19
November, 2017
Sunday
07:56 PM
banner
banner
banner

ചില ഭർത്താക്കന്മാർ ഇങ്ങനെയാണ്‌, ഭാര്യമാർ അത്‌ മനസിലാക്കുമ്പോഴേക്കും വൈകിപ്പോകുമെന്ന് മാത്രം!

ഇന്നും അയാൾ ജോലിക്കു ഇറങ്ങുമ്പോൾ ഭാര്യയോട് പറഞ്ഞു… അമ്മയ്ക്ക് മരുന്ന് കൊടുക്കാൻ മറക്കണ്ട..
അത് കേട്ടപ്പോൾ ഇന്ന് അവൾക്ക് പതിവില്ലാത്തവണ്ണം ദേഷ്യം വന്നു…
രണ്ടു ദിവസമായി ഞാനിവിടെ പനി പിടിച്ചിരിക്കുന്നു..ചെറിയ പനിയാണങ്കിലും… എന്താ കുറഞ്ഞോ.. ? മരുന്ന് കഴിച്ചോ എന്നൊന്നും എന്നോട് ചോദിച്ചിട്ടില്ല… അതിനു ഞാൻ എല്ലാം തയ്യാറാക്കി സമയത്ത് റെഡിയാക്കി കൊടുക്കുന്നുണ്ടല്ലോ… പിന്നെ എന്തിനു ചോദിക്കണം… അവൾ പിറുപിറുക്കി കൊണ്ട് അടുക്കളയിലേക്ക് പോയി…

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു… ആരുമില്ലാത്തപോലെ അവൾക്ക് തോന്നി… എത്ര വയ്യാണ്ടായാലും ചെയ്യേണ്ട പണികൾ മുഴുവൻ അവൾ എടുക്കും…
നിനക്കു വയ്യെങ്കിൽ ഇന്ന് അലക്കണ്ട നാളെ അലക്കിയാൽ മതിയെന്നു ഭർത്താവ് മൊഴിഞ്ഞാലും അവൾ അതൊക്കെ ചെയ്യും… കാരണം ഇന്ന് എടുക്കാത്തതിന്റെ ഇരട്ടി നാളെ അവൾ ചെയ്യേണ്ടി വരും എന്ന തിരിച്ചറിവ്…
എത്രയോ ഭർത്താക്കന്മാർ ഭാര്യമാരെ സഹായിക്കുന്ന കഥകൾ കേൾക്കുമ്പോൾ കൊതിയാകും..
ഇവിടെയുള്ള ഒരാൾക്ക് ഏതെങ്കിലും ഒരു കറി… പോട്ടെ ഒരു ചായ….. കിട്ടില്ല ഈ ജന്മത്ത്….
അവൾ നെടുവീർപ്പിട്ടുകൊണ്ട് അമ്മക്ക് മരുന്ന് എടുത്ത് കൊടുക്കാൻ പോയി….

അമ്മയ്ക്ക് ഇപ്പോൾ തീരെ ഓർമയില്ലാത്ത കാരണമാണ് അവളെ മരുന്ന് കൊടുക്കാൻ അയാൾ ഏല്പിച്ചത്… അമ്മയെന്ന് വച്ചാൽ അയാൾക്ക് ജീവൻ ആണ്… അത് അവളെ ചിലപ്പോഴൊക്കെ ദേഷ്യപെടുത്താറുമുണ്ട്…
നിങ്ങൾക്ക് എന്നെക്കാളും ഇഷ്ടം നിങ്ങളുടെ അമ്മയെയാണെന്ന് എനിക്കറിയാം….
ഇത്‌ അവളുടെ സ്ഥിരം ഡയലോഗ് ആണ്… അതിനയാൾ മറുപടി ‘അതെ ‘ എന്ന് ഒതുക്കും…
ജോലി കഴിഞ്ഞു എത്തുമ്പോൾ 9 മണിയാകും…അപ്പോഴും അയാൾ അമ്മയുടെ റൂമിൽ കയറി അമ്മയുടെ അടുത്തിരുന്ന് സംസാരിച്ചതിന് ശേഷമേ മക്കളോട് പോലും സംസാരിക്കാൻ വരു… പിന്നെ അയാൾ രണ്ടു മക്കളോടും സംസാരിച്ചിരിക്കും… അവളോടും അയാൾ നല്ല മൃദുവായി തന്നെയേ സംസാരികുമായിരുന്നുള്ളു…

പക്ഷെ അവൾക്കതൊന്നും പോരായിരുന്നു…. നിങ്ങൾ ഒട്ടും റൊമാന്റിക് അല്ല എന്ന് അവൾ എത്രയോ വട്ടം പറഞ്ഞിരിക്കുന്നു… വീട്ടിൽ ഒട്ടും പണിയെടുക്കാത്തവൻ എന്നും പറഞ്ഞു അയാളെ ഇടക്കിടെ കുത്തുമായിരുന്നു… അയാൾ അതെല്ലാം ഒരു ചിരിയിൽ ഒതുക്കും….
അമ്മയുടെ മൂന്നാമത്തെ മകനാണ്… ഭാഗം വെച്ചു പിരിഞ്ഞപ്പോൾ അമ്മയെ മൂത്ത ചേട്ടന്മാർക് വേണ്ട… ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടും അമ്മയെയും അയാൾ സന്തോഷത്തോടെ ഏറ്റെടുത്തു… അയാൾക്ക് 2 ആൺമക്കൾ ആണ്.. ബാധ്യതകൾ ഒന്നുമില്ല എന്ന് ഏട്ടന്മാരുടെ കണ്ടെത്തൽ… അപ്പോഴും അയാൾ ചിരിച്ചു… നിങ്ങൾ എനിക്ക് അമ്മയെ തന്നല്ലോ അതുമതി… അതായിരുന്നു അയാൾ….

രാത്രി ഏറെ വൈകീട്ടും അയാളെ കാണാതായപ്പോൾ അവൾ പേടിച്ചു.. അതെ സമയം തന്നെ ഒരു ഓട്ടോ വന്നു നിന്നു…
അയാൾക്കൊപ്പം 2 പേരും കൂടി ഉണ്ട്… അപ്പോഴാണ് അവൾ അയാളുടെ കാലിൽ ഒരു കെട്ട് കണ്ടത്…
അവൾ അയാൾക്കരികിലേക്ക് ഓടി ചെന്നു…
പേടിക്കേണ്ട ചേച്ചി…. ഷോപ്പ് അടുക്കുന്ന നേരത്തു ഗ്ലാസ് കൊണ്ടതാ… ഗ്ലാസ് കട്ടർ എടുത്തു വയ്ക്കാൻ പോയതാ… അപ്പോഴാ തട്ടിയത്… 3 സ്റ്റിച് ഉണ്ട്… ഒരാഴ്ച റസ്റ്റ് എടുക്കട്ടേ… ഞങ്ങൾ പോകട്ടെ ചേട്ടാ…

അവർ തിരിച്ചു പോകുമ്പോഴേക്കും അയാൾ പടികൾ കയറി അമ്മയുടെ റൂമിലേക്കു പോകുന്നത് അവൾ കണ്ടു…
പിറ്റേദിവസം മുതൽ അമ്മയ്ക്ക് മരുന്ന് കൊടുക്കാനും ഭക്ഷണം കൊടുക്കാനും അയാൾ തന്നെ മുൻപോട്ട് വന്നു… അമ്മയുടെ അടുത്ത് ചെന്നിരുന്ന് പത്രം വായിച്ചു കൊടുക്കാനും അയാൾ ഒരുപാട് ഉത്സാഹം കാണിക്കുന്നതായി അവൾക്ക് തോന്നി…
ഇങ്ങനെയുള്ള ഒരു മകൻ ഏത് അമ്മയുടെയും ഭാഗ്യമല്ലേ…
അന്ന് രാത്രി കിടക്കുമ്പോൾ കുട്ടികൾ ഉറങ്ങിയെന്നു കണ്ട അവൾ ഭർത്താവിന്റെ അരികിൽ ചെന്നു കിടന്നു.. അയാൾ അവളുടെ നെറ്റിയിൽ മൃദുവായി തലോടി..
നീ ഈ വീട്ടിൽ ഒരുപാട് കഷ്ട്ടപെടുന്നുണ്ടെന്നു എനിക്കറിയാം… ഞാൻ ഇപ്പോൾ വീട്ടിൽ ഇരുന്നപ്പോൾ നിന്റെ ഉച്ചയുറക്കം പോലും നഷ്ടപെട്ടുലെ..
അത് സാരമില്ല ഏട്ടാ… അതൊന്നും എനിക്ക് കുഴപ്പമില്ല… പക്ഷെ സ്നേഹത്തോടെയുള്ള ഒരു വാക്ക്… അത് മാത്രം മതി.. നിങ്ങളുടെ അമ്മയെ സ്നേഹിക്കുന്നില്ലേ.. അതു പോലെ..

അത് കേട്ടതും അയാൾ ചിരിച്ചു… അത് കണ്ടവൾക്ക് ദേഷ്യം വന്നെങ്കിലും അവൾ അത് പുറത്തു കാട്ടിയില്ല..
എടി.. എനിക്ക് അമ്മ മാത്രമല്ല നീയും മക്കളും പ്രിയപ്പെട്ടതാണ്… പക്ഷെ അവരൊക്കെ ഇനി എത്ര നാൾ ഉണ്ടാകും… കണ്ണും കാതും കേൾക്കാത്ത അവരെയൊക്കെ നമ്മൾ ഒറ്റപെടുത്തിയാൽ ഏത് ദൈവം നമ്മളോട് പൊറുക്കും… ജീവിച്ചിരിക്കുമ്പോൾ കൊടുക്കാത്ത സ്നേഹം മരിച്ചു കഴിഞ്ഞിട്ട് എന്തിനാ..?
നമ്മുക്ക് ഇനിയും കിടക്കുന്നുണ്ടല്ലോ ജീവിതം …നമ്മുടെ മക്കളും ഇതൊക്കെയല്ലേ കണ്ടുപഠിക്കേണ്ടത്..

അവൾ അയാളുടെ മാറിലേക്ക് ചാഞ്ഞു.. .അവളുടെ കണ്ണു നീരിന്റെ ചൂട് അയാളുടെ നെഞ്ചിലൂടെ ഒലിച്ചിറങ്ങി …അത് ഒരു പശ്ചാത്താപത്തിൻ ചൂടാണെന്നറിഞ്ഞ അയാളുടെ ഉള്ളിൽ ഒരു സന്തോഷത്തിൻ വെളിച്ചം വീശി…
പിറ്റേ ദിവസം അവൾ… അയാൾ പറഞ്ഞ പ്രകാരം…. അയാൾ ജോലി ചെയ്യുന്ന പെയിന്റ് ഷോപ്പിലേക് ശമ്പളം വാങ്ങാനായി പോയി…
അവിടെ ചെന്ന അവളോട് അയാളുടെ അസുഖ വിവരം അനേഷിച്ച ശേഷം മുതലാളി അവൾക്ക് ശമ്പളം കൊടുത്തു. ..
അതു വാങ്ങി തിരികെ നടക്കുമ്പോൾ മുതലാളി നിൽക്കാൻ പറയുന്നത് അവൾ കേട്ടു.. ..
ദാ ഈ കവർ കൂടിയും ഉണ്ട് …
എന്താ ഇതിൽ എന്ന അർത്ഥത്തിൽ അവൾ മുതലാളിയെ നോക്കി. ..

ഈ കവറിൽ ഉള്ളത് അവൻ ഇവിടെ ഇറക്കി വയ്ക്കുന്ന പെയിന്റ് സാധനങ്ങളുടെ ഇറക്കു കൂലി… ഇവിടെ 7 മണിക്ക് കണക്കുകൾ ക്ലോസ് ചെയ്യും. ബാക്കി സമയങ്ങളിൽ ഇവിടെ വരുന്ന പെയിന്റ് വണ്ടികളിൽ നിന്ന് അവനും മറ്റു രണ്ടുപേരും ചേർന്ന് ഇതെല്ലാം ഇറക്കി വയ്ക്കും… അന്ന് അങ്ങനെ ഗ്ലാസ് ഇറക്കുമ്പോഴാ അവന്റെ കാൽ മുറിഞ്ഞത്.. അതിന്റെയെല്ലാം കൂലിയാണ് ഈ കാശ്…
മുതലാളിയുടെ വാക്കുകൾ അവളിൽ ഒരു നടുക്കം ഉണ്ടാക്കി… അത് ഒരു പുതിയ അറിവായിരുന്നു അവൾക്ക്. …
ഇത്രക്ക് രാപകലോളം കഷ്ട്ടപ്പെടുന്ന ഭർത്താവിനെയാണോ താൻ ഇത്ര നാളും കുറ്റപ്പെടുത്തിയത് മനസ്സ് കൊണ്ടെങ്കിലും.. …
വീട്ടുപണിയിൽ സഹായിക്കുന്നില്ല എന്നുപറഞ്ഞു വേദനിപ്പിച്ചിരുന്നത്…

തന്റെ വീട്ടുപണികൾ ഉച്ചക്ക് കഴിഞ്ഞാൽ തനിക്കെന്താണ് ജോലി …ഉറക്കം 5 മണി വരെ ….
കാലത്തെ ആ തിക്കും തിരക്കും.. ..കഴിഞ്ഞാൽ ഞാൻ വെറുതെ ഇരിക്കല്ലേ. …
ഈശ്വരാ… .ഞാൻ എന്തു ക്രൂരയാണ് ..അവളുടെ നെഞ്ചിലൊരു ഭാരം അനുഭവപെട്ടു.. പിന്നെ അവൾ അതിവേഗം നടന്നു…..
മനസ്സ് കുതിച്ചു പാഞ്ഞു.
അയാൾക്കരികിൽ എത്താൻ …
ആ കാലിൽ വീണ് മാപ്പ് പറയാൻ….. തന്റെ ഭർത്താവിനെ മനസ്സിലാക്കാൻ തനിക്ക് ആയില്ല…
എല്ലാ ഭർത്താക്കന്മാരും ഒരുപോലെയാവില്ല എന്ന സത്യം ഉൾക്കൊണ്ട് കൊണ്ട് തന്നെ…. അവൾ പടികൾ കയറി… താൻ കാണാത്ത ആ മനോഹര ജീവിതത്തിലേക്ക്…..

രാഖി പ്രമോദ്‌

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments