മലയാളം ഇ മാഗസിൻ.കോം

കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണി മലയിലേക്ക് ഒരു യാത്ര

\"images-6\"പ്രകൃതിയെ അടുത്തറിഞ്ഞ്‌, പശ്ചിമ ഘട്ട മലനിരകളുടെ അവാച്യമായ സൌന്ദര്യം ആവോളം നുകര്‍ന്ന് അതില്‍ ലയിച്ചങ്ങിരിക്കാന്‍ പറ്റിയ നല്ലൊരു ഇടമാണ് കാസര്‍ഗോട് ജില്ലയിലെ റാണിമല. സഞ്ചാരികള്‍ക്ക് കണ്ണ് നിറയെ പ്രകൃതി സൌന്ദര്യം ആവോളം ആസ്വദിക്കാന്‍ പറ്റിയ ഈ മലനിരകള്‍ കാഞ്ഞങ്ങാട് – പാണത്തുര്‍ റൂട്ടില്‍ പനത്തടി പഞ്ചായത്തിലാണ്. കാഞ്ഞങ്ങാട് നിന്നും 48 കി.മി. സഞ്ചരിച്ചാല്‍ പനത്തടിയായി. ഇവിടെ നിന്നും 10 കി.മി.സഞ്ചരിച്ചാല്‍ റാണിമലയുടെ താഴ്വാരത്തിലെത്താം. ഇവിടെ ഒരു ടുറിസം ഫെസിലിറേറഷ൯ സെന്ററും, ഫോറെസ്റ്റ് ആഫീസ്സും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും പാസ്സ് വാങ്ങി സഞ്ചാരിക്ക് മലകയറ്റം ആരംഭിക്കാം.

\"images-7\"നിബിഡ വനത്തിലുടെയുള്ള ഒറ്റയടി പാതയിലുടെ കുറെ ദൂരം മലകയറണം . പശ്ചിമ ഘട്ടത്തിലെ എല്ലാ തരം വനജീവികളും , രാജവെമ്പാല അടക്കമുള്ള ഇഴ ജന്തുക്കളും വസിക്കുന്ന കൊടും കാടാണിത്. യാത്രയില്‍ ഇടയ്ക്ക് അല്‍പനേരം നിന്ന് വനത്തിന്റെ വന്യ സൌന്ദര്യം ആസ്വദിക്കാം. കുറെ കൂടി മുന്നോട്ടു നടന്നാല്‍ വിശാലമായ പുല്‍മേടായി. ഇവിടെ നിന്നും ഒറ്റയടി \"images-4\"പാതയിലുടെ കുറച്ചു കൂടി മലകയറിയാല്‍ 2460 അടി ഉയരമുള്ള റാണിമലയുടെ മുകളിലെത്താം. പണ്ട് കാലത്ത് മാടത്തുമല എന്നപേരില്‍ അറിയപ്പെട്ടിരുന്ന ഈ മലനിരകള്‍ ക്രിസ്ത്യന്‍ കുടിയേറ്റത്തെ തുടര്‍ന്നാണ്‌ റാണിഗിരി അഥവാ റാണിമല എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഇതിനു മുകളില്‍ നിന്നും നോക്കുമ്പോള്‍ അങ്ങ് ചക്രവാളത്തോളം പരന്നു കിടക്കുന്ന പശ്ചിമ ഘട്ട മലനിരകളുടെ സൌന്ദര്യം നമ്മുടെ കണ്ണില്‍ നിന്നും ഒരിക്കലും മായാത്ത ഒരു അപൂര്‍വ്വ കാഴ്ച തന്നെയാണ്. അങ്ങ് പടിഞ്ഞാറ് ചക്രവാളത്തിലേക്ക് സുക്ഷിച്ചു നോക്കിയാല്‍ അങ്ങകലെ സമുദ്രവും കാണാം. മേഘ കെട്ടുകള്‍ പാറി നടക്കുന്ന ഈ മലയില്‍ വര്‍ഷത്തില്‍ മിക്കവാറും സമയങ്ങളില്‍ സുന്ദര കാലാവസ്ഥ ആയതിനാല്‍ “കേരളത്തിലെ ഊട്ടി” എന്ന വിളി പേരിലും റാണിമല അറിയപ്പെടുന്നുണ്ട്. മലമുകളില്‍ കൂടി കാട്ടാനകള്‍ സഞ്ചരിക്കുന്ന ഒരു ആനത്താരയുണ്ട്. \"images-3\"\"images-2\"വഴിയില്‍ മലമുകളില്‍ ആനപിണ്ഡം കാണാം, ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഫോറസ്ടുകാര്‍ കെട്ടിയ ഒരു കരിങ്കല്‍ കെട്ടും മല മുകളില്‍ കാണാം, മലമടക്കുകളിലെ പാറകളില്‍ നിന്നും ഇറ്റിററു വീഴുന്ന ശുദ്ധജലം ശേഖരിച്ചു കുടിക്കാം. മലമുകളില്‍ നിന്നുമുള്ള പ്രകൃതി ഭംഗി ആവോളം ആസ്വദിച്ചു നേരം ഇരുട്ടുന്നതിനു മുന്‍പ് താഴേക്കിറങ്ങി യാത്ര അവസാനിപ്പിക്കാം.

  • രാം പ്രകാശ് ബക്കളം

Avatar

Staff Reporter