18
April, 2019
Thursday
08:25 PM
banner
banner
banner

റിഫാനയ്ക്കും ഹനീഷിനും ഒരുമിച്ച്‌ ജീവിക്കാമെന്ന് ഹൈക്കോടതി, പക്ഷെ ഒരുമിച്ച്‌ പൊറുക്കൽ നിയമ വിരുദ്ധമാകുന്നത്‌ എപ്പോഴെന്ന് അറിയാമോ?

പ്രായപൂർത്തിയായ സ്ത്രീയ്ക്കും പുരുഷനും ഇൻഡ്യയിൽ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാം..!! കേട്ടും പറഞ്ഞും ശീലിച്ച ഈ വാചകത്തെ കേരളത്തിലെ ഒരു വിധി കൊണ്ട് തിരുത്തി എഴുതി ചേർത്തിരിക്കുന്നു. ആലപ്പുഴക്കാരായ രണ്ട് വിദ്ധ്യാർത്ഥികൾ ഒരുമിച്ച് ജീവിക്കുവാൻ വേണ്ടി നടത്തിയ നിയമ പോരാട്ടമാണ്‌ വിജയിച്ചിരിക്കുന്നത്.

19 വയസുകാരിയായ റിഫാനയും 18 വയസുകാരനായ ഹനീഷും ഒരുമിച്ചു പഠിക്കുന്ന കാലം തൊട്ട് പ്രണയത്തിൽ ആണ്‌. റിഫാനയുടെ വീട്ടിൽ അറിഞ്ഞത് തൊട്ടു ഉണ്ടായ പ്രശ്നങ്ങൾ ഇവരുടെ ഒളിച്ചോട്ടത്തിൽ കലാശിച്ചു. ആൺകുട്ടിയ്ക്ക് വിവാഹപ്രായം എത്തിയില്ല എന്ന കാരണത്താൽ ഇവരെ പിരിക്കാൻ കഴിയും എന്നു വാദിച്ചവരുടെ വാദങ്ങളെയെല്ലാം തള്ളി പ്രായപൂർത്തിയായ പെൺകുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം വേണമെങ്കിൽ വിവാഹം കഴിക്കാതെയും ലൗ ഇൻ റിലേഷൻഷിപ്പായി ജീവിക്കാം എന്ന ഹൈക്കോട്തിയുടെ വിധി അക്ഷരാർത്ഥത്തിൽ ആണിനേയും പെണ്ണിനേയും ഒരുമിച്ച് കണ്ടാൽ അവിടെ അനാശാസ്യം എന്നു വിധീഴുതുന്ന സകല സദാചാരക്കാർക്കും ഉള്ള തുറന്ന മറുപടി ആണ്‌.

എല്ലാത്തരം ഒരുമിച്ചു പൊറുക്കലുകൾക്കും ഈ നിയമസാധുതയില്ല
പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിയ്ക്കുന്നതിനോ ലൈംഗിക ബന്ധം പുലർത്തുന്നതിനോ ഒരു നിയമവും ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിൽ തടസ്സം നിൽക്കുന്നില്ല എന്നത്‌ പരമമായ നേരു തന്നെയാണ്‌. എന്നാൽ എല്ലാത്തരം ഒരുമിച്ചു പൊറുക്കലുകൾക്കും ഈ നിയമസാധുതയില്ല എന്നും അറിയണം.

സീൻ ഒന്നും, സീൻ രണ്ടും ഉണ്ട്‌. പതിവു രീതി വിട്ട്‌ നമുക്ക്‌ സീൻ രണ്ടിൽ നിന്നു തുടങ്ങാം.

സീൻ രണ്ട്‌ – രാത്രി… ഏതാനും വർഷങ്ങൾക്ക്‌ മുൻപ്‌ കേരളത്തിലെ അറിയപ്പെടുന്ന ഒരു മദ്ധ്യ വയസ്കനും വിവാഹിതനുമായ നേതാവിനെ സഹ പ്രവർത്തകയുടെ വീട്ടിൽ വച്ച്‌ നാട്ടുകാർ ഉറക്കമിളച്ചിരുന്ന്‌ വളഞ്ഞു പിടിയ്ക്കുന്നു. പോലീസ്‌ പാഞ്ഞെത്തുന്നു. അറസ്റ്റു നടക്കുന്നു.

കാരണം? അനാശാസ്യം! “അന്യരായ സ്ത്രീയും പുരുഷനും രാത്രി ഒരു വീട്ടിൽ തങ്ങി” (നാട്ടുകാരുടെ മൊഴി).
പ്രതിയുടെ വിശദീകരണം – “സഹപ്രവർത്തകയായ സാമൂഹ്യ പ്രവർത്തകയ്ക്ക്‌ തന്റെയും അവരുടെയും വീട്ടുകാരുടെ അറിവോടെ അകമ്പടിയെത്തിയതാണ്‌”.

രംഗം ചാനൽ ചർച്ചകളിലേക്കും പത്രങ്ങളുടെ തലക്കെട്ടുകളിലേക്കും വഴിമാറുന്നു. “അനാശാസ്യം.. അനാശാസ്യം.. അനാശാസ്യം”

സീൻ ഒന്ന്‌ – ഒരു ഫ്ലാഷ്‌ ബാക്ക്‌…
അതിനും കുറച്ചു നാളുകൾക്ക്‌ മുൻപ്‌, കുമരകത്തെ കായൽപ്പരപ്പുകളിലെ അത്യാർഭാട ‘ഗൃഹനൗക’ കളിലൊന്ന്‌…
സൂര്യൻ എരിഞ്ഞു നിൽക്കുന്ന പകലും തുടർന്നുള്ള രാത്രിയും..

നൗകയ്ക്കുള്ളിൽ യുവാവും അവിവാഹിതനും സർവ്വോപരി അതിസുന്ദരനുമായ ഒരു നേതാവും അദ്ദേഹത്തിന്റെ വിദേശിയായ കൂട്ടുകാരിയും. ഇവർക്ക്‌ കാവലിന്‌ സുരക്ഷാ ഏജൻസിയുടെ ‘കരിമ്പൂച്ച’ കളും.

ഇവിടെ നാട്ടുകാർ എല്ലാം അറിയുന്നുണ്ട്‌. പക്ഷേ, വളയുന്നില്ല.. പോലീസ്‌ എത്തുന്നില്ല.. അതു കൊണ്ട്‌ തന്നെ അറസ്റ്റും നടക്കുന്നില്ല. എങ്കിലും ഈ രംഗത്തേയ്ക്കും ചാനലുകളും പത്രങ്ങളും ക്യാമറയും എത്തുന്നുണ്ട്‌. എന്നാൽ ആരും തന്നെ അനാശാസ്യമെന്ന മുറവിളികൾ ഉയർത്തുന്നില്ല!

പകരം വർണ്ണനകളാണ്‌… കുമരകത്തിന്റെ ‘സൗന്ദര്യം’ നുകർന്ന യുവാവിന്റെ വാമൊഴികളുടെ!
കഴിച്ച പുട്ടിന്റെ! കൂടെയുള്ള മദാമ്മയുടെ മൊഞ്ചിന്റെ! അങ്ങനെ അങ്ങനെ പലതും.

മേൽ വിവരിച്ച രണ്ടു രംഗങ്ങളും വായനക്കാരന്റെ മനസ്സിൽ ഉയർത്തുന്നത്‌ ഒരേ ചോദ്യമാണ്‌. “അത്‌ നിയമ വിരുദ്ധമല്ലേ”?
“ഏത്‌”? പരസ്പരം വിവാഹിതരല്ലാത്ത അന്യ പുരുഷനും സ്ത്രീയും ഒരു മുറിയിൽ, ഒരു വീട്ടിൽ, ഒറ്റപ്പെട്ട സാഹചര്യത്തിൽ തനിയെ കഴിയുന്നത്‌?

ഇപ്രകാരം ഒരു ചോദ്യം ഉയരുന്നത്‌ കേവലം മേൽ വിവരിച്ച രണ്ടു രംഗങ്ങളിൽ നിന്നു മാത്ര മല്ല. കാലങ്ങളായി നമ്മൾ കാണുന്ന സിനിമ കളും, സീരിയലുകളും, പുസ്തകങ്ങളും,അർദ്ധ സത്യങ്ങൾ നമ്മുടെ ബോധ മനസ്സിലേയ്ക്ക്‌ കടത്തിവിടുന്ന സമൂഹമെന്ന ‘കള്ള മുത്തശ്ശി’ യുമൊക്കെ ഇതിനു കാരണമാകുന്നു.

അന്യ നഗരത്തിൽ പരീക്ഷയെഴുതാനെത്തിയ രണ്ട്‌ ഉദ്യോഗാർത്ഥികളോ, അപ്രതീക്ഷിത ബന്ദിൽ കുടുങ്ങി ലോഡ്ജിൽ മുറിയെടുക്കേണ്ടി വരുന്ന സഹപ്രവർത്തകരോ, ഉല്ലാസ യാത്ര നടത്തുന്ന രണ്ടു സുഹൃത്തുക്കളോ ആരുമാകട്ടെ എതിർ ലിംഗത്തിൽപ്പെട്ട രണ്ടുപേർ മുറിയിൽ കയറി വാതിലടച്ചാലുടൻ ” സേർച്ച്‌”… എന്നലറിക്കൊണ്ട്‌ ‘പടപട’ ശബ്ദത്തോടെ പടികൾ കയറി വരുന്ന പോലീസ്‌ ഉദ്യോഗസ്ഥരേയും,

തുടർന്ന്‌ ഇവരെ എറിയാനുള്ള മുഴുത്ത കല്ലുകളുമായി കാത്തിരിയ്ക്കുന്ന സമൂഹത്തിലെ സദാചാര കമ്മിറ്റികളേയും കുത്തി നിറച്ച ‘ ക്ലീഷേ’ രംഗങ്ങൾ എത്ര ആവർത്തിച്ചാലും വീണ്ടും, വീണ്ടും ഉദ്വേഗത്തോടെ നാം കണ്ടുകൊണ്ടിരിയ്ക്കുകയാണ്‌… പതിറ്റാണ്ടുകളായി… യാതൊരു മടുപ്പും, ഉളുപ്പുമില്ലാതെ! ഒരുമിച്ച്‌ പൊറുക്കൽ അഥവാ cohabitation ഒരു സാമൂഹിക സാസ്കാരിക നൈതിക കീറാമുട്ടിയാകുന്നതും ഇത്തരുണത്തിലാണ്‌.

വാസ്തവത്തിൽ ‘ഒരുമിച്ച്‌ പൊറുക്കൽ’ ഇത്ര വലിയ അപരാധമാണോ? ഇതിനെ സംബന്ധിച്ച സാമൂഹിക സാംസ്കാരിക മനശാസ്ത്രപരമായ വിശകലനങ്ങൾ എന്തു തന്നെയായാലും ഇത്‌ അപരാധമാണോ അല്ലയോ എന്ന്‌ തീരുമാനിയ്‌ ക്കുന്ന നിയമസംഹിതകളൊന്നുംതന്നെ നാളിതു വരെ ഇതിനെ പ്രത്യക്ഷത്തിൽ ‘അപരാധം’ എന്നു വിളിച്ചിട്ടും വിശദീകരിച്ചിട്ടും ഇല്ല എന്ന താണ്‌ ആ ഞെട്ടിപ്പിയ്ക്കുന്ന തണുപ്പൻ സത്യം.

പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിയ്ക്കുന്ന തിനോ ലൈംഗിക ബന്ധം പുലർത്തുന്നതിനോ ഒരു നിയമവും ജനാധിപത്യ റിപ്പബ്ലിക്കായഇന്ത്യ യിൽ തടസ്സം നിൽക്കുന്നില്ല എന്നത്‌ പരമ മായ നേരു തന്നെയാണ്‌. എന്നാൽ എല്ലാത്തരം ഒരുമിച്ചു പൊറുക്കലുകൾക്കും ഈ നിയമസാധു തയില്ല എന്നും അറിയണം.

ഒരുമിച്ച്‌ പൊറുക്കൽ (co-habitation‍) നിയമവിരുദ്ധമാകുന്നത്‌ എപ്പോഴൊക്കെ?
വേഴ്ചയെ വരുമാനമാർഗ്ഗമാക്കി മാറ്റുകയോ, മനുഷ്യ ശരീരത്തെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയോ, കച്ചവട താൽപ്പര്യത്തോടെ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ ‘ഒരുമിച്ച്‌ പൊറുക്കൽ’ എന്ന അവസ്ഥ ‘വ്യഭിചാരം’ എന്ന അപരാധമായി മാറുമെന്ന്‌ ദി ഇമ്മോറൽ ട്രാഫിക്‌ (പ്രിവെൻഷൻ) Act, 1956 സുവ്യക്തമാക്കുന്നു. ഒരു സ്ത്രീയെ താൻ നിയമപരമായി വിവാഹം ചെയ്തു എന്ന്‌ തെറ്റായി ധരിപ്പിച്ച്‌ അവളോടൊ ത്തു കഴിയുകയോ, ലൈംഗിക ബന്ധം പുലർ ത്തുകയോ ചെയ്താൽ 10 വർഷം വരെ കഠിന തടവും പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന്‌ ഇന്ത്യൻ പീനൽകോഡിന്റെ 493-ാ‍ം വകുപ്പ്‌ പറയുന്നു.

അതുപോലെതന്നെ ഒരു വ്യക്തിയുമാ യുള്ള വിവാഹം നിലനിൽക്കേ മറ്റൊരാളെ വിവാഹം ചെയ്താൽ ഇന്ത്യൻ ശിക്ഷാനിയമം 494-ാ‍ം വകുപ്പു പ്രകാരം 7 വർഷം വരെ കഠിന തടവും പിഴയും ലഭിയ്ക്കും. മുൻ വിവാഹം മറച്ചു വച്ചു കൊണ്ട്‌ രണ്ടാം വിവാഹം മേൽപ്ര കാരം നടത്തിയാൽ 495-ാ‍ം വകുപ്പു പ്രകാരം 10 വർഷം വരെ കഠിനതടവും പിഴയും ലഭിയ്‌ ക്കും. നാട്ടിലെ വിവാഹത്തട്ടിപ്പു വീരന്മാരുടെ ‘ഒപ്പം പൊറുക്കലി’നു കൈവിലങ്ങിടുന്നത്‌ മേൽ വിവരിച്ച വകുപ്പുകളാണ്‌.

കള്ളക്കല്യാണം നടത്തി ഒപ്പം പൊറുക്കുന്ന തിനെ ഇന്ത്യൻ ശിക്ഷാ നിയമം 496-ാ‍ം വകുപ്പ്‌ ചെറുക്കുമ്പോൾ അന്യന്റെ ഭാര്യയുമായി സഹ ശയനം നടത്തുന്നതിന്‌ 497-ാ‍ം വകുപ്പ്‌ 5 വർഷം വരെ കഠിനതടവും പിഴയും വിധിയ്ക്കുന്നു. ഒരു സ്ത്രീയെ മറ്റൊരാളുടെ രക്ഷാകർതൃത്വ ത്തിൽ നിന്ന്‌ ബലമായോ വശീകരിച്ചോ കൊണ്ടു പോയി കൂടെ പൊറുപ്പിയ്ക്കുന്നത്‌ ശിക്ഷാ നിയമത്തിൽ 498-ാ‍ം വകുപ്പു പ്രകാരം 2 വർഷം വരെ കഠിനതടവും പിഴയും ലഭിയ്ക്കാവുന്ന ശിക്ഷയാണ്‌.

മേൽപ്പറഞ്ഞ നിയമങ്ങളൊക്കെത്തന്നെയും ഇന്ത്യയുടെ ചരിത്രപരവും സാമൂഹികപരവുമായ പ്രത്യേക പശ്ചാത്തലത്തിൽ സുചിന്തിതമായി രൂപം കൊണ്ടതും എന്നാൽ സാമൂഹിക ഉന്നമന ത്തെ പിന്നോട്ട്‌ തള്ളാത്തതുമാണ്‌. ഇന്ത്യൻ സ്ത്രീയുടെ മേൽഗതി ഇന്ത്യൻ ഭരണഘടനയുടെ തന്നെ പ്രഖ്യാപിത ദൗത്യങ്ങളിലൊന്നായതിനാൽ ഒപ്പം പൊറുക്കൽ നിയമങ്ങളിലും ഒരു സ്ത്രീപ ക്ഷ സഹാനുഭൂതി പ്രകടമാണ്‌.

ഈ ശൃംഖലയിൽ ഏറ്റവും പുതിയതായി വന്ന 2005-ലെ ഗാർഹിക പീഢന നിയമവും ഇതൊനൊരു അപവാദമല്ല. ഈ നിയമത്തിന്റെ 19 (1)(യ) വകുപ്പു പ്രകാരം ഒപ്പം പൊറുക്കൽ പൊല്ലാപ്പായാൽ ‘പ്രശ്നക്കാരൻ’ (തീർച്ചയായും പ്രശ്നക്കാരിയല്ല) പൊറുക്കുന്നിടം വിട്ട്‌ മാറി താമസിയ്ക്കാനുള്ള ഉത്തരവിടാൻ ബന്ധപ്പെട്ട മജിസ്ട്രേട്ടിന്‌ അധികാരം നൽകുന്നു. പ്രശ്നമുണ്ടാക്കുന്നത്‌ ഭർത്താവോ, കാമുകനോ, ബന്ധുവോ ആരുമാകട്ടെ!

മേൽവിവരിച്ച കാര്യങ്ങളിൽ നിന്നും വ്യക്തമാകു ന്നത്‌ കച്ചവട താൽപ്പര്യത്തോടെയല്ലാത്ത, കള്ളവും ചതിയും എള്ളോളമില്ലാത്ത, പൊല്ലാ പ്പുമില്ലാത്ത ഒപ്പം പൊറുക്കലുകളൊന്നും തന്നെ (ഒപ്പം പൊറുക്കുന്നവർ ലൈംഗിക ബന്ധം പുലർ ത്തുകയോ, പുലർത്താതിരിയ്ക്കുകയോ ചെയ്യട്ടെ) നിയമ വിരുദ്ധമല്ല എന്നു തന്നെയാണ്‌. 2009-ൽ ജസ്റ്റീസുമാരായ എസ്‌.ബി സിൻഹയും, സിറിയക്‌ ജോസഫും ഒപ്പം പൊറുക്കലിനെ സാധൂകരിച്ച്‌ പുറപ്പെടുവിച്ച വിധി ന്യായവും നമ്മോടു പറയുന്നത്‌ മറ്റൊന്നുമല്ല.

അതുകൊണ്ട്‌ തന്നെയാണ്‌ രാജ്യത്തിന്റെ തലസ്ഥാന നഗരിയായ ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ സ്റ്റുഡന്റ്‌ ഹോസ്റ്റലുകളിലും, സിലിക്കൺ നഗരമായ ബാംഗ്ലൂരിന്റെ ഐ.റ്റി ഹബ്ബുകളിലും, എന്തിന്‌ ഗ്രോയിംഗ്‌ മെട്രോ സിറ്റിയായ നമ്മുടെ കൊച്ചു കൊച്ചിയിലുമൊക്കെ ഒപ്പം പൊറുക്കലുകൾ തഴച്ചു വളരുന്നത്‌. ഒപ്പം പൊറുക്കലുകാരോട്‌ നാട്ടിലെ സദാചാര കമ്മിറ്റിക്കാർ പൊറുക്കട്ടെ! നാട്ടിൽ അവരെ വച്ചു പൊറുപ്പിയ്ക്കട്ടെ!

നിയമ വിവരങ്ങൾക്ക്‌ കടപ്പാട്‌: അഡ്വ. രശ്മിത ആർ. ചന്ദ്രൻ, കൊച്ചി

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments