70 വയസ്സിൽ ഇന്റർവ്യൂന് പോയാൽ ജോലികിട്ടുമോ ? സംശയമാണല്ലേ, എന്നാൽ സംശയിക്കണ്ട ജോലി കിട്ടുകതന്നെ ചെയ്യും. നിങ്ങൾക്ക് അത്രമാത്രം ആഗ്രഹമുണ്ടെങ്കിൽ, മനസിന് ബലമുണ്ടെങ്കിൽ തീർച്ചയായും ലഭിക്കും. അങ്ങനെ ജോലി നേടിയെടുത്ത ഒരു 70കാരനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. റഷീദിക്ക, പ്രായം 70 , കഴിഞ്ഞ ദിവസം കൊട്ടിയത്ത് ലുലു ഗ്രുപ് നടത്തിയ ഇന്റർവ്യൂയിൽ വെച്ചാണ് ഇദ്ദേഹത്തെ കാണുന്നത്. പ്രായം ഒരു വെല്ലുവിളിയാകുമോ എന്ന ഭയം അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിലും പുറത്തുകാണിക്കാതെ ആ ഇന്റർവ്യൂവിൽ പങ്കെടുത്തു. കൂടെയുണ്ടായിരുന്നത് മുഴുവൻ 20 നും 30 നുമിടക്ക് പ്രായമുള്ളവർ മാത്രം. എന്തായാലും പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി.
അങ്ങനെ ദിവസങ്ങൾക്ക് ശേഷം ഒരു കോൾ വരുന്നു ‘ലുലുവിന്റെ തിരുവനതപുരം ഓഫീസിൽ നിന്നാണ് വിളിക്കുന്നത് , ഒന്ന് ഇവിടം വരെ വരാൻ സാധിക്കുമോ ? ശേഷം കൊച്ചിയിൽ നിന്നും കാൾ വന്നു. അഭിമാന നിമിഷമായിരുന്നു അദ്ദേഹത്തിനത്. അപ്പോഴാണ് വീട്ടുകാർ പോലും കാര്യം അറിയുന്നത്. എന്നാൽ സ്വാഭാവികമായും സംഭവിക്കുന്നതുപോലെ ചിലർ അവിടെയും ഇടംകോലിടാൻ വന്നു.. മക്കൾ സ്വത്തെല്ലാം തട്ടിയെടുത്തെന്നും മക്കളാരും നോക്കാത്തതുകൊണ്ടാണ് ഈ പണിക്ക് വന്നതെന്നും പറഞ്ഞു പരത്തി. പക്ഷെഅതിലും തളർന്നില്ല. എന്തെങ്കിലും ജോലി ചെയ്യണമെന്നത് തന്റെ വാശിയാണ് അത് ചെയ്യുക തന്നെ ചെയ്യും എന്നാണ് അദ്ദേഹം പറയുന്നത്.
പ്രായമായാലും ഒരു തളർച്ചക്കും വിട്ടുകൊടുക്കില്ലെന്ന ദൃഢനിശ്ചയമാണ് ഇന്ന് ഈ നിലയിൽ റഷീദിക്ക എത്താൻ കാരണം. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ചെറിയ ഉപദേശവും നൽകുന്നുണ്ട് റഷീദിക്ക “നമുക്ക് വേണമെങ്കിൽ സ്വയം തേടി പോകണം, ആരും കയ്യിൽ കൊണ്ട് തരില്ല. മാത്രമല്ല നിങ്ങളുടെ ആഗ്രഹം ശക്തമാണെങ്കിൽ അത് നേടിയെടുക്കാൻ സാധിക്കുക തന്നെ ചെയ്യും “.
വീട്ടിൽ അടങ്ങിയിരിക്കാത്ത പ്രകൃതമാണ് റഷീദിക്കയുടേത്. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടരിക്കും. വെറുതെ ഇരുന്ന് ഫോൺ കാണുന്നതും ടി വി കാണുന്നതും അത്ര രസകരമല്ല ഇദ്ദേഹത്തിന്. വിദേശത്തായിരുന്നു ജോലി. സേഫ്റ്റി ഓഫീസറായാണ് ജോലിയിൽ തുടക്കം കുറിക്കുന്നത്, പിന്നീട് സൂപ്പർവൈസർ ആയും സേഫ്റ്റി ട്രൈലെർ ആയും ഇറ്റാലിയൻ കമ്പനിക്ക് വേണ്ടി സേഫ്റ്റി മാനേജർ ആയും വരെ ജോലി ചെയ്തു. ശിഷ്ടകാലം ഇനി ലുലുവിന്റെ ഭാഗമായി ജോലി ചെയ്യാനാണ് താല്പര്യം. അവർ തരുന്നത് എന്ത് ജോലിയാണെങ്കിലും എനിക്ക് ചെയ്യാൻ പറ്റിയാൽ വേതനം 10 രൂപയാണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.
ലുലു ഗ്രുപ്പിനെ കുറിച്ച് ചോദിച്ചാൽ വാതോരാതെ സംസാരിക്കുംറഷീദിക്ക. അത്രയും നല്ല സ്വീകരണമായിരുന്നു അന്ന് ലഭിച്ചത്. താൻ ഇരുന്ന ശേഷമാണ് ഇന്റർവ്യവിന് ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ പോലും ഇരുന്നത്. യുസഫലിക്കും അനുയായികൾക്കും സ്വർഗം തന്നെ ലഭിക്കട്ടെ എന്ന പ്രാർത്ഥനയും ഇദ്ദേഹത്തിനുണ്ട്. ഒരു കാര്യം ഉറപ്പാണ് ഭാവിയിൽ ലുലു ഗ്രുപ്പിന് നല്ല മുതൽകൂട്ടാവും റഷീദിക്കയുടെ സേവനം.