മലയാളം ഇ മാഗസിൻ.കോം

ഓണാട്ടുകരയുടെ തനത്‌ വിഭവം, രുചിയൂറും \’കൊഞ്ചും മാങ്ങയും\’ തയ്യാറാക്കാം

കേരളീയന്റെ ഭക്ഷണ ശീലങ്ങളിൽ കൊഞ്ചും മാങ്ങയും എന്ന വിഭവത്തിന്‌ വളരെ പ്രാധാന്യം ഉണ്ട്‌. ഒരു നാടിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു ഈ വിഭവം. ഓണാട്ടുകരക്കാരുടെ കയ്യൊപ്പ്‌ പതിഞ്ഞ ഒരു വിഭവം ആണിത്‌. പാചകത്തിൽ തങ്ങളുടേതായ തനത്‌ ശൈലിയും പാരമ്പര്യവും ഉള്ളവരാണ്‌ ഓണാട്ടുകരക്കാർ. കായംകുളം ഐതീഹ്യപ്പെരുമയിൽ കൊഞ്ചും മാങ്ങ വിപണി ചെട്ടിക്കുളങ്ങരയിൽ സജീവമായി എന്ന്‌ പറയാം. കുംഭ ഭരണിഉത്സവത്തിന്റെ ഭാഗമാണ്‌ കൊഞ്ചും മാങ്ങയും ചേർത്തുള്ള വിഭവം. വറുത്തെടുക്കുന്ന ഉണക്കക്കൊഞ്ചിൽ പച്ച മാങ്ങപൂളിയിട്ടും, ഒപ്പം തേങ്ങയും മുളകും ഉള്ളിയും മല്ലിയും ചേർത്ത്‌ ചെറുതായി അരച്ചെടുക്കും. ഇത്‌ പാകംചെയ്തെടുത്താ ൽ കൊഞ്ചും മാങ്ങയും കറിയായി.

തയാറാക്കാൻ വേണ്ട സാധനങ്ങൾ
ഉണക്ക കൊഞ്ച്‌ : 100ഗ്രാം
പച്ച മാങ്ങ : 1 (ചെറിയ കഷ്ണങ്ങളാക്കിയത്‌)
തേങ്ങ : അര മുറി
ചെറിയ ഉള്ളി : 6
പച്ചമുളക്‌ : 3
മുളക്‌ പൊടി : ഒന്നര ടീസ്പൂൺ
മല്ലിപ്പൊടി : ഒന്നര ടീസ്പൂൺ
മഞ്ഞൾ പൊടി : കാൽ ടീസ്പൂൺ
ഉലുവപ്പൊടി : 3 നുള്ള്‌
ഉപ്പ്‌ : പാകത്തിന്‌
കറിവേപ്പില : 2 തണ്ട്‌

തയ്യാറാക്കുന്ന വിധം
ഉണക്ക ചെമ്മീൻ കഴുകി വൃത്തിയാക്കി ചട്ടിയിൽ ഇട്ട്‌ ചൂടാക്കി നല്ല ഡ്രൈ ആക്കി എടുക്കുക, അൽപം എണ്ണ ഒഴിച്ച്‌വറുത്ത്‌ ഏടുത്താലും മതി. പച്ച മാങ്ങ ചെത്തി ചെറിയ ചതുര കഷ്ണങ്ങളാക്കി വയ്ക്കുക. തേങ്ങ, ചെറിയ ഉള്ളിയുംമുളക്‌ പൊടിയും മല്ലിപ്പൊടിയും, മഞ്ഞൾപ്പൊടിയും ചേർത്ത്‌ നല്ലവണ്ണം അരച്ച്‌ എടുക്കുക. ശേഷം ഒരു മൺ ചട്ടിയിൽ കൊഞ്ച്‌, പച്ചമാങ്ങ, അരച്ച മസാല, പാകത്തിന്‌ ഉപ്പ്‌, വെള്ളം എന്നിവ ചേർത്ത്‌ നന്നായി മിക്സ്‌ ചെയ്ത്‌ അടച്ച്‌ വച്ച്‌ തീകത്തിച്ച്‌ 10-15 മിനിട്ട്‌ വേവി യ്ക്കുക. മാങ്ങ നന്നായി വെന്ത്‌, അരപ്പ്‌ കുറുകി കൊഞ്ചിലും മാങ്ങയിലും നന്നായി പിരണ്ടിരിക്കുന്ന പരുവം ആകുമ്പോൾ തീ ഓഫ്‌ ചെയ്യാം. ശേഷം കുറച്ച്‌ പച്ച വെളിച്ചെണ്ണ, 2 തണ്ട്‌ കറിവേപ്പില, 3 നുള്ള്‌ ഉലുവപ്പൊടി എന്നിവ കൂടി മേലെ തൂകി ഇളക്കി ഉപയോഗിക്കാം, കൂടുതൽ ചാറ്‌ വേണ്ടവർക്ക്‌ വെള്ളം കൂടുതൽ ചേർക്കാ വുന്നതാണ്‌. നാവിൽ വെള്ളമൂറും കൊഞ്ചും മാങ്ങയും കറി തയാർ. (Photo from Vazhayila.com)

Gayathri Devi

Gayathri Devi | Executive Editor