മലയാളം ഇ മാഗസിൻ.കോം

രണ്ടാമൂഴം എന്ന മഹാഭാരതത്തിന്റെ പുതിയ വിവാദവും \’അടിച്ചുമാറ്റിയ\’ വാനപ്രസ്ഥം സൃഷ്ടിച്ച പഴയ വിവാദവും

എം.ടി വാസുദേവൻ നായരുടെ സംഘപരിവാർ വിരുദ്ധ നിലപാടാണ് മഹാഭാരതം എന്ന പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് കാരണം എന്ന ഒരു വാദം അടുത്തിടെ ശക്തമാണ്. കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ നടത്തിയ പ്രസംഗം അതിനു വർഗ്ഗീയ / രാഷ്‌ടീയ അടിവരയും ചാർത്തി. എന്നാൽ അതിന്റെ രാഷ്ടീയം മാറ്റിവച്ചാൽ പോലും അത്തരം ഒരു പേര് ആ നോവലിന്റെ ചലച്ചിത്ര ആവിഷകാരത്തിനു ചേരുമോ എന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്. മഹാഭാരതം എഴുതിയത് എം.ടി. വാസുദേവൻ നായരല്ല മറിച്ച് വേദവ്യാസനാണ് എന്നതാണ് വിശ്വാസം. മഹാഭാരതത്തിലെ ഒരു കഥാപാത്രമായ ഭീമന്റെ മനോവ്യാപാരങ്ങളും ജീവിതവുമാണ് രണ്ടാമൂഴത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. വ്യാസവിരചിതമായ മഹാഭാരത കഥയിൽ നിന്നും വ്യാഖ്യാനത്തിലും മറ്റും ഒരുപാട് അന്തരം അതിനുണ്ട്. അറിഞ്ഞിടത്തോളം ഈ ചിത്രം ലോകത്തെ വിവിധ ഭാഷകളിൽ വലിയ ഒരു പ്രേക്ഷക സമൂഹത്തിനു മുമ്പിലേക്കാണ് പ്രദർശനത്തിന് എത്തുക. സ്വാഭാവികമായും ഇന്ത്യൻ പുരാണ-ഇതിഹസങ്ങളിൽ ധാരണയില്ലാത്തവരെ സംബന്ധിച്ച് ഇതാകും ഇന്ത്യക്കാർ വിശ്വസിക്കുന്ന മഹാഭാരതം എന്നും അത് എഴുതിയത് ഏതോ എം.ടി.വാസുദേവൻ നായരാണ് എന്നും ഉള്ള ഒരു പ്രതീതി ഉണ്ടാകും. തീർച്ചയായും ആ നിലക്ക് കെ.പി.ശശികല ടീച്ചർ പറയുന്നതിൽ യുക്തിയുണ്ട്. അവർ രണ്ടാംഊഴം എന്ന നോവൽ സിനിമയാക്കുന്നതിനെ അല്ല എതിർക്കുന്നത് എന്നത് ശ്രദ്ധേയമാണ് മറിച്ച് മഹാഭാരതം എന്ന പേര് ഇടുന്നതിലാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ദൗർഭാഗ്യവശാൽ ഈ വിയോജിപ്പ് പരസ്യമായി പുറത്ത് വന്നത് ശശികലടീച്ചറിൽ നിന്നുമാണ് എന്നതിനാൽ എം.ടി.ക്കെതിരെ സംഘപരിവാർ എന്ന പ്രചാരണത്തിലേക്ക് കാര്യ ങ്ങൾ വഴുതിമാറി.

പേരു മാറ്റുന്നതും, പ്രശസ്തമായ ഒരു രചനയുടെ പേര് മറ്റൊരു ചിത്രത്തിനു വരുന്നതുതിനും എം.ടി.യുടെ തന്നെ അനുഭവം മുന്നിലുണ്ട്. വാനപ്രസ്ഥം എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതി ഷാജി എൻ.കരുൺ മോഹൻ ലാലിനെ നായകനാക്കി സിനിമയാക്കുകയും ഒരുപാട് അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. വാനപ്രസ്ഥം എന്ന പേരു ഷാജി എടുക്കുന്നതിനോട് എം.ടിക്ക് വിയോജിപ്പുണ്ടായതായി വാർത്തകളും വന്നിരുന്നു. എം.ടി.എഴുതിയ വാനപ്രസ്ഥം എന്ന നോവൽ പിന്നീട് തീർഥാടനം എന്ന പേരിലാണ് ചലച്ചിത്രമായത്. അതിനും അംഗീകാരങ്ങൾ ലഭിച്ചിരുന്നു.

മതങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ നോവലോ,ലെഖനമോ, സിനിമയോ മറ്റേതെങ്കിലും രൂപത്തിൽ ആവിഷ്കരിക്കപ്പെടുമ്പോൾ പല കാലങ്ങളിലും ലോകമെമ്പാടും വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ഫ്രൻസിലെ ചാർളി എൽബ്രദോയിലെ കാർട്ടൂണിസ്റ്റുകളും മാധ്യമ പ്രവർത്തകരും കൊല്ലപ്പെട്ടത് വിവാദമായ ഒരു കാർട്ടൂണിന്റെ പേരിൽ മുസ്ലിം തീവ്രവാദികളിൽ നിന്നും ഉണ്ടായ ആക്രമണത്താൽ ആയിരുന്നു. മാധ്യമ സ്ഥാപത്തിലേക്ക് ഇറച്ചു കയറി വൻ ആക്രമണമാണ് ഭീകരർ അഴിച്ചു വിട്ടത്. ആൻ ഡാൻ ബ്രൗൺ, തസ്ലിമ നസ്രീൻ, സാല്മാൻ റുഷ്ദി തുടങ്ങിയ പലർക്കും എതിർപ്പുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. മതവികാരങ്ങളെ വ്രണപ്പെടുത്തും വിധം ഉള്ള ആവിഷ്കാരങ്ങളോട് എതിർപ്പ് ഉണ്ടാകുക സ്വാഭാവികമാണ്. ആവിഷ്കാര സ്വാതന്ത്യത്തിന്റെ പേരിൽ ബോധപൂർവ്വം വ്രണപ്പെടുത്തുവാൻ ശ്രമിക്കുന്ന പ്രവണത അപലപനീയവുമാണ്.

ഇതര മതവിശ്വാസങ്ങളിൽ നിന്നും വിഭിന്നമായി ഹൈന്ദവ പുരാണ-ഇതിഹാസങൾ വ്യാപകമായി തന്നെ സ്വതന്ത്രമായ ആവിഷ്കാരം നടത്തപ്പെട്ടിട്ടുണ്ട്. മഹാഭാരതത്തിനും രാമായണത്തിനും എത്രയോവ്യാഖ്യാനങ്ങൾ പല കാലങ്ങളിൽ പലദേശങ്ങളിൽ പലഭാഷകളിൽ ഇറങ്ങിയിരിക്കുന്നു. മഹാഭാരതത്തെ അധികരിച്ച് പി.ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ, വി.ആർ.ഘണ്ഡ്ത്കറുടെ യയാദി തുടന്ങി നിരവധി ഉദാഹരണങൾ ഉണ്ട്. എം.ടിയുടെ രണ്ടാമൂഴം ഭീമനെ അടർത്തിയെടുത്ത് എഴുതുമ്പോൾ പ്രതിഭാറായി ദ്രൗപതിയെ മുഖ്യകഥാപാത്രമാക്കുന്നു. എം.ടി.കർണനെ കേവലം സൂതപുത്രനാക്കി ചിത്രീകരിക്കുമ്പോൾ പ്രതിഭാറായി, ദ്രൗപതിക്ക് താല്പര്യം കർണ്ണനോടാണ് എന്നാണ് പറഞ്ഞുവെക്കുന്നത്. കുട്ടികൃഷ്ണമാരാർ ഭാരതപര്യടനത്തിൽ ഓരോ സന്ദർഭം/കഥാപാത്രങ്ങളെ പ്രത്യേകം എറ്റുത്ത് എഴുതുന്നു. ആ ഗ്രന്ഥത്തിലെ രണ്ട് അഭിവാദനങ്ങൾ എന്ന ലേഖനം എത്രമാത്രം ഉജ്ജ്വലമാണ് എന്നത് പറയാതെ വയ്യ.

രാവണപുത്രി എന്ന പ്രസിദ്ധമായ കവിതയിൽ വയലാർ രാമവർമ്മ സീതയെ രാവണന്റെ മകളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. വളരെ യുക്തിഭദ്രമായിട്ടാണ് അസുരരാജാവായ രാവണന് വേദവദിയിൽ പിറന്ന പെൺകുഞ്ഞ് സീതയാണെന്ന് പറഞ്ഞു വെക്കുന്നത്. അവളെ ബലമായി പ്രാപിച്ച രാവണനെ എന്നിൽ പിറക്കുന്ന മകൾ ഹേതുവായിട്ടായിരിക്കും നിന്റെ മരണം എന്ന ശാപമാണ് രാവനണന്റെ അന്ത്യത്തിലേക്ക് നയിക്കുന്നതെന്ന് പറയുന്നു. എത്ര മനോഹരമായാണ് രാവണൻ എന്ന പിതാവിന്റെ മനോവ്യാപാരങ്ങൾ വയലാർ ഒരു ശില്പം കണക്കെ കൊത്തിവച്ചിരിക്കുന്നത്. ലങ്കാലക്ഷ്മി എന്ന നാടകത്തിൽ സി.എൻ ശ്രീകണ്ഠൻ നായരുടെ \”ശ്രീജിതനായ\” രാവണനെ സ്ര്‍ഷ്ടിച്ച് കേട്ടതും വായിച്ചതുമായ രാമായണ കഥകളിലെ രാവണനെ പറ്റിയുള്ള സങ്കല്പങ്ങളെ ഉടച്ച് വാർക്കുന്നു. ഇത്തരം വ്യാഖ്യാനങ്ങൾ ഹൈന്ദവ സമൂഹം ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഇവിടെ വിഷയം ഹൈന്ദവ ഇതിഹാസത്തെ പറ്റി തെറ്റിദ്ധാരണ ഉണ്ടാക്കും എന്നത് ആയതിനാൽ മഹാഭാരതം എന്ന പേരു ആ സിനിമക്ക് നൽകുന്നത് അനൗചിത്യം തന്നെയാണ്. ആരെങ്കിലും വയലാറിന്റെ രാവണപുത്രി എന്ന കവിതയോ സി.എൻ. ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മിയോ ചലച്ചിത്രമാക്കുകയും അവയുടെ പേര് രാമായണം എന്നിട്ടാലും ഇതേ എതിർപ്പ് ഉയരും. അത് വയലാറിനോടോ സി. എന്നിനോടോ ഉള്ള രാഷ്ടീയമായ വിയോജിപ്പുകൊണ്ടോ വ്യാഖ്യാനങൾ അംഗീകരിക്കില്ല എന്നതുകൊണ്ടോ അല്ല മറിച്ച് രാമായണം എന്ന പേരിന്റെ പ്രശസ്തി ഉപയോഗിക്കുകയും അതേ സമയം അത് ആദ്യം എഴുതിയവർ മുന്നോട്ട് വച്ച മൂലരൂപത്തിൽ നിന്നും ഉള്ള വ്യതിചലനവുമാണ് പ്രശ്നവൽക്കരിക്കപ്പെടുന്നത്. ആവിഷ്കാര സ്വാതന്ത്യം എന്ന നിലക്ക് ഹൈന്ദവ മാതവുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ ഗ്രനഥങ്ങൾ ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എന്ത് വ്യാഖ്യാനവും ചിത്രീകരണവും ആകാമെന്നും അതിനെ പിന്തുണക്കും എന്ന നിലപാടും സമാനമായ സംഗതികൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ കാര്യത്തിൽ അത് മതവിശ്വസത്തിനു മേലുള്ള കടന്നു കയറ്റമാണ് എന്ന ഇരട്ടത്താപ്പ് നിലപാടു സ്വീകരിക്കുന്ന നവ ഇടതു പക്ഷ നയത്തോട് ഉള്ള എതിർപ്പും ഉയർന്നിട്ടുണ്ട്. മഹാഭാരതം എന്ന പേരിനെ ചൊല്ലി വരാനിരിക്കുന്ന വിവാദത്തിൽ ഉൾപ്പെടെ ഈ ഇരട്ടത്താപ്പിന്റെ അളവ് വർദ്ധിക്കുമ്പോൾ ഹൈന്ദവതക്കും കൂടുതൽ കരുത്താർജ്ജിക്കുവാനുള്ള സാധ്യത വിപുലമാകും.

Avatar

Staff Reporter