തിരുവനന്തപുരം വര്‍ക്കലക്കടുത്ത് പുലെര്‍ച്ചെ വീടിനു തീപിടിച്ച് പിഞ്ചു കുഞ്ഞടക്കം അഞ്ചുപേര്‍ മരണപ്പെട്ടു. ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫിസിന് സമീപത്താണ് പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ ദാരുണമായി മരിച്ചത്. ദുരന്തത്തിന്റെ ഞെട്ടലിലാണ് ചെറിയന്നൂര്‍ ഗ്രാമം. വീട്ടുടമസ്ഥന്‍ ബേബി എന്ന പ്രതാപന്‍(62), ഭാര്യ ഷെര്‍ലി(53), ഇവരുടെ മകന്‍ അഹില്‍(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് എന്നിവര്‍ ആണ് മരിച്ചത്. ഗുരുതരമായ പരുക്കേറ്റ മൂത്ത മകന്‍ നിഹുലിനെ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.
പുലര്‍ച്ചെ 1.40 ആയപ്പോള്‍ തീ കത്തുന്നതും പൊട്ടിത്തെറിക്കുന്ന ശബ്ദവും കേട്ട് അയല്‍വാസിയായ ശശാങ്കന്റെ മകള്‍ നിഹുലിനെ ഫോണില്‍ വിളിച്ചിരുന്നു. നിഹുല്‍ ഫോണ്‍ എടുത്ത് സംസാരിച്ചെങ്കിലും പുറത്തേക്ക് വന്നില്ല. കുറച്ചു സമയശേഷം നിഹുല്‍ പുറത്തേക്ക് വന്നെങ്കിലും മറ്റാരും പുറത്തേക്ക് എത്തിയില്ല.

വീടിന്റെ ഗേറ്റ് ഉള്ളില്‍ നിന്നും പൂട്ടിയിരുന്നതിനാല്‍ നാട്ടുകാര്‍ക്ക് ആദ്യം അകത്തേക്ക് പ്രവേശിക്കാനായില്ല. മാത്രവുമല്ല വളര്‍ത്തുനായ ഉളളതും നാട്ടുകാരുടെ രക്ഷാ പ്രവര്‍ത്തനം വൈകാനിടയായി.
രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാര്‍പോര്‍ച്ചില്‍ തീ ആളിക്കത്തുന്നത് കണ്ട അയല്‍വാസിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകള്‍ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടര്‍ന്നു പിടിച്ചിരുന്നു. കാര്‍പോര്‍ച്ചിലുണ്ടായിരുന്ന നാല് ബൈക്കുകള്‍ കത്തിയിട്ടുണ്ട്. തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ ഫയര്‍ ഫോഴ്സും പൊലീസും ചേര്‍ന്ന് ആണ് തീയണച്ചത്.
ദുരന്തതീവ്രത കൂട്ടിയത് പുകയെന്നാണ് വിവരം. പുക ശ്വസിച്ചാണ് അഞ്ചുപേരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആർക്കും കാര്യമായ പൊള്ളലേറ്റിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. എസി ഉപയോഗിച്ചതിനാൽ മുറികൾ പൂട്ടിയിരുന്നു. പുക കയറി ബോധം പോയതിനാൽ പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വീട്ടുകാരെത്തിയെന്നാണ് നിഗമനം.
തീപിടിത്തമുണ്ടായത് മുറിയിലെ എസിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് സൂചന. മൂന്നു കിടപ്പുമുറികളിലെയും എസി കത്തിയ നിലയിലാണ്. മുറികളിൽനിന്ന് തീ താഴെയുണ്ടായിരുന്ന ബൈക്കുകളിലേക്ക് പടർന്നെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ഉൾഭാഗം പൂർണമായി കത്തിയ നിലയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് അഗ്നിരക്ഷാ സേന ആവശ്യപ്പെട്ടിട്ടുണ്ട്.
YOU MAY ALSO LIKE THIS VIDEO