മലയാളം ഇ മാഗസിൻ.കോം

അന്ന്‌ കെവിന്റെ വിധവയായി അവന്റെ വീട്ടിലേക്ക്‌ കയറിച്ചെന്ന നീനുവിന്റെ ഇപ്പോഴത്തെ ജീവിതാവസ്ഥ ഇങ്ങനെ

കേരളത്തെ ഞെട്ടിച്ച ദുരഭിമാന കൊല, കെവിനെ നീനുവിന്റെ വീട്ടുകാർ വകവരുത്തിയ സംഭവം നടന്നിട്ട്‌ വർഷങ്ങൾ കഴിഞ്ഞുവെങ്കിലും നടുക്കുന്ന ഓർമ്മകൾ ഇന്നും ഏതൊരു മലയാളിയെയും അലട്ടും. കാരണം ഏറെ വിദ്യാസമ്പന്നർ എന്ന് അവകാശപ്പെടുന്ന മലയാളികൾക്കിടയിൽ നിന്ന് ഇത്തരത്തിൽ ഒരു ദുരഭിമാന കൊല നടന്നുവെന്നത്‌ കേരളത്തെയാകെ നാണം കെടുത്തിയ സംഭവം ആയിരുന്നു.

വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ പ്രണയിച്ച് ജീവിതത്തിൽ ഒന്നാവാൻ തീരുമാനിച്ചവർ ആണ് കെവിനും നീനുവും. എന്നാൽ ഇവരുടെ പ്രണയത്തിന് നീനുവിന്റെ വീട്ടുകാർ നൽകിയ സമ്മാനം കെവിൻ എന്ന നിഷ്കളങ്കനായ യുവാവിന്റെ ജീവനെടുക്കുകയും, വിവാഹം കഴിക്കാത്ത മകളെ വിധവ ആകുകയും ചെയ്തു എന്നതാണ്‌.

2018ൽ നടന്ന ഈ സംഭവത്തിനു ശേഷം, വർഷങ്ങൾ പിന്നിടുമ്പോൾ കെവിനു ആയി ഉഴിഞ്ഞുവെച്ച നീനുവിന്റെ ജീവിതം ഇപ്പോഴും ബാക്കി. ഇപ്പോൾ നീനു എവിടെയാണ്? എന്താണ് നീനുവിന്റെ അവസ്ഥ ഇതൊക്കെയാണ് ഏവരുടെയും സംശയം. ഇതിനൊക്കെ ഉള്ള ഉത്തരം ആണ് ഇപ്പോൾ നീനു തന്നെ നൽകുന്നത്. ഒരു ഓഗസ്റ്റ് 27 നാണ് നീനു കെവിനെ കണ്ടുമുട്ടുന്നത്. കോട്ടയം ബസ് സ്റ്റാൻഡിൽ കൂട്ടുകാരിയുമായി ബസ്സു കാത്തു നിൽക്കുകയായിരുന്നു നീനു അന്ന്, പിന്നീട് നീനുവിന്റെ സുഹൃത്തിനെ കാണാനെത്തിയ ഭാവി വരനോടൊപ്പം എത്തിയ സുഹൃത്തായിരുന്നു കെവിൻ. അന്നാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.

അന്ന് തമ്മിൽ സംസാരിച്ചില്ലെങ്കിലും പിന്നീട് സൗഹൃദത്തിലായ ഇരുവരും ഫോൺ നമ്പർ വാങ്ങുകയും നിരന്തരം സംസാരിക്കുകയും തമ്മിൽ മനസ്സിലാക്കുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. നീനുവിന്റെ പ്രധാന പ്രശ്നം വീട്ടിലെ സമാധാനം ഇല്ലായ്മ ആയിരുന്നു, ക്രിസ്ത്യൻ മുസ്ലിം വിവാഹം ആയിരുന്നു നീനുവിന്റെ മാതാപിതാക്കളുടേത്. മാതാപിതാക്കൾ തമ്മിലുള്ള നിരന്തരം വഴക്കിനെ തുടർന്നാണ് പുനലൂർ സ്വദേശമായ, നീനു കോട്ടയത്തെ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്. കെവിൻ ആകട്ടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട യുവാവായിരുന്നു. എന്നാൽ ഇതൊന്നും ഇരുവർക്കുമിടയിലെ പ്രണയത്തിനു യാതൊരുവിധത്തിലും തടസ്സമായി എത്തിയില്ല. ഇരുവരും മനസ്സുതുറന്ന് പ്രണയിച്ചു.

ആ സമയത്താണ് നീനുവിന്റെ വീട്ടിൽനിന്നും ഒരു ഫോൺ കോൾ വരുന്നത്. വീട്ടിൽ ആർക്കോ സുഖമില്ല എന്ന് കള്ളം പറഞ്ഞു കൊണ്ട് നീനുവിനെ വീട്ടിലെത്തിക്കാൻ ആയിരുന്നു വീട്ടുകാരുടെ ഉദ്ദേശം. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് നീനുവിന് തന്റെ അച്ഛന്റെയും അമ്മയുടെയും സുഹൃത്തിന്റെ മകനും ആയിട്ടുള്ള വിവാഹ നിശ്ചയം നടത്താൻ ആണ് തന്നെ വീട്ടിലെത്തിച്ചത് എന്ന് മനസ്സിലായത്. കെവിനെ നീനു ഈ വിവരം അറിയിച്ചതോടെ, തിരിച്ചു കോട്ടയത്തേക്ക് ബസ് കയറാനും രജിസ്റ്റർ മാര്യേജ് ചെയ്ത് ഒരുമിച്ച് ജീവിക്കാം എന്നും ഇരുവരും തീരുമാനിച്ചു.

അതോടെ നീനു തന്റെ പ്രണയത്തെ പറ്റിയും, പ്രണയിതാവിനെ പറ്റിയും ഒരു വിശദമായ കത്തെഴുതി വീട്ടിൽ നിന്നും കോട്ടയത്തേക്ക് ബസ്സ് കയറി. തുടർന്ന് കെവിൻ രജിസ്റ്റർ മാരേജിനു ചില നിയമ പ്രശ്നങ്ങൾ ഉണ്ടായതിനാൽ, നീനുവിനെ ഒരു ഹോസ്റ്റലിൽ ആക്കി ഇരുവരുടെയും വിവാഹ ദിവസത്തിനായി കാത്തിരുന്നു. കെവിന്റെ മ രണത്തിന്റെ തലേന്നും നാളെ നവവധുവായും നവവരനുമായി എത്തുന്ന ഇരുവരും ഭാവിജീവിതത്തെപ്പറ്റി നിറയെ സ്വപ്നങ്ങൾ കൈമാറി.

അടുത്ത ദിവസം അതി രാവിലെ തന്നെ വിളിക്കണമെന്ന് കെവിൻ നീനുവിനെ ഓർമ്മപ്പെടുത്തി. എന്നാൽ നീനു ഒരുപാട് വിളിച്ചിട്ടും കെവിൻ ഫോണെടുത്തില്ല, നീനുവിന്റെ വീട്ടുകാർ സാമ്പത്തികമായും ജാതിപരമയും പിന്നോക്കം നിൽക്കുന്ന കെവിനെ നീനുവിന്റെ സഹോദരനും അച്ഛനും കൊട്ടേഷൻ സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി പുഴയിൽ തള്ളി. കെവിന്റെ നിശ്ചലമായ ശരീരം നീനുവിനു മുന്നിലെത്തിയപ്പോൾ നീനു കരഞ്ഞില്ല, പിന്നീട് കെവിന് വേണ്ടി അവൾ ചെയ്തത് കെവിനെ ഇല്ലായ്‌മ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നു തക്കതായ ശിക്ഷ കൊടുത്തു കെവിനു നീതി വാങ്ങി നല്കുകയായിരുന്നു.

സ്വന്തം സഹോദരനെതിരെ മൊഴിനൽകി ഇരട്ട ജീവപര്യന്തം വാങ്ങി കൊടുത്തു. എന്നാൽ അച്ഛനു നേരിട്ട് പങ്കില്ലെന്നു അറിഞ്ഞതോടെ അച്ഛനെതിരെ നീനു മൊഴി കൊടുത്തില്ല. പിന്നീട് അടുത്ത ലക്ഷ്യം കെവിന്റെ വീട്ടുകാർക്ക് താൻ ഒരു തുണ ആവുക എന്നതായിരുന്നു. വാടകവീട്ടിൽ കഴിഞ്ഞ കെവിന്റെ വീട്ടുകാർക്ക് സർക്കാർ സഹായത്താൽ ഒരു പുതിയ വീട് നിർമ്മിച്ചു. അവരെ അവിടേക്ക് താമസം മാറ്റി. കെവിന്റെ സ്ഥാനത്തുനിന്ന് നീനു ആ കുടുംബത്തിലെ കാര്യങ്ങളെല്ലാം നോക്കുന്നുണ്ട്.

ഒരു നല്ല ജോലിക്കായി നീനു തുടർ പഠനം ആരംഭിച്ചു. നീനു ഇന്ന് ബാംഗ്ലൂരിലെ കോളേജിൽ അവസാന വർഷ എം എസ് ഡബ്ല്യു വിദ്യാർഥിനിയാണ്. പക്വതയാർന്ന, കെവിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കെവിന്റെ വീട്ടുകാർക്ക് താങ്ങായി മാറിയ നീനു. കെവിന്റെ വീട്ടുകാരോടൊപ്പം കെവിൻ വിവാഹം കഴിക്കാത്ത വിധവയായി കഴിയുകയാണ് നീനു.

Avatar

Staff Reporter