മലയാളം ഇ മാഗസിൻ.കോം

ഇന്ധനവില വർദ്ധനവ്‌ മാത്രമല്ല, മലയാളിയുടെ കുടുംബ ബജറ്റ്‌ തകിടം മറിയുന്ന വിലക്കയറ്റം രൂക്ഷം!

കേരളത്തിന്‍റെ കുടുംബ ബജറ്റ് കുതിക്കുകയാണ്. ഇരുപത്തിയഞ്ച് രൂപക്ക് അരി കിട്ടുന്ന നാട്ടില്‍ എന്തിനാണിത്ര പണം ചിലവാകുന്നത് ? മര്‍ദ്ദിതരും ചൂഷകരും ഇല്ലാത്ത കേരളം വിഭാവനം ചെയ്യുന്ന സര്‍ക്കാര്‍ ഭരിക്കുന്ന നാട്ടില്‍ ജനങ്ങളെ പകല്‍വെളിച്ചത്തില്‍ ചൂഷണം ചെയ്യുകയും ചൂഷണത്തിന് കൂട്ട് നില്‍ക്കുകയുമാണ് സര്‍ക്കാര്‍. പെട്രോൾ – ഡീസൽ – പാചകവാതക വില വർദ്ധനവ്‌ സമയത്ത്‌ മാത്രം പ്രതിഷേധിച്ചാൽ മതിയോ?

ഒരു കുടുംബത്തിന് ഇരുപത്തിയഞ്ച് രൂപക്ക് അഞ്ചു കിലോ അരി നല്‍കിയാല്‍ എല്ലാം തികഞ്ഞു എന്ന തരത്തിലാണ് സര്‍ക്കാര്‍ പ്രചരണം. എന്നാല്‍ അവശ്യ വസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധനവ് ആണ് കേരളമാകെ. എന്നാല്‍ ഇതിനെ മറികടക്കുവാന്‍ യാതൊരു വിധ പദ്ധതിയോ നയമോ സര്‍ക്കാരിനില്ല എന്നതാണ് യാതാര്‍ത്ഥ്യം. 

പച്ചക്കറി വില കുതിക്കുന്നു. ഒരു കിലോ തേങ്ങക്ക് അറുപതു രൂപ നല്‍കേണ്ട അവസ്ഥയിലാണ് മലയാളി. ഏത്തപ്പഴം കിലോയ്ക്ക് എഴുപതും എഴുപത്തഞ്ചും രൂപ വില നല്‍കണം. ഒരു കിലോ ചെറിയ ഉള്ളിക്ക് നൂറ്റിപത്തു രൂപയാണ് വിപണി വില. നിത്യോപയോഗ വസ്തുക്കളിൽ മലയാളിക്ക്‌ ഒഴിച്ചു കൂടാനാകാത്ത വെളിച്ചെണ്ണ വില 200 കടന്നു.

നാം എന്തിനാണിതെല്ലാം നിശബ്ദം സഹിക്കുന്നത്? എന്തേ ഒരു പാര്‍ട്ടിയും സംഘടനയും വിലക്കയറ്റത്തെ കുറിച്ച് മിണ്ടാത്തത്?  പൊതു വിപണിയിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ പലപ്പോഴും അട്ടിമറിക്കപ്പെട്ടു. സബ്സിഡിയിനത്തില്‍ നല്‍കേണ്ട പല സാധനങ്ങളും വാങ്ങണമെങ്കില്‍ നോണ്‍ സബ്സിഡി സാധനങ്ങള്‍ വാങ്ങേണം എന്ന നിയമം പല സ്റ്റോറുകളിലും നിലനില്‍ക്കുന്നു.

പെട്രോളിന്‍റെ വില വര്‍ധനവിലും ഇവിടുത്തെ സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. സംസ്ഥാന നികുതിയില്‍ കുറവ് വരുത്തി ഇന്ധന വില കുറയ്ക്കണം എന്ന കേന്ദ്ര നിര്‍ദ്ദേശം പോലും പാലിക്കപ്പെടുന്നില്ല. പെട്രോള്‍ നികുതി കുറയ്ക്കണം എങ്കില്‍ കേന്ദ്രം കോടിക്കണക്കിനു രൂപ നല്‍കണം എന്ന നിഷേധാത്മക നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ഈ സര്‍ക്കാര്‍ ആര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് ? അറുപതു രൂപയില്‍ താഴെ പെട്രോളിന് വില നിശ്ചയിച് പല സംസ്ഥാനങ്ങളും മാതൃകയാകുമ്പോള്‍ ഇവിടുത്തെ ഭരണാധികാരികള്‍ ജനത്തെ നോക്കി പരിഹസിക്കുന്നു.

ക്ഷേമ രാഷ്ട്രം എന്ന ആശയം അട്ടിമറിക്കപ്പെട്ടു. സാധാരണ ജനത്തെ പിഴിഞ്ഞ് വാങ്ങുന്ന പണം വന്‍കിട സ്ഥാപനങ്ങള്‍ക്കും മത സ്ഥാപനങ്ങള്‍ക്കും ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവനവന്‍റെ നിലനില്‍പ്പ്‌ നോക്കുമ്പോള്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുവാന്‍ ആര്‍ക്കും സമയമില്ല. ജനാധിപത്യ സര്‍ക്കാരുകളുടെ ആത്യന്തിക ലക്ഷ്യം ജനങ്ങളുടെ ക്ഷേമം തന്നെയാകണം.

വിലക്കയറ്റം തടയാനും ജനത്തെ സേവിക്കാനും സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. കേവലം രാഷ്ട്രീയ മുതലെടുപ്പിനും അപ്പുറം സംതൃപ്തരായ ഒരു ജനതക്ക് വേണ്ടി വിലക്കയറ്റത്തിനെതിരെ വ്യാപക പ്രധിഷേധം ഉയര്‍ന്നു വരിക തന്നെ വേണം.

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com