കഴിഞ്ഞ ദിവസം ഏറെ പഴികേട്ട ഒരു മനുഷ്യൻ ആയിരുന്നു ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ ഓമനക്കുട്ടൻ എന്ന പാർട്ടി പ്രവർത്തകൻ. എന്നാൽ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സിപിഎം നേതാവിന്‍റെ പ്രവര്‍ത്തിയില്‍ തെറ്റില്ലെന്ന് റവന്യൂ വകുപ്പ് സെക്രട്ടറി. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു വാസുദേവന്‍.

ചേര്‍ത്തല ദുരിതാസ്വാസ ക്യാമ്പിലാണ് കുറുപ്പന്‍ കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം പണപ്പിരിവ് നടത്തിയത്. പ്രവൃത്തി തെറ്റാണെങ്കിലും അദ്ദേഹത്തിന്‍റെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നുവെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വേണു വാസുദേവന്‍ എഴുതുന്നു. അരി തീർന്നപ്പോൾ ഓമനക്കുട്ടൻ പോയി അരി വാങ്ങിക്കൊണ്ടുവന്നു. പൊതുപ്രവർത്തകനെങ്കിലും അദ്ദേഹവും ഒരു ക്യാമ്പംഗമാണ്, ദുരിതക്കയത്തിൽ പെട്ടുപോയ അനേകം മനുഷ്യരിലൊരാൾ. ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യൻ. അദ്ദേഹത്തിന്റെ കയ്യിൽ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാൻ കുറച്ചു രൂപ ക്യാമ്പംഗങ്ങളിൽ നിന്നും അദ്ദേഹം വാങ്ങിക്കുവാൻ നിർബന്ധിതനായി . അന്വേഷണത്തിൽ മുൻ കാലങ്ങളിലും ക്യാമ്പിനാവശ്യമുള്ള പല സേവനങ്ങളും നിസ്സ്വാർത്ഥതയോടെ ചെയ്യുന്ന ഒരാളാണദ്ദേഹമെന്നും ബോധ്യപ്പെട്ടു.

അദ്ദേഹത്തിന്റെ പണപ്പിരിവ് നിയമദൃഷ്ട്യാ കുറ്റകരം തന്നെയെങ്കിലും അത് മുമ്പോട്ട് വെച്ചത് മനുഷ്യ പാരസ്പര്യ മൂല്യത്തെയാണ് . അത്യധികം ആവശ്യമുള്ള സാഹചര്യത്തിൽ തികച്ചും കളങ്കമറ്റ ഒരു കൃത്യമാണ് ഈ സംഭവത്തിനു പുറകിലുള്ളതെന്ന് വകുപ്പിനു ബോധ്യപ്പെട്ടിരിക്കുന്നു. ക്യാമ്പംഗങ്ങൾക്കിടയിൽ പണപ്പിരിവു നടത്തിയെന്നത് ശരിയായ നടപടിയല്ലയെങ്കിലും ഓമനക്കുട്ടന്റെ ഉദ്ദേശശുദ്ധിയും പ്രവർത്തിയിലെ സത്യസന്ധതയും വകുപ്പിനു ബോധ്യപ്പെട്ടിട്ടുണ്ട്.
ഓമനക്കുട്ടൻ കള്ളനല്ല, കുറ്റവാളിയല്ല എന്ന നിലപാടാണു ഈ സാഹചര്യത്തിൽ വകുപ്പ് എടുക്കുന്നത്. അതു തന്നെയാണു മനുഷ്യത്വപരമായ നീതിയും.

ഈ വിഷയം ജില്ലാ കലക്ടറുമായി ചർച്ച ചെയ്തു. അവരുടെ അന്വേഷണത്തിലും ഈ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടു . ആയതിനാൽ ചേർത്തല റവന്യൂ വകുപ്പ് ഓമനക്കുട്ടനുമേൽ നൽകിയ പോലീസ്സ് പരാതി പിൻവലിക്കാനുള്ള നിർദ്ദേശങ്ങൾ ജില്ലാ കളക്ടർക്ക് നൽകിക്കഴിഞ്ഞു. പോലീസ്സ് കേസ്സുമായി വകുപ്പിനി മുമ്പോട്ട് പോകുകയില്ല.
ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്ജെക്റ്റിവിലി ശരിയല്ലാത്ത സബ്ജെക്റ്റീവിലി എന്നാൽ ശരി മാത്രമായ ഈ സത്യത്തിനു മുമ്പിൽ ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് മേൽ ദുരന്തനിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.