20
November, 2017
Monday
03:19 PM
banner
banner
banner

ISL ആവേശമൊക്കെ എവിടെ? കൊച്ചിയിൽ ഫിഫ ലോക കപ്പ്‌ കാണാൻ കാണികൾ ഇല്ലെന്ന പരാതിക്ക്‌ ഒരു വിരുതൻ നൽകിയ മറുപടി വൈറൽ!

ISL മത്സരങ്ങളിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ആൾക്കൂട്ടം നമ്മുടെ കൊച്ചിയിൽ ആയിരുന്നു. എന്നാൽ ഫിഫ അണ്ടർ 17 ലോക കപ്പിൽ കൊച്ചിയില്‍ കാണികളുടെ എണ്ണം കുറയുന്നത് മത്സരങ്ങളുടെ ആവേശത്തെ സാരമായി ബാധിച്ചെന്ന് ഫിഫ വ്യക്തമാക്കുന്നു. മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുപോയെന്ന് അധികൃതര്‍ പറയുമ്പോഴും ശൂന്യമായ ഗാലറിയെ ചൂണ്ടിക്കാട്ടി കാണികളെവിടെയെന്ന് ചോദിക്കുകകയാണ് ഫിഫ.

നൈജർ-ഉത്തരകൊ‍റിയ മത്സരത്തിനെത്തിയത്‌ വെറും 2,754 കാണികൾ ആയിരുന്നു. ലോകകപ്പ് തുടങ്ങിയതിന് ശേഷം ആറ് വേദികളിലായി ഏറ്റവും കുറവ് ഹാജര്‍ നില ഉള്ള മത്സരമായിരുന്നു ഇത്. സ്പെയിൻ – നൈജർ ആദ്യ മത്സരത്തിന് എത്തിയ കാണികളുടെ എണ്ണം 7,926. ബ്രസീല്‍-ഉത്തര കൊറിയ മത്സരം കാണാനെത്തിയത് 15,314 പേരും. എങ്കിലും സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാവുന്ന പരിധി ഇതുവരെ ഒരു മത്സരവും കടന്നിട്ടില്ല.

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് 29,200 പേര്‍ക്ക് മാത്രമാണ് കൊച്ചിയില്‍ കളി കാണാനാകുക. ഇന്ത്യയില്‍ തന്നെ ഫുട്ബോളിന് ഏറ്റവും കൂടുതല്‍ കാണികളുള്ള ഇടമായിട്ടും കൊച്ചിയില്‍ ഈ മത്സരങ്ങള്‍ക്ക് കാണികള്‍ കുറയുന്നതില്‍ ആശങ്കയിലാണ് ഫിഫ. ടിക്കറ്റുകൾ എല്ലാം നേരത്തെ വിറ്റുപോയിട്ടും മത്സരം തുടങ്ങും മുൻപ്‌ സ്റ്റേഡിയത്തിന് പുറത്ത് ടിക്കറ്റ് ലഭിക്കാതെ നൂറുകകണക്കിനാളുകളാണ് വരിനില്‍ക്കുന്നത്.

എന്നാൽ എന്തുകൊണ്ട്‌ കൊച്ചിയിൽ കളി കാണാൻ ആളുകൾ വരുന്നില്ല എന്ന ആശങ്കയ്ക്ക്‌ ഇതാ ഒരു വിരുതൻ നൽകിയ കിടിലൻ മറുപടി. ഈ മറുപടി ഇപ്പോൾ ഓൺലൈനിൽ വൈറലായിരിക്കുകയാണ്.

ഊബർ കാർക്ക് പോലും അറിയാത്ത സ്റ്റേഡിയം ലിങ്ക് റോഡ്. അത് ചുറ്റിപ്പിടിച്ചു സ്‌റ്റേഡിയത്തിന്റെ 500 മീറ്റർ അകലെ എത്തിയപ്പോൾ പൊലീസുകാർ വണ്ടി തടഞ്ഞു..ഇനി നടക്കണമത്രേ…. കരുതിയ കുടിവെള്ളവും സ്നാക്‌സും പുറത്തു വെച്ചിട്ട് അകത്തു കയറാൻ… എവിടെ കൊണ്ട് പോയി വെക്കാൻ….വീണ്ടും 500 മീറ്റർ തിരിച്ചു നടന്നു… കൈയിൽ ഉള്ള ബാഗ് ഒരു കടക്കാരും വാങ്ങി വെച്ചില്ല…. അതിനു ഒരു വണ്ടി വേറെ വിളിച്ചു വീണ്ടും ഓട്ടം.

വെറും കൈയും വീശി അകത്തു കയറുമ്പോൾ തപ്പുന്ന കാക്കിക്കാരനോട് ചോദിച്ചു, സാറേ കുടിവെള്ളം ആകത്തു കിട്ടുമല്ലോ…”ഓ…എല്ലാം കിട്ടും… internatinal facilities അല്ലേ… പോയ്ക്കോളൂ…” ഈ വാഗ്ദാനം കേട്ട സാധുക്കൾ… കൊണ്ട് വന്ന വെള്ളവും ഭക്ഷണവും, എന്തിന്…, power bank കൾ പോലും waste basket ൽ വിക്ഷേപിച്ചു അകത്തേക്ക് കയറി പോകുന്നത് കണ്ടു… ശരി, ക്ഷമിക്കാം… സെക്യൂരിറ്റിക്ക് വേണ്ടി അല്ലേ…

half time വരെ hawkers നെ ആരെയും കണ്ടില്ല…. തരക്കേടില്ലാത്ത ബ്രസീൽ സ്പെയിൻ പോരാട്ടം കണ്ടിരുന്നതിനാൽ ദാഹം അറിഞ്ഞിരുന്നുമില്ല…. എന്നും വേണമെങ്കിൽ പറയാട്ടോ… എന്നാൽ half time ന് പുറത്തു ഇറങ്ങിയപ്പോഴാണ് ശെരിക്കും നടത്തിപ്പുകാരുടെ ഒരു സാമാന്യ സംഘാടന വിവരമില്ലായ്മ ബോധ്യപ്പെടുന്നത്… കാണികൾക്ക് കുടിക്കാൻ കൊക്ക കോള, മിരിണ്ട, സെവൻ അപ്പ്, പിന്നെ thumps അപ്പ്… ഇവ മാത്രം… അതും ബോട്ടിലിൽ തരൂല്ല… തള്ളേ, ചെറിയ ഗ്ലാസിനു 30 രൂപ, വലിയ ഗ്ലാസ്സിനു 50…അല്ലെങ്കിലും കളി നടത്തിപ്പുകാർ ഇത്തരം കുത്തകകളെ അല്ലേ കളി കളത്തിൽ സ്റ്റാളുകളും പരസ്യങ്ങളും വെക്കാൻ അനുവദിക്കൂ…

എങ്കിലും പച്ചവെള്ളം ഗ്ലാസ്സിനു 20 രൂപയ്ക്കു, അതും വൃത്തിയില്ലാത്ത വിരലുകൾ മുക്കി ബംഗാളികൾ വിൽപ്പന നടത്തിയതാണ് ഏറ്റവും വലിയ അക്രമം.. വെള്ളവും കുപ്പിയിൽ കിട്ടില്ല… .2 ഗ്ലാസ് കുടിച്ചാൽ രൂപാ 40. കഴിക്കാൻ snacks എന്താന്നു ചോദിച്ചു…ബംഗാളി പറഞ്ഞു… uthar vip counter pe jaake dhekho… udhar biriyaani milegaa… എന്ന്…. അവിടെ ചെന്ന് അത് വാങ്ങാൻ നോക്കിയപ്പോ 150 രൂപ പോയ ഒരു ഹത ഭാഗ്യവാൻ പറഞ്ഞു, ചേട്ടാ വാങ്ങി കുടുങ്ങേണ്ട…ഞാനിതു ഒഴിവാക്കാൻ വേസ്റ്റ് ബാസ്‌കറ്റ് തിരഞ്ഞു നടക്കുക ആണെന്ന്.. ചുരുക്കത്തിൽ ഈ ബിരിയാണിയും കോല യും വെച്ചാണ് ഈ വെയിലത്തു ഫുട്ബോൾ ന്റെ മറവിൽ ഫിഫ കൊല ചെയ്യുന്നത്.

ഞാൻ സ്‌റ്റേഡിയത്തിന്നു പുറത്തേക്കിറങ്ങാൻ നോക്കി…ഫിഫ അതും തടഞ്ഞു…പുറത്തു പോയാൽ തിരിച്ചു കയറാൻ പറ്റില്ല അത്രേ….പല കുടുംബങ്ങളും ഇത് കേട്ട് ഫിഫയുടെ അപ്പനെ പ്രാകി കളി കാണൽ നിറുത്തി പുറത്തേക്കിറങ്ങി പോകുന്നത് കണ്ടു….

ഞാൻ പോയ ദിവസം രണ്ടു മാച്ച് ഉണ്ടായിരുന്നു… 2ആ മത്തെ മാച്ച് Niger ഉം Korea യും…തമ്മിൽ. അത്ര നിലവാരം പുലർത്തിയില്ലെങ്കിലും ഫുട്ബോൾ കമ്പം കാരണം അതും ഇരുന്നു കണ്ടു….. half ടൈം ആയതോടെ പകുതി ഗാലറി ഒഴിഞ്ഞു… ഭക്ഷണവും, കുടിവെള്ളവും കിട്ടാത്തത് ആയിരുന്നു പലരെയും കളി മതിയാക്കി തിരിച്ചു പോകാൻ പ്രേരിപ്പിച്ചത്…

ഓൺലൈൻ ൽ ടിക്കറ്റ് book ചെയ്താലും, കൊച്ചിയിൽ പോയി collect ചെയ്യണം എന്നത് മലബാർ പോലുള്ള പല ദൂര ദിക്കിൽ നിന്നുള്ള കളിക്കമ്പക്കാരെ കളി കാണുന്നതിൽ നിന്നും വിട്ടു നിർത്തി. കളി കമ്പം ഇല്ലാഞ്ഞല്ല, ഫിഫ നടത്തിയ സൽക്കാരം ഉൾകൊള്ളാൻ ഉള്ള സഹനം മലയാളിക്ക് ഇല്ലാതെ പോയതാണ് സീറ്റ് കാലിയാവാനുള്ള കാരണം..!!!

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments


Social Media Opinion | സോഷ്യൽ മീഡിയയിൽ നിന്നും പോസ്റ്റ്‌ ചെയ്തത്‌


Related Articles & Comments