മലയാളം ഇ മാഗസിൻ.കോം

സ്വയം തൊഴിൽ ആരംഭിക്കാൻ ആഗ്രഹിക്കുന്ന വനിതകളേ നിങ്ങൾക്കിതാ സർക്കാരിന്റെ ഒരു സൂപ്പർ വായ്പാ പദ്ധതി, മുഴുവൻ തുകയും തിരിച്ചടക്കേണ്ടതില്ല

സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതയാണോ നിങ്ങൾ? എങ്കിൽ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നൽകുന്ന ചെറുകിട വായ്പയ്ക്ക് ഇപ്പോൾ അപേക്ഷിച്ചോളൂ. താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി. കുടുംബങ്ങളുടെ വികസനത്തിന് വേണ്ടി കേരള സർക്കാരിന്റെ പിന്നോക്ക വിഭാഗ വികസന വകുപ്പും, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതിയാണ് റീ-ലൈഫ്.

സ്വയം തൊഴിൽ വായ്പാ പദ്ധതി പ്രകാരം പച്ചക്കറി കൃഷി, മത്സ്യകൃഷി, ആടുവളർത്തൽ, പശുവളർത്തൽ, കച്ചവടം, ഭക്ഷ്യസംസ്കരണം, കേറ്ററിങ്, പെട്ടിക്കട, തട്ടുകട, പപ്പട നിർമാണം, മെഴുകുതിരി നിർമാണം, നോട്ടുബുക്ക് ബൈൻഡിങ്, കരകൗശല നിർമാണം, ടൈലറിങ്, ബ്യൂട്ടിപാർലർ തുടങ്ങി ചെറിയ മൂലധനത്തിൽ തുടങ്ങാവുന്ന സംരംഭങ്ങൾ ആരംഭിക്കാം. പരമാവധി ഒരു ലക്ഷം രൂപ വായ്പ അനുവദിക്കും.

നിലവിൽ ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പായെടുക്കാതെ സ്വന്തം നിക്ഷേപം ഉപയോഗിച്ച് ആരംഭിച്ച നാമമാത്ര സംരംഭങ്ങൾ വികസിപ്പിക്കുന്നതിനും വായ്പ പ്രയോജനപ്പെടുത്താവുന്നതാണ്. സംരംഭത്തിന് വേണ്ടി വായ്പ എടുത്തിട്ടില്ലെന്നുള്ള രേഖാമൂലമുള്ള സത്യപ്രസ്താവന ഇത്തരം അപേക്ഷകർ ഹാജരാക്കേണ്ടതാണ്.

കുടുംബ വാർഷിക വരുമാനം 120,000 രൂപയിൽ കവിയരുത്. 25നും 55നും മധ്യേ പ്രായമുള്ള വനിതകളായിരിക്കണം. 5% വാർഷിക പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്. സമയബന്ധിതമായി തവണ തുക തിരിച്ചടയ്ക്കുന്നവർക്ക് വായ്പ തിരിച്ചടവ് പൂർത്തീകരിക്കുമ്പോൾ വായ്പാ തുകയുടെ 50% , പരമാവധി 25,000/- രൂപ സബ്സിഡി ലഭിക്കുന്നതാണ്. ഏതെങ്കിലും സാഹചര്യത്തിൽ തവണ മുടക്കം വന്നാൽ 6% പിഴപ്പലിശ ഈടാക്കുന്നതാണ്. മതിയായ കാരണം കൂടാതെ തിരിച്ചടവിൽ വീഴ്ച വരുത്തുന്ന പക്ഷം സബ്സിഡി ആനുകൂല്യം നഷ്ടപ്പെടുന്നതാണ്.

പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ www.ksbcdc.com എന്ന വെബ് സൈറ്റിൽ നിന്നു ലഭിക്കുന്ന റീ ലൈഫ് വായ്പ പദ്ധതി അപേക്ഷാ ഫോറം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം കോർപ്പറേഷന്റെ ജില്ലാ / ഉപജില്ലാ ഓഫീസുകളിൽ സമർപ്പിക്കണം.

റേഷൻ കാർഡിന്റെ പകർപ്പ് , ഇലക്ഷൻ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് , അപേക്ഷകയുടെ പേരിലുള്ള വീടിന്റെയും സ്ഥലത്തിന്റെയും കരമടച്ച രസീതിന്റെ പകർപ്പ് , അപേക്ഷകയുടെ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്. സ്കൂൾ സർട്ടിഫിക്കറ്റ് മതിയാകും, ബാങ്ക് പാസ്സ് ബുക്കിന്റെ അക്കൗണ്ട് നമ്പർ, ഐ എഫ് എസ് കോഡ് എന്നിവ രേഖപ്പെടുത്തിയ പേജിന്റെ പകർപ്പ്, വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന കുടുംബവാർഷിക വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ ജാതി തെളിയിക്കുന്നതിന് SSLC ബുക്കിലെ ബന്ധപ്പെട്ട പേജിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ്. എന്നിവയാണ്‌ വായ്പാ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ. കൂടുതൽ വിവരങ്ങൾക്ക് 0471-2577539 എന്ന ഫോൺ നമ്പറിൽ വിളിക്കാവുന്നതാണ്‌.

Avatar

Staff Reporter