ട്രാൻസ്മാൻ പ്രവീൺ നാഥ് അന്തരിച്ചു. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവച്ച് വിഷം കഴിച്ചിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്.
പ്രണയദിനത്തിൽ വിവാഹിതരായ പ്രവീൺ നാഥും റിഷാനയും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു. പ്രവീണിന്റെ ഫേസ്ബുക്കിലെ ഒരു പോസ്റ്റ് പങ്കുവച്ചു കൊണ്ടാണ് ഇത്തരത്തിൽ ഒരു വാർത്ത പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ തങ്ങൾ വിവാഹമോചിതരാകാൻ പോകുന്നു എന്ന വാർത്ത തെറ്റാണെന്നും സാധാരണഗതിയിൽ ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലുള്ളതെന്നും വിവാഹമോചനത്തെ പറ്റി ചിന്തിച്ചിട്ടില്ലെന്നും പിന്നീട് പ്രവീൺ പറഞ്ഞു.
മനുഷ്യരുടെ ജീവിതത്തിൽ പല സമയത്തും പല പ്രശ്നങ്ങളുമുണ്ടാകും. ചിലപ്പോൾ വല്ലാതെ ഇമോഷണലി ബ്രേക്ക്ഡൗണായി പോവും. അത്തരത്തിലൊരു നിമിഷത്തിൽ എന്റെ ഭാഗത്തു നിന്ന് പറ്റിയ ഒരു പിഴവാണ് ആ പോസ്റ്റ്. ഞങ്ങൾ പിരിയാൻ തീരുമാനിച്ചു എന്ന് ഞാൻ ആ പോസ്റ്റിലാണ് പറഞ്ഞത്. എന്നാൽ ഇമോഷണലി എന്ത് ചെയ്യണമെന്നറിയാതിരിക്കുമ്പോൾ നടന്ന ഒരു പോസ്റ്റാണത്.
അത് ശരിയല്ല, എന്ന് മനസ്സിലായതോടു കൂടി ഞാൻ ആ പോസ്റ്റ് പിൻവലിച്ചു. ഏതാണ്ട് ചുരുങ്ങിയ സമയം മാത്രമാണ് സോഷ്യൽ മീഡിയയിൽ ആ പോസ്റ്റ് ഉണ്ടായിരുന്നത്. ഡിലീറ്റ് ചെയ്ത ആ പോസ്റ്റിന്റെ സ്ക്രീൻഷോർട്ട് എടുത്താണ് പലരും തെറ്റായ വാർത്ത നൽകിയത്. ഇമോഷണലി തകർന്നു കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് ഒരു വലിയ ഷോക്കാണ് ആ തെറ്റായ വാർത്തകൾ നൽകിയതെന്നും പ്രവീൺ പറഞ്ഞു.
മിസ്റ്റർ കേരള ട്രാൻസ് മെൻ എന്ന രീതിയിൽ സുപരിചിതനാണ് പ്രവീൺ. ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നും ബോഡി ബിൽഡിങ്ങിലേക്ക് കടന്നുവന്ന ആദ്യ വ്യക്തിയായിരുന്നു.