മലയാളം ഇ മാഗസിൻ.കോം

പൊതുസ്ഥലത്ത്‌ കുട്ടികളെ കൊണ്ടുപോയാൽ 2000 രൂപ പിഴ ഉണ്ടോ? വാർത്തയുടെ സത്യാവസ്ഥ ഇതാണ്‌

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച്‌ സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ കുട്ടികളെ കൊണ്ടുവന്നാല്‍ 2000 രൂപ പിഴ ചുമത്താന്‍ തീരുമാനമായി എന്നൊരു വാർത്ത വ്യാപമകായി പ്രചരിച്ചിരുന്നു. എന്നാൽ ആ വാർത്തയുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ്‌ ഇവിടെ.

യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെയാണ് ഷോപ്പിംഗ് മാളുകളിലും ബീച്ചുകളിലുമുള്‍പ്പെടെ കുട്ടികളുമായി രക്ഷിതാക്കളെത്തുന്നത്. ഇനിമുതല്‍ കുട്ടികളെ കൊണ്ട് വന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്‌. ഇതിനായി പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആശുപത്രി ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് എത്തുന്നതെങ്കില്‍ തടസങ്ങളുണ്ടാവില്ല. വായു സഞ്ചാരം കുറഞ്ഞതും, എന്നാല്‍ ആളുകള്‍ കൂടുതല്‍ സാധ്യതയുള്ളതുമായ സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കൈയോടെ പിടികൂടാൻ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ജില്ലയിലെ മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തുമെന്ന് കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

പോസിറ്റീവ് കേസുകൾ കൂടുതലുള്ള സ്ഥലങ്ങളുടെ മാപ്പ് അതത് പബ്ലിക് ഹെൽത്ത് സെന്ററുകളുടെ നേതൃത്വത്തിൽ തയ്യാറാക്കി ആ പ്രദേശത്ത് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തമാക്കും. ഇതിനായി സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ സേവനം ഉപയോഗപ്പെടുത്തും. വിവാഹ ചടങ്ങുകൾ, മറ്റു കൂടിച്ചേരലുകൾ എന്നിവയിൽ സർക്കാർ നിർദേശിച്ചത്ര ആളുകൾ മാത്രമേ പങ്കെടുക്കാവൂ. നിശ്ചിത എണ്ണത്തിലധികം ആളുകൾ പങ്കെടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഓഡിറ്റോറിയം ബുക്ക് ചെയ്തയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

എന്നാൽ 2000 രൂപ പിഴ എന്നത്‌ കോഴിക്കോട്‌ നിന്നും വന്ന വാർത്തയാണ്‌. കോഴിക്കോട്‌ മാത്രമാണ്‌ അങ്ങനെയൊരു ആലോചനയുള്ളത്‌ എന്നാണ്‌ അറിയാൻ സാധിച്ചത്‌. ഉടൻ തന്നെ കോഴിക്കോട്‌ പിഴ നടപടികളുമായി പോലീസ്‌ മുന്നോട്ടു പോകുമെന്നാണ്‌ കോഴിക്കോട്‌ സിറ്റി പോലീസ്‌ കമ്മീഷണർ അറിയിച്ചത്‌. കേരളത്തിന്റെ മറ്റിടങ്ങളിൽ അത്തരത്തിൽ 2000 രൂപ പിഴ ഈടാക്കുന്നതിനെക്കുറിച്ച്‌ ഇതുവരെയും ആലോചനയില്ല എന്നാണ്‌ തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണർ അറിയിച്ചത്‌.

അതേസമയം ശക്തമായ നിയന്ത്രങ്ങളാണ് കേരളത്തിൽ വീണ്ടും നടപ്പിലാവുന്നത്. നോട്ടുകളിലൂടെയും, കൂട്ടം കൂടലുകളിലൂടെയുമാണ് കൂടുതൽ പകരാൻ സാധ്യത എന്നാണ് റിപ്പോർട്ട്‌. പൊതു സ്ഥലങ്ങളിലും, കടകളിലും തുടങ്ങി സാനിറ്റൈസർ കൃത്യമായി ഉപയോഗിക്കാത്തവർ ക്കെതിരെ നാളെ മുതൽ 500 രൂപ സ്പോട്ട് ഫൈൻ ഈടാക്കാൻ തീരുമാനം ആയിട്ടുണ്ട്‌.

ഇന്ന് മുതൽ ഒരേ സമയം കടകളിലും മറ്റും ആൾകൂട്ടം ഉണ്ടാവാത്ത രീതിയിൽ മാത്രമേ കച്ചവടം പാടുള്ളു അല്ലാത്ത പക്ഷം കടകൾ പൂട്ടിക്കാൻ ജില്ലാ കളക്ടർമാരെയും ജില്ലാ പോലീസ് മേധാവിയേയും ചുമതലപെടുത്തി. റോഡുകൾ,കടകൾ, പൊതുസ്ഥലങ്ങൾ, കല്യാണ വീടുകൾ,മരണ വീടുകൾ, ഓഡിറ്റോറിയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രങ്ങളും, പരിശോധനകളും കർശനമാക്കുകയാണ്.

കോവിഡ് പോസിറ്റീവ് റേറ്റ് കുറക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ വീണ്ടും ലോക്ക്ടൗണിലേക്ക് നീങ്ങേണ്ടി വരും എന്നാണ്‌ മുന്നറിയിപ്പ്‌. ഇവിടെ ഇനി ലോക്ക്ഡൗൺ ഇല്ല എന്ന മിഥ്യാ ധാരണ വേണ്ട. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത കോവിഡ് പോസിറ്റീവ് നിരക്കും, മരണ നിരക്കും കേരളത്തിലാണ്. കേന്ദ്ര സർക്കാരും, ലോക ആരോഗ്യ ഫോറങ്ങളും വിഷയത്തിൽ ഇടപെട്ടു കഴിഞ്ഞു.

Avatar

Staff Reporter