മലയാളം ഇ മാഗസിൻ.കോം

ഞാൻ എന്തുകൊണ്ട്‌ രാമലീല കാണും? സുരേഷ്‌ കുമാർ രവീന്ദ്രന്റെ കുറിപ്പ്‌ വൈറലാവുന്നു!

\”രാമലീല\” ബഹിഷ്‌ക്കരിക്കൂ, തീയറ്റർ കത്തിക്കൂ, മിച്ചം വരുന്ന ചാമ്പൽ കാറ്റിൽ പറത്തിക്കളയൂ, ശേഷം ആകാശത്ത് നോക്കി രണ്ടു കൈകളും വിടർത്തി \”യെസ്…ഐ ഡു എക്സിസ്റ്റ്\” എന്ന് പറയൂ…!

ആഹ്വാനങ്ങൾ പൊടി പൊടിയ്ക്കുന്നു, വെല്ലുവിളികൾ എട്ടു ദിക്കും മുഴങ്ങുന്നു, യുദ്ധമാണത്രെ കൊടും \’ജുദ്ധം\’! ഇങ്ങനെയൊക്കെ വാദം മുഴക്കുന്നതിലൂടെ, പ്രതികാരദാഹം അറിയിക്കുന്നതിലൂടെ ഇവർ എന്താണ് ഉദ്ദേശിക്കുന്നത്? ലളിതമായി പറഞ്ഞാൽ, ഈ പറയുന്ന റിവഞ്ച് മന്നന്മാർ ദിലീപ് എന്ന നടനെ അതിലുമുപരി ഒരു വ്യക്തിയായി കണ്ട്, ആ വ്യക്തിത്വത്തിൽ മതിമറന്ന് ആഘോഷിച്ച്, പ്രതീക്ഷകൾ വച്ചു പുലർത്തിയാണ് ഇത്രയും കാലം അങ്ങേരുടെ സിനിമകൾ കണ്ടത്. സിനിമ തീരുമ്പോൾ പുള്ളിക്കാരൻ സ്‌ക്രീനിൽ നിന്നും വെളിയിൽ ഇറങ്ങി വന്ന് എല്ലാവർക്കും ഓരോ കുപ്പി നന്മമരുന്ന് തരും എന്നും ആഗ്രഹിച്ചു, കഴിയുമെങ്കിൽ ഒപ്പം കുറച്ച് കാശും. പക്ഷെ ഇപ്പൊ എന്താ സംഭവിച്ചത്?

നൂറോ, നൂറ്റമ്പതോ, ഇരുനൂറോ, മുന്നൂറോ കൊടുത്ത് തീയറ്ററിന്റെ വാതിൽ കടന്ന് ഉള്ളിൽ കയറുമ്പോൾ സ്‌ക്രീനിൽ നമ്മളെ ചിരിപ്പിക്കാനും, കരയിപ്പിക്കാനും, ചിന്തിപ്പിക്കാനുമൊക്കെ കുറേ തൊഴിലാളികൾ നിരന്നു നിൽക്കുന്നു, അതല്ലേ സത്യം, അത് മാത്രമല്ലേ സത്യം? വിനോദ നികുതി എന്നാൽ നമ്മളെ രസിപ്പിക്കുന്നതിന് നമ്മൾ കൊടുക്കുന്ന നികുതി, അത്രേയുള്ളൂ. സർക്കസ്സ് കാണാൻ വേണ്ടി ടിക്കറ്റ് എടുക്കുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നത് രണ്ടു മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന രസകരമായ കായികപ്രകടനങ്ങൾ, ജോക്കറും ട്രപ്പീസ് കളിക്കാരും മൃഗങ്ങളും ഒക്കെ അടങ്ങുന്ന ഒരു വലിയ കളി. അതിനും മേലെ അവരുടെയൊക്കെ സ്വഭാവ സർട്ടിഫിക്കറ്റ് ആരും ചോദിക്കാറില്ല. അത്ര മാത്രം പ്രാധാന്യം കൊടുത്താൽ പോരേ സിനിമയ്ക്കും, അതിലെ താരങ്ങൾക്കും?

ഇവിടെ \”രാമലീല\” എന്ന സിനിമ ബഹിഷ്‌ക്കരിക്കാനും, വ്യാജ സീഡിക്കാരോട് അത് ഡൗൺലോഡ് ചെയ്ത് ആർമ്മാദിക്കാനും ആഹ്വാനം ചെയ്യുന്നവർ ഒരു തരത്തിൽ പറഞ്ഞാൽ ദിലീപ് എന്ന നടനെ ഹൃദയത്തിൽ കൊണ്ടു നടക്കുന്നവരാണ്, സത്യം! നടൻ, സിനിമ എന്നീ ഘടകങ്ങൾക്കുമുപരി അവരുടെ പ്രതീക്ഷകൾക്കു മേൽ ദിലീപ് എന്ന വ്യക്തി കരിനിഴൽ വീഴ്ത്തിയതാണ്, അല്ലെങ്കിൽ അങ്ങനെ വീഴ്ത്തി എന്ന് കേരളാ പോലീസും, കോടതിയും പറഞ്ഞതാണ് ഇത്തരക്കാരുടെ അടങ്ങാത്ത രോഷത്തിനു കാരണം. അല്ലാതെ ദിലീപിനെ ഒരു സാധാരണ സിനിമാ നടനായിട്ടാണ് ഇവർ കാണുന്നതെങ്കിൽ ഇത്തരത്തിൽ ഒരു ആഹ്വാനങ്ങളും ഇവിടെ ഉണ്ടാകില്ലായിരുന്നു. സത്യൻ, നസീർ (ആ സാന്നിധ്യം), പി.ജെ.ആന്റണി, ഗോപി, ബാലൻ.കെ.നായർ, മമ്മൂട്ടി, മോഹൻലാൽ, തിലകൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, ഇന്നസെന്റ്, കരമന ജനാർദ്ദനൻ നായർ, മുരളി, (ലിസ്റ്റ് തികച്ചും അപൂർണ്ണമാണ്‌. ഇനിയുമുണ്ട് നൂറുകണക്കിന് നടന്മാർ. സ്ഥലം തികയാത്തതു കൊണ്ട് പറഞ്ഞില്ല എന്നേയുള്ളൂ. ആയതിനാൽ, പാപ്പിനിശ്ശേരി തങ്കപ്പന്റെ പേര് എവിടെ എന്നും ചോദിച്ചു കൊണ്ട് വരല്ലേ, പ്ലീസ്)

എന്നിങ്ങനെ ഒരു പറ്റം കലാകാരന്മാരല്ലാതെ ഇവിടെ വേറെ ആരുണ്ട് മലയാള സിനിമയ്ക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത, അല്ലെങ്കിൽ കൊട്ടക്കണക്കിന് സംഭാവനകൾ നൽകിയ മഹാനടനെന്നു പറയാൻ? അർഹതയില്ലാത്തവരെ വാഴ്ത്തിയതും, കൊന്നതുമൊക്കെ ഞാൻ (മലയാളി) തന്നെയാണ്. സ്റ്റാൻഡപ്പ് കോമഡി അവതരിപ്പിച്ച് നമ്മളെ ഇക്കിളികൂട്ടി ചിരിപ്പിച്ചതിനുമപ്പുറം ഒരു പിണ്ണാക്കും ചെയ്യാൻ കഴിയാത്ത പലരെയും എടുത്ത് തലയ്ക്കും മുകളിൽ ചുമന്ന് നടന്നതും ചാപ്പാ നീ തന്നെ. എന്നിട്ട് ഇപ്പോഴെന്തിനാണ് ഇങ്ങനെയൊരു തുപ്പൽ നാടകം, അതും മലർന്നു കിടന്നിട്ട്?

ഞാൻ \”രാമലീല\”യെ സപ്പോർട്ട് ചെയ്യുന്നത് എന്റെ പ്രിയ സുഹൃത്ത് അരുൺ ഗോപി അതിന്റെ സംവിധായകനാണ് എന്ന ഘടകം കൊണ്ടു തന്നെയാണ്. അരുൺ ഒഴിച്ച് ബാക്കി എല്ലാവരും പീഡനക്കേസിൽ പ്രതികളായി, ജയിലിലെത്തിയാലും ഞാൻ ആ സിനിമ കാണും, അരുണിന് വേണ്ടി മാത്രം. കണ്ട് ഇഷ്ടപ്പെട്ടാൽ, നാലല്ല നാൽപ്പതല്ല എന്റെ നാവിന് താങ്ങുന്ന അത്രയും എണ്ണം നാട്ടുകാരോട് നല്ലത് പറയുകയും ചെയ്യും. ദിലീപും, കിലീപും ഒന്നുമല്ല എന്റെ വിഷയം. സൗഹൃദം, അതൊന്നു തന്നെയാണ് ഏറ്റവും പ്രധാനം.

പ്രശസ്ത സാഹിത്യകാരൻ ശ്രീ.ജയമോഹൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു, \”സിനിമയായാലും, രാഷ്ട്രീയമായാലും, 20 വർഷങ്ങൾക്കു മുൻപുള്ള തമിഴ്‌നാടിന്റെ അവസ്ഥയാണ് ഇപ്പോൾ കേരളത്തിന്റേത്\” എന്ന്! സത്യം ജയമോഹൻ സാർ, നഗ്ന സത്യം…

#എന്റെയുക്തിയ്ക്കൊപ്പം… അത്രേ പറ്റൂ…

സുരേഷ്കുമാർ രവീന്ദ്രൻ, സിനിമാ നിരൂപകൻ

Content Editor

Content Editor