മലയാളം ഇ മാഗസിൻ.കോം

സംവിധായകൻ ചാൻസ്‌ തരാതെ ഒഴിവാക്കിയതിൽ മനസു നൊന്ത്‌ ജീവനൊ ടുക്കാൻ പോയ നടൻ, പക്ഷെ ഇന്നയാൾ ആരെന്നറിയാമോ?

സിനിമാ മോഹവുമായി സംവിധായകരുടെ വീട്ടു പടിക്കലും ഷൂട്ടിംഗ്‌ സെറ്റുകളിലും ചാൻസ്‌ ചോദിച്ചു നടക്കുന്ന നടന്മാരുടെ ഒരു കാലം മലയാള സിനിമയ്ക്ക്‌ ഉണ്ടായിരുന്നു. ഇന്ന് വീട്ടിൽ വന്ന് വിളിച്ചുകൊണ്ടു പോയി സിനിമയിൽ അഭിനയിപ്പിക്കും. ഒരു ഡിജിറ്റൽ ക്യാമറ ഉണ്ടെങ്കിൽ ഇന്ന് സിനിമയായി.

എന്നാൽ സുധീർ കുമാർ എന്ന അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ഒരു നടൻ ഒരിക്കൽ പ്രശസ്ത സംവിധായകൻ ശ്രീകുമാരൻ തമ്പിയുടെ വീട്ടിൽ അവസരം ചോദിച്ച്‌ എത്തി. സുധീർ കുമാറിന്റെ രൂപവും ഭാവവും ഒട്ടും ഇഷ്ടപ്പെടാതിരുന്ന ശ്രീകുമാരൻ തമ്പി പറഞ്ഞു ‘നസീറും സത്യനും മധുവുമൊക്കെ കൊടികുത്തി വാഴുന്ന മലയാളത്തിൽ താൻ എന്ത്‌ ചെയ്യാനാ, ഒരു പിണ്ണാക്കും ചെയ്യാൻ പറ്റില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിട്ടൊന്നും ഇവിടെ ഒരു നടനും ഉണ്ടായിട്ടില്ല.’

പരിഹാസം കേട്ട്‌ മനസു തകർന്ന സുധീർ ചെന്നൈ അണ്ണാനഗർ ബസ്റ്റോപ്പിൽ നിന്ന് പൊട്ടി പൊട്ടി കരഞ്ഞു. പക്ഷെ അന്ന് തന്നെ അധികം താമസിക്കാതെ സുധീറിനെ തേടി ശ്രീകുമാരൻ തമ്പിയുടെ ഫോൺ കോൾ എത്തി. ‘നാളെ ഷൂട്ടിംഗ്‌ സെറ്റിൽ വരണം ഒരു ചെറിയ വേഷമുണ്ട്‌’ അങ്ങനെ മോഹിനിയാട്ടം എന്ന സിനിമയിൽ സുധീർ കുമാർ ആദ്യമായി അഭിനയിച്ചു.

മോഹിനിയാട്ടം റിലീസ്‌ ചെയ്തിട്ട്‌ 45 വർഷം പൂർത്തിയാകുന്നു. സംവിധായകന്റെ പരിഹാസം കേട്ട്‌ ട്രെയിനിനു തല വയ്ക്കാതെ 45 വർഷക്കാലമത്രയും സിനിമയിൽ സജീവമായി നിന്ന, നടനും നിർമ്മാതാവുമൊക്കെയായ ആ സുധീർ കുമാറാണ് ബാലചന്ദ്രമേനോന്റെ മണിയൻ പിള്ള അഥവാ മണിയൻ പിള്ളയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച സാക്ഷാൽ മണിയൻ പിള്ള രാജു.

വർഷങ്ങൾക്ക്‌ ശേഷം മണിയൻ പിള്ള രാജു തന്നെ ശ്രീകുമാരൻ തമ്പിയോട്‌ ചോദിച്ചു ‘മുഖം കൊള്ളില്ല നാട്ടിലേക്ക്‌ പൊയ്ക്കോ എന്നു ക്രൂരമായി പറഞ്ഞ സാർ തന്നെ എന്നെ മണിക്കൂറുകൾക്കകം തിരിച്ചു വിളിച്ചത്‌ എന്തുകൊണ്ടായിരുന്നു?’ അപ്പോൾ ശ്രീകുമാരൻ തമ്പി ചിരിച്ചുകൊണ്ട്‌ പറഞ്ഞു ‘അന്ന് താൻ വീട്ടിൽ നിന്നിറങ്ങി ബസ്‌ സ്റ്റോപ്പിൽ നിന്ന് പൊട്ടിക്കരയുന്നത്‌ എന്റെ ഭാര്യ വീട്ടിന്റെ രണ്ടാം നിലയിൽ നിന്ന് കണ്ടിട്ട്‌ എന്നോട്‌ വന്നു പറഞ്ഞു ചാൻസ്‌ ചോദിച്ചു വരുന്നവരോട്‌ ഇത്ര ക്രൂരമായി പെരുമാറരുത്‌.

ബസ്റ്റോപ്പിൽ നിന്ന് പൊട്ടിക്കരയുന്ന ആ പാവം ഇന്ന് കോടമ്പാക്കത്ത്‌ ഏതെങ്കിലും ട്രെയിനിന് തല വെയ്ക്കും, ഇത്‌ കേട്ട്‌ പേടിച്ച ഞാൻ താൻ ചാവാതിരിക്കാനായി സിനിമയിൽ തനിക്കുവേണ്ടി ഒരു പുതിയ സീൻ എഴുതി ചേർക്കുകയായിരുന്നു’ ആയിരം വാതിലുകൾ അടയുമ്പോഴും ദൈവം തുറക്കുന്ന ഒരു വാതിൽ അന്ന് തുറന്നത്‌ തമ്പി സാറിന്റെ ഭാര്യ ആയിരുന്നുവെന്ന് മണിയൻ പിള്ള രാജു നന്ദിയോടെ ഓർക്കുന്നു.

PLEASE WATCH THIS VIDEO ALSO

Avatar

Priya Parvathi

Priya Parvathi | Staff Reporter