എല്ലാത്തരത്തിലും കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് എന്ന് പറയുന്നത് പ്രവാസികളുടെ പണമാണ് എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകാൻ വഴിയില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പോലും വാർത്താ സമ്മേളനത്തിന്റെ ഇടയിൽ പ്രവാസികളുടെ കാര്യം എടുത്തു പറഞ്ഞതുമാണ്. എന്നാൽ ലോകം മുഴുവൻ വ്യാപിച്ച ഈ മഹാമാരിക്കിടെ വരുന്ന വാർത്തകൾ പ്രവാസികൾക്ക് അത്ര ആശാവഹമല്ല.
മലയാളികളടക്കം 32 ലക്ഷം ഇന്ത്യൻ പ്രവാസികളുളള യുഎഇയിൽ സ്വകാര്യ മേഖലയിലെ ശമ്പളം വെട്ടിക്കുറയ്ക്കാൻ അനുമതി നൽകിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ജീവനക്കാരുടെ സേവനം താൽക്കാലികമായി അവസാനിപ്പിക്കാനും അനുമതി നൽകിയ ഉത്തരവ് ലക്ഷക്കണക്കിന് പ്രവാസികൾക്ക് മഹാമാരിക്കിടയിലെ വെള്ളിടിയായി.
ശമ്പളത്തോടുകൂടിയോ അല്ലാതെയോ ജീവനക്കാരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനം ഉടമകൾക്ക് ഇതനുസരിച്ച് അധികാരമുണ്ടാകും. വേണമെങ്കിൽ വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അനുമതിയും നൽകാവുന്നതാണ്.
യുഎഇ മാനവശേഷി – സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ഈ ഉത്തരവിനെത്തുടർന്ന് സ്വകാര്യ മേഖല കാത്തിരുന്ന ശമ്പളം വെട്ടിക്കുറയ്ക്കലും സേവനം അവസാനിപ്പിക്കലും വഴി ലക്ഷക്കണക്കിന് പ്രവാസികളുടെ തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന ആശങ്കാജനകമായ അന്തരീക്ഷമാണു ണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗഭീതിയിൽ പ്രതിസന്ധിയിൽപ്പെട്ട സ്വകാര്യ മേഖലയുടെ അതിജീവനത്തിനു വേണ്ടിയാണ് ഈ നടപടികളെന്നു മന്ത്രാലയം വ്യക്തമാക്കുന്നു.
യുഎഇ നിവാസികൾക്ക് ഇപ്പോഴത്തെ ഉത്തരവ് ബാധകമല്ല. പ്രവാസി ജീവനക്കാരെ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് പിരിച്ചുവിടുക. പിരിച്ചുവിടപ്പെടുന്നവർക്ക് മറ്റ് തൊഴിൽ ലഭിക്കാൻ സ്വകാര്യ സ്ഥാപന ഉടമ സഹായിക്കണം. പിരിച്ചു വിടപ്പെടുന്നവർ പുതിയ ജോലി ലഭിക്കുന്നതുവരെ അവർക്കു നൽകിയ താമസസ്ഥലത്ത് തുടരാൻ അനുവദിക്കണമെന്നും നിർദ്ദേശമുണ്ട്. ഒരു മുറിയിൽ ഇരുപതിലേറെപ്പേരാണ് അന്തിയുറങ്ങുന്നത്. അതും മേൽക്കുമേലുള്ള ബർത്തുകളായി.
മഹാമാരിയെ തുടർന്നുള്ള അടച്ചിടലിൽ യുഎഇയിലെ നിർമ്മാണ രംഗമാകെ സ്തംഭനാവസ്ഥയിലാണ്. ഈ സ്ഥിതിയിൽ നിന്ന് എന്നു കരകയറുമെന്നു രൂപവുമില്ല. വേതനയില്ലാതെ അധിക ദിവസം പിടിച്ചു നിൽക്കാനുമാകാതെ വരുമ്പോൾ ഗത്യന്തരമില്ലാതെ ലക്ഷക്കണക്കിനു പ്രവാസി തൊഴിലാളികൾക്ക് നാട്ടിലേക്ക് തിരിച്ചൊഴുക്കു നടത്തുകയേ ഗത്യന്തരമുള്ളൂ എന്ന് പ്രവാസി സംഘടനകൾ പറയുന്നു. പുതിയ ഉത്തരവിന്റെ ആഘാതം ഏറ്റവുമധികം ഏൽക്കേണ്ടിവരുന്നത് മലയാളികൾക്കായിരിക്കുമെന്നും തീർച്ച.
പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാൽ നാട്ടിലേക്ക് തിരിച്ച് വരവ് പോലും ഇപ്പോൾ അസാധ്യമായിരിക്കുകയാണ്. രാജ്യാന്തര വിമാന സർവ്വീസുകൾ എല്ലാം നിർത്തലാക്കിയ സാഹചര്യത്തിൽ മലയാളികൾ അടക്കമുള്ള പ്രവാസികൾ ദുരിതത്തിലാകുമെന്ന് ഉറപ്പാണ്. നിലവിലെ സാഹചര്യം എങ്ങനെ തരണം ചെയ്യുമെന്ന് അറിയില്ലെന്ന് ദുബായിൽ ജോലി ചെയ്യുന്ന ചില പ്രവാസികൾ പറയുന്നു.