40 വയസ്സ് കഴിഞ്ഞുണ്ടാവുന്ന ഗർഭധാരണത്തെ അത്ര നിസ്സാരമായി കാണാൻ പറ്റില്ല. വളരെയധികം ശ്രദ്ധയും പരിപാലനവും ഈ സമയത്ത് ആവശ്യമാണ് എന്ന് പറയുന്നതിനേക്കാൾ അത്യാവശ്യമാണ് എന്ന് തന്നെ പറയേണ്ടി വരും. നമുക്കറിയാം ഗർഭധാരണത്തിന് ഏറ്റവും ഉചിതമായ കാലഘട്ടം 20 വയസ്സുമുതൽ 30 വയസ്സുവരെയാണെന്ന്. എന്നാൽ മാറി മറിഞ്ഞ കാലഘട്ടവും ജീവിതസാഹചര്യങ്ങളും അതിനെ പാടെ മാറ്റിക്കളഞ്ഞു. തലമുറകൾ അനുസരിച്ചും ഈ രീതിയിൽ മാറ്റം വന്നു.
40 കഴിഞ്ഞുള്ള ഗർഭധാരണം അമ്മയ്ക്കും കുഞ്ഞിനും ഒരേ സമയം ദോഷകരമാണ്. റിസ്ക് എലെമെന്റുകളും അവിടെ കൂടുതലാണ്. 40 വയസ്സുകഴിഞ്ഞാൽ ബി പിയും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. അത് ഗർഭസ്ഥ ശിശുവിൽ ഹൈ ബി പി ഉണ്ടാകാനും ഗർഭം അലസിപ്പോകുന്നതിനും കാരണമാകുന്നു. കൂടാതെ കുഞ്ഞുങ്ങളില്‍ ഓട്ടിസം, ബുദ്ധിവികാസക്കുറവ്, ഡൗണ്‍ സിന്‍ഡ്രോം തുടങ്ങിയ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കും. 40കളിലുള്ള ഗര്‍ഭധാരണം പ്രീ എക്ലാംസിയ, പ്ലാസന്റല്‍ പ്രേവിയ തുടങ്ങിയ മെഡിക്കല്‍ കണ്ടീഷനുകള്‍ക്ക് ഇട വരുത്തുന്നു. രക്തസമ്മര്‍ദം, മൂത്രത്തില്‍ പ്രോട്ടീന്‍ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകും എന്നതിനാൽ നീണ്ടു നില്‍ക്കുന്ന പ്രസവവേദനയുണ്ടാകാനും കുഞ്ഞ് മരണപ്പെടാനും സാധ്യത ഏറെയാണ്.
പൂർവ്വ അണ്ഡാവസ്ഥയിലുള്ള മൂന്നുലക്ഷം കോശങ്ങളാണ് സാധാരണയായും ആർത്തവമെത്തിയ ഒരു പെൺകുട്ടിയിൽ കാണപ്പെടുന്നത്. പ്രായം കൂടുന്നത് അനുസരിച്ച് അത് കുറയുകയും ചെയ്യുന്നു. 35 വയസ്സ് ആകുമ്പോഴേക്കും കോശങ്ങൾ ഇരുപത്തിഅയ്യായിരമായി കുറയും. ഇനി അത് ആർത്തവ വിരാമത്തിലേക്ക്‌തുമ്പോൾ ആയിരം വരെയായും കുറയുന്നു. അങ്ങനെവരുമ്പോൾ ഗർഭധാരണ ശേഷിയും കുറയുന്നു. അതിനുശേഷം ഗർഭിണികള്‍ ആകുന്ന സ്ത്രീകളിൽ ഗർഭം അലസിപ്പോകുന്നതിനും പ്രസവം സിസേറിയനാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഡോക്ടർമാരുൾപ്പെടെയുള്ള വിദഗ്ദ്ധർ 40 വയസ്സിനു ശേഷമുള്ള ഗർഭധാരണം നിസ്സാരമല്ല എന്ന് പറയുന്നത്.