പൊതുമരാമത്ത് വകുപ്പില്‍നിന്നും റോഡ് റോളര്‍ വഴിമാറുന്നു. അമ്മാവന് വണ്ടി എന്ന തലമുറയ്ക്ക് കൗതുകമായിരുന്ന റോളറുകള്‍ ഇന്ന് റോഡ് നിര്‍മ്മാണത്തില്‍ പരിമിതമായി മാത്രമാണ് ഉപയോഗിക്കുന്നത്. ബിഎംബിസി ടാറിംഗ് വന്നതോടെ ഏറ്റവും നവീനമായ യന്ത്രങ്ങള്‍ റോഡു നിര്മാണത്തിനെത്തുകയും വര്‍ക്കുകള്‍ സ്വന്തമായി റോളറുള്ള കരാറുകാര്‍ ഏറ്റെടുകയും ചെയ്തതോടെയാണ് പിഡബ്ല്യുഡിയുടെ റോളറുകള്‍ കാലഹരണപ്പെട്ടത്. പലയിടങ്ങളിലും പൊതുമരാമത്ത് വകുപ്പിന്റെ റോളര്‍ ഡ്രൈവര്‍മാര്‍ക്കും ജോലിയില്ലാതായി. ഇവരുടെ പുനര്‍വിന്യാസവും പ്രായോഗികമായി നടപ്പാക്കാനായിട്ടില്ല.
ഗ്രാമീണറോഡു നിര്‍മാണത്തിന് പഞ്ചായത്തുകളില്‍ മാത്രമാണ് ഇപ്പോള്‍ റോളറുകള്‍ ഉപയോഗിക്കുന്നത്. ഇതില്‍ കരാറുകാരുടെ സ്വകാര്യ റോളറുകളാണ് ഉപയോഗിക്കുന്നത്. പൊതുമരാമത്തിന്റെ റോഡ് റോളറുകള്‍ സിനിമാ കഥയിലെ കഥാപാത്രം മാത്രമായിരിക്കുന്നു. തുരുമ്പെടുത്തും കാടുകയറിയും നശിക്കുന്ന റോളറുകള്‍ ലേലം ചെയ്യാനോ പൊളിച്ചു വില്‍ക്കാനോ നടപടിയുമില്ല. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് സെക്ഷന്റെ കീഴിലുള്ളതാണ് സര്‍ക്കാര്‍ വക റോളറുകള്‍. മീഡിയം മോട്ടോര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഉരുക്ക് നിര്‍മ്മിത വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താന്‍ അറിയാവുന്ന മെക്കാനിക്കുകളുമില്ല.
മുന്‍പ് കൊല്‍ക്കത്തയില്‍നിന്നാണ് റോളറുകള്‍ ഇറക്കുമതി ചെയ്തിരുന്നത്. 1982നുശേഷം പൊതുമരാമത്ത് വകുപ്പ് റോളറുകള്‍ വാങ്ങിയിട്ടില്ല. ഇന്ധനനഷ്ടം, സ്പെയര്‍ പാര്‍ട്സുകളുടെ ലഭ്യതക്കുറവ്, പരിരക്ഷിക്കുന്നതിനുള്ള ചെലവ് എന്നിവയൊക്കെ കണക്കാക്കുമ്പോള്‍ കാലപ്പഴക്കം ചെന്ന റോളറുകള്‍ നഷ്ടമാണുതാനും. പണിയില്ലാതായതോടെ പൊതുമരാമത്ത് വകുപ്പ് സ്വകാര്യ വ്യക്തികള്‍ക്കും മറ്റും റോളറുകള്‍ വാടകയ്ക്കു നല്‍കുന്നുണ്ട്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയുള്ള എട്ടു മണിക്കൂര്‍ സമയം സര്‍ക്കാര്‍ വക റോളറുകള്‍ കരാറുകാര്‍ക്ക് വാടകയ്ക്ക് ലഭിക്കും. മൂവായിരം രൂപയാണ് നിലവില്‍ പ്രതിദിന വാടക. കമ്പനി വാഹനം പുറത്തിറക്കുമ്പോഴുള്ള അതേ ഭാരം സര്‍ക്കാര്‍ വക റോളറുകളില്‍ നിലനിര്‍ത്തിയിരുന്നു. റോളറുകളുടെ മുന്‍വശത്ത് അടിയിലായി ഒരു ടണ്‍ ഭാരമുള്ള ഉരുക്ക് ഘടിപ്പിച്ചിരുന്നു.