മലയാളം ഇ മാഗസിൻ.കോം

കൊച്ചിൻ ഹനീഫയുടെയും ശങ്കരാടിയുടെയും കുഞ്ചന്റെയുമൊക്കെ യഥാർത്ഥ പെരറിയാമോ? അറിഞ്ഞോളൂ നമ്മുടെ 10 താരങ്ങളുടെ ശരിയായ പേരുകൾ

വെള്ളിത്തിരയിൽ നമ്മെ വിസ്മയിപ്പിക്കുന്ന താരങ്ങൾ എല്ലാം നമുക്ക്‌ പ്രീയപ്പെട്ടവരാണ്‌. അവരെക്കുറിച്ച്‌ അറിയുന്ന ഓരോ കാര്യങ്ങളും നമ്മൾ അതിശയത്തോടും ആശ്ചര്യത്തോടുമാണ്‌ ശ്രദ്ധിക്കുന്നത്‌. സ്ക്രീനിൽ നമ്മെ മോഹിപ്പിക്കുന്ന താരങ്ങളിൽ ചിലരുടെയെങ്കിലും പേരുകൾ യഥാർത്ഥമായിരിക്കില്ല. പക്ഷെ ആ പേരിലൂടെയാവും അവർ മിക്കവരും പ്രശസ്തരായിട്ടും ഉണ്ടാവുക.

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയുടെയും പ്രേം നസീറിന്റെയും യഥാർത്ഥ പേരുകൾ എല്ലാവർക്കും അറിയാവുന്നതാണ്‌. മുഹമ്മദ്‌ കുട്ടി എന്ന പേരുകാരനാണ്‌ മലയാള സിനിമയുടെ സുൽത്താനായി വളർന്ന മമ്മൂട്ടി. എന്നാൽ സ്ഫോടനം എന്ന സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ച സമയത്ത്‌ മമ്മൂട്ടിയുടെ പേര്‌ സജിൻ എന്നായിരുന്നു എന്ന്‌ എത്ര പേർക്കറിയാം. പക്ഷെ പിന്നീട്‌ സജിൻ എന്ന പേര്‌ മമ്മൂട്ടി ഉപേക്ഷിക്കുകയായിരുന്നു. ചിറയിൻകീഴ്‌ കാരൻ അബ്ദുൽ ഖാദർ ആണ്‌ മലയാളത്തിന്റെ നിത്യഹരിത നായകനായി ഗിന്നസ്‌ വേൾഡ്‌ റിക്കോർഡിൽപ്പോലും കയറിപ്പറ്റിയ പ്രേംനസീർ.

മലയാളത്തിന്റെ ആദ്യ സൂപ്പർ താരം കൊല്ലത്തിന്റെ മാണിക്യം ജയന്റെ യഥാർത്ഥ പേര്‌ കൃഷ്ണൻ നായർ എന്നായിരുന്നു. അതുപോലെ കിരീടത്തിലൂടെ സൂപ്പർ വില്ലനായി വന്ന് നായകനൊപ്പം തന്നെ പ്രേക്ഷകരെ കൈയ്യിലെടുത്ത കീരിക്കാടൻ ജോസിന്റെ യഥാർത്ഥ പേര്‌ മോഹൻ രാജ്‌ എന്നാണെന്ന് ഇപ്പോഴും പലർക്കും അറിയില്ല. അങ്ങനെ മലയാള സിനിമയിലെ 10 താരങ്ങളുടെ അധികമാർക്കും അറിയാത്ത യഥാർത്ഥ പേരുകൾ ഇനി പറയുന്നു.

സിവി രാമൻപിള്ളയുടെ ചെറുമകനും ഇവി കൃഷ്ണപിള്ളയുടെ മകനുമായ മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട്‌ അടൂർഭാസിയുടെ ശരിയായ പേര്‌ കെ ഭാസ്കരൻ നായർ എന്നായിരുന്നു. അടൂർഭാസിക്കൊപ്പം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ബഹദൂർ എന്ന കൊടുങ്ങല്ലൂരുകാരന്റെ യഥാർത്ഥ പേര് പടിയത്ത്‌ കൊച്ചുമൊയ്ദീൻ കുഞ്ഞാലു അഥവാ പികെ കുഞ്ഞാലു എന്നാണ്‌. സിനിമയിൽ വരുന്നതിനു മുൻപ്‌ അദ്ദേഹം ഒരു ബസ്‌ കണ്ടക്ടർ ആയിരുന്നു.

വീട്ടുപേരിലൂടെ അറിയപ്പെട്ട നടനായിരുന്നു ശങ്കരാടി. 1963ൽ കടലമ്മ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ ശങ്കരാടിയുടെ ശരിയായ പേര്‌ ചന്ദ്രശേഖര മേനോൻ ആണെന്ന് ഇപ്പോഴും പലർക്കും അറിയില്ല. കൊച്ചി ചെറായിക്കാരനാണ്‌ ശങ്കരാടി. ആളൊരുക്കം എന്ന സിനിമയിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഇന്ദ്രൻസിന്റെ ശരിയായ പേര്‌ കെ സുരേന്ദ്രൻ എന്നായിരുന്നു. എന്നാൽ അദ്ദേഹം ഇപ്പോൾ പാസ്പോർട്ടിൽ ഉൾപ്പടെ ഇന്ദ്രൻസ്‌ എന്ന പേര്‌ സ്വീകരിച്ചു കഴിഞ്ഞു.

1965ൽ സിനിമയിൽ വന്ന്‌ ഫ്രീക്കന്മാരുടെ തലതൊട്ടപ്പനായ ഫോർട്ട്കൊച്ചിക്കാരൻ കുഞ്ചന്റെ ശരിയായ പേര്‌ മോഹൻദാസ്‌ എന്നാണ്‌. റെസ്‌ ഹൗസ്‌ ആണ്‌ അദ്ദേഹത്തിന്റെ ആദ്യം റിലീസ്‌ ആയ സിനിമ. കൊച്ചി എന്ന സ്ഥലപ്പേര്‌ സ്വന്തം പേരിനൊപ്പം ചേർത്ത പ്രശസ്തനായ ഒരേ ഒരു നടനേയുള്ളൂ. മറ്റാരുമല്ല അത്‌ കൊച്ചിൻ ഹനീഫയാണ്‌. എന്നാൽ നാനൂറോളം സിനിമകളിൽ വേഷമിട്ട അദ്ദേഹത്തിന്റെ യഥാർത്ഥ പേര്‌ സലിം അഹമ്മദ്‌ ഘോഷ്‌ എന്നായിരുന്നു. സലിം ഘോഷ്‌ എന്ന്‌ മറ്റൊരു നടൻ കൂടിയുണ്ട്‌ ഇന്ത്യൻ സിനിമയിൽ. താഴ്‌വാരം എന്ന സിനിമയിൽ വില്ലനായി അഭിനയിച്ച താരമാണ്‌ അദ്ദേഹം.

സംവിധായകനും നടനുമായ ലാലിന്റെ യഥാർത്ഥ പേര്‌ പോൾ മൈക്കിൾ എന്നാണ്‌. സിനിമയിൽ ആദ്യ കാലത്ത്‌ ഇരട്ട സംവിധായകരായി സിദ്ധിഖ്‌-ലാൽ എന്ന പേരിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ മകന്റെ പേര്‌ ജീൻ പോൾ ലാൽ എന്നാണ്‌. ഈയിടെ അന്തരിച്ച നടൻ ശശി കലിംഗയുടെ ശരിയായ പേര്‌ ചന്ദ്രകുമാർ എന്നായിരുന്നു. ടോം ക്രൂസിന്റെ ബോളിവുഡ്‌ സിനിമയിൽ വരെ അഭിനയിക്കാൻ ക്ഷണം ലഭിച്ച അപൂർവ്വ ഇന്ത്യൻ താരങ്ങളിൽ ഒരാളാണ്‌ ശശി കലിംഗ.

മലയാളികളെ ഇന്നും കുടുകുടെ ചിരിപ്പിക്കുന്ന കോഴിക്കോടുകാരൻ കുതിരവട്ടം പപ്പുവിന്റെ യഥാർത്ഥ പേര്‌ പദ്മദളാക്ഷൻ എന്നായിരുന്നു. പപ്പുവിന്റെ കോഴിക്കോടൻ ശൈലി ഇനിയും ഒരു താരത്തിനും അനുകരിക്കാൻ കഴിയാത്ത പ്രത്യേകതയാണ്‌. നായകനായും സഹനടനായും തിളങ്ങുന്ന മണിയൻപിള്ള രാജുവിന്റെ ശരിയായ പേര്‌ സുധീർ കുമാർ എന്നാണ്‌.

Avatar

Staff Reporter