മലയാളം ഇ മാഗസിൻ.കോം

നടനും നർത്തകനും താരാ കല്യാണിന്റെ ഭർത്താവുമായ രാജാറാം അന്തരിച്ചു

നര്‍ത്തകനും ടെലിവിഷൻ അവതാരകനും നടി താരാ കല്യാണിന്റെ ഭര്‍ത്താവുമായ രാജാറാം അന്തരിച്ചു. ഡെങ്കിപ്പനി ബാധിച്ച് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. വെന്റിലറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് രാജാറാം. പ്രശസ്ത ഡാന്‍സ് അദ്ധ്യാപകനുമാണ്. ഭാര്യ താരകല്ല്യാണുമൊത്തും നൃത്ത വേദികളില്‍ എത്തിയിരുന്നു. ഭാര്യയും മകളേയും നൃത്ത രംഗത്ത് സജീവ സാന്നിധ്യമായി നിലനിര്‍ത്തിയതും രാജാറാമിന്റെ പ്രോത്സാഹനമാണ്. പനി ബാധിച്ച് ജൂണിലാണ് രാജാറാമിനെ കൊച്ചി അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഈ മാസം 22 ന് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. മലയാള ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കൊറിയോ ഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായി.

Staff Reporter