18
January, 2020
Saturday
07:28 PM
banner
banner
banner
banner

ഉയരുന്ന വില, ഇടിയുന്ന മൂല്യം: പൊലിയുന്നത്‌ പ്രവാസികളുടെ സ്വപ്നങ്ങൾ, ഗൾഫിൽ നിന്ന് അറിയുന്നത്‌ ശുഭ വാർത്തകൾ അല്ല!

രൂപയുടെ മൂല്യത്തകര്‍ച്ച വന്‍ ആഘോഷമാക്കിയ രണ്ട് കോടിയോളം വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ കുടുംബങ്ങള്‍ വിലക്കയറ്റത്തിന്റെ തീച്ചൂളയില്‍. ഒപ്പം പ്രളയത്തില്‍ കിടപ്പാടമടക്കം സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിന് എല്ലാം ഒന്നു മുതല്‍ തുടങ്ങണമെന്ന പരിഭ്രാന്തി കൂടിയായപ്പോള്‍ പ്രവാസിലോകം ചരിത്രത്തിലെ ഏറ്റവും കടുത്ത മാനസികസംഘര്‍ഷത്തില്‍.

\"\"

ഗള്‍ഫിലെ തീപാറുന്ന സ്വദേശിവല്‍ക്കരണത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളെ അവിടെയും തുറിച്ചുനോക്കുന്നത് പ്രളയം വിതച്ച ദുരിതത്തിന്റെ ദുരന്തരൂപങ്ങള്‍. പ്രളയത്തില്‍ എല്ലാം നശിച്ചതറിഞ്ഞ് ഏഴോളം മലയാളികള്‍ ഹൃദയാഘാതംമൂലം അന്ത്യശ്വാസം വലിച്ചതും പത്തിലേറെപേര്‍ ആത്മഹത്യ ചെയ്തതുമായ വാര്‍ത്തകള്‍ മഹാദുരന്തത്തിന്റെ ഗള്‍ഫിലെ ബാക്കിപത്രങ്ങളായി.

പ്രളയം സൃഷ്ടിച്ച മാനസികാഘാതം ആത്മഹത്യയിലേയ്ക്ക് പ്രവാസി മലയാളികളെ നയിക്കാതിരിക്കാന്‍ കുവൈറ്റിലും ബഹ്‌റൈനിലും ഒമാനിലും മലയാളി സംഘടനകള്‍ കൗണ്‍സിലിങ് കേന്ദ്രങ്ങള്‍ വരെ തുടങ്ങുന്നതിലേക്ക് സംഗതികള്‍ എത്തിയിരുന്നു.

\"\"

രൂപയുടെ വിലയിടിവിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാനായെങ്കിലും ആ പണം മുഴുവനും മാനംമുട്ടെ വളരുന്ന വിലക്കയറ്റത്തില്‍ ചോര്‍ന്നുപോകുന്നുവെന്ന് പ്രവാസികള്‍ക്ക് മനസിലായിത്തുടങ്ങി. ഗള്‍ഫ് നാടുകളില്‍ നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ 30 ശതമാനം വരെ വര്‍ധനവുണ്ടായെന്നാണ് കണക്ക്.

പ്രവാസിപ്പണമൊഴുക്കില്‍ ലോകത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയിലെ പ്രവാസികള്‍ കഴിഞ്ഞവര്‍ഷം ഇന്ത്യയിലെക്ക് അയച്ചത് 69 ലക്ഷം കോടി രൂപയായിരുന്നു. ഈ വര്‍ഷം അത് 75 ലക്ഷം കോടി കടക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ ഈ പ്രവാസിപ്പണപ്രവാഹം ഇന്ത്യയിലെ അടിസ്ഥാന-മധ്യവര്‍ഗ കുടുംബങ്ങളില്‍ ഗുണപരമായ ഒരു പ്രതിഫലനമുണ്ടാക്കിയിട്ടില്ലെന്നാണ് അവിടെ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.

\"\"

കൂടുതല്‍ പണം അയച്ചാല്‍ അതിലൊരു ഭാഗം മിച്ചം പിടിക്കാമെന്ന പ്രവാസിയുടെ സ്വപ്നങ്ങളും വടികുത്തിപിരിയുന്നു. നിതേ്യാപയോഗസാധനങ്ങളില്‍ മിക്കവയുടേയും വില 25 ശതമാനത്തിലേറെ ഉയര്‍ന്നു. രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയാകെ വിലക്കയറ്റത്തിന്റെ പ്രവണത രൂക്ഷമാക്കുന്നതിന്റെ ദൃശ്യമാണ് കമ്പോളങ്ങളിലെങ്ങും. ഇന്ധനവില സര്‍വകാലറെക്കോഡിലേക്ക് കുതിച്ചുകയറ്റിയതും തൊട്ടതിനൊക്കെ തീ വിലയാക്കുന്നു.

ഉപ്പിനുപോലും 10 ശതമാനം വിലകയറുന്നത് ഇതാദ്യം. കൂടുതല്‍ പണമയച്ചിട്ടും രണ്ടറ്റവും മുട്ടിക്കാനാവാതെ പ്രവാസി കുടുംബങ്ങളുടെ ജീവിതം ആടിയുലയുന്നു. വിലക്കയറ്റത്തില്‍ സാധാരണ പ്രവാസികുടുംബങ്ങള്‍ ഞെരിഞ്ഞമരുമ്പോള്‍ ഉയര്‍ന്നവരുമാനമുള്ള പ്രവാസികള്‍ രൂപയുടെ മൂല്യത്തകര്‍ച്ച മുതലെടുത്ത് റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്ന പ്രവണതയാണുള്ളതെന്ന് ദുബായിലെ അനാറോക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് ചെയര്‍മാന്‍ അനൂജ്പുരി പറയുന്നു. രൂപ തകര്‍ന്നതോടെ ഇന്ത്യയിലെ ഭൂമിയിലും ഫ്‌ളാറ്റുകളിലുമുള്ള പ്രവാസിനിക്ഷേപത്തില്‍ 20 ശതമാനത്തോളം വര്‍ധനവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

\"\"

പ്രവാസികള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ പണമിറക്കുന്നതോടെ ഈ മേഖലയിലെ നിക്ഷേപങ്ങള്‍ സമ്പദ്ഘടനയുടെ വികാസത്തിനല്ല സഹായകമാവുകയെന്നും അദ്ദേഹം കരുതുന്നു. ഒരു കോടിയും ഒന്നരകോടിയും രൂപ ചെലവഴിച്ച് പ്രവാസികള്‍ കേരളത്തില്‍ നിര്‍മിച്ച എട്ട് ലക്ഷത്തോളം വീടുകള്‍ ആള്‍പാര്‍പ്പില്ലാതെ പൂട്ടിക്കിടക്കുന്നുവെന്ന കണക്ക് ഈ പ്രളയകാലത്ത് പുറത്തുവന്നിരുന്നു.

ലക്ഷക്കണക്കിന് കോടി രൂപ മുടക്കി നിര്‍മിച്ച പ്രവാസികളുടെ വീടുകള്‍ നിശ്ചേതന ആസ്തികളായി കിടക്കുമ്പോള്‍ സാധാരണ പ്രവാസികളുടെ കുടുംബങ്ങള്‍ വിലക്കയറ്റത്തിന്റെ കയങ്ങളിലേയ്ക്ക് താഴുന്നത് വിരോധാഭാസമാണെന്നും അത്തല്ലാ ഓര്‍മിപ്പിക്കുന്നു.

വാർത്തയ്ക്ക്‌ കടപ്പാട്‌: കെ രംഗനാഥ്‌, ജനയുഗം

Comments

comments

[ssba] [yuzo_related]

CommentsRelated Articles & Comments

  • banner