മലയാളം ഇ മാഗസിൻ.കോം

കറുത്തിരുണ്ട് മെലിഞ്ഞ രണ്ടാംഭാര്യയെ അവന് ഇഷ്ടമായിരുന്നില്ല, പക്ഷെ അത് മനസിലാക്കിയ അവന്റെ അമ്മ അവനു കൊടുത്തത് എട്ടിന്റെ പണി

ഭാര്യയുടെ പെട്ടെന്നുള്ള മരണം എന്റെജീവിതത്തെ ചെറുതായൊന്നുമല്ല തളർത്തിയത്.. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വലതുകാൽ വെച്ചു കയറി വന്ന പെണ്ണായിരുന്നു അവൾ. കാണാനും സുന്ദരി, ഞാനും അവളും അത്രക്ക് ചേർച്ചയാണെന്ന് എല്ലാ കൂട്ടുകാരും പറയുമായിരുന്നു. വിവാഹം കഴിഞ്ഞു മൂന്ന് മാസമേ ആയിട്ടുണ്ടായിരുന്നുള്ളു, കണ്ട്, സ്നേഹിച്ചു കൊതി മാറും മുൻപേ അപ്രതീക്ഷിതമായ ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ ദൈവം അവളെ മുകളിലേക്ക് വിളിച്ചു..

അവളുടെ മരണശേഷം ജീവിതം ആകെ താളംതെറ്റി.. അച്ഛനും അമ്മക്കും ആവലാതി കൂടി. അങ്ങിനെയാണ് രണ്ടാമതൊരു വിവാഹത്തെകുറിച്ചുള്ള ചിന്ത അവർ എല്ലാരുംകൂടെ എന്റെ തലമണ്ടേൽ കേറ്റിയത്. ഏറെ എതിർത്തു നിന്നെങ്കിലും അമ്മയുടെ കണ്ണുനീരിനു മുൻപിൽ എനിക്ക് കീഴടങ്ങേണ്ടി വന്നു. അങ്ങനെ അമ്മക്ക് ഇഷ്ടപെടുന്ന ഏതുപെണ്ണിനെയും ഞാൻ കെട്ടിക്കോളാം എന്നൊരു വാക്ക് ഞാൻ അമ്മക്ക് നൽകി. പക്ഷെ മകന് രണ്ടാം ഭാര്യയെ അന്വേഷിക്കൽ അത്ര എളുപ്പമല്ലെന്ന് ഏറെ വൈകാതെ അമ്മക്ക് ബോധ്യപ്പെട്ടു..

അതിലൊന്നും കുലുങ്ങാതെ ഏതൊക്കെയോ മൂന്നാൻമാരുടെ സഹായത്തോടെ അമ്മ ഒരു മരുമകളെ കണ്ടെത്തി. ഉള്ളിലെ നീരസം മറച്ചുവെച്ചാണ്‌ അമ്മയെയും കൂട്ടി പെണ്ണ് കാണാൻ ചെന്നത്. കുപ്പിവളയിട്ട കൈകൾ എനിക്ക് നേരെ ചായ നീട്ടിയപ്പോഴാണ് ഞാനാ മുഖത്തേക്ക് ഒന്ന് നോക്കിയത്. എന്റെ സൗന്ദര്യസങ്കല്പങ്ങളെ പാടെ തകിടംമറിക്കുന്ന ഒരു രൂപം. കറുത്തിരുണ്ട് മെലിഞ്ഞു ഉയരംകുറഞ്ഞ ഒരു പെൺകുട്ടി. നാട്ടുനടപ്പനുസരിച്ചു പെണ്ണ്കാണുമ്പോൾ ചോദിക്കേണ്ട ചോദ്യങ്ങൾ തലതാഴ്ത്തിപിടിച്ചു ഞനവളോട് ചോദിച്ചു. എന്താ പേര്..?

സുന്ദരി.. പതിഞ്ഞ സ്വരത്തിലുള്ള മറുപടികേട്ട് ഞാനൊന്നുകൂടെ ആ മുഖത്തേക്ക് നോക്കി.. ഇവളോ സുന്ദരി..? ആ ചോദ്യം ഞങ്ങളുടെ വിവാഹശേഷവും എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. ആദ്യരാത്രിയിൽ ഒരു ഭർത്താവ് കാണിക്കേണ്ട സ്നേഹപ്രകടനങ്ങൾ ഒന്നും ഞാനവളോട് കാട്ടിയില്ലെന്നു മാത്രമല്ല, ആദ്യരാത്രിയുടെ പരിഭ്രമത്താൽ വിറക്കുന്ന കൈകളിൽ പാലുമേന്തി അവൾ റൂമിലേക്ക്‌ കടന്നപ്പോൾ പുതപ്പ് വലിച്ചുമൂടി കൂർക്കം വലിച്ചു ഉറങ്ങുന്നത് പോലെ ഞാൻ ഭാവിച്ചു..

ഉറക്കം കണ്ണിലേക്ക് വിരുന്നു വരുന്നത് വരെ കട്ടിലിനോരത്ത് പരിഭ്രമത്തോടെ എന്നെയും നോക്കി അവൾ ഇരിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.. പിന്നീടങ്ങോട്ടുള്ള പകലുകളിലും രാവുകളിലും സുന്ദരിയെ ഞാൻ എന്നിൽനിന്നും അകറ്റി നിർത്തി.. എന്റെ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കാനും എനിക്ക് ഭക്ഷണം പാകം ചെയ്തു വിളമ്പി തരാനുമുള്ള ഒരു ഉപകരണം മാത്രമായി സുന്ദരി..

അറുത്തു മുറിച്ചു മാത്രമേ ഞാനവളോട് സംസാരിച്ചിരുന്നുള്ളു, എന്നിരുന്നാലും സുന്ദരി ഒന്നിലും ഒരു വിഷമവും പുറമേ പ്രകടിപ്പിച്ചു കണ്ടില്ല.. വീട്ടിലെയും പറമ്പിലേയും ജോലികൾ അവൾ ഏറ്റെടുത്തു, അമ്മക്കും അച്ഛനും അവളോടുള്ള സ്നേഹം നാളുകൾ കഴിയുന്തോറും കൂടിവരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.. കാരണമില്ലാതെ ഞാനതിൽ അസ്വസ്ഥനും ആയിരുന്നു. എന്റെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ചേരാത്ത ഇവളെ ഒരിക്കലും ഭാര്യയായി എനിക്ക് അംഗീകരിക്കുവാൻ സാധിക്കില്ല… ഞാനെന്റെ മനസ്സിനോട് അത് അവർത്തിച്ചുകൊണ്ടേയിരുന്നു…

അതിനിടയിൽ മറ്റൊരു ദുഃശീലം എന്നെ പിടികൂടി.. മദ്യപാനം.. പുറമേ സൗഹൃദങ്ങൾ കുറവായതിനാൽ ജോലി കഴിഞ്ഞു വരുമ്പോൾ ഒരു “ചെറുത്” വാങ്ങി വീട്ടിലെ റൂമിൽ കൊണ്ടുവന്നു കിടക്കാൻ നേരത്ത് രണ്ടെണ്ണം കഴിക്കും. മദ്യം പണ്ടുമുതൽക്കേ അച്ഛനും അമ്മക്കും അലർജിയാണെന്ന് എനിക്കറിയാവുന്നതുകൊണ്ട് വളരെ രഹസ്യമായേ ഞാനത് ഉപയോഗിച്ചിരുന്നുള്ളു.. അച്ഛന്റെയും അമ്മയുടെയും മുന്നിൽ പെടാതിരിക്കാൻ കഴിച്ചാൽ റൂമിൽനിന്നും പുറത്തിറങ്ങാറില്ല..

പക്ഷെ ഇതെല്ലാം സുന്ദരി അറിയുന്നുണ്ടായിരുന്നു..മിക്ക ദിവസങ്ങളും രാത്രി റൂമിലെ മേശപുറത്തു ഇരിക്കാറുള്ള അച്ചാർ എനിക്ക് മദ്യത്തിനൊപ്പം തൊട്ടുനക്കാൻ വേണ്ടി സുന്ദരി അമ്മ കാണാതെ എത്തിച്ചു തരുന്നതായിരുന്നു എന്ന്‌ പിന്നീടാണ് ഞാൻ മനസിലാക്കിയത്. യാതൊരു ഉളുപ്പും ഇല്ലാതെ ആ അച്ചാറും നക്കി രണ്ടെണ്ണം സേവിച്ചു ബെഡിൽ ചുരുണ്ട് കൂടുമ്പോൾ എനിക്ക് നേരെ നീണ്ട സുന്ദരിയുടെ പ്രതീക്ഷാനിർഭരമായ തിളങ്ങുന്ന കണ്ണുകളെ ഞാൻ പാടെ അവഗണിച്ചു..

മോളെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ കുറച്ചായില്ലേ, ഒരു കുഞ്ഞിനെപ്പറ്റി ആലോചിക്കുന്നില്ലേ നിങ്ങൾ..? അടുക്കളയിൽവെച്ചു അമ്മ സുന്ദരിയോട് കുശുകുശുക്കുന്നത് കേട്ടപ്പോൾ ഞാൻ ചെവിയൊന്നു വട്ടം പിടിച്ചു. അതുപിന്നെ അമ്മേ, ഏട്ടന് എന്തോ വ്രതം ഉണ്ടത്രേ.. അത് കഴിഞ്ഞു മതി കുട്ട്യോൾ എന്നാ ഏട്ടൻ പറയുന്നേ.. ഓഹ്.. വ്രതം ആണേൽ മുടക്കണ്ട ദൈവകോപം കിട്ടും… ഒന്ന് നിശ്വസിച്ചുകൊണ്ട് അമ്മ കാലും തിരുമ്മി എണീറ്റു.

അവളെന്തായാലും ആ പറഞ്ഞത് നന്നായി.. തൽക്കാലത്തേക്ക് എന്റെ നേരെ ചോദ്യങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ… ഞാനത് മനസ്സിലോർത്തു.. അങ്ങനിരിക്കെ ഒരീസം കുളിമുറിയിൽ തെന്നിവീണ് സുന്ദരിയുടെ നട്ടെല്ലൊന്ന്‌ ഉളുക്കി.. ജോലികഴിഞ്ഞു തിരിച്ചെത്തിയപ്പോൾ അമ്മയാണ് കാര്യങ്ങൾ വിശദീകരിച്ചത്.. അമ്മ ഏതോ വൈദ്യനെ കൊണ്ടുവന്നത്രെ.. ഏതോ കഷായവും എളിയിൽ പുരട്ടാൻ മർമ്മാണി തൈലവും തന്നിട്ടുണ്ട്.. രണ്ടീസം കട്ടിലിൽ നിന്നും ഇറങ്ങരുത് എന്നും പറഞ്ഞിട്ടുണ്ടത്രെ വൈദ്യർ..

കിടക്കാൻ നേരത്ത് അവളുടെ എളിയിലൊന്നു ഈ തൈലം തേച്ചു കൊടുക്കണം കേട്ടോടാ.. അമ്മ മേശപുറത്തിരുന്ന കുപ്പി ചൂണ്ടി കാണിച്ചു തന്ന് പറഞ്ഞുകൊണ്ട് മുറിവിട്ടിറങ്ങി.. ഞാൻ കട്ടിലിൽ കിടക്കുന്ന സുന്ദരിയെ ഒന്ന് നോക്കി.. വേദനകൊണ്ടാണെന്ന് തോന്നുന്നു അടക്കിപ്പിച്ച ഒരു കുഞ്ഞുനിലവിളി അവളുടെ വായിൽ നിന്നും പുറത്തേക്ക് വന്നപോലെ തോന്നി.. കട്ടിലിന്റെ ഓരത്തു കുത്തിയിരുന്നപ്പോൾ സുന്ദരി പിടഞ്ഞെണീക്കാൻ ശ്രമിച്ചു..

എണീക്കണ്ട, കിടന്നോളു… മരുന്ന് പുരട്ടാറായോ..? അത് സാരല്യ ഏട്ടാ.. ഇപ്പൊ കുറവുണ്ട് തൈലം ഞാൻ പുരട്ടിക്കോളാം.. ജോലികഴിഞ്ഞു ക്ഷീണിച്ചു വന്നതല്ലേ ഏട്ടൻ കുളിച്ചു ഭക്ഷണം കഴിക്ക് വേഗം. മേശപുറത്ത് നിന്നും തൈലമെടുത്തു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന സുന്ദരിയുടെ അരികിലായി ഇരുന്നുകൊണ്ട് ചോദിച്ചു. എവിടെയാ നോവ്‌..?

നാണമാണോ വേദനയാണോ ആ മുഖത്തു വിരിയുന്നത് എന്നെനിക്കു മനസിലായില്ല സാരിത്തലപ്പ് മാറ്റി എളിയിൽ തൈലം തേച്ചുപിടിപ്പിക്കുമ്പോൾ സുന്ദരി കണ്ണുകൾ ഇറുക്കി അടച്ചിരുന്നു. അന്നെന്തോ പതിവുള്ള മദ്യസേവയോട് ഒരു താല്പര്യകുറവ് തോന്നി. കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന സുന്ദരിയെ നോക്കി ഞാൻ നിന്നു. അന്നാദ്യമായി സുന്ദരിയുടെ കറുത്തിരുണ്ട മുഖത്ത് അതുവരെ കാണാതിരുന്ന ശാലീനത ഞാൻ ശ്രദ്ധിച്ചു. ആ മുഖം മറച്ചുകിടന്നിരുന്ന ചുരുണ്ട മുടിയിഴകളെ മെല്ലെ ഒതുക്കി വെച്ചു..

അങ്ങിനെ അവൾക്കരുകിലിരുന്ന് എപ്പോഴോ ഞാൻ ഉറങ്ങിപോയി. അടുത്ത നാല് ദിവസങ്ങളിൽ ജീവിതം ആകെ മാറിമറിഞ്ഞു. ജോലി കഴിഞ്ഞു നേരെ വീട്ടിൽ വരും.. കട്ടിലിൽ കിടക്കുന്ന സുന്ദരിയെ ശുശ്രുഷിക്കും.. അവളോട്‌ സംസാരിക്കും.. എന്തോ മനസ്സിൽ ഇപ്പൊ സമാധാനവും ശാന്തതയും കൈവന്നപോലെ. അഞ്ചാമത്തെ ദിവസം എളിയിൽ തൈലം പുരട്ടുന്നതിനിടക്ക് സുന്ദരി എന്നെയൊന്ന് പാളി നോക്കി… ആ ഒരു നോട്ടം മതിയായിരുന്നു അവളുടെ കഴുത്തിലേക്ക് എനിക്ക് മുഖം അമർത്താൻ.

ആ സമയത്ത് പഴയ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് സിനിമകളിലെപോലെ അരയന്നങ്ങൾ കൊക്കുകൾ തമ്മിലുരസ്സി. മയിൽ പീലി വിടർത്തിയാടി. കടൽതിരകൾ ആഞ്ഞടിച്ചു… നുരഞ്ഞൊഴുകി. പിറ്റേന്ന് രാവിലെ എണീക്കാൻ എനിക്കൊരു ചമ്മൽ.. എന്റെ മുഖത്തേക്ക് നോക്കാൻ സുന്ദരിക്ക് അതിലേറെ ചമ്മൽ.. ചായ കുടിച്ചു കൊണ്ട് കോലായിലെ തിണ്ണയിൽ കുത്തിയിരിക്കുമ്പോൾ ഞാനാകാര്യം മനസിലാക്കി. ഞാനും സുന്ദരിയും ഇന്നലെമുതൽ യഥാർത്ഥ ഭാര്യയും ഭർത്താവും ആയികഴിഞ്ഞിരിക്കുന്നു..

ഇടക്കാലത്തു തുടങ്ങിയ മദ്യസേവ ഞാൻ പൂർണമായി ഉപേക്ഷിച്ചു.. അച്ചാർ ഭരണിക്ക് കിടപ്പറയിൽനിന്നും അടുക്കളയിലേക്ക് സ്ഥാനം മാറി. എന്തിന് പറയുന്നു കൃത്യം പത്തുമാസം കഴിഞ്ഞപ്പോൾ സുന്ദരി ഒരു സുന്ദരികുട്ടിയെ പ്രസവിച്ചു. അതോടെ എനിക്കും സന്തോഷം സുന്ദരിക്കും സന്തോഷം അച്ഛനും അമ്മക്കും അതിലേറെ സന്തോഷം. അന്നൊരു ഒഴിവ്ദിവസം സുന്ദരിയുടെയും അമ്മയുടെയും കുശുകുശുക്കൽ കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. ജനലിലൂടെ എത്തി നോക്കിയപ്പോൾ രണ്ടുപേരും കൂടെ ഉണ്ണിയെ കുളിപ്പിച്ച്കൊണ്ട് ഏതോ രഹസ്യ ചർച്ചയിലാണ്..

ചെവിയൊന്നു കൂർപ്പിച്ചു ആ സംസാരം ശ്രദ്ധിച്ചു.. മോള് കുളിമുറിയിൽ തെന്നിവീണു എന്ന നുണ പറഞ്ഞതും എളിയിൽ തൈലം അവനെകൊണ്ട് തേപ്പിച്ചതും എന്റെ കുനിഷ്ട്ട് ബുദ്ധിയാണെന്ന് മോളൊരിക്കലും അവനോടു പറഞ്ഞേക്കല്ലേ. ചിലപ്പോഴൊക്കെ ജീവിതം കൈവിട്ടു പോകുന്നു എന്ന്‌ കണ്ടാൽ നമ്മൾ പെണ്ണുങ്ങൾ മുന്നിട്ടിറങ്ങണം.. അതുകൊണ്ടെന്താ നിങ്ങളുടെ ജീവിതം ഇപ്പൊ ഭദ്രമായില്ലേടി മോളെ. അതും പറഞ്ഞു അമ്മയും മരുമോളും കുണുങ്ങി ചിരിക്കുമ്പോൾ അമ്മയുടെ ചിന്താമണ്ഡലത്തിൽ ഉരുത്തിരിഞ്ഞ ആ പൊറോട്ടനാടകത്തിനെ കുറിച്ചോർത്തു ഞാൻ വായും പൊളിച്ചിരുക്കുവായിരുന്നു അതേ സമയം..

രണ്ടാംഭാര്യ | രചന: സായ് ബ്രോ

Avatar

Staff Reporter