\’ഞാൻ പി.ഐ.മുഹമ്മദ്കുട്ടി. മഞ്ചേരിയിൽ അഡ്വക്കറ്റാണ്. ഈ സിനിമയിൽ സഖാവ് പാപ്പച്ചന്റെ റോളിൽ അഭിനയിക്കുന്നത് ഞാനാണ്.\’ ബ്രേക്ക് സമയത്ത് കടന്നുവന്ന ചെറുപ്പക്കാരൻ സ്വയം പരിചയപ്പെടുത്തി. എം.ടി.വാസുദേവൻ നായർ സംവിധാനം ചെയ്ത \’ദേവലോക\’ത്തിന്റെ സെറ്റിലാണ് സംഭവം. ഞാൻ ആ ചെറുപ്പക്കാരന് ഷേയ്ക്ഖാൻഡ് നൽകി. ആദ്യമായിട്ടാണ് മുഹമ്മദ്കുട്ടി കാമറയ്ക്കു മുമ്പിലെത്തുന്നത്. എന്നിട്ടും അതിന്റെയൊരു പരിഭ്രമവും ആ മുഖത്തുണ്ടായില്ല. നായകൻ പോലും ഡയലോഗ് തെറ്റിച്ചപ്പോൾ മുഹമ്മദ്കുട്ടി ശ്രദ്ധയോടെയാണ് അഭിനയിച്ചത്. പക്ഷേ ആ സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പക്ഷെ ആ നടൻ വളർന്നാണ് മലയാളത്തിന്റെ മെഗാതാരമായ മമ്മൂട്ടിയായി മാറിയത്.
പിന്നീട് മമ്മൂട്ടിയെ കാണുന്നത് ആസാദിന്റെ \’വിൽക്കാനുണ്ട് സ്വപ്നങ്ങളു\’ടെ സെറ്റിലാണ്. അതിലും ചെറിയ റോളായിരുന്നു. അത് റിലീസാവുന്നതിനു മുമ്പാണ് കെ.ജി.ജോർജിന്റെ \’മേള ആരംഭിച്ചത്. അവിടെ വച്ചാണ് മമ്മൂട്ടിയുമായി കൂടുതൽ അടുക്കുന്നത്. നടൻ ശ്രീനിവാസന്റെ ശിപാർശയിലാണ് അയാൾ \’മേള\’യുടെ ലൊക്കേഷനിലെത്തിയത്.
സർക്കസ് പശ്ചാത്തലത്തിലുള്ള പ്രമേയമായിരുന്നു മേളയുടേത്. എറണാകുളത്ത് തമ്പടിച്ചിരുന്ന റെയ്മണ്ട് സർക്കസിൽ വച്ചാണ് അഭ്യാസപ്രകടനങ്ങൾ ചിത്രീകരിച്ചത്.
\’ബൈക്ക് ജമ്പറായി അഭിനയിക്കാൻ പറ്റുമോ മമ്മൂട്ടിക്ക്?\’
അഭിനയമോഹം കൊണ്ടായിരിക്കണം, കെ.ജി.ജോർജ്ജ് പറഞ്ഞപ്പോഴേക്കും അയാൾ സമ്മതിച്ചു. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. കാരണം സർക്കസുകാരുടെ ബൈക്ക് പ്രത്യേക തരത്തിലുള്ളതായിരുന്നു. പല പാർട്ട്സും ഇളക്കിമാറ്റി ബെല്ലും ബ്രേക്കുമില്ലാത്ത ബൈക്കാണത്. ബൈക്കിൽ അനായാസമായി കറങ്ങുന്നതിനിടയിൽ ഹെൽമെറ്റുയർത്തി നായകനോടു സംസാരിക്കുന്നതാണ് സീൻ. ഒരു ദിവസം മുഴുവൻ പരിശ്രമിച്ചിട്ടും ഞങ്ങൾക്കാ സീൻ എടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ബൈക്കിലുള്ള അഭ്യാസം മമ്മൂട്ടിയെക്കൊണ്ട് ചെയ്യിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. മമ്മൂട്ടി ഹെൽമെറ്റ് വച്ച് ബൈക്കിലിരിക്കുന്നതും സ്റ്റാർട്ട് ചെയ്യുന്നതുമായ ഷോട്ടുകളെടുത്തു. ബൈക്കിലുള്ള അഭ്യാസങ്ങൾ മുഴുവൻ ഡ്യൂപ്പുകളെ വച്ചാണ് ചിത്രീകരിച്ചത്.
ദേവലോകം പൂർത്തിയാവത്തതിലും വിൽക്കാനുണ്ട് സ്വപ്നങ്ങൾ റിലീസ് വൈകുന്നതിലും മമ്മൂട്ടിക്ക് സങ്കടമുണ്ടായിരുന്നു. ഇക്കാര്യം അയാൾ ഞങ്ങളോടും പറഞ്ഞു. \’മേള\’യുടെ എറണാകുളത്തെ ഷൂട്ടിംഗിനിടെ ഒരു ദിവസം മമ്മൂട്ടി ഞാനും കെ.ജി.ജോർജും ഇരിക്കുന്നിടത്തേക്കുവന്നു.
\”രണ്ടു സിനിമകളും തിയറ്ററിലെത്താത്തതുകൊണ്ട് ഈ സിനിമയിൽ അഭിനയിക്കുന്ന കാര്യം പറഞ്ഞപ്പോൾ ഭാര്യ വിശ്വസിച്ചിട്ടില്ല. ഞാൻ അഭിനയിക്കുന്നത് സുലുവിനെ ബോധ്യപ്പെടുത്തണമെന്നുണ്ട്. നാളെ അവളെ ഷൂട്ടിംഗ് കാണിക്കാൻ കൊണ്ടുവന്നോട്ടേ സാർ?\’ മമ്മൂട്ടിയുടെ ആഗ്രഹം സംവിധായകൻ സമ്മതിച്ചു. പിറ്റേ ദിവസം വീട്ടിൽപോയി ഭാര്യയെയും കൂട്ടിയാണ് മമ്മൂട്ടി ലൊക്കേഷനിലെത്തിയത്. നേരിട്ടുകണ്ടപ്പോൾ സുലു വിശ്വസിക്കുകയും ചെയ്തു.
\’മേള\’യിൽ സർക്കസ് മാനേജരായി അഭിനയിക്കാൻ ഒരാളെ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോൾ മമ്മൂട്ടി നിർദ്ദേശിച്ചത് ഏറ്റവുമടുത്ത കൂട്ടുകാരനായ ഷറഫിനെയായിരുന്നു. ഷറഫ് അക്കാലത്ത് ഒരുപാടു സിനിമകളിൽ അഭിനയിച്ചിരുന്നു. ആളെക്കണ്ടപ്പോൾ സംവിധായകനും ഇഷ്ടപ്പെട്ടു. ചെറിയ ചെറിയ സംഘട്ടനസീനുകൾ മാത്രമാണ് മേളയിലുണ്ടായിരുന്നത്. അതിനാൽ ഫൈറ്റ്മാസ്റ്റർ ഉണ്ടായിരുന്നില്ല. സംഘട്ടനം സംവിധാനം ചെയ്തതും ഞാനായിരുന്നു. മമ്മൂട്ടിയും ഷെറഫും തമ്മിലുള്ള സംഘട്ടനരംഗമെടുക്കുമ്പോൾ ഞാൻ അഭിനയിച്ചു കാണിച്ചുകൊടുത്തു.
മമ്മൂട്ടി ഷെറഫിന്റെ വയറ്റത്തിടിക്കുന്നതു പോലെ കാണിക്കണം. അതു കഴിഞ്ഞ് ഷെറഫ് കുനിഞ്ഞാൽ മുട്ടുകൊണ്ട് മുഖത്തിടിക്കണം. അതായിരുന്നു സീൻ. അതുപോലെത്തന്നെ ചെയ്തപ്പോൾ മൂക്കിനുള്ള ഇടിക്ക് ശക്തി കൂടിപ്പോയി. ഷെറഫിന്റെ മൂക്കിൽ നിന്നു ചോരവന്നു. രക്തം കണ്ടപ്പോൾ ഷെറഫ് ബോധംകെട്ടു വീഴുകയും ചെയ്തു. അപ്പോൾത്തന്നെ ഷെറഫിനെ ആശുപത്രിയിലെത്തിച്ചു. ഇതോടെ മമ്മൂട്ടി അസ്വസ്ഥനായി. സിനിമയിൽ അഭിനയിപ്പിക്കാൻ കൊണ്ടുവന്ന സ്വന്തം കൂട്ടുകാരനാണിതു സംഭവിച്ചത്. ഷെറഫിന്റെ മൂക്ക് പിന്നീട് ഓപ്പറേഷൻ ചെയ്താണ് ശരിയാക്കിയത്. ഷെറഫ് പിന്നീട് അഭിനയം നിർത്തി ഗൾഫിലേക്കു പോയി. ഇടയ്ക്ക് നാട്ടിലേക്ക് വരുമ്പോൾ ഷറഫിന് വേണ്ടി പല സിനിമകളിലും മമ്മൂട്ടി ശിപാർശ ചെയ്യാറുണ്ട്. ആ സൗഹൃദം മാറ്റുകുറയാതെ ഇപ്പോഴും സൂക്ഷിക്കുന്നു.
രാമചന്ദ്രബാബു (ഛായാഗ്രാഹകൻ)