മലയാളം ഇ മാഗസിൻ.കോം

40 കാരിക്ക്‌ കൗമാരക്കാരനോട്‌ പിരിയാനാകാത്ത അടുപ്പം, അവനില്ലാതെ പറ്റുന്നില്ല, അവർക്കിടയിൽ സംഭവിക്കുന്നത്‌

ചെറുപ്പം മുതൽക്കു ആ പെൺകുട്ടിയെ അറിയാം. പഠിത്തം അല്ലാതെ, മറ്റൊന്നിലും ശ്രദ്ധയില്ലാത്ത അവളിലെ കൗമാരക്കാരിയെ ചൂണ്ടി കാട്ടി, സമപ്രായക്കാരുടെ അമ്മമാർ മക്കളെ വഴക്കു പറയും. കുമാരിമാരുടെ ഇളക്കം ഇല്ലാത്തവൾ. അവളെ നോക്കി പഠിക്ക്..!! പൊട്ടും കണ്മഷിയും കുപ്പിവളകളും ഭ്രമിപ്പിക്കാതെ , തികഞ്ഞ ഗൗരവക്കാരിയായ ഒരു പതിനാറുകാരി ആ കാലത്ത് അപൂർവം ആയിരുന്നു.

വര്ഷങ്ങള്ക്കു ശേഷം നാല്പതുകളിൽ കണ്ടപ്പോൾ, പണ്ടത്തെ അതേ പക്വത ഉള്ള മുഖഭാവവും, സംസാരവും. വേറിട്ട മാറ്റം എന്നത് തലമുടി നിറച്ചും വെളുത്തു എന്നതും മാത്രം ആയിരുന്നു. നാല്പതുകളിൽ സ്ത്രീയെ നരച്ചു കാണാൻ ബുദ്ധിമുട്ടാണ്. സമപ്രായക്കാരി ആയ ഞാൻ ഓർത്തു. നെറ്റിയിൽ വീഴുന്ന ചെറിയ വെള്ളി മുടി പോലും എത്ര വിദഗ്ദമായി ഒളിപ്പിച്ചാണ് പുറം ലോകത്തേയ്ക്ക് ചെല്ലുന്നത്..! ഇവർ, ഇത്തരം ബേജാറുകൾക്കു അതീതം ആണ്.

അംഗലാവണ്യം മറച്ചു, ചാടിയ വയറു ഒതുക്കാതെ, അലസമായി ഉടുത്ത കോട്ടൺ സാരി. സദാചാര സമൂഹം ആഗ്രഹിക്കുന്ന, അച്ചടക്കവും ഒതുക്കവും നിറഞ്ഞ വ്യക്തിത്വം. അതിൽ counselor ആയ ഞാൻ എന്ത് മാറ്റമാണ് ഉണ്ടാക്കി എടുക്കേണ്ടത് എന്ന് അതിശയിച്ചു. ”എനിക്ക് കലയുടെ സഹായം വേണം.. എന്റെ സ്വഭാവം ഒന്ന് മാറ്റി തരണം..!

ഒരാൾക്ക് എത്ര മുഖങ്ങൾ ഉണ്ട്. അയാൾ അറിയുന്ന , മറ്റുള്ളവർ അറിയുന്ന മുഖം.. അയാൾ അറിയുന്ന മറ്റുള്ളവർ അറിയാത്ത മുഖം.. മറ്റുള്ളവർ അറിയുന്ന അയാൾ അറിയാത്ത മുഖം.. ആരും ആരും , അല്ലേൽ അയാൾക്ക്‌ പോലും അറിയാത്ത ഒരു മുഖം…!! അത് കൊണ്ട് തന്നെ പഠിച്ചു തീരില്ല, ഒരിക്കലും മനസ്സുകളെ, അതിലെ വേലിയേറ്റങ്ങളുടെയും വേലിയിറക്കങ്ങളുടെയും ഗതിയെ കുറിച്ച്.!

എന്റെ മകളെക്കാൾ, മൂന്ന് വയസ്സിനു മൂത്തതാണ്.. അനിൽ.. എന്റെ ശിഷ്യനും ആണ്.. അഞ്ചു വർഷമായി പരസ്പരം അറിയാം.. അവൻ പഠിക്കുന്ന വിഷയത്തിന് ട്യൂഷൻ കൊടുക്കാൻ, വീട്ടുകാർ പറഞ്ഞപ്പോൾ ആദ്യം മടിച്ചു എങ്കിലും, പിന്നെ അവൻ ഉൾപ്പടെ ഒരുപാടു കുട്ടികളുടെ ടീച്ചർ ആകാൻ പറ്റി. ഭാര്തതാവിന്റെ അച്ഛനും അമ്മയും കൂടി അടങ്ങുന്ന കുടുംബത്തിൽ, മറ്റൊരു ജോലി വേണ്ട എന്ന തീരുമാനം വിവാഹത്തിന് മുൻപ് തന്നെ എടുത്തിരുന്നു. സാമ്പത്തിക സുരക്ഷിതത്വം ആവോളം ഭാര്തതാവിനു ഉണ്ടല്ലോ.

ട്യൂഷൻ തുടങ്ങിയെങ്കിലും വീട്ടുകാര്യങ്ങളിലോ.. ഭര്തതാവിന്റെയും കുട്ടികളയുടെയും കാര്യങ്ങളിൽ ഒരു കുറവും ഇല്ല.. അമ്മായിഅച്ഛന്റേയും അമ്മയുടെയും പ്രിയപ്പെട്ട മരുമകൾ തന്നെ.. ഇങ്ങനെ ശാന്തമായി ജീവിതം മുന്നോട്ടു പോകുന്നതിന്റെ ഇടയ്ക്കു, മനസ്സിൽ അനിൽ എന്ന ശിഷ്യനോട് അമിതമായ ഒരു അടുപ്പം.. അവനെ ചുറ്റിപറ്റി നിറഞ്ഞു നിൽക്കുന്ന സ്വാർത്ഥത.. തന്റെ മനസ്സിന് എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത വെപ്രാളം.. അനിൽ ഇത് തിരിച്ചറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ആദ്യമൊക്കെ ഉണ്ടായിരുന്നു എങ്കിലും, പിന്നെ ബാലിശമായ പെരുമാറ്റരീതികൾ അവനോടു പ്രകടിപ്പിക്കാൻ തുടങ്ങി.

അദ്ധ്യാപിക മാത്രമല്ല.. അമ്മയുടെ സുഹൃത്തും ആണ്..! ”അവനെ കല തെറ്റിദ്ധരിക്കരുത്.. മോശമായ ഒരു വാക്കോ പ്രവർത്തിയോ ഇന്നേ വരെ ഉണ്ടായിട്ടില്ല..” അവരെ തന്നെ നോക്കി ഇരിക്കുന്ന എന്നോട് പറയുകയും കരയുകയും ചെയ്യുന്നു.. സംഘര്ഷങ്ങള്ക്കു നടുവിൽ ഒരു സ്ത്രീ എത്രത്തോളം തളരുമോ അത്രത്തോളം അവർ ആയിട്ടുണ്ട്.. മരുന്നിനും മന്ത്രത്തിനും രക്ഷിക്കാൻ കഴിയാത്ത ചില അവസ്ഥകൾ ഉണ്ട് മനസ്സിന്.. അവനവന്റെ കയ്യിലാണ് അതിന്റെ പോംവഴി… അത്ര മേൽ സ്നേഹിക്കുകയും കൊതിപ്പിക്കുകയും ചെയ്യുന്ന ചിലരുടെ മുഖം മനസ്സിൽ പതിഞ്ഞു മായാതെ നിന്നാൽ ഉണ്ടാകുന്ന വിഭ്രാന്തി.

ഇളകി മറിയുന്ന സ്വന്തം മനസ്സിനെ അടക്കാൻ ക്ലേശിക്കുന്നതിന്റെ പിരിമുറുക്കം.. നാല്പതുകളിൽ നിൽക്കുന്ന ഒരു സ്ത്രീയുടെ, ഹോർമോൺ പ്രശ്നങ്ങൾ എന്ന് അടിവരയിട്ടു ചികിൽസിക്കാൻ പറ്റുമോ..? ഉത്തമമായ മനസ്സും അധമമായ ഒരു മനസ്സും ഒരേ പോലെ എല്ലാവരിലും ഉണ്ട്. ഏതു ചിന്തയാണ് ശെരി, ഏതാണ് തെറ്റ് എന്നത് വ്യക്തി നിശ്ചയിക്കണം.. ‘എന്റെ മോൾടെ വരനായി ഇവനെ ഞാൻ സങ്കൽപ്പിക്കുന്നു, പിന്നെ എന്നും എന്റെ മുന്നിൽ ഉണ്ടാകുമല്ലോ..’ അകക്കണ്ണ് കെട്ടിയ അവസ്ഥയിൽ, സ്വന്തം ചുവടുകൾ ഉറപ്പുള്ളതാണോ എന്ന് തിരിച്ചറിയാതെ അവർ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു..

”അത് ഞാൻ അവനോടു പറഞ്ഞപ്പോൾ…, അത് ശെരിയാകില്ല ടീച്ചർ എന്നാണ് അവന്റെ മറുപടി.. അതെന്താകും കല…?” എന്ത് കൊണ്ടാകും എന്റെ മകളെ അവനു ഇഷ്‌ടപ്പെടാഞ്ഞത്..? അവൾ ഫാഷൻ കൂടുതൽ ഉള്ള ഒരു കുട്ടി ആണ്, അത് കൊണ്ടാകുമോ..? അവന്റെ ഉള്ളിൽ ഇനി എന്നെ പോലെ നാട്ടിൻപുറത്തെ സങ്കല്പം ആണെങ്കിലോ..? ഒരുപാടു ആഴത്തിൽ ചെന്ന് കണ്ടു പിടിക്കേണ്ട മനസ്സാണ്.. അതിലെ പൊള്ളുന്ന വിഷയം ആണ്… എല്ലാ സ്ത്രീ പുരുഷ ബന്ധവും ലൈ – ഗികതയ്ക്ക് വേണ്ടി ഉടലെടുക്കുന്ന ഒന്നല്ല.. പക്ഷെ , മനസ്സിന്റെ കടിഞ്ഞാൺ അതിരില്ലാത്ത വൈകാരിക അവസ്ഥയിൽ അങ്ങേയറ്റത്തെ മനസ്സിനോട് എപ്പോഴും ചേർന്ന് നിൽക്കുന്നു എങ്കിൽ, മകനെ പോലെ, ആങ്ങളയെ പോലെ, വെറും ഒരു സുഹൃത്തിനെ പോലെ ആയിത്തീരില്ല..

ആ സ്ത്രീയിൽ കുറ്റബോധം വളർത്തിയെടുക്കാൻ അല്ല കൗൺസിലിങ് നു വന്നത്. ദൗർബല്യം മനുഷ്യ സഹജം ആണ്. അത് സ്വയം അംഗീകരിക്കുക. അവനവനോട് സത്യസന്ധത പുലർത്തേണ്ടത് ആവശ്യം ആണ്. ചെറുപ്പകാലങ്ങൾ മുതൽ ലഭിച്ചു വരുന്ന സദാചാര വിശ്വാസങ്ങൾ ആണ് നമ്മെ നിയന്ത്രിക്കുന്നത്. എന്നാൽ, മനസ്സ് കൊണ്ട് ഏതൊക്കെയോ ഘട്ടങ്ങളിൽ വ്യതിചലിച്ചു എന്നും വരാം. ജീവിതത്തിൽ താൻ പോലും തിരിച്ചറിയാത്ത വിരസത പോലും വില്ലനായി മാറാം.

”എന്ത് കൊണ്ടാണ് ഞാൻ ഈ പയ്യനോട് മനസ്സ് കൊണ്ട് അടുത്ത് എന്നറിയില്ല.. തെറ്റായി ഒന്നും സംഭവിച്ചിട്ടില്ല. എന്നെ അങ്ങനെ ഒരു കണ്ണോടെ കാണരുതേ..” അറിവും ലോകപരിചയവും ഒരുപാടു ഉള്ള ഒരു സ്ത്രീയോട് counselor ആയ ഞാൻ എന്താണ് പറയേണ്ടത്… കണ്ടറിയാത്ത, തൊട്ടറിയാത്ത, മനസ്സിന്റെ മറ്റേതോ താളം. ‘അവനെ ഒരു ദിവസം കണ്ടില്ല എങ്കിൽ.., മിണ്ടാൻ പറ്റിയില്ല എങ്കിൽ സമനില തെറ്റുക ആണ്..” തെളിഞ്ഞ നിലപാട് എടുക്കേണ്ട സമയം ആണ്. അല്ല എങ്കിൽ ജീവിതം കൈവിട്ടു പോകും. counselor ആയ ഞാൻ പറഞ്ഞു..

”ഭർത്താവിന് അത്ര ഇഷ്‌ടം ആകുന്നില്ല.. അവനോടു ഞാൻ ഇത്ര താല്പര്യം കാണിക്കുന്നത്..” പങ്കാളിയെ നന്നായി സ്നേഹിക്കുന്ന ഒരുവൻ അല്ലേൽ ഒരുവൾ ആണ് എങ്കിൽ, ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മതി, എത്ര വലിയ രഹസ്യം ഉള്ളിൽ ഒതുക്കിയാലും, അത് മുഖത്ത് പാടകെട്ടി നില്കുന്നത് കണ്ടു പിടിക്കും.. ചോദ്യങ്ങൾക്കു മുൻപിൽ മൊഴി മുട്ടിപോകുക തന്നെ ചെയ്യും.. തങ്ങൾക്കിടയിൽ ഉള്ള ദൂരം വലിയ അകലം ആയി എന്ന് തിരിച്ചറിയുന്ന നിമിഷം.. ആ നേരങ്ങളിൽ ഉണ്ടാകുന്ന നെഞ്ചുരുക്കം ഉണ്ടല്ലോ.. അനുഭവസ്ഥർക്കു മാത്രം ഊഹിക്കാവുന്ന അവസ്ഥ.

തൊണ്ടയ്ക്ക് അകത്ത് ചുറ്റിത്തിരിഞ്ഞ വലിയൊരു കരച്ചിൽ പിന്നെ പക ആയിത്തീരും.. അവിടെ സ്ത്രീ എന്നോ പുരുഷൻ എന്നോ ഉണ്ടാകില്ല.. അത്തരം ചില വസ്തുതകളെ ഉൾക്കൊണ്ട് കൊണ്ട് ജീവിക്കണം എന്ന് കോടതി വിധിച്ചാൽ പോലും മനസ്സ് തിരിഞ്ഞു നിൽക്കും. എന്റേത് എന്ന സ്വാർത്ഥത ഇല്ലാത്ത ബന്ധം ഉണ്ടാക്കി എടുക്കാൻ കോടതിയ്‌ക്കോ നിയമത്തിനോ സാധ്യമാകുന്നതാണോ.? മനസ്സാണ്. അതിനുള്ളിലെ നിലപാടുകൾ തേച്ചു മായ്ച്ചു കളയാൻ അത്ഭുതങ്ങൾ കണ്ടെത്തണം.

ആലപ്പുഴയിൽ പത്താം ക്ലാസ്സുകാരനെയും അദ്ധ്യാപികയെയും കാണാതായ വാർത്ത. എന്താണ് അവർക്കിടയിൽ ഉള്ള ബന്ധം എന്നറിയില്ല. ആർക്കും സത്യാവസ്ഥ അറിയാൻ താല്പര്യവും ഇല്ല. സ്വന്തം അമ്മയെക്കാൾ അദ്ധ്യാപികയെ സ്നേഹിക്കുന്ന ശിഷ്യന്മാർ ഉണ്ട്. മക്കളെ ക്കാൾ അവരെ സ്നേഹിക്കുന്ന, സ്നേഹിക്കപെടുന്ന അനവധി അവസരങ്ങൾ. മസാല ഇട്ടു ഇത്തരം വാർത്തകൾ പുറത്തേയ്ക്കു വന്നാൽ മാത്രമേ, അതിനു കൂടുതൽ വായനക്കാരും ഉണ്ടാകു. വഴിതെറ്റി പോകുന്ന ഗുരുശിഷ്യ ബന്ധങ്ങൾ ഇല്ലാതില്ല.

മറ്റൊരു കേസും ഓർത്തു. എന്റെ അടുത്തു counselling നു എത്തിയ ഒന്ന്. മകളുടെ സഹപാഠി ആയ പയ്യനോടുള്ള അമ്മയുടെ പ്രണയവും, ശാരീരികമായ അടുപ്പവും അതിനുള്ള തെളിവുകൾ മൊബൈലിൽ ഉണ്ടായിരുന്നു. പയ്യന്റെ വീട്ടുകാർ അത് കണ്ടു പിടിക്കുകയും വലിയ പ്രശ്നം ആയി തീരുകയും ചെയ്തു. പക്ഷെ, അവനു ആ ബന്ധത്തിൽ നിന്നും മാറാൻ ആകുന്നില്ല. ഇത്തരം സമൂഹം ആരോപിക്കുന്ന കുത്തഴിഞ്ഞ ബന്ധങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്.

കൗമാരത്തിൽ ശാരീരികമായും മാനസികമായും അടുപ്പം തോന്നിയ സ്ത്രീയെ മറക്കാൻ, എത്ര പ്രായം ആയാലും പുരുഷന് കഴിയാറില്ല. പ്രായത്തിൽ മുതിർന്ന സ്ത്രീകളോട് അടുപ്പം തോന്നാത്ത കുമാരന്മാർ വിരളം. മുതിർന്ന പുരുഷനും അവനെ കാൾ ഇളയ സ്ത്രീയും ആണ് സമൂഹം അംഗീകരിക്കുന്ന ബന്ധം. പുരുഷന് അവനെ കാളും മുതിർന്ന സ്ത്രീയോട്, ലൈംഗികമായോ, അല്ലേൽ അതിനു ഉപരിയായി തോന്നുന്ന അല്ലേൽ ഉണ്ടാകുന്ന അടുപ്പവും ബന്ധവും പുറം ലോകത്തേയ്ക്ക് അധികം വരാറില്ല. അതവന്റെ ഉള്ളിലെ വിചിത്ര ഭാവനയായി, രഹസ്യമായി നിലനിൽക്കുക തന്നെ ചെയ്യും.

അത്ഭുതപ്രതിഭാസമാണ് ചില ഏടുകൾ. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ആയി തീരുന്ന ഓർമ്മകൾ..! വിട്ടു പോകാൻ പറ്റാത്ത ആഴം ഉള്ള മുറതെറ്റിയ ബന്ധങ്ങൾ…! ഏത് മനഃശാസ്ത്രഞ്ജന്റെ ഡയറി യിലും ഇത്തരം എത്രയോ കേസുകൾ ഉണ്ടാകാം.

കലാഷിബു, കൗൺസിലിംഗ്‌ സൈക്കോളജിസ്റ്റ്‌

Avatar

Staff Reporter