ഡല്‍ഹി: ലോകത്ത് ഏറ്റവും പ്രചാരമുള്ള സോഷ്യല്‍മീഡിയകളില്‍ മുന്‍നിരയിലാണ് വാട്‌സ്ആപ്പ്. എന്നാല്‍ വാട്‌സ്ആപ്പ് സേവനം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയാത്ത ചില രാജ്യങ്ങളും ഉണ്ട്. യുഎഇ, ചൈന, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. പലയിടങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധനം കൊണ്ട് വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഇതിന് പരിഹാരം കാണാന്‍ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. പ്രോക്‌സി സെര്‍വര്‍ സപ്പോര്‍ട്ടിന്റെ സഹായത്തോടെ വാട്‌സ്ആപ്പ് സേവനം ലഭിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. വിലക്ക് അടക്കം വിവിധ കാരണങ്ങളാല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് പ്രോക്‌സി സെര്‍വര്‍ സപ്പോര്‍ട്ട് ഉപയോഗിച്ച് വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നവിധമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
സന്നദ്ധ സംഘടനകളും മറ്റും സ്ഥാപിച്ചിരിക്കുന്ന പ്രോക്‌സി സെര്‍വറുകള്‍ പ്രയോജനപ്പെടുത്തി വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുംവിധമാണ് സംവിധാനം. ഉപയോക്താക്കളുടെ സുരക്ഷിതതത്വം ഉറപ്പാക്കാന്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്.

നെറ്റ് വര്‍ക്ക് കണക്ഷന് ഉപയോഗിക്കുന്ന വിര്‍ച്വല്‍ പോയിന്റ് ആയ പോര്‍ട്ട് ഉപയോഗിച്ചാണ് വാട്‌സ്ആപ്പ് പ്രോക്‌സി രൂപീകരിക്കുന്നത്. സെര്‍വറാണ് ഇതിന് അടിസ്ഥാനം. 80,443, 5222 പോര്‍ട്ടുകളാണ് ഇതിന് ഉപയോഗിക്കുന്നത്. സെര്‍വറിന്റെ ഐപി മേല്‍വിലാസത്തിലേക്ക് നയിക്കുന്ന ഡൊമെയ്ന്‍ നെയിമും ഇതിന് ആവശ്യമാണ്.
വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷനില്‍ മാത്രമാണ് പ്രോക്്‌സി ഫീച്ചര്‍ ലഭിക്കുക. വാട്‌സ്ആപ്പിലെ സെറ്റിങ്ങ്‌സില്‍ കയറി വേണം പ്രോക്‌സി പ്രയോജനപ്പെടുത്തേണ്ടത്. സെറ്റിങ്ങ്‌സിലെ സ്റ്റോറേജ് ആന്റ് ഡേറ്റയില്‍ ക്ലിക്ക് ചെയ്ത ശേഷം സ്‌ക്രോള്‍ ചെയ്യുമ്പോള്‍ പ്രോക്‌സി ഫീച്ചര്‍ കാണാന്‍ സാധിക്കും. തുടര്‍ന്ന് പ്രോക്‌സി സെറ്റ് ചെയ്യണം. പ്രോക്‌സി അഡ്രസ് നല്‍കി വേണം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. സേവ് അമര്‍ത്തുകയും കണക്ഷന്‍ ലഭ്യമാവുകയും ചെയ്താല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
YOU MAY ALSO LIKE THIS VIDEO, കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ ഈ വീട്ടമ്മമാർ നേടുന്നത് മികച്ച മാസ വരുമാനം, Sudhi Curry Powder Unit