മലയാളം ഇ മാഗസിൻ.കോം

മാധ്യമപ്രവർത്തകരെ അപമാനിച്ച യു പ്രതിഭ MLAക്ക്‌ മറുപടിയുമായി സംവിധായകനും മാധ്യമ പ്രവർത്തകനുമായ പ്രജീഷ്‌ സെൻ

നാടിനു വേണ്ടി കണ്ണും മനസ്സും തുറന്നിരിക്കുന്ന മാധ്യമ പ്രവർത്തകർക്ക്‌ തെറ്റു പറ്റിയാൽ അതു ചൂണ്ടിക്കാണിക്കുന്നതിനു പകരം അവരെ അപമാനിക്കരുതെന്നും സംവിധായകനും മുൻ മാധ്യമപ്രവർത്തകനുമായ പ്രജീഷ്‌ സെൻ. ഫേസ്ബുക്കിലൂടെയാണ്‌ യു പ്രതിഭ എം എൽ എയ്ക്ക്‌ മറുപടിയുമായി പ്രജീഷ്‌ എത്തിയത്‌. ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.

ശരീരം വിൽക്കുക എന്നത്‌ നിർവികാരമായൊരു ജീവിതമാർഗ്ഗമാണെന്ന്‌ ഓർമ്മപ്പെടുത്തിയതിന്‌ നന്ദി. വേറെ പണിക്കൊന്നും കൊള്ളാത്തവർക്ക്‌ തിരഞ്ഞെടുക്കാവുന്ന തൊഴിൽ.

സ്വന്തം കുഞ്ഞിനെ അടുത്ത മുറിയിൽ ഉറക്കി കിടത്തിയിട്ട്‌ ലൈവ്‌ സ്റ്റുഡിയോയിൽ ഇരുന്ന്‌ വാർത്ത വായിക്കുന്നവരും ജോലിക്ക്‌ പോകുമ്പോൾ വീട്ടിൽ കൂട്ടിന്‌ ആളില്ലാതാകുന്നതിനാൽ ഗർഭിണിയായ ഭാര്യയെ അയൽവീട്ടിൽ കൊണ്ടു പോയി ഇരുത്തിയ ശേഷം വാർത്തകൾ തേടി പോകുന്നതുമെല്ലാം ശരീരം വിറ്റ്‌ ജീവിക്കാം എന്ന ‘ഐഡിയ’ അറിയാത്ത മാധ്യമപ്രവർത്തകരാണ്‌.

കിടക്കപ്പായയിൽ കുട്ടികളെ തമ്മിൽ കെട്ടിയിട്ട്‌ മുറിയടച്ച്‌ നെഞ്ചിലൊരു പിടപ്പുമായി രാത്രി അസമയത്തുണ്ടായ ദുരന്തവാർത്ത ബ്രേക്കിങ്‌ കൊടുക്കാൻ ഓടിപ്പോകുന്ന വനിതാ മാധ്യമപ്രവർത്തകരുണ്ട്‌ നമുക്കിടയിൽ. അവർ കൊടുക്കുന്ന വാർത്തയാണ്‌ കംഫർട്ട്‌ സോണിൽ ഇരുന്ന്‌ ലോകം മുഴുവൻ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത്‌. അവർക്കീ ‘ഐഡിയ’ അറിയാതെ പോയി എന്നുവേണം കരുതാൻ.

സ്വന്തം വീട്ടിൽ അടുപ്പ്‌ പുകഞ്ഞില്ലെങ്കിലും തെരുവിലെ അതിഥിതൊഴിലാളിക്ക്‌ ഭക്ഷണം കിട്ടുന്നുണ്ടോ എന്ന്‌ നോക്കാൻ അവർ ഓടും. കാരണം ശരീരം വിറ്റ്‌ ജീവിക്കാമെന്ന ‘പുതിയ ജനാധിപത്യ’ ആശയം അവർക്ക്‌ തെല്ലും അറിയില്ല. മാധ്യമപ്രവർത്തകരുടെ അത്തരം അറിവില്ലായ്മ പഠിപ്പിച്ചു തന്നെ മാറ്റണം. അത്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാവുന്നതാണ്‌ കൂടുതൽ നല്ലത്‌. കാരണം അതാണ്‌ ആധികാരികം, സമഗ്രം, അംഗീകൃതം.

ഒരു സ്ത്രീയാകട്ടെ പുരുഷനാകട്ടെ മേറ്റ്ാ‍ന്നും ചെയ്യാനാകാതെ ശരീരം വിൽക്കൽ മാത്രമാണ്‌ ഉപജീവന മാർഗ്ഗമെന്ന അവസ്ഥയിൽ എത്തുകയോ എത്തിക്കുകയോ ചെയ്യുന്നത്‌ ഒപ്പം ജീവിക്കുന്ന മറ്റ്‌ മനുഷ്യരുടെ പരാജയമാണ്‌. ആ നിലയിൽ നമ്മൾ എല്ലാം പരാജയമായിപ്പോകും.

കൊറോണ വ്യാപനം തടയാൻ സർക്കാർ സംവിധാനങ്ങൾ തലങ്ങും വിലങ്ങും ഓടുമ്പോൾ അവർക്കൊപ്പവും ചിലപ്പോൾ അവർക്ക്‌ മുന്നേയും ഓടുന്ന ഒരു വലിയ സമൂഹമാണ്‌ മാധ്യമപ്രാർത്തകർ. അത്‌ കാണാതെ പോകരുത്‌. അവർ ഉണ്ടോ ഉറങ്ങിയോ എന്നൊന്നും ഇവിടെയാരും ചോദിക്കില്ല. കാരണം അവര്‌ ശരീരം വിറ്റ്‌ ജീവിച്ചോട്ടെ… സ്വന്തം ശരീരവും കുടുംബവും എല്ലാം വിട്ട്‌ നാടിനു വേണ്ടി കണ്ണും മനസ്സും തുറന്നിരിക്കുന്ന വലിയൊരു വിഭാഗം മാധ്യമ പ്രവർത്തകരുണ്ടിവിടെ.

അവർക്കും തെറ്റുകൾ പറ്റും. അങ്ങനെ വരുമ്പോൾ ആ തെറ്റുകൾ ചൂണ്ടി കാണിക്കാം, ശകാരിക്കാം. അതല്ലേ നമ്മൾ പരിഷ്കൃത സമൂഹത്തിന്‌ ചേരുന്നത്‌. ശരീരം വിറ്റ്‌ ജീവിക്കേണ്ടി വരുന്ന, സാഹചര്യം കൊണ്ട്‌ ആ തൊഴിലിൽ എത്തിപ്പെട്ടവരെ കൂടി ചേർത്തു പിടിക്കേണ്ട സമയമാണ്‌. ലോക്ക്‌ ഡൗണിൽ അവരുടെ ജീവിതവും നമുക്ക്‌ ഊഹിക്കാം. അവരെയും അപമാനിക്കരുത്‌. നമുക്കൊരുമിച്ച്‌ അതിജീവിക്കാം. അതിജീവിക്കണം ഈ കാലം.

Avatar

Staff Reporter