മലപ്പുറം: കൽപകഞ്ചേരിയിൽ 68കാരനെ ഹണിട്രാപ്പിൽപെടുത്തി വ്‌ളോഗർമാരായ ദമ്പതിമാർ തട്ടിയെടുത്തത് 23 ലക്ഷം രൂപ. സംഭവത്തിൽ പ്രതികളായ മലപ്പുറം താനൂർ സ്വദേശി റാഷിദ(30) ഭർത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ വയോധികനുമായി യുവതി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും രഹസ്യ ക്യാമറ ഉപയോഗിച്ച് ഇത് റെക്കോഡ് ചെയ്യുകയുമായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് വ്ലോഗർമാരായ ദമ്പതികൾ വൻ തുക തട്ടിയെടുത്തത്.
യൂട്യൂബ് വ്‌ളോഗർമാരായ റാഷിദയും നിഷാദും ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും സജീവമാണ്. കഴിഞ്ഞവർഷം ജൂലായിലാണ് റാഷിദ 68-കാരന് ഫെയ്‌സ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടർന്ന് ഇരുവരും ചാറ്റിങ് ആരംഭിക്കുകയും ചെയ്തു. സൗഹൃദം വളർന്നതോടെ യുവതി ആലുവയിലെ ഫ്‌ളാറ്റിലേക്കും ഇദ്ദേഹത്തെ ക്ഷണിച്ചു. ഭർത്താവ് അറിഞ്ഞാലും ഒന്നും പ്രശ്‌നമില്ലെന്നും ഭർത്താവ് ഇതിനെല്ലാം സമ്മതം നൽകുന്നയാളാണെന്നുമാണ് യുവതി പറഞ്ഞിരുന്നത്. ഫ്ലാറ്റിലെത്തിയ വ്യാപാരിയുമൊത്തുള്ള സ്വകാര്യദൃശ്യങ്ങളാണ് റെക്കോഡ് ചെയ്തത്.
ഫ്‌ളാറ്റിലെ ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള ഭീഷണി തുടർന്നതോടെ കടം വാങ്ങി വരെ പണം നൽകാൻ വ്യാപാരി നിർബന്ധിതനാകുകയായിരുന്നു. സംഭവം അറിഞ്ഞതോടെ വ്യാപാരിയുടെ കുടുംബം കൽപകഞ്ചേരി പോലീസിനെ സമീപിക്കുകയും ദമ്പതിമാരെ പോലീസ് പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിഷാദിനെ ജയിലിലേക്ക് അയച്ചെങ്കിലും രണ്ട് കൈക്കുഞ്ഞുങ്ങളുള്ളതിനാൽ യുവതിയ്ക്ക് ഇടക്കാലജാമ്യം അനുവദിച്ചു.
YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത് കിലോക്കണക്കിന് Malaysian ചെറു നാരങ്ങ, Video കാണാം