മലയാളം ഇ മാഗസിൻ.കോം

കേസിന്റെ ഭാവി ഇനി തെളിവുകൾ തീരുമാനിക്കട്ടെ: ദിലീപിന്‌ ജാമ്യം കിട്ടിയ ശേഷമുള്ള പൾസറിന്റെ പ്രതികരണം!

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്ത ദിലീപ്‌ 85 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ഒക്ടോബർ 3ന് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. കർശന ജാമ്യ വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ദിലീപിന് മൂന്നാം തവണ നൽകിയ അപേക്ഷയിൽന്മേൽ ജാമ്യം അനുവദിച്ചത്‌. അതിന്റെ നടപടിയായി ദിലീപ് തന്‍റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന് ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ ഉപാധികളില്‍ ഒന്ന് ഏഴു ദിവസത്തിനകം പാസ്പോര്‍ട്ട് അങ്കമാലി കോടതിയില്‍ ഹാജരാക്കണം എന്നതായിരുന്നു. ഇത് പാലിക്കുന്നതിനായി അങ്കമാലി ജുഡിഷ്യല്‍ മജിസ്ട്രേറ്റു കോടതിയില്‍ നേരിട്ടെത്തിയാണ് ദിലീപ് പാസ്പോര്‍ട്ട്‌ സമര്‍പ്പിച്ചത് എന്നാണു വിവരം.

ദിലീപിന്‍റെ അഭിഭാഷകനായ രാമന്‍പിള്ളയുടെ സഹായി ഫിലിപ്പ് ടി. വര്‍ഗീസിന് ഒപ്പം അങ്കമാലി കോടതിയില്‍ എത്തിയ ദിലീപ് മജിസ്ട്രേറ്റ് ലീനാ റിയാസിന് മുന്നില്‍ പാസ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയായിരുന്നു.

ദിലീപിന് ജാമ്യം നല്‍കുന്ന വേളയില്‍ കോടതി ചില വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നു. വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റെദ്ദ് ചെയ്യാന്‍ കോടതിക്ക് അധികാരമുണ്ട്. ഇതിനാല്‍ തന്നെ കോടതി പറഞ്ഞ എല്ലാ വ്യവസ്ഥകളും ദിലീപിന് അനുസരിക്കേണ്ടതുണ്ട്.  ഫലത്തിൽ ദിലീപിന്‌ ഇനി യാത്രാ വിലക്കാണ് സംഭവിച്ചിരിക്കുന്നത്‌. യു എ ഇ പോലെയുള്ള വിദേശ രാജ്യങ്ങളിലെ സ്ഥിരം സന്ദർശകനാണ് ദിലീപ്‌. കേസിൽ ഒരു തീരുമാനം ഉണ്ടാകുന്നതുവരെ അത്തരം യാത്രകൾ ഇനി സംഭവിച്ചേക്കില്ല. 

ഇതേ സമയം ദിലീപിന് ജാമ്യം ലഭിച്ചതില്‍ തനിക്ക് ഭയമില്ലെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. ഇനി കേസിന്റെ ഭാവി തെളിവുകൾ തീരുമാനിക്കട്ടെയെന്നും മുഖ്യപ്രതി പൾസർ സുനി വ്യക്തമാക്കി. മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഏറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കാനായി സുനിയെ കൊണ്ടുവന്നപ്പോഴാണ് അയാള്‍ മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത്. കേസിൽ നേരത്തേ സുനിക്ക്‌ ജാമ്യം ലഭിച്ചെങ്കിലും തുടർനടപടി സ്വീകരിക്കാത്തതിനാൽ ജയിലിൽ കഴിയുകയാണ്‌.

കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയാണ് ദിലീപ് പറഞ്ഞിട്ടാണ് കൃത്യം നടത്തിയത് എന്ന് പോലീസിന് മൊഴി കൊടുത്തത്. പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ അന്വേഷണം ആരംഭിച്ചതും ഒടുവില്‍ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതും .

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com

pulsar-about-dileep-bail

Staff Reporter