഒരു കാരണമായിരുന്നിരിക്കാം എന്ന് സജിനാസ് പറയുന്നു.

\”പങ്കെടുത്തവരിൽനിന്നും 8 പേർ മാത്രമാണ് സെലെക്ഷൻ നേടിയതെന്നറിഞ്ഞപ്പോൾ വിജയം മനസ്സിലുറപ്പിച്ചു വന്ന പല കണ്ടസ്റ്റൻസും പ്രശ്നങ്ങളുണ്ടാകാൻ തുടങ്ങുകയായിരുന്നു. ഞാൻ ഒരുപാട് വെളുത്തതോ സൗന്ദര്യം കൂടുതലുള്ളതോ ആയ ഒരാളല്ല. എങ്കിലും നാടൻ ശാലീനതയുള്ള ആളാണ്. മിസ്സിസ് ഗ്ലോബൽ മത്സരത്തിൽ മലയാള ഭാഷ വ്യക്തമായി പറഞ്ഞതിന്റെ പേരിൽ എല്ലാവരുടെയും കൈയടി നേടിയ ആളാണ് ഞാൻ. അന്ന് എനിക്ക് ഏറ്റവും കൂടുതൽ ഊർജ്ജം നൽകിയത് അവിടെ കൂടിയിരുന്ന സാധാരണക്കാരുടെ ആ കൈയടിയാണ്. അതാണ് എന്നെ ഞാനാക്കി മാറ്റിയത്. 22 വർഷമായി ദുബായിലാണ് താമസിക്കുന്നതെങ്കിലും എനിക്ക് എന്റെ നാടും ഭാഷയും രീതികളുമൊക്കെത്തന്നെയാണ് ഇഷ്ടം. എന്റെ ഭാഷ തന്നെയാണ് എന്നും എന്നെ സഹായിച്ചിട്ടുള്ളത്.

\"\"

എനിക്കെതിരെ ആരോപണമുന്നയിക്കുന്നവർ പറയുന്നത് ഞാൻ വെളുത്തതല്ല എന്നൊക്കെയാണ്. സൗന്ദര്യ ഓരോരുത്തരുടെയും കാഴ്ചപ്പാടിൽ വ്യത്യസ്തമാണ്. ഈ ആരോപണങ്ങൾ ഉന്നയിക്കുന്നവറോഡ് ചോദിക്കുക, നാല് ഷോയിൽ പങ്കെടുത്ത എക്സ് പീരിയൻസുള്ള എത്രപേർ ഉണ്ടായിരുന്നു, മലയാളം നന്നായി പറയാനറിയാവുന്ന എത്രപേർ ഉണ്ടായിരുന്നു, അവസാന ചോദ്യത്തിന് മലയാളത്തിൽ ഉത്തരം കൊടുത്ത എത്രപേർ ഉണ്ടായിരുന്നു എന്നൊക്കെ. ഈ കാര്യങ്ങളൊക്കെത്തന്നെയാണ് എന്നെ വ്യത്യസ്തയാക്കി നിർത്തിയതെന്നു ഞാൻ വിശ്വസിക്കുന്നു\”. ഇങ്ങനെ പറയുമ്പോൾ സജിനാസിന്റെ വാക്കുകളിൽ തെളിയുന്ന നിശ്ചയദാർഢ്യം തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു.

\”മത്സരത്തിൽ പങ്കെടുത്ത പലരുടെയും സ്വപ്നമായിരുന്നു ആ കിരീടം. തോൽവി അക്‌സെപ്റ് ചെയ്യാൻ പറ്റാത്തതുകൊണ്ട് മറ്റുള്ളവരുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ ഉള്ള ഒരായുധം മാത്രമാണ് അവർക്കു ഈ ആരോപണം. പലരും ചോദിച്ചത് ഇത് കിട്ടാതെ ഞങ്ങൾ എങ്ങനെ വീട്ടിൽ പോകും, ആൾക്കാരോട് എന്ത് പറയും എന്നാണ്. പങ്കെടുക്കുന്ന എല്ലാവർക്കും കിരീടം കിട്ടുകയില്ല.നമ്മൾ ആ ഒരു പ്രിപറേഷനോട് കൂടിയാണ് വരേണ്ടത്. ഇവെന്റിന്റെ ടെലികാസ്റ്റിംഗ് സമയത്ത് ഞങ്ങൾ കരയുന്നതു കാണാൻ കാത്തിരിക്കുന്നവരുണ്ട്. മീഡിയക്കാർ മുഴുവൻ, ഞങ്ങൾ കരയുന്ന വീഡിയോ എടുക്കാൻ നിൽക്കുമ്പോഴും ഉള്ളിൽ കരഞ്ഞാലും അവസാന നിമിഷംവരെ ഞാൻ ചിരിച്ചുകൊണ്ടേ നിന്നിട്ടുള്ളൂ. ഇവരെപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ മിസ്സിസ് ഗ്ലോബലിൽ പരാജയപ്പെട്ടപ്പോൾത്തന്നെ ഞാൻ പിന്മാറേണ്ടതല്ലേ? ഞാനൊരു സാധാരണക്കാരിയാണ്. പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ മിസ് കേരള മത്സരം കാണുമായിരുന്നു. അന്നേ എന്റെ സ്വപ്നമായിരുന്നു ഇങ്ങനെയൊരു മിസ് കേരള മത്സരത്തിൽ പങ്കെടുക്കുക എന്നത്.

\"\"

ഒരുപാട് പ്രതിസന്ധികൾ നേരിട്ട് ഇങ്ങനെ ഒരു അച്ചീവ്‌മെന്റ് ഉണ്ടാകുമ്പോൾ ഇത്തരം ആരോപണങ്ങൾ വരുന്നത് വളരെ വേദനാജനകമാണ്. ഇത്തരം ഇവന്റ് സംഘടിപ്പിക്കുന്നവർ വെറുതെ ആർക്കെങ്കിലും ഒരു കിരീടം നൽകാൻ വേണ്ടിയല്ല ഇത് നടത്തുന്നത്. എനിക്ക് ഇവന്റ് മാനേജ്‌മന്റ് കമ്പനിയുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ മിസ്സിസ് ഗ്ലോബൽ മത്സരത്തിൽത്തന്നെ എന്നെ അവർക്കു വിജയി ആക്കാമായിരുന്നല്ലോ, അങ്ങനെ ഉണ്ടായില്ലല്ലോ\” എന്ന് പറഞ്ഞ സജിനാസ് ഇത്തരം ആരോപണങ്ങൾ മിക്കവാറും എല്ലാ മത്സരങ്ങളിലും ഉള്ളതാണെന്നും കൂട്ടിച്ചേർക്കുന്നു. ഇത്തരം തർക്കങ്ങൾ സാധാരണ ഉണ്ടാകാറുള്ളതാണെന്നും ഇവന്റ് മാനേജ്‌മന്റ് കമ്പനികൾ തമ്മിലുള്ള കോമ്പറ്റീഷനാകാം ഇതിനു കാരണമെന്നും സജിനാസ് സംശയിക്കുന്നു. മൂന്നോ നാലോ സ്ത്രീകൾ മാത്രമല്ല ഇതിനു പിന്നിൽ, ഇതിനുവേണ്ടി വളരെയധികം ഹോം വർക്ക് ആരോ നടത്തുന്നുണ്ട് എന്നുള്ള സംശയവും സജിനാസ് പ്രകടിപ്പിക്കുന്നു.

ഇപ്പോൾ നടക്കുന്നത് ഒരുപറ്റം പെണ്ണുങ്ങൾ കൂട്ടമായി നിന്ന് ഒരു പെണ്ണിനെ അടിക്കുന്ന അവസ്ഥയാണെന്നും ഇങ്ങനെ ഒരവസ്ഥ മറ്റൊരു പെണ്ണിനും ഉണ്ടാകരുതെന്നും സോഷ്യൽ മീഡിയ കൊണ്ട് എന്തും നേടാം, എന്തും ചെയ്യാം എന്നൊരു ധൈര്യമാണ് ഇവരെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. മത്സരത്തിന് മുമ്പുതന്നെ താനായിരിക്കും വിജയിയെന്നു താൻ തന്നെ പ്രഖ്യാപിച്ചതായി അവർ പറയുന്നുണ്ടെന്നും അങ്ങനെയെങ്കിൽ അവർ അത് തെളിയിക്കട്ടെ എന്നും സജിനാസ് പറഞ്ഞു. ആർക്കും ആരെക്കുറിച്ചും ആരോപണങ്ങൾ ഉന്നയിക്കാം, ഫേസ് ബുക്കിൽ പോസ്റ്റ് ഇടാം. ഇത്തരം ഇവന്റുകളിലേക്കു വരാൻ ആഗ്രഹിക്കുന്നവരെ നിരുത്സാഹപ്പെടുത്തുംവിധം അവരുടെ വഴികൾ അടയ്ക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നതെന്നും ഇങ്ങനെ വരുമ്പോൾ സാധാരണക്കാരായ സ്ത്രീകൾ എന്നും വീടിനുള്ളിൽ തളച്ചിടപ്പെടുകയും ചെയ്യുമെന്ന് സജിന പറയുന്നു. \”സജിന ഇതിൽ സെലക്ട് ആവുകയാണെങ്കിൽ ദുബായ് ഒന്ന് കിടുക്കും, അതിനു ഞങ്ങൾ ഒരുപറ്റം പെണ്ണുങ്ങൾ തയ്യാറായിരുപ്പുണ്ട്\” എന്നാണ് ഇവന്റ് തുടങ്ങുന്നതിനു മുമ്പ് തന്നെ തന്റെ ഫോണിൽ വന്ന ഭീഷണിയെന്ന് സജിനാസ് വെളിപ്പെടുത്തുന്നു.

\"\"

\”ഒരു പെണ്ണിനെ ഇത്രയും അപമാനിക്കാമോ? എന്റെ പഴയ ഫോട്ടോയും ഇപ്പോഴുള്ള ഫോട്ടോയും ക്ലബ് ചെയ്താണ് എനിക്കെതിരെ വാട്സാപ്പിൽ പ്രചരിപ്പിക്കുന്നത്. ഞാൻ കൂടപ്പിറപ്പുകളെപ്പോലെ കണ്ടവരാണ് എന്നോടിങ്ങനെ ചെയ്യുന്നത് എന്നോർക്കുമ്പോഴാണ് കൂടുതൽ സങ്കടം. എങ്കിലും ഇതിൽ നിന്നൊക്കെ ഞാൻ പല പാഠങ്ങളും പഠിച്ചു. നമുക്ക് ചുറ്റും ഉള്ളവർ എങ്ങനെ ഉള്ളവരാണെന്നും അതുകൊണ്ടു തന്നെ എന്റെ മകളെ എങ്ങനെ വളർത്തണമെന്നും എനിക്കറിയാൻ കഴിഞ്ഞു. ദുബായിലെ ഒരു ഫ്ലാറ്റിൽ ഒതുങ്ങിക്കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് ഇതൊന്നും മനസ്സിലാക്കാൻ കഴിയില്ലായിരുന്നു. എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ എനിക്ക് പബ്ലിസിറ്റി ഉണ്ടാക്കിത്തരികയാണ് എന്നോർത്ത് ഞാൻ സമാധാനിക്കുന്നു. എന്നെ എല്ലാ വിധത്തിലും അറിയുകയും മനസ്സിലാക്കുകയും സപ്പോർട് ചെയ്യുകയും ചെയ്യുന്ന ആളാണ് എന്റെ ഭർത്താവെന്നുള്ളതാണ് ആശ്വാസം. അദ്ദേഹമാണ് എന്റെ ധൈര്യവും പിൻബലവും. കുടുംബം തന്നെയാണ് എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത്. പിന്നെ എല്ലാമറിയുന്ന ഒരാൾ മുകളിലുണ്ടല്ലോ. കുറച്ച് എഴുതിപ്പിടിപ്പിക്കാനും തർക്കുത്തരം പറയാനും കഴിയുന്നവർക്കുള്ളതല്ല ഈ ലോകം. സൗന്ദര്യം ഒരാളുടെ നിറത്തിലല്ല, മനസ്സിലാണ്. അത് മനസ്സിൽ നിന്നുതന്നെ വരണം\” സജിനാസ് പറഞ്ഞു.

ഇങ്ങനെയൊക്കെ ആണെങ്കിലും മിസ്സിസ് കേരള കിരീടം വച്ച്, ഞാനാണ് സുന്ദരി എന്ന് പറഞ്ഞുകൊണ്ട് വീട്ടിലിരിക്കാനല്ല താൻ ഉദ്ദേശിക്കുന്നതെന്ന് ഈ സുന്ദരി. സമൂഹത്തിൽ എന്ത് ഇടപെടലിനാകും, എന്നെക്കൊണ്ട് മറ്റുള്ളവർക്കായി എന്ത് ചെയ്യാനാകും, പലവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കും പെണ്കുട്ടികൾക്കുംവേണ്ടി എന്ത് ചെയ്യാനാകും എന്നതൊക്കെയാണ് ഇപ്പോഴത്തെ ചിന്ത. എല്ലായിടത്തും ശരിയായ ആളുകളും തെറ്റായവരും ഉണ്ട്. അവിടെയെല്ലാം തന്റേടത്തോടുകൂടി ശരിയായ സമയത്ത് \”യെസ്\” അല്ലെങ്കിൽ \”നോ\” പറയാനുള്ള ധൈര്യമാണ് ഇന്നത്തെ പെൺകുട്ടികൾക്ക് വേണ്ടതെന്നും അതിനു കഴിഞ്ഞാൽ ആർക്കും അവരെ ഒന്നും ചെയ്യാനാകില്ലെന്നു സജിനാസ് പറയുന്നു. 

വാട്ട്സ്‌ ആപ്പ്‌ ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിൽ തന്റെ ഫോട്ടോ ഉൾപ്പടെ ദുരുപയോഗം ചെയ്ത്‌ വ്യക്തിഹത്യ നടത്തുന്നതിനെതിരെ നിയമനടപടികൾക്ക്‌ ഒരുങ്ങുകയാണ് സജിനാസ്‌ ഇപ്പോൾ.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter