ചെമ്പരത്തി പൂവിതളിട്ടു കാച്ചിയെടുത്ത എണ്ണ പുരട്ടി പരിപാലിച്ചിരുന്ന അരക്കൊപ്പമുള്ള കാർകൂന്തൽ അമ്മക്കെട്ടു കെട്ടി ഒരു ഹെയർ നെറ്റിനുള്ളിലേക്കു ഒതുക്കി വക്കുമ്പോളും, നെയിൽ പോളിഷ് ഇട്ട് നീട്ടി വളർത്തിയ നഖം വെട്ടിയൊതുക്കുമ്പോളും ഏറെ ഇഷ്ട്ടമുള്ള പട്ടുപാവാടയും കുപ്പിവളയും അലമാരയുടെ മൂലയിലേക്ക് ഒതുക്കുമ്പോളും ഓർത്തില്ല അവയൊക്കെ എന്നന്നേക്കുമായി നഷ്ടപ്പെടാൻ പോവുകയാണെന്ന്.
പതിനേഴു വയസുവരെ കാലിലെന്നും അഹങ്കാരമായി കിടന്നിരുന്ന വെള്ളികൊലുസ്സ് അഴിച്ചു മാറ്റുമ്പോളും ഓർത്തിരുന്നില്ല കൗമാരത്തിന്റ ഓർമ്മകളിലേക്ക് അവ എന്നന്നേക്കുമായി മാഞ്ഞുപോവുകയാണെന്ന് .. .
പ്ലസ് ടു കഴിഞ്ഞു നഴ്സിംഗ് പഠനം തിരഞ്ഞെടുക്കുമ്പോൾ കുടുംബം രക്ഷപ്പെടുമല്ലോ എന്നത് മാത്രം ആയിരുന്നില്ല ,ഡോണെഷൻ കൊടുക്കാതെ ഒരു ജോലി അത്രമാത്രം എന്നാൽ ഒരു നഴ്സ് രൂപാന്തരപ്പെടുന്നത് അത്ര എളുപ്പമല്ല എന്ന് മനസ്സിലാക്കുകയായിരുന്നു ഓരോ വർഷവും കുഞ്ഞുങ്ങളുടെ icu യുവിൽ പോസ്റ്റിങ്ങ് കിട്ടിയപ്പോൾ പത്തൊമ്പതാം വയസ്സിൽ വിവാഹം കഴിക്കാതെ ഒരേ സമയം പത്തു കുഞ്ഞുങ്ങളുടെ അമ്മയാവുകയായിരുന്നു. എന്നിലെ നിറമാർന്ന കൗമാരം ആ വെള്ളകുപ്പായത്തിലേക്കു ഒതുങ്ങിയപ്പോൾ ഒരു നഴ്സ് വളരുകയായിരുന്നു അവിടെ.

ആദ്യമായി പ്രസവം എടുക്കാനായി പ്രസവമുറിയിലേക്കു കയറിയപ്പോൾ ലോകത്തിലെ ഏറ്റവും വലിയ വേദന സഹിക്കുന്നതിനാലാവും സമ്മർദ്ദം മൂലം പുറത്തേക്കു തെറിച്ച വിസർജ്ജ്യം ഒന്നുപോലും പുറത്തു പോകാതെ മുഖത്തേക്ക് തെറിച്ചപ്പോൾ. ഒരു വികാരവും കാണിക്കാതെ പുറം കയ്യ്കൊണ്ടു മുഖം തുടച്ചത്.
ആദ്യമായി ഓപ്പറേഷൻ തിയ്യറ്ററിൽ കയറിയ എനിക്ക് കിട്ടിയ ജോലി സർജന്റെ വിയർക്കുന്ന നെറ്റിത്തടം ഒപ്പിയെടുക്കുന്ന ജോലിയായിരുന്നു ..നഴ്സിങ്ങിനോട് പോലും അറപ്പു തോന്നിയ നിമിഷം.
പിന്നീട് മനസിലായി ,എന്തിനായിരുന്നു അത് എന്ന് മുന്നിൽ ഓപ്പറേഷനു വിധേയമായി കിടക്കുന്ന ആ മനുഷ്യ ജീവൻ ആ കൈകളിൽ സുരക്ഷിതമാക്കുന്നതിന് വേണ്ടി മണിക്കൂറുകൾ നീണ്ട സർജറി റിക്കിടയിൽ ഒരു തുള്ളി വിയർപ്പു പോലും ഉപയോഗിക്കുന്ന ഉപകരണങ്ങളെ മലിനമാക്കും അത്രയ്ക്ക് മുൻകരുതൽ ..
ഒരിക്കൽ കൂടെ ജോലിചെയ്യുന്ന പ്രായമായ നഴ്സ് ദേഷ്യത്തോടെ ജനറൽ വാർഡിൽനിന്നും തിരിച്ചു വരുന്നത് കണ്ടു കാര്യമെന്നേക്ഷിച്ചപ്പോൾ പറയുകയാണ് ..പത്താം നമ്പർ ബെഡിൽ കിടക്കുന്ന ചെക്കന് ഞാൻ ഇടുപ്പിൽ ഇൻജെക്ഷൻ കൊടുക്കണ്ട സിസ്റ്ററിനോട് ചെല്ലാൻ സിസ്റ്ററിന്റെ കയ്യിൽ നിന്നും ട്രേയുമായി ചെന്നപ്പോൾ അവന്റെ വിശദീകരണം എന്തിനാ ആ കെളവിയെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് സിസ്റ്റർ ഇൻജെക്ഷൻ ചെയ്താൽ എനിക്കും ഒരു സുഖം.. സിസ്റ്ററിനും ഒരു സുഖം കിട്ടും.

ഒന്ന് പുഞ്ചിരിച്ചു കർട്ടൻ മാറ്റി തൊട്ടപ്പുറത്തു കിടക്കുന്ന വീഴ്ചയിൽ നട്ടെല്ല് തകർന്നു ബെഡ്സോർ വന്നു പഴുപ്പ് പുറത്തേക്കു ഒഴുകി ചികിത്സക്കായി വന്ന അപ്പൂപ്പനെ കാണിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു .. എനിക്ക് നീയും ആ അപ്പൂപ്പനും ഒരുപോലെയാണെന്ന് തൂപ്പുകാരി മുതൽ അഡ്മിനിഡ്ട്രേറ്റർ വരെയുള്ളവരുടെ ആട്ടും തുപ്പും കെട്ടാണാ ണത്രെ ഒരു നഴ്സ് രൂപാന്തരപ്പെടുന്നത്.
പഠിപ്പിനെടുത്ത വിദ്യഭ്യാസ ലോൺ തിരിച്ചടക്കാനും നിത്യ ചെലവിന് ശമ്പളം തികയാതെ വരുമ്പോൾ മാത്രമല്ല ഒരു നേഴ്സ് വിദേശത്തേക്ക് ചേക്കേറുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്.. ഒരു വേശ്യയുടെ ജോലിയെക്കാൾ തരംതാഴ്ന്നതായി ചിത്രീകരിക്കപ്പെടുമ്പോൾ എന്നിട്ടും വിദേശത്തു ചേക്കേറിയ നഴ്സുമാരോട് നിങ്ങളവിടെ സുഖിക്കുകയല്ലേ കൈ നിറയെ ശമ്പളം. എന്ന് പറയുന്നവർ ഒന്നോർക്കുക വിദേശത്തു പണിയെടുക്കുന്ന ഓരോ നഴ്സ്മ്മാരും നമ്മുടെ വിമാനത്താവളത്തിൽ വരുന്ന വിമാനം കൈകാട്ടി നിറുത്തി കയറിപോയവരല്ല.
അതിനു വേണ്ടി കഷ്ട്ടപെട്ടു പഠിച്ചു പരിക്ഷ പാസ്സായി തന്നെയാണ് പോയിട്ടുള്ളത് .. വിദേശരാജ്യങ്ങളിൽ ശമ്പളത്തിന് മാത്രമല്ല മുൻഗണന. മറ്റേതു പ്രൊഫഷൻ പോലെ തന്നെ നഴ്സിംഗ് പ്രൊഫഷനും ബഹുമാനം കിട്ടുന്നുണ്ട് ചെയ്യുന്ന ജോലി ഒന്നുതന്നെ. അവിടെയും ഇവിടെയും ..
വിദേശീയരുടെ രക്തത്തിനും മലത്തിനും മൂത്രത്തിനും വിയർപ്പിനും ഒരേ ഗന്ധം തന്നെയാണ് മനുഷ്യന്റെ ഗന്ധം. ചിന്താഗതിക്ക് മാത്രം ഉള്ളു മാറ്റം ഓരോ നഴ്സും മനുഷ്യനാണെന്ന് ചിന്തിക്കാനുള്ള വിവേകം. ഭൂമിയിലെ സഹനത്തിന്റെ എല്ലാ നഴ്സ്മാർക്കും മംഗളാശംസകൾ.
സജന ജോസഫ്