18
April, 2019
Thursday
08:44 PM
banner
banner
banner

സ്ത്രീകൾ പോയിട്ട്‌ പുരുഷന്മാർ പോലുമില്ല സന്നിധാനത്ത്‌, ഭക്തജനങ്ങളുടെ വരവിൽ വലിയ കുറവ്‌, ശബരിമല വരുമാനത്തിൽ വൻ ഇടിവ്‌

ശബരിമലയില്‍ പോലീസ് നിയന്ത്രണങ്ങൾ മൂലം ഭക്തജനങ്ങളുടെ വരവ് കുറഞ്ഞതില്‍ ദേവസ്വം ബോര്‍ഡിന് ആശങ്ക. കഴിഞ്ഞ വര്‍ഷം നട തുറന്ന് ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രണ്ട് ലക്ഷത്തിനടുത്ത് ഭക്തര്‍ വന്ന സ്ഥാനത്ത് ഈ വര്‍ഷം 87,000 പേര്‍ മാത്രമാണ് എത്തിയത്.

ദര്‍ശനം നടത്തിയവരില്‍ നല്ലൊരു ഭാഗം ഇതരസംസ്ഥാനക്കാരാണ്. കടുത്ത പ്രതിസന്ധികളും പ്രശ്നങ്ങളും കാരണം മലയാളികള്‍ യാത്ര മാറ്റി വയ്ക്കുകയാണ്‌. ഭക്തരുടെ വരവ് കുറഞ്ഞതോടെ അപ്പം, അരവണ നിര്‍മാണം താത്കാലികമായി നിര്‍ത്താന്‍ ബോര്‍ഡ് നിര്‍ബന്ധിതരായി. ആദ്യത്തെ രണ്ട് ദിവസം കാണിക്കയിനത്തിലും വര്‍ധനയില്ല.

സന്നിധാനത്ത് രാത്രിയില്‍ തങ്ങരുതെന്ന നിര്‍ദ്ദേശമാണ് ഭക്തരെ ഏറ്റവും വേദനിപ്പിച്ചത്. രാത്രിയില്‍ തങ്ങി പുലര്‍ച്ചെ നെയ്യഭിഷേകം നടത്തി സംതൃപ്തിയോടെ മലയിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഭക്തര്‍ക്ക്. ഇതുമൂലം മലബാര്‍ മേഖലയില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടക സംഘങ്ങളുടെ വരവില്‍ കുറവുണ്ടായി. വൃശ്ചികം ആദ്യം നൂറ് ബുക്കിങ് വരെ ലഭിച്ചിരുന്ന ടൂറിസ്റ്റ് ബസ് ഉടമകള്‍ക്ക് 25 ബുക്കിങ് പോലും ലഭിച്ചില്ല. പമ്പയില്‍ നിന്ന് തുടര്‍ച്ചയായി പൊയ്ക്കൊണ്ടിരുന്ന ട്രോളിക്കാരും വെട്ടിലായി. ആവശ്യക്കാരില്ലാതെയായതോടെ അവരും പ്രതിസന്ധിയിലായി.

നിയന്ത്രണങ്ങൾ വരുമാനം കുറയ്ക്കുമെന്ന് ഉറപ്പായതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ദേവസ്വം ബോർഡ് നിർബന്ധിതമായി എന്നും റിപ്പോർട്ടുകളുണ്ട്‌. ശബരിമലയില്‍ മുറി ബുക്ക് ചെയ്തവര്‍ക്ക് അവിടെ തങ്ങുന്നതില്‍ തടസ്സമില്ലെന്ന് അറിയിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പകൽ നിയന്ത്രണങ്ങൾ ഇല്ലെന്നും അറിയിച്ചു.

നെയ്യഭിഷേകത്തിന് തടസ്സമുണ്ടാകാത്ത വിധത്തിൽ മൂന്ന് മണിക്ക് സന്നിധാനത്ത് ഭക്തര്‍ക്ക് എത്താനുള്ള സൗകര്യം ഒരുക്കും. നെയ്യഭിഷേകം നടക്കാനുള്ള സമയവും കൂട്ടി. മൂന്നേകാല്‍ മുതല്‍ 12.30 മണിവരെ നെയ്യഭിഷേകം നടത്താന്‍ സമയമുണ്ടാകും. രാത്രി 11 മണിയ്ക്ക് ശേഷം സന്നിധാനത്ത് തങ്ങാൻ പൊലീസ് അനുവാദിക്കാത്തത് നെയ്യഭിഷേകം ഉൾപ്പെടെയുള്ള ചടങ്ങുകളെ പ്രതിസന്ധിയിലാക്കിയിരുന്നു.

മാത്രമല്ല കാണിക്ക അർപ്പിക്കുന്നതിൽ പോലും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇതോടെ ദേവസ്വം ബോർഡിന്റെ വരുമാനം കുറഞ്ഞിരുന്നു. ഭക്തരുടെ എണ്ണം കുറയുന്നത് ബോര്‍ഡിന്റെ സാമ്പത്തിക നില പരുങ്ങലിലാക്കും. ലേലം നടക്കാതെയിരുന്നത് മൂലം കോടികളാണ് ബോര്‍ഡിന് നഷ്ടപ്പട്ടത്. ഇതിനു പുറമേയാണ് കാണിക്കയിനത്തിലും വഴിപാടിനത്തിലുമുണ്ടാകുന്ന വരുമാന നഷ്ടം.

[yuzo_related]

Comments



Related Articles & Comments