മലയാളം ഇ മാഗസിൻ.കോം

പൃഥ്വിരാജിനെതിരെ നടക്കുന്ന ‘ഓൺലൈൻ പെങ്ങമ്മാരുടെ’ സൈബർ ആക്രമണത്തിനു പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് മനസിലായോ?

ഡോ. കീർത്തി പ്രഭ എഴുതുന്നു

പ്രിഥ്വിരാജിന്റെ ഫോട്ടോയ്ക്ക് അടിയിൽ വന്ന ശരണ്യ ശശീന്ദ്രന്റെ ഈ കമൻറ് കണ്ടിട്ട് ആദ്യം എന്ത് തോന്നി….? “ഇത്രയൊക്കെ പറയാൻ മാത്രം ഈ ഫോട്ടോയ്ക്കെന്താ കുഴപ്പം…?” സാധാരണ പെണ്ണുങ്ങളുടെ ഫോട്ടോയ്ക്ക് താഴെയല്ലേ ഇത്തരം ‘ഓൺലൈൻ ആങ്ങള’ കമന്റ്സ് ഉണ്ടാവേണ്ടത്..? മൊത്തത്തിൽ കൺഫ്യുഷനായോ…. ചിലർക്ക് സംഭവം കത്തിയിട്ടുണ്ടാവും….. പ്രിഥ്വിരാജ് എന്ന വ്യക്തിയോടോ അദ്ദേഹം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിനോടോ ഉള്ള പ്രതിഷേധം ഒന്നും അല്ല ഇത്….

മനസ്സിലാവത്തവർക്ക് വേണ്ടി…… ഓൺലൈൻ ആങ്ങളമാരുടെ അസഭ്യങ്ങളും ,കേട്ടാൽ അറച്ചു പോവുന്ന തെറി വിളികളും ഉപദേശങ്ങളും കേട്ടും കണ്ടും ഓക്കാനം വന്നിരിക്കുമ്പൊളാണ് ഈ ഓൺലൈൻ പെങ്ങളൂട്ടിയൂടെ കമന്റ് കണ്ടത്…

ഒരു പെൺകുട്ടി ഇറക്കം കുറഞ്ഞ വസ്ത്രമോ അല്ലെങ്കിൽ ‘So called ‘സമൂഹമര്യാദ’യ്ക്ക് നിരക്കാത്ത വസ്ത്രമോ ധരിച്ചാൽ അല്ലെങ്കിൽ അത്തരം ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ അതിനു താഴെ വരുന്ന അസഭ്യവർഷങ്ങൾക്ക് കണക്കില്ല…..സിനിമാമേഖലയിൽ ഉള്ളവരോ മറ്റ് അഭിനയമോഹം ഉള്ള സ്ത്രീകളോ ആണെങ്കിൽ പിന്നെ പറയണ്ട…സിനിമയിൽ അവസരങ്ങൾ കുറയുന്നതു കൊണ്ട് അല്ലെങ്കിൽ അവസരങ്ങൾ കിട്ടാൻ വേണ്ടിയാണോ ഈ തുണിയുരിയൽ പരിപാടി എന്നൊക്കെയുള്ള തരംതാഴ്ന്ന ചോദ്യം ചെയ്യലുകളും അശ്ശീലച്ചുവയുള്ള വർത്തമാനങ്ങളും സഹിക്കാൻ പറ്റില്ല…പെൺശരീരം ഉപഭോഗവസ്തു ആണെന്ന് സ്ഥാപിച്ചെടുക്കുന്ന വികലമായ കാഴ്ചപ്പാടുകളിൽ നിന്നാണ് ഇത്തരം അസഭ്യങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പണ്ടുകാലത്തെ (ഇക്കാലത്തും ഉണ്ട്ട്ടാ..) നാട്ടിൻപുറത്തെയും റോഡരികിലെയും കമൻറടിക്കാരുടെ മറ്റൊരു രൂപമാണ് ഇക്കാലത്തെ ഓൺലൈൻ ആങ്ങളമാർ.

സ്ത്രീകളെ അസഭ്യം പറയുന്നതും അവളെ കാൽ കീഴിലാക്കി കൊണ്ടുനടക്കുന്നതും അലങ്കാരമായി കാണുന്ന ഒരു സമൂഹത്തിൽ നിന്നാണ് ഇത്തരം ‘ഓൺലൈൻ ആങ്ങള’മാർ രൂപപ്പെടുന്നത്. അവർ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇങ്ങനെ ഒരു ഫോട്ടോ കണ്ടിട്ട് പൊട്ടി മുളച്ചുണ്ടാവുന്നവരല്ല. അവർ വളർന്നു വന്ന സാഹചര്യം, കുടുംബം, കാലഹരണപ്പെട്ട ചില മൂല്യങ്ങളിലും സംസ്കാരങ്ങളിലും ഉള്ള അന്ധമായ വിശ്വാസം ഇതെല്ലാം ഒരു ‘ഓൺലൈൻ ആങ്ങള’യുടെ പിറവിക്ക് കാരണങ്ങളാണ്.മോളുടെ നല്ലഭാവിക്കു വേണ്ടിയാണ് പറയുന്നത് എന്ന സ്നേഹം വഴിഞ്ഞൊഴുകുന്ന ഉപദേശങ്ങൾ മുതൽ താക്കീതുകൾ ആയും തെറിവിളികൾ ആയുള്ള ഇത്തരം കമൻറുകൾക്കു പുറകിൽ പുരുഷന്മാർ മാത്രമല്ല ‘കുലസ്ത്രീ’കളും ഉണ്ടാവാറുണ്ട്.

പെൺകുട്ടികളോ സ്ത്രീകളോ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾക്ക് താഴെയുള്ള സദാചാര കമൻറുകൾ പരിധിക്കപ്പുറം ആയപ്പോൾ ” അവർ ഫോട്ടോ ഇടുന്നത് കൊണ്ട് നിങ്ങൾക്ക് എന്താണ് കുഴപ്പം..?”എന്ന് ചോദിച്ച് നേരെചൊവ്വേ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചിട്ടും ഇതൊന്നും നിർത്താൻ ആരും തയ്യാറാവുന്നില്ല. ഇത്തരം ഫോട്ടോസ് കണ്ടാൽ അസഭ്യം പറയാൻ ഉള്ള അഭിപ്രായം അവകാശം ഞങ്ങൾക്കും ഇല്ലേ.. എന്നാണ് ചിലർ ചോദിക്കുന്നത് നിങ്ങൾക്ക് ഇത്തരം മോശപ്പെട്ട ഫോട്ടോ ഇടാം എങ്കിൽ ഞങ്ങൾക്ക് മോശപ്പെട്ട കമൻറ് പറയാനും അവകാശമുണ്ട് എന്ന് മറ്റു ചിലർ…

എന്തുകൊണ്ടാണ് സ്ത്രീകൾ തങ്ങൾക്കിഷ്ടപ്പെട്ട ഒരു വസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോ മോശപ്പെട്ട ഫോട്ടോ ആയി മാറുന്നത്…? എന്തുകൊണ്ടാണ് അവളുടെ വസ്ത്രധാരണരീതികൾ മാത്രം ഇത്രയധികം ചർച്ച ആക്കപ്പെടുന്നത്…? എന്തുകൊണ്ടാണ് അവളുടെ ശരീരഭാഗങ്ങൾ കാണുമ്പോൾ മാത്രം “അയ്യേ വൃത്തികേട്” എന്ന് പറയാൻ തോന്നുന്നത്……

ഇതൊക്കെ കാലഹരണപ്പെടേണ്ട പല മൂല്യങ്ങളും നമ്മുടെയെല്ലാം മനസ്സിലും വളർന്നു വരുന്ന കുട്ടികളുടെ ഇടയിലും സ്റ്റാമ്പ് ചെയ്യപ്പെടുന്നതിന്റെ ഭാഗമായി സംഭവിക്കുന്നതാണ്.

ഇവിടെ പൃഥ്വിരാജ് പോസ്റ്റ് ചെയ്തിട്ടുള്ള ഈ ഫോട്ടോയ്ക്ക് താഴെയുള്ള ശരണ്യ എന്ന പെൺകുട്ടിയുടെ കമൻറ് Sarcasm (ആക്ഷേപഹാസ്യം) ത്തിന്റെ പുതിയ മുഖം ആണ്. അത് അദ്ദേഹം മോശക്കാരൻ ആണെന്ന് സ്ഥാപിക്കാനോ അല്ലെങ്കിൽ അദ്ദേഹം ഇട്ട ഫോട്ടോ മോശമായതുകൊണ്ടോ ഒന്നും അല്ല. ഏത് സംസ്കാരത്തിൻറെ ഭാഗമായിട്ടാണ് സ്ത്രീകളും പെൺകുട്ടികളും ഇടുന്ന ഫോട്ടോയ്ക്ക് താഴെയുള്ള ഉപദേശം കലർത്തിയ അസഭ്യ കമൻറുകൾ..? സദാചാരം എന്ന ചങ്ങല ചിലരെയൊക്കെ മാത്രം തളച്ചിടാൻ വേണ്ടി ഉണ്ടാക്കിയെടുത്തിട്ടുള്ളതാണോ…? ഇത്തരം ചോദ്യങ്ങൾക്കൊക്കെ അതേ നാണയത്തിൽ ഉള്ള ഒരു മറുപടി അല്ലെങ്കിൽ മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന ഒരു രീതിയാണ് ഇത്തരം Sarcastic കമന്റുകൾ..

ഇതു കേൾക്കുന്ന പലരും പരിഹാസരൂപേണ ചോദിക്കും ഇതുപോലെയൊക്കെ കാണിക്കാനും ഫോട്ടോസ് പോസ്റ്റ് ചെയ്യാനും ഒക്കെയുള്ള അവകാശം നേടിയെടുക്കാൻ വേണ്ടിയുള്ള സ്ത്രീകളുടെ സമരത്തിൻറെ ഭാഗമാണോ ഇതൊക്കെ എന്ന്…? പണ്ടു മാറുമറക്കൽ സമരം ഇന്ന് എല്ലാം തുറന്നു കാണിക്കാനുള്ള സമരം…എന്നൊക്കെ പറഞ്ഞിട്ടുള്ള കളിയാക്കലുകൾ വേറൊരു ഭാഗത്തുണ്ട്…….
സോഷ്യൽ മീഡിയയിലെ സ്ത്രീ സാന്നിധ്യത്തിന് പുരുഷസമൂഹം കൽപ്പിച്ചു കൊടുത്തിട്ടുള്ള ഒരു ചട്ടക്കൂടുണ്ട്… അതിനപ്പുറത്തേക്കുള്ള ചലനങ്ങൾ അവൾക്ക് നേടിക്കൊടുക്കുന്നത് ദുർന്നടപ്പുകാരി എന്ന പേരാണ് .സ്വതന്ത്രമായ സാമൂഹിക രാഷ്ട്രീയ നിലപാടുകളോ ലിംഗസമത്വ നിലപാടുകളോ ഒന്നുമില്ലാതെ പൊതുബോധം കൽപ്പിച്ചു നൽകുന്ന അറകൾക്കുള്ളിൽ ‘so called ‘അടക്കവും ഒതുക്കവുമായി നടക്കുന്ന ‘കുടുംബ സ്ത്രീ’കൾക്ക് വലിയ വരവേൽപ്പാണ് സോഷ്യൽ മീഡിയ നൽകുന്നത്. സ്വന്തം ശരീരത്തെക്കുറിച്ചും താൻ ജീവിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്ന സ്ത്രീകൾക്ക് വ്യക്തിഹത്യ ചെയ്യുന്ന കമൻറുകളും അപവാദപ്രചരണങ്ങളും ആണ് നേരിടേണ്ടിവരുന്നത്.

തങ്ങൾ പരിചയിച്ച ചുറ്റുപാടുകളിൽ നിന്നും അല്ലെങ്കിൽ ഞങ്ങളുടെ അനുഭവങ്ങളിൽ നിന്നും വ്യത്യസ്തങ്ങളായ സ്ത്രീ സാന്നിധ്യങ്ങൾ ഉണ്ടാകുമ്പോൾ, അവർ വ്യക്തിപരമായി ശക്തമായ നിലപാടുകൾ ഉള്ള സ്ത്രീ ആണെങ്കിൽ പോലും പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ ഒരു അസഹിഷ്ണുത ഉണ്ടാകുന്നുണ്ട്. അത്തരം അസഹിഷ്ണുതകളിൽ നിന്നും ഉണ്ടാകുന്ന മാനസിക വൈകല്യങ്ങൾ ആണ് ഇത്തരം അസഭ്യങ്ങൾ ആയും അപവാദ പ്രചരണങ്ങളായും മാറുന്നത്.

ഒരു പുരോഗമന സമൂഹത്തിൻറെ വളർച്ചയെ ദുർബലപ്പെടുത്തുന്ന പല അനാവശ്യമായ ആചാരങ്ങളും ചിട്ടകളും, അപരിഷ്കൃത സമൂഹത്തിൻറെ പൊതുബോധത്തിൽ നിന്നുമുണ്ടായ ‘ഉത്തമസ്ത്രീ’ ,’ഉത്തമപുരുഷ’ സങ്കല്പങ്ങളും എല്ലാം വ്യർഥമാണെന്ന് വിവേകത്തോടെ തിരിച്ചറിഞ്ഞ് അതെല്ലാം തുടച്ചു നീക്കി ലോകം മുന്നോട്ടു പോകുമ്പോൾ താൻ സ്വയം എന്ത് മാറി എന്നും വ്യക്തിപരമായി തനിക്ക് എന്ത് പുരോഗമനം ഉണ്ടായി എന്നും ഓരോ പുരുഷനും അല്ലെങ്കിൽ പുരുഷാധിപത്യത്തിന്റെ വക്താക്കളായ സ്ത്രീകളും പുരുഷന്മാരും ഒന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.

നമ്മുടെ കുടുംബ ജീവിത സങ്കല്പത്തിൽ സ്വന്തമായി അഭിപ്രായങ്ങൾ തുറന്നു പറയുന്ന ഒരു സ്ത്രീയെ ‘പുരുഷനെ ധിക്കരിക്കുന്ന സ്ത്രീ’ എന്ന ഒരു തിരിച്ചറിയൽ കാർഡ് ആണ് നമ്മൾ നൽകുന്നത്. അവളുടെ നിലപാടുകൾ മുഴുവൻ പുരുഷാധിപത്യ സങ്കൽപത്തിന് നേർക്കുള്ള വെല്ലുവിളികൾ ആയിട്ടാണ് പലരും കാണുന്നത്. വികാരങ്ങൾ വ്രണപ്പെടുമ്പോൾ ഉണ്ടാവുന്ന നിലവിളികളാണ് ഇത്തരം സൈബർ ആക്രമണങ്ങൾ ആയി മാറുന്നത്..

എന്തുകൊണ്ടാണ് പുരുഷ സിനിമാതാരങ്ങളോടും സ്ത്രീ സിനിമാതാരങ്ങളോടും സമൂഹം രണ്ടും നീതി കാണിക്കുന്നത് ……???
എന്ന് ചൂണ്ടിക്കാണിക്കാൻ, ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ് ഈ Sarcasm. അതല്ലാതെ അവർക്ക് ആകാമെങ്കിൽ തങ്ങൾക്കും ആകാമല്ലോ എന്ന് മുറവിളി കൂട്ടുന്നത് അല്ല…….

Avatar

Staff Reporter