18
November, 2017
Saturday
05:29 PM
banner
banner
banner

എന്തിനാണ്‌ ഒരാളെ തെറ്റിധരിപ്പിച്ചു നിങ്ങളുടെ ശാരീരിക ആവശ്യം നടത്താൻ ശ്രമിക്കുന്നത്‌?

ആശയവിനിമയത്തിൽ ഉള്ള അപാകത മൂലം പല നല്ല ബന്ധങ്ങൾ നഷ്ടമാകാറുണ്ട്. നമ്മുടെ മനസ്സിൽ ഉള്ള ചിന്ത മറ്റുള്ളവരിലേക്ക് പകരാനാണ് നാം ശ്രമിക്കുന്നത്. ഇതിൽ ഭാഷയും, ഉപയോഗിക്കപ്പെടുന്ന വാക്കുകളും, ഒരു നിഗമനത്തിൽ എത്താൻ ഉള്ള കാരണങ്ങളും, സത്യസന്ധതയും ഒക്കെ പ്രാധാന്യമർഹിക്കുന്നു. ഓരോരുത്തർക്കും അവരുടേതായ ശരി എന്ന് പറയുമെങ്കിലും അതിന്റെ അർഥം നമ്മൾ പൂർണ്ണമായും മനസ്സിലാകുന്നില്ല.

എന്നും കേൾക്കാം പീഡനം, നമ്മൾ ഉദ്ദേശിക്കുന്ന പീഡനം തന്നെയാണോ ഇവർ ഈ പറയുന്ന പീഡനം? ഒരു സുഹൃത്തിന്റെ നിഷ്കളങ്കമായ ചോദ്യമാണ് ഇതിനെ പറ്റി ചിന്തിപ്പിച്ചത്. പീഡിപ്പിക്കുക “to hurt” എന്ന വാക്ക് ഒരു തമാശ ആയി മാറിയ അവസ്ഥ. പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടി അല്ലെങ്കിൽ സ്ത്രീയെ വിളിക്കുന്ന പേര് “ഇര”. നമ്മൾ കാട്ടിൽ വന്യമൃഗങ്ങളുടെ ഇടയിലാണോ ജീവിക്കുന്നത് എന്ന് സംശയിച്ചു പോകും.

ഈ വിഷയങ്ങളിൽ പുരുഷന്റെ പ്രവർത്തിയേക്കാളും സ്ത്രീയുടെ പ്രതികരണത്തെ പരാമർശിക്കാൻ ഉത്സാഹം കാണിക്കുന്നു പലരും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഓരോ സ്ത്രീയും അവരവർക്കു ഉചിതമായ രീതിയിലാണ് പെരുമാറുക, ആരുടെയെങ്കിലും പ്രതികരണത്തെ വിലയിരുത്താൻ വേറൊരു വ്യക്തിക്കെന്തു അധികാരമാണുള്ളത്?

പ്രേമം നടിച്ചും വിവഹാവാഗ്ദാനം കൊടുത്തും ആണ് പലരും പെൺകുട്ടികളുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നത്. എന്തിനാണ്‌ ഒരാളെ തെറ്റിധരിപ്പിച്ചു നിങ്ങളുടെ ആവശ്യം നടത്താൻ ശ്രമിക്കുന്നത്? സ്നേഹത്തിന്റെ പേരും പറഞ്ഞു കബളിപ്പിക്കപ്പെടുമ്പോൾ നഷ്ടമാകുന്നത് ഒരു വ്യക്തിയിലുള്ള വിശ്വാസമാണ്. അന്തസ്സില്ലാത്ത ഈ പ്രവണതയിൽ ലജ്ജിക്കേണ്ടത് പുരുഷനാണ്. ഇതെല്ലാം സ്ത്രീയുടെ തെറ്റാണു എന്ന് നമ്മൾ പണ്ടേ പറഞ്ഞുറപ്പിച്ചതുകൊണ്ടു അവളെ ഭീഷണിപ്പെടുത്തി രക്ഷപെടാനും എളുപ്പമായി. മാധ്യമ പ്രവർത്തകൻ അറസ്റ്റിലായ കേസിലും പെൺകുട്ടി പരാതിപ്പെട്ടപോലെ പീഡനമൊന്നും നടന്നില്ല, അയാൾ വാക്കു മാറിയതിനുള്ള പക പോക്കൽ മാത്രമായി അതിനെ കാണുകയും, ആണുങ്ങൾ ഇങ്ങനെയൊക്കെയാണ് എന്ന് സ്ത്രീകൾ അറിഞ്ഞിരിക്കണം എന്നുമാണ് പറയുന്നത്.

നമ്മുടെ വിലകൂടിയ വസ്തുക്കൾ നമ്മൾ എത്ര ശ്രദ്ധയോടാണ് സൂക്ഷിക്കുന്നത്. നമ്മുടെ ഭവനത്തിൽ സ്നേഹിതർക്കു പ്രവേശനം ഉണ്ട് അന്യർക്ക് ഇല്ല എന്നൊക്കെ നമ്മൾ തീരുമാനിക്കാറില്ലേ? സ്ത്രീക്കാണ് അവളുടെ ശരീരത്തിന്മേൽ അവകാശം, അത് ഭാര്യ ആണെങ്കിലും പണത്തിനുവേണ്ടി ശരീരം വിൽക്കുന്നവൾ ആണെങ്കിലും തീരുമാനം അവളുടേതാണ്. പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനെ പോലെ തന്നെ ചിന്തിക്കാനും ജീവിക്കാനും ഉള്ള പ്രാപ്തി ഉണ്ട്; അവൾ ഒരു ഉപഭോഗവസ്തു അല്ല.

ചെയ്തിട്ടില്ലാത്ത തെറ്റിന് സ്ത്രീ പുരുഷന്റെ മേൽ കുറ്റം ആരോപിക്കുവാണെങ്കിൽ പുരുഷന് നീതികിട്ടുക തന്നെ വേണം. എന്നാൽ പെൺകുട്ടികൾ ലൈംഗികമായി ചൂഷണത്തിന് വിധേയരാകുകയും അവര് സഹായം തേടി മുൻപോട്ടു വരുകയും ചെയുമ്പോൾ അവരോടു കുറച്ചുകൂടി മനഃസാക്ഷിയോടും മാന്യതയോടും കൂടെ പെരുമാറാൻ നമ്മുടെ സമൂഹം ശീലിക്കേണ്ടിയിരിക്കുന്നു.

രേഖ ഫിലിപ്പ്‌

ഈ ആർട്ടിക്കിളിന്റെ തലക്കെട്ടോ ഉപയോഗിച്ചിരിക്കുന്ന ഫോട്ടോയോ malayalamemagazine.com ന്റെ അനുവാദമില്ലാതെ കോപ്പി ചെയ്ത്‌ ഉപയോഗിച്ചാൽ നിയമ നടപടി നേരിടേണ്ടി വരും.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments