മലയാളം ഇ മാഗസിൻ.കോം

നിരവധി സിനിമകളിൽ അഭിനയിച്ചു, പക്ഷെ ഒടുവിൽ ജീവനൊടുക്കേണ്ടി വന്ന മലയാള നടി: ഓർമ്മയുണ്ടോ

ഒരുപാട്‌ പ്രതീക്ഷകളുമായി സിനിമയിലെത്തി ഒന്നുമാകാനാകാതെ വിസ്മൃതിയിലാണ്ടു പോയ നിരവധി താരങ്ങൾ നമുക്കുണ്ട്‌. ചില സിനിമകളിലെ അവരുടെ പ്രകടനങ്ങൾ പക്ഷെ നാം എക്കാലവും ഓർമ്മയിൽ സൂക്ഷിക്കുന്നവ ആയിരിക്കും. ഒരു പക്ഷെ അവരുടെയൊന്നും പേരുകൾ പോലും നമുക്ക്‌ അറിയണമെന്നില്ല.

അങ്ങനെ ഒരാളായിരുന്നു ഉത്സവമേളം, കാട്ടുകുതിര, വിഷ്ണുലോകം, ആയുഷ്കാലം, കടിഞ്ഞൂൽ കല്യാണം, ആയിരപ്പറ, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്‌, കള്ളൻ കപ്പലിൽ തന്നെ, മലപ്പുറം ഹാജി മഹാനായ ജോജി, സ്ത്രീധനം, സാഗരം സാക്ഷി, തോവാളപ്പൂക്കൾ, വാർദ്ധക്യപുരാണം തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച നയന എന്ന ആലപ്പുഴക്കാരി.

ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമയിലേക്ക് എത്തിയ നടിയായിരുന്നു നയന. ഉത്സവമേളം എന്ന സിനിമയിലെ അമ്മിണിക്കുട്ടി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച ഹാര്‍മോണിസ്റ്റ് തങ്കപ്പന്‍ എന്ന കഥാപാത്രത്തിനൊപ്പം വരുന്ന ഒരു കോമ്പിനേഷന്‍ രംഗം പ്രേക്ഷകരെ നിറയെ ചിരിപ്പിക്കുകയും ചെയ്തിരുന്നു.

നാടക രംഗത്ത് നിന്നായിരുന്നു നയനയുടെ അഭിനയജീവിതത്തിന്റെ തുടക്കം. പ്രശസ്ത നാടക സംഘമായ ഓച്ചിറ നിളയുടെ എന്റെ അമ്മയ്ക്ക് എന്ന നാടകത്തില്‍ നല്ലൊരു വേഷം നയന ചെയ്തിരുന്നു. നാടകത്തില്‍ തിളങ്ങി നിന്ന സമയത്താണ് സീരിയലുകളില്‍ നയന അഭിനയിച്ചു തുടങ്ങുന്നത്. അങ്ങനെ ആലപ്പുഴയില്‍ നിന്ന് നയനയും കുടുംബവും തിരുവനന്തപുരത്തേക്ക് താമസം മാറി.

ദൂരദര്‍ശനില്‍ സൂപ്പര്‍ഹിറ്റായ നിരവധി സീരിയലുകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായി നയന തിളങ്ങി. ദേവമനോഹരി എന്ന ദൂരദര്‍ശന്‍ സീരിയലിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. പിന്നീടാണ് നടി സിനിമയില്‍ എത്തുന്നത്. എന്നാല്‍ സിനിമയില്‍ കിട്ടിയതൊക്കെയും ചെറിയ കഥാപാത്രങ്ങളായിരുന്നു. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നിറയെ പ്രതീക്ഷകളോടെ എത്തിയതായിരുന്നു നയനയും കുടുംബവും. എന്നാല്‍ സിനിമയില്‍ പ്രതീക്ഷിച്ചതുപോലൊരു ഉയര്‍ച്ച നടിക്ക് ഉണ്ടായില്ല.

സ്വന്തമായി ഒരു സീരിയല്‍ നിര്‍മ്മിക്കുവാന്‍ മുന്നിട്ട് ഇറങ്ങിയെങ്കിലും അത് പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് സഹോദരനുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് സ്‌പോട്‌സ് സാമഗ്രികള്‍ വില്‍ക്കുന്ന ഒരു കട തുടങ്ങിയെങ്കിലും അതും മുന്നോട്ട് കൊണ്ടുപോകാനായില്ല. വലിയ സാമ്പത്തികപ്രതിസന്ധി ആ കുടുംബത്തെ ബാധിച്ചു. 2008ല്‍ നയനയും അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേര്‍ മൈസൂരിലെ ഒരു ലോഡ്ജ് മുറിയില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter