മലയാളം ഇ മാഗസിൻ.കോം

ലോക്ക്ഡൗൺ ഇളവുകൾ വെട്ടിച്ചുരുക്കി, കേരളത്തിൽ പുതിയ മാനദണ്ഡങ്ങൾ ഇങ്ങനെ

രാജ്യത്ത്‌ ഏർപ്പെടുത്തിയിരിക്കുന്ന ലോക്‌ ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഇളവ്‌ പുതുക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്‌ സംസ്ഥാനത്തും ബാധകമെന്ന്‌ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌. ഹോട്ട്‌ സ്പോട്ടുകളിലും റെഡ്‌ സോൺ ജില്ലകളിലും നേരത്തെയുള്ള നിയന്ത്രണങ്ങൾ തുടരും. മറ്റ്‌ പ്രദേശങ്ങളിൽ കടകൾ തുറക്കാം.

എ സി വിൽപ്പന ഷോപ്പുകൾ, ജ്വല്ലറികൾ തുടങ്ങിയവയ്ക്ക്‌ തുറക്കാൻ അനുമതി ഇല്ല. എന്നാൽ, എസി റിപ്പയറിങ്‌ സ്ഥാപനങ്ങൾ തുറക്കാം. ഹോട്ട്‌ സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ നഗര പരിധിക്ക്‌ പുറത്തുള്ള കടകൾ ഇന്ന്‌ മുതൽ തുറന്നു പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാർ മാത്രമേ കടകളിൽ പാടുള്ളൂവെന്നും ജീവനക്കാർ മാസ്‌കുകളും സാമൂഹിക അകലവും പാലിക്കണമെന്ന കർശന നിബന്ധനയുമുണ്ട്‌. ഷോപ്പിംഗ്‌ മാളുകൾക്കും വൻകിട മാർക്കറ്റുകൾക്കും അനുമതി ഇല്ല.

ലോക്ഡൗൺ ഇളവു സംബന്ധിച്ചു ഇറക്കിയ ഉത്തരവിലെ പല വ്യവസ്ഥകളും പിന്നീടു പിൻവലിച്ച സാഹചര്യത്തിൽ അന്നത്തെ ഉത്തരവിൽ ഭേദഗതി വരുത്തി പുതിയ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു. പഴയ ഉത്തരവിലെ വ്യവസ്ഥകൾ നിലനിർത്തി ഏതാനും ഇളവുകൾ പിൻവലിക്കുകയാണു ചെയ്തിരിക്കുന്നത്‌. മെയ്‌ 3 വരെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വിലക്കുകളെല്ലാം തുടരും.

സ്വകാര്യ വാഹനങ്ങളുടെ ഒറ്റ, ഇരട്ട സംഖ്യാ നിയന്ത്രണം പുതിയ ഉത്തരവിലും ഉണ്ട്‌. തിങ്കൾ, ബുധൻ, വെള്ളി ഒറ്റ അക്ക നമ്പറുള്ള വണ്ടികളും ചൊവ്വ, വ്യാഴം, ശനി ഇരട്ട അക്ക വണ്ടികളും ഓടണം.നമ്പർ അടിസ്ഥാനത്തിലുള്ള നിയന്ത്രണം ഞായറാഴ്ച ബാധകമല്ലെന്ന്‌ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല.

അവശ്യ സർവീസുകളുടെയും മാധ്യമപ്രവർത്തകരുടെയും വാഹനങ്ങളെ ഈ നിയന്ത്രണത്തിൽ നിന്ന്‌ ഒഴിവാക്കി. വനിതകൾക്കും ഭിന്നശേഷിക്കാർക്കും ഇളവുണ്ട്‌. ഡ്രൈവർക്കു പുറമേ പിൻസീറ്റിൽ 2 പേർക്കു യാത്ര ചെയ്യാം.ഇരുചക്രവാഹനങ്ങളിൽ ഒരാളേ പാടുള്ളൂവെങ്കിലും കുടുംബാംഗമാണെങ്കിൽ ഒരാൾ കൂടി ആകാം.

അവശ്യസാധന വിതരണം സമയപരിധിയില്ലാതെ അനുവദിക്കും. നഗരമേഖലയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾക്കും ധാന്യമില്ലുകൾക്കും പ്രവർത്തിക്കാം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ രാത്രി 7 വരെ. 50% ജീവനക്കാരുമായി തോട്ടങ്ങൾക്കു പ്രവർത്തിക്കാം. ഇൻഷുറൻസ്‌ കമ്പനികൾ, ഹൗസിങ്‌ ഫിനാൻസ്‌ കമ്പനികൾ ഉൾപ്പെടെയുള്ള നോൺ ബാങ്കിങ്‌ സാമ്പത്തിക സ്ഥാപനങ്ങൾ, സഹകരണ വായ്പാ സംഘങ്ങൾ എന്നിവ തുറക്കാം. ഫാൻ, വിദ്യാഭ്യാസ സംബന്ധമായ പുസ്തകങ്ങൾ എന്നിവ വിൽക്കുന്ന കടകൾ പ്രവർത്തിക്കും. ബസ്‌, ടാക്‌സി, ഓട്ടോറിക്ഷ സർവീസുകൾ അനുവദിക്കില്ല. വിവാഹത്തിനും ശവസംസ്‌കാരത്തിനും 20 പേർ. എല്ലാ ഹോട്‌സ്‌പോട്ടുകളുടെയും അതിർത്തികൾ സീൽ ചെയ്യും.

ബാർബർമാർക്കു വീട്ടിലെത്തി മുടി വെട്ടാൻ അനുവാദം നൽകുന്നതിന്‌ ആലോചിച്ചിരുന്നുവെങ്കിലും ഉത്തരവിൽ അനുമതിയില്ല.ആശുപത്രികൾ, ലാബുകൾ, മരുന്നു നിർമാണ യൂണിറ്റുകൾ, ആരോഗ്യ രംഗത്തെ നിർമാണ പ്രവർത്തനങ്ങൾ, മഴക്കാലപൂർവ ശുചീകരണം,കാർഷിക ജോലി, കാർഷിക വിപണനം, വളം നിർമാണ ശാലകളും വിൽപന കേന്ദ്രങ്ങളും,മത്സ്യബന്ധനം, മത്സ്യം വളർത്തൽ, പാൽ ഉൽപാ ദനവും വിപണനവും, മുട്ട ഉൽപാദനവും വിപണനവും എന്നിവയ്ക്ക്‌ അനുമതിയുണ്ട്‌.

Staff Reporter