സേതുലക്ഷ്മി എന്ന ഈ അമ്മയെ സ്‌ക്രീനിൽ കാണാൻ വല്ലാത്തൊരു ഫീലാണ്. 74 വയസായ സേതുലക്ഷ്മി അമ്മ സിനിമയിൽ വന്നത് അവരുടെ ജീവിതത്തിന്റെ അറുപതുകളുടെ അവസാനത്തിലാണ്.
അത് വരെ എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം ചിലപ്പോൾ ആ അമ്മ ഇന്ന് അഭിനയിക്കുന്ന സിനിമയിലെ കഥകളേക്കാൾ ചുരുളുകളും ഇതളുകളും നിറഞ്ഞൊരു ഉത്തരമാകും കിട്ടുക. ആ ‘അമ്മ ഏറ്റവും നന്നായി അഭിനയിച്ചു ഫലിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വിഷമങ്ങളെയും ദുരിതങ്ങളെയുംക്കാൾ വലിയ അവസ്ഥകളിലൂടെ അവർ കടന്നു പോയിട്ടുണ്ട്. അതിന്റെ തീ ചൂളയിൽ നിന്നാണ് സേതു ലക്ഷ്മി എന്ന നടി പിറന്നത്. അവരുടെ ഗംഭീര പ്രകടനങ്ങൾ ഉണ്ടായത്.
ഈ എഴുപത്തിനാലാം വയസിലും സീരിയലുകളിലും സിനിമകളിലും അഭിനയിക്കാൻ വേണ്ടി ഓടി നടക്കുമ്പോഴും അസ്മയുടെ ബുദ്ധിമുട്ട് ഈ അമ്മയെ ചെറുതായൊന്നുമല്ല കഷ്ടപെടുത്തുന്നത്. എല്ലാം നിർത്തി വീട്ടിൽ ഒതുങ്ങി കൂടാൻ ശരീരം ആവശ്യപെടുന്നുടെങ്കിലും സേതുലക്ഷ്മി അമ്മ മുന്നോട്ട് നടക്കുകയാണ്. വിധി എന്ന വിചിത്രമായ സത്വത്തെ മുഖമുയർത്തി നോക്കാതെ ഒറ്റക്ക് ഈ അമ്മ ജീവിത ഭാരങ്ങളും പേറി മുന്നോട്ട് പോകുമ്പോൾ ചിലപ്പോൾ ഈശ്വരന് പോലും അസൂയ തോന്നുണ്ടാകും, അവരുടെ തന്റേടം കണ്ടു, പ്രായത്തെ തോല്‍പ്പിക്കുന്ന മനസ് കണ്ടു.
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സേതുലക്ഷ്മി അമ്മക്ക് ചെറുപ്പം മുതലേ അഭിനയത്തിൽ കമ്പമുണ്ടായിരുന്നു. അത് അവരെ നാടകങ്ങളുടെ ലോകത്ത് എത്തിച്ചു. ഒരുപാട് നാടകങ്ങളിൽ അവർ വേഷമിട്ടു, ഇതിനിടയിൽ മേക്ക് അപ് ആര്‍ട്ടിസ്റ് ആയ അർജുനനെ പ്രണയിച്ചു വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം നാലു മക്കളെ വളർത്താൻ സേതുലക്ഷ്മി അമ്മ നന്നേ കഷ്ടപ്പെട്ടു.
നാടകങ്ങളിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം ഒന്നിനും ആകില്ലായിരുന്നു. മൂത്ത മകൾക്ക് രക്താർബുദം ബാധിച്ചെങ്കിലും അതാരും അറിഞ്ഞിരുന്നില്ല. സാധാരണ അസുഖമാണ് എന്ന് വിചാരിച്ചു ഹോമിയോ മരുന്ന് മാത്രമാണ് കഴിച്ചത്. രോഗം മൂർച്ഛിച്ചപ്പോൾ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും അവസാന സ്റ്റേജ് ആയതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർ കൈമലർത്തി. ആ മകൾ അമ്മയെ വിട്ടു പോയി.
സീരിയലുകളിൽ അഭിനയിക്കാൻ വിളി വന്നതിനു ശേഷമാണ് ജീവിതം കുറച്ചെങ്കിലും മുന്നോട്ട് നീങ്ങാൻ തുടങ്ങിയത് അതും അറുപതുകളിൽ. നാലായിരം രൂപ ഒരു ദിവസത്തെ അഭിനയത്തിന് കിട്ടുന്ന സീരിയലുകളും മിമിക്രി താരമായ മകന്‍റെ വരുമാനവും കൂടെ കൊണ്ട് ആ കുടുംബം പതിയെ സാധാരണ ഗതിയിലേക്ക് വരാൻ തുടങ്ങിയപ്പോഴാണ്, ദൈവം എന്ന ക്രൂരനായ സംവിധായകൻ സേതു ലക്ഷ്മി അമ്മയെ വീണ്ടും പരീക്ഷിക്കാൻ ഒരുങ്ങിയത്.
കിഡ്നി സംബന്ധമായ രോഗം മൂലം ഒന്ന് എഴുനേക്കാൻ പോലുമാകാതെ മകൻ കിഷോർ കിടപ്പിലായി. കിഡ്നികളുടെ പ്രവർത്തനം ഭാഗികമായി നിലച്ചു, തന്‍റെ കിഡ്നി നൽകാൻ ആ അമ്മ തയാറായെങ്കിലും മകൻ ഈ പ്രായത്തിൽ അമ്മയെ ആരോഗ്യപരമായി കൂടെ ബുദ്ധിമുട്ടിപ്പിക്കുന്നത് ഓർത്തു അതിനു സമ്മതിച്ചില്ല. സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ആ അമ്മ ഇന്ന് ഈ പ്രായത്തിലും വാടക വീടിൽ നിന്ന് സൈറ്റുകളിലേക്ക് പോകുന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും ചുമലിൽ എടുത്തുകൊണ്ടാണ്.
സേതുലക്ഷ്മി അമ്മയെ പോലുള്ളവരുടെ ജീവിതങ്ങളെ പറ്റി അറിയുമ്പോൾ ദൈവത്തിനോട് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വരും. പക്ഷെ അത് ചോദിക്കേണ്ടി വരില്ല എന്തെന്നാൽ സേതുലക്ഷ്മി അമ്മയെ പോലുള്ള ഓരോ അമ്മയും ദൈവങ്ങളാണ്, മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരെ ദൈവങ്ങൾ എന്ന് വിളിക്കാം. അവർ നടക്കുന്നത് മുന്നോട്ടാണ്, വിധിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു, കാലിൽ മുള്ളുകൾ കൊണ്ട് മുറിഞ്ഞത് ശ്രദ്ധിക്കാതെ മുന്നോട്ട് മുന്നോട്ട് പോകുന്നു…