ഒന്നാം ഭാഗം: മനസ്സിന്റെ മുറിവുകൾ
ചൂടുള്ള ഒരു മെയ് മാസത്തിലെ ഉച്ചനേരം. തിരുവനന്തപുരത്തെ ഒരു മൾട്ടിനാഷണൽ ഫിനാൻസ് കമ്പനിയുടെ റീജിയണൽ ഓഫീസിന്റെ ഗ്ലാസ് ഫ്രണ്ട് ബിൽഡിംഗിന്റെ മുന്നിൽ ഒരു കറുത്ത സെഡാൻ കാർ വന്നു നിന്നു. കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയത് 36 വയസ്സുള്ള പ്രഭ. കറുത്ത സാരിയിൽ, മുടി കെട്ടിവച്ച്, മുഖത്ത് കർക്കശമായ ഒരു ഭാവവുമായി അവൾ ഓഫീസിന്റെ വാതിൽക്കലേക്ക് നടന്നു. അവളുടെ കാൽപ്പാടുകൾ ഓഫീസിന്റെ മിനുസമുള്ള തറയിൽ മുഴങ്ങി. ഓഫീസിലെ ജീവനക്കാർ, അവളെ കണ്ടതും ഒരു നിമിഷം നിശ്ചലരായി. “പ്രഭ മാഡം വന്നു,” ഒരു ജീവനക്കാരൻ മറ്റൊരാളോട് പതുക്കെ മന്ത്രിച്ചു.
പ്രഭയുടെ ജീവിതം ഒരു തുറന്ന പുസ്തകമല്ല. പക്ഷേ, അവളുടെ ഹൃദയത്തിൽ ഒരു മുറിവുണ്ട്, പത്ത് വർഷം മുൻപ് ഒരു വിവാഹത്തിന്റെ തലേന്ന് ഉണ്ടായ ഒരു ദുരന്തം. പ്രതിശ്രുത വരൻ, ശ്യാം, മറ്റൊരു പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയത് അവളുടെ ജീവിതത്തെ മാറ്റിമറിച്ചു. നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിൽ അവൾ അപമാനിതയായി. ആ നിന്ദ ആ ദിവസം മുതൽ അവളുടെ ഹൃദയത്തിൽ ഒരു കനലായി കിടന്നു. “ഇനി ഒരു പുരുഷനോടും വിശ്വാസം വേണ്ട,” അവൾ സ്വയം തീരുമാനിച്ചു. വിവാഹം എന്ന വാക്ക് അവളുടെ ജീവിതത്തിൽ നിന്ന് മായ്ക്കപ്പെട്ടു.
ഇപ്പോൾ, പ്രഭ ഒരു റീജിയണൽ ജനറൽ മാനേജരാണ്. നൂറോളം ജീവനക്കാരെ നിയന്ത്രിക്കുന്ന, കർക്കശമായ, എന്നാൽ നീതിമതിയായ ഒരു ബോസ്. ഓഫീസിൽ അവളുടെ വരവ് ഒരു കൊടുങ്കാറ്റിന്റെ മുന്നോടിയാണ്. എല്ലാവരും അവളെ ഭയപ്പെടുന്നു, പ്രത്യേകിച്ച് പുരുഷ ജീവനക്കാർ. അവരുടെ ചെറിയ തെറ്റുകൾ പോലും അവൾ ക്ഷമിക്കില്ല. “നിന്റെ റിപ്പോർട്ട് എവിടെ, രാജേഷ്? ഇത് മൂന്നാം തവണയാണ് ഞാൻ ചോദിക്കുന്നത്!” അവൾ ഒരു പുരുഷ ജീവനക്കാരനോട് ഉച്ചത്തിൽ ചോദിക്കുന്നത് ഓഫീസിലെ എല്ലാവരും കേട്ടു. അവന്റെ മുഖം വിളറി. “സോറി മാഡം, ഞാൻ…” അവൻ വാക്കുകൾക്കായി പരതി. “എന്തെങ്കിലും കാട്ടിക്കൂട്ടിയിട്ട് സോറി പറഞ്ഞാൽ മതിയോ? ഞാൻ നിങ്ങളുടെ എക്സ്ക്യൂസ് കേൾക്കാൻ വന്നതല്ല, ജോലി ചെയ്യാനാണ് നിങ്ങളിവിടെ വരുന്നത്!” പ്രഭയുടെ ശബ്ദം ഓഫീസിൽ മുഴങ്ങി.
പക്ഷേ, ഈ കർക്കശമായ മുഖംമൂടിക്ക് പിന്നിൽ ഒരു ഏകാന്തമായ ഹൃദയമുണ്ട്. രാത്രി, തന്റെ ഫ്ലാറ്റിൽ, ഒറ്റയ്ക്ക് ഇരിക്കുമ്പോൾ, പ്രഭ പലപ്പോഴും ആ പഴയ ഓർമ്മകളിലേക്ക് വഴുതിവീഴും. “എന്തിനാണ് ഞാൻ ജീവിക്കുന്നത്? എന്റെ ജീവിതം ഇത്ര ശൂന്യമായിരിക്കണോ?” അവൾ പലപ്പോഴും സ്വയം ചോദിക്കും.
രണ്ടാം ഭാഗം: വിവേകിന്റെ വരവ്
ഒരു തിങ്കളാഴ്ച രാവിലെ, ഓഫീസിന്റെ കോൺഫറൻസ് ഹാളിൽ വീക്കിലി റിവ്യൂ മീറ്റിംഗിനായി എല്ലാവരും ഒത്തുകൂടി. പ്രഭ, എപ്പോഴത്തെയും പോലെ, മേശയുടെ തലപ്പത്ത് ഇരുന്നു. അവളുടെ മുന്നിൽ ഒരു പൈൽ റിപ്പോർട്ടുകൾ. അവൾ ഓരോ ടീമിന്റെയും പ്രകടനം വിശകലനം ചെയ്തു. “നിന്റെ ടീം എന്താണ്, സുരേഷ്? ഈ മാസം ടാർഗറ്റിന്റെ 60% മാത്രമേ നേടിയുള്ളൂ! ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് എനിക്ക് പ്രഷർ വരുന്നുണ്ട്. ഇങ്ങനെ പോയാൽ പലരുടെയും കസേര തെറിക്കും!” അവളുടെ ശബ്ദത്തിൽ ഒരു മുന്നറിയിപ്പിന്റെ സ്വരം.
അപ്പോഴാണ് ഒരു പുതിയ മുഖം ഹാളിൽ പ്രവേശിച്ചത്. 26 വയസ്സുള്ള വിവേക്. ഒരു ഫോർമൽ ഷർട്ടും ടൈയും, മുഖത്ത് ഒരു ചെറിയ പുഞ്ചിരിയും. യുകെയിൽ നിന്ന് ഫിനാൻസ് മാനേജ്മെന്റ് പഠനം പൂർത്തിയാക്കി, ഹെഡ്ക്വാർട്ടേഴ്സിന്റെ നേരിട്ടുള്ള നിയമനത്തോടെ ജൂനിയർ ബിസിനസ് എക്സിക്യൂട്ടീവായി എത്തിയതാണ് വിവേക്. പ്രഭയ്ക്ക് ഈ നിയമനത്തെക്കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല. “എന്താണ് ഇത്? എന്തിനാണ് എന്റെ അറിവില്ലാതെ ഒരു നിയമനം?” അവൾ മനസ്സിൽ ചിന്തിച്ചു. അവളുടെ മുഖത്ത് ഒരു നീരസം തെളിഞ്ഞു.
വിവേക്, മീറ്റിംഗിന്റെ അവസാനം, എഴുന്നേറ്റ് പറഞ്ഞു, “മാഡം, എനിക്ക് കുറച്ച് ബിസിനസ് പ്ലാൻസ് ഉണ്ട്. ഞാൻ വിശ്വസിക്കുന്നു, ഇത് നമ്മുടെ ടാർഗറ്റ് അച്ചീവ് ചെയ്യാൻ സഹായിക്കും.” പ്രഭ, അവനെ ഒന്ന് നോക്കി. “നിന്റെ പ്ലാൻസ് ബിസിനസ് മാനേജരോട് സംസാരിക്ക്, വിവേക്. ഞാൻ ഇവിടെ ജനറൽ മാനേജർ ആണ്, ഓരോ ജൂനിയർ എക്സിക്യൂട്ടീവിന്റെ പ്ലാൻസും കേൾക്കാൻ എനിക്ക് സമയമില്ല.” അവളുടെ വാക്കുകൾ കല്ലുപോലെ ഉറച്ചതായിരുന്നു. വിവേക് ഒന്ന് പുഞ്ചിരിച്ചു, “ഓക്കേ, മാഡം,” എന്ന് പറഞ്ഞ് ഇരുന്നു.
മൂന്നാം ഭാഗം: അത്ഭുതത്തിന്റെ തുടക്കം
ഒരു മാസം കഴിഞ്ഞു. അടുത്ത റിവ്യൂ മീറ്റിംഗ്. പ്രഭ, എപ്പോഴത്തെയും പോലെ, റിപ്പോർട്ടുകൾ പരിശോധിച്ച് തുടങ്ങി. പക്ഷേ, ഇത്തവണ അവളുടെ കണ്ണുകൾ വിശ്വാസം വരാതെ വിടർന്നു. വിവേകിന്റെ ടീം, ഒരു ജൂനിയർ എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ, സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ചിരുന്നു. “ഇത്… ഇത് എങ്ങനെ?” പ്രഭയുടെ ശബ്ദത്തിൽ അത്ഭുതവും ആശ്വാസവും.
“വിവേക്, എഴുന്നേറ്റ് പറ, എന്താണ് നിന്റെ ടീം ചെയ്തത്?” അവൾ ആവേശത്തോടെ ചോദിച്ചു. വിവേക്, ശാന്തമായി എഴുന്നേറ്റു. “മാഡം, ഞങ്ങൾ ഒരു പുതിയ ക്ലയന്റ് ഓൺബോർഡിംഗ് സ്ട്രാറ്റജി ഉപയോഗിച്ചു. ഞാൻ യുകെയിൽ പഠിച്ച ഒരു മോഡൽ അഡാപ്റ്റ് ചെയ്തതാണ്. കുറച്ച് റിസ്ക് എടുത്തു, പക്ഷേ ഫലം കിട്ടി.”
പ്രഭ, ഹാളിലെ എല്ലാവരുടെയും മുന്നിൽ, വിവേകിനെ അഭിനന്ദിച്ചു. “നിന്റെ പ്രവർത്തനം അത്ഭുതകരമാണ്, വിവേക്. ഈ ഓഫീസിന് നിന്റെ പോലെ ഒരു ടാലന്റ് ആവശ്യമാണ്.” അവളുടെ വാക്കുകൾ ആത്മാർത്ഥമായിരുന്നു. ആ നിമിഷം, വിവേകിന്റെ മുഖത്തെ പുഞ്ചിരി അവളുടെ ഹൃദയത്തിൽ എന്തോ ഒരു തീപ്പൊരി തെറിപ്പിച്ചു.
നാലാം ഭാഗം: ഹൃദയത്തിന്റെ തുടിപ്പുകൾ
അടുത്ത മാസങ്ങളിൽ, വിവേകിന്റെ മികവ് ഓഫീസിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചു. പ്രഭയുടെ ടാർഗറ്റുകൾ ഇരട്ടിയായി നേടപ്പെട്ടു. ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് അനുമോദനങ്ങൾ വന്നുകൊണ്ടിരുന്നു. “പ്രഭ, നിന്റെ ലീഡർഷിപ്പിന് കീഴിൽ ഈ ഓഫീസ് മാജിക് സൃഷ്ടിക്കുന്നു!” എന്ന് ഹെഡ്ക്വാർട്ടേഴ്സിലെ ഒരു മെയിൽ. പക്ഷേ, പ്രഭയ്ക്ക് അറിയാമായിരുന്നു, ഈ മാജിക്കിന്റെ യഥാർത്ഥ കാരണം വിവേകാണ്.
അവന്റെ ബുദ്ധിശക്തി, ശാന്തമായ സ്വഭാവം, എല്ലാവരോടും ഒരു പോലെ പെരുമാറുന്ന മനോഭാവം—ഇതെല്ലാം പ്രഭയെ ആകർഷിച്ചു. രാത്രി, തന്റെ ഫ്ലാറ്റിൽ, അവൾ വിവേകിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. “എന്താണ് ഈ വികാരം? 10 വർഷമായി ഞാൻ ഒരു പുരുഷനോടും ഇങ്ങനെ തോന്നിയിട്ടില്ല…” അവളുടെ ഹൃദയം അവന്റെ പേര് മന്ത്രിക്കാൻ തുടങ്ങി.
പക്ഷേ, ഈ വികാരം അവളെ ഭയപ്പെടുത്തി. “ഞാൻ 36 വയസ്സുള്ള സ്ത്രീ. വിവേകിന് 26 വയസ്സേ ഉള്ളൂ. 10 വയസ്സിന്റെ വ്യത്യാസം… ഞാൻ എന്താണ് ചിന്തിക്കുന്നത്?” അവൾ സ്വയം ശാസിച്ചു. എന്നിട്ടും, അവന്റെ പുഞ്ചിരി, അവന്റെ ശബ്ദം, അവന്റെ ആത്മവിശ്വാസം—ഇവയെല്ലാം അവളെ വേട്ടയാടി.
ഓഫീസിൽ, വിവേക് മറ്റ് സ്ത്രീ ജീവനക്കാരോട് സംസാരിക്കുന്നത് കാണുമ്പോൾ, പ്രഭയ്ക്ക് ഒരു അസൂയ തോന്നി. വിവേകിനെ ഓഫിസിലെ സുന്ദരിമാരിൽ നിന്നും അകറ്റി തനിക്കൊപ്പം നിർത്തുക എന്ന വലിയ തലവേദനയായിരുന്നു പ്രഭ പിന്നീട് ഏറ്റെടുത്തത്. കാവ്യ, മാളവിക—ഇവർ രണ്ടുപേർക്കും വിവേകിനോട് ഒരു ക്രഷ് ഉണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു. ഒരു ദിവസം, ലഞ്ച് ബ്രേക്കിനിടയിൽ, വിവേക് കാവ്യയോട് എന്തോ തമാശ പറഞ്ഞ് ചിരിക്കുന്നത് കണ്ടപ്പോൾ, പ്രഭയുടെ ഹൃദയം ഒന്ന് പിടഞ്ഞു. “എന്തിനാണ് ഞാൻ ഇങ്ങനെ ചിന്തിക്കുന്നത്? എനിക്ക് എന്തവകാശമാണ് അവനിൽ?” അവൾ മനസ്സിൽ ചോദിച്ചു.
എപ്പോഴും അവനൊപ്പം വേണമെന്ന ചിന്ത പ്രഭയെ ഒരു പ്രണയിനിയാക്കി എന്ന് പറയാം. ഓഫിസിലെ മറ്റ് സ്ത്രീ സഹപ്രവർത്തകരുമായി വിവേക് സംസാരിക്കുന്നതും അവർക്കൊപ്പം ഭക്ഷണം കഴിക്കുന്നതും എല്ലാം പ്രഭയിൽ അലോസരം ഉണ്ടാക്കി. വിവേകിനെ ഭക്ഷണം കഴിക്കാൻ തനിക്കൊപ്പം വിളിക്കാൻ അവൾ ശ്രമിച്ചു. പക്ഷെ വിവേക് ഒഴിഞ്ഞു മാറുകയായിരുന്നു. വിവേകിനൊപ്പം സമയം ചെലവഴിക്കാനായിരുന്നു ആ സ്ഥാപനത്തിലെ പെൺകുട്ടികൾക്കിഷ്ടം. അതുകൊണ്ട് തന്നെ വിവേകിനെ തനിക്കൊപ്പം കിട്ടാൻ പ്രഭ വല്ലാതെ ബുദ്ധിമുട്ടി.

അഞ്ചാം ഭാഗം: ഒരു കോഫി ഷോപ്പിലെ നിമിഷങ്ങൾ
ഒരു ദിവസം, ഓഫീസിലേക്കുള്ള വഴിയിൽ, വിവേകിനെ റോഡരികിൽ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്നത് പ്രഭ കണ്ടു. അവന്റെ കാർ, എന്തോ പ്രശ്നം കാരണം, സർവീസ് സെന്ററിലേക്ക് കൊണ്ടുപോകാൻ വേണ്ടി അവൻ കാത്തുനിൽക്കുകയായിരുന്നു. പ്രഭ, ഒരു നിമിഷം ചിന്തിച്ചു, കാർ ഒതുക്കി. “വിവേക്, എന്താണ് പ്രശ്നം?” അവൾ ചോദിച്ചു.
“മാഡം, കാർ എന്തോ പ്രശ്നം. സർവീസ് സെന്ററിൽ വിളിച്ചിട്ടുണ്ട്. അവർ വരുന്നുണ്ട്,” വിവേക് ശാന്തമായി പറഞ്ഞു.
“അവർ വന്ന ഉടനെ ഞാൻ ഒരു ടാക്സി വിളിച്ച് ഓഫിസിൽ എത്തിക്കോളാം മാഡം” അവൻ തുടർന്നു.
പ്രഭ, ഒരു നിമിഷം അവനെ നോക്കി. “വിവേക്, എന്നെ മാഡം എന്ന് വിളിക്കേണ്ട. പ്രഭ എന്ന് വിളിച്ചാൽ മതി.” അവളുടെ ശബ്ദത്തിൽ ഒരു അപേക്ഷയുടെ സ്വരം.
വിവേക് ചിരിച്ചു. “ഓഫീസിൽ എല്ലാവരും മാഡം എന്നല്ലേ വിളിക്കുന്നത്? എനിക്കെന്താ പ്രത്യേകത?”
“നിനക്ക്… നിനക്ക് പ്രത്യേകത ഉണ്ട്, വിവേക്,” പ്രഭ പറഞ്ഞു, പക്ഷേ വാക്കുകൾ പൂർത്തിയാക്കാൻ അവൾക്ക് കഴിഞ്ഞില്ല. “നമുക്ക്… നമുക്ക് ഒരു കോഫി കുടിച്ചാലോ?” അവൾ തൊട്ടടുത്തുള്ള കോഫി ഷോപ്പിലേക്ക് ചൂണ്ടി.
കോഫി ഷോപ്പിൽ, ഒരു ചെറിയ മേശയ്ക്ക് ചുറ്റും ഇരുന്നുകൊണ്ട്, പ്രഭ തന്റെ ഹൃദയം തുറന്നു. “വിവേക്, നിന്റെ വരവിന് ശേഷം ഈ ഓഫീസ് മാറി. നിന്റെ പ്ലാൻസ്, നിന്റെ ബുദ്ധി… ഇതൊന്നും ഇല്ലായിരുന്നെങ്കിൽ എന്റെ ജോലി പോലും പ്രശ്നത്തിലാകുമായിരുന്നു. ഞാൻ… ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇതൊക്കെ എങ്ങനെ സാധിക്കുന്നു വിവേക്…”
വിവേക്, ഒരു ചെറിയ പുഞ്ചിരിയോടെ, “ഭാഗ്യം കൊണ്ടാവും, മാഡം.”
“പ്ലീസ്, വിവേക്, എന്നെ പ്രഭ എന്ന് വിളിക്കൂ. നമുക്കിടയിൽ ഒരു ഫോർമാലിറ്റി വേണ്ട,” അവൾ ഒരു കൊച്ചുകുട്ടിയെപ്പോലെ അപേക്ഷിച്ചു.
“ഓക്കേ, ശ്രമിക്കാം, പ്രഭ,” വിവേക് പറഞ്ഞു. അവന്റെ ശബ്ദത്തിൽ ഒരു ചെറിയ കുസൃതി ഉണ്ടായിരുന്നു.
സർവീസ് സെന്ററിൽ നിന്ന് ഫോൺ വന്നപ്പോൾ, വിവേക് എഴുന്നേറ്റു. “പ്രഭ, അവർ വന്നു. പ്രഭ ഓഫിസിലേക്ക് പൊയ്‌ക്കോളൂ, ഞാൻ ഇത് നോക്കിയിട്ട് അങ്ങെത്തിക്കോളാം”
“വേണ്ട, വിവേക്. നമുക്ക് ഒരുമിച്ച് ഓഫീസിലേക്ക് പോകാം,” പ്രഭ പറഞ്ഞു. അവനെ തന്റെ കാറിലേക്ക് ക്ഷണിച്ചു. വിവേക്, ഒരു നിമിഷം ശങ്കിച്ചു, പക്ഷേ പിന്നെ സർവീസ് സെന്ററിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അവളോടൊപ്പം കാറിൽ കയറി. ഓഫീസിലേക്കുള്ള യാത്രയിൽ തന്റെ ഇഷ്ടം വിവേകിനോട് പറയാൻ പ്രഭ ആഗ്രഹിച്ചെങ്കിലും വിവേക് അതി സമർഥമായി അതിന് അനുവദിച്ചില്ല.
ആറാം ഭാഗം: അനാമികയുടെ വരവ്
വിവേകില്ലാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ഇനിയും തുറന്നു പറയാതിരുന്നാൽ തനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് പ്രഭ മനസിലാക്കി. പക്ഷെ തന്റെ പ്രായം വിവേകിന് തന്നെ അവഗണിക്കാനുള്ള വലിയ ഒരു കാരണമാണെന്ന് അവൾ ഭയന്നു. 10 വയസ് കൂടുതലുള്ള തന്നെ വിവേക് ഒരിക്കലും ഒരു പങ്കാളിയായി അംഗീകരിക്കില്ല എന്നവൾക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇത്രനാളും ഇഷ്ടം തുറന്നു പറയാതിരുന്നതും. ഇനി പറ്റില്ല, ഇങ്ങനെ പോയാൽ ഭ്രാന്ത് പിടിക്കും. അവനില്ലാതെ തനിക്ക് പറ്റില്ലെന്ന് പ്രഭ തിരിച്ചറിഞ്ഞു.
അന്നവൾ അതീവ സുന്ദരിയായാണ് ഓഫീസിൽ എത്തിയത്. വന്നപാടെ ഓഫിസിൽ മുഴുവൻ പരതിയിട്ടും വിവേകിനെ കണ്ടില്ല. ഫോൺ എടുത്ത് വിളിച്ചു നോക്കി, കോൾ കട്ട് ആക്കിയ വിവേക് തിരിച്ച് വിളിക്കാം എന്ന് മെസ്സേജ് ഇട്ടു. എന്താണെന്ന് അവൾക്ക് മനസിലായില്ല. അവൾ സീറ്റിലേക്ക് പോയി.
പെട്ടെന്നാണ്, ഓഫീസിൽ ഒരു അപ്രതീക്ഷിത സന്ദർശനം. സ്ഥാപനത്തിന്റെ ചെയർമാന്റെ മകളും പുതിയ സിഇഒയുമായ അനാമിക. 26 വയസ്സുള്ള, സുന്ദരിയായ, ആത്മവിശ്വാസം തുളുമ്പുന്ന ഒരു യുവതി. അവൾ ഓഫീസിൽ കയറി വന്നപ്പോൾ, എല്ലാവരും ഒരു നിമിഷം നിശ്ശബ്ദരായി. നിയമിത ആയശേഷമുള്ള ആദ്യ വരവാണ്.
നേരെ ചെയർമാന്റെ റൂമിലേക്ക് കയറിയ അനാമിക പ്രഭയെ വിളിപ്പിച്ചു. പ്രഭ പെട്ടെന്ന് തന്നെ അനാമികയുടെ റൂമിൽ എത്തി. “പ്രഭ, ഈ റീജിയണൽ ഓഫീസിനെക്കുറിച്ച് ഹെഡ്ക്വാർട്ടേഴ്സിൽ വലിയ അഭിപ്രായമാണ്. കൺഗ്രാജുലേഷൻസ്!” അനാമിക പറഞ്ഞു. പ്രഭ, അഭിമാനത്തോടെ, “നന്ദി, മാഡം. ഞങ്ങളുടെ ടീം…” എന്ന് പറഞ്ഞു തുടങ്ങിയതും, വിവേക് റൂമിലേക്ക് കയറി വന്നു.
വിവേകിനെ കണ്ടതും പ്രഭയുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു. ഒരു പ്രണയിനിയെപ്പോലെ ആവേശഭരിതയായി. എല്ലാത്തിനും കാരണം എന്റെ വിവേകാണ് എന്ന് ഉറക്കെ വിളിച്ചു പറയാൻ അവൾ ആഗ്രഹിച്ചു.
“എവിടെ ആയിരുന്നെടാ, വിവേക്? ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ, രാവിലെ എത്തുമെന്ന്?” അനാമിക, ഒരു കുസൃതി ചിരിയോടെ ചോദിച്ചു.
“സോറി, അനാമിക. ഒരു അർജന്റ് മീറ്റിംഗ് ആയിരുന്നു. 2 കോടിയുടെ ബിസിനസ്. ക്ലയന്റ് യുഎസിലേക്ക് പോകാനുള്ളതായിരുന്നു. ഇപ്പോൾ കിട്ടിയില്ലെങ്കിൽ 2 മാസം കഴിഞ്ഞേ കിട്ടൂ,” വിവേക് ശാന്തമായി മറുപടി പറഞ്ഞു.
അനാമിക എഴുന്നേറ്റ് അവനെ കെട്ടിപ്പിടിച്ചു. “നിന്റെ ഈ ഡെഡിക്കേഷൻ… അതാണ് നിന്റെ പ്രത്യേകത!”
പ്രഭ, ഒരു നിമിഷം ഞെട്ടി. “ഇവർ… ഇവർ തമ്മിൽ…” അവളുടെ ഹൃദയം തകർന്നു. അനാമിക തുടർന്നു, “പ്രഭ, ഇത് എന്റെ ഫ്രണ്ട് വിവേക്. ഞങ്ങൾ ഒരുമിച്ചാണ് യുകെയിൽ പഠിച്ചത്. 5 വർഷം ഒരുമിച്ചുണ്ടായിരുന്നു. ഞാനും ഡാഡിയും ഒരുപാട് നിർബന്ധിച്ചാണ് ഇവനെ യുകെയിലെ ജോലി വേണ്ടെന്ന് വച്ച് ഇവിടേക്ക് കൊണ്ടുവന്നത്.”
“പ്രഭയ്ക്ക് അറിയുമോ അവിടുത്തെ ചരിത്രത്തിലെ ഏറ്റവും ബ്രില്ലിയൻറ് സ്റ്റുഡന്റ് ആണിവൻ. അതുകൊണ്ടല്ലേ അത്രയും വലിയ ജോലി അവിടെ കിട്ടിയത്. ആ വലിയ സ്റ്റാറ്റസ് വേണ്ടെന്ന് വച്ച് ഈ റീജിയണൽ ഓഫിസിനെ കരകയറ്റാൻ വിവേക് നമ്മളെ സഹായിക്കുകയായിരുന്നു”.
ഇതെല്ലാം കേട്ട പ്രഭയ്ക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ല. അവൾക്ക് ഒന്നും മനസ്സിലായില്ല. അവൾ ചിന്തിച്ചത് മറ്റൊന്നായിരുന്നു. അനാമികയെപ്പോലെ ഒരാൾ ഉള്ളപ്പോൾ തന്നെ എന്തായാലും വിവേക് സ്വീകരിക്കില്ല. താൻ ആശിച്ചതെല്ലാം വെറുതെയാണല്ലോ എന്നോർത്തപ്പോൾ അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഒന്ന് പൊട്ടിക്കരയാൻ അവൾക്ക് തോന്നി.
അവളുടെ ഹൃദയം ഒരു ആഴക്കടലിന്റെ ആഴങ്ങളിലേക്ക് വീണു. “5 വർഷം… ഇവർ തമ്മിൽ പ്രണയമാണോ? വിവേക് എന്തിനാണ് എന്നോട് ഒന്നും പറയാതിരുന്നത്?” അവൾ ചിന്തിച്ചു.
പ്രഭ എങ്കിൽ പൊയ്ക്കോളൂ നമുക്ക് കോൺഫറൻസ് ഹാളിൽ ഒരു മീറ്റിംഗിന് ഇരിക്കാം ഉടൻ. ഞങ്ങൾക്ക് അല്പം സ്വകാര്യം സംസാരിക്കാറുണ്ട്. പ്രഭ അപമാനിതയായ പോലെ അവൾക്ക് തോന്നി. അവരുടെ സ്വകാര്യതയ്ക്ക് വേണ്ടി തന്നെ ഒഴിവാക്കുന്നു. താൻ സ്നേഹിക്കുന്ന സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിവേക് അനാമിക എന്ന ചെയർമാന്റെ മകളും കമ്പനി സിഇഒയുമായ സുന്ദരിയും വിവേകിന്റെ സമപ്രായക്കാരിയുമായ ആൾക്കൊപ്പം… എന്തിന് വെറുതെ താൻ വിവേകിനെ മോഹിച്ചു. ആ ചിന്തകൾ അവളെ നിരാശയാക്കി.
ഏഴാം ഭാഗം: തകർന്ന ഹൃദയം
കോൺഫറൻസ് ഹാളിൽ അനാമിക വലിയ സർപ്രൈസ് ആയിരുന്നു ഒരുക്കി വച്ചിരുന്നത്. എല്ലാ സ്റ്റാഫിനും കൈനിറയെ സമ്മാനങ്ങൾ. പ്രഭയ്ക്ക് പുതിയ കാർ. പക്ഷെ വിവേകിന് മാത്രം ഒന്നും അനൗൺസ് ചെയ്തില്ല. പ്രഭയ്ക്ക് ഇരിക്കപ്പൊറുതി കിട്ടിയില്ല. അതെന്താ വിവേകിന് മാത്രം ഒന്നും നൽകാതിരുന്നത്? വിവേകിന്റെ കഴിവുകളെ വാനോളം പുകഴ്ത്തി സംസാരിച്ച അനാമിക എന്തുകൊണ്ട് അവനായി ഒന്നും നൽകിയില്ല.
പ്രഭയുടെ മനസ്സിൽ ചോദ്യങ്ങൾ. “ഓ… അനാമികയെ തന്നെ അവന് നൽകിയിരിക്കുന്നു. പിന്നെന്തിനാണ് മറ്റൊരു സമ്മാനം?” അവൾക്ക് സ്വയം വിഡ്ഢിയായി തോന്നി.
മീറ്റിംഗ് കഴിഞ്ഞപ്പോൾ, അനാമിക പ്രഭയോട് പറഞ്ഞു, “പ്രഭ, ഇന്നത്തേക്ക് തന്റെ ബിസിനസ് എക്സിക്യൂട്ടീവിനെ ഞാൻ കൊണ്ട് പോകുന്നു.” വിവേകിനെ ചേർത്തുപിടിച്ചുകൊണ്ട് അവർ പുറത്തേക്ക് നടന്നു.
പ്രഭയ്ക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. “ഇനി ഈ ഓഫീസിൽ ജോലി വേണ്ട,” അവൾ തീരുമാനിച്ചു. അവൾ ഫ്ലാറ്റിലേക്ക് മടങ്ങി, ഒറ്റയ്ക്ക്, തന്റെ നഷ്ടപ്രണയത്തിന്റെ വിഷാദത്തിൽ മുഴുകി.

എട്ടാം ഭാഗം: പ്രണയത്തിന്റെ പുനർജനനം
പിറ്റേന്ന് രാവിലെ, പ്രഭയുടെ ഫോൺ ശബ്ദിച്ചു. വിവേകിന്റെ കോൾ. “എന്താണ് മാഡം, അല്ല പ്രഭ, ഓഫീസിൽ വരാത്തത്? സുഖമില്ലേ?”
അവൾക്ക് വിവേകിനോട് പ്രതികരിക്കാൻ തോന്നിയില്ല. ഇന്നലെവരെ താൻ ആഗ്രഹിച്ച വിവേക് അല്ല ഈ വിവേക്. ഇത് അനാമികയുടെ വിവേക് ആണ്.
“ഇല്ല, വിവേക്. മനസിന് ഒരു സുഖമില്ല,” അവൾ ദുർബലമായ ശബ്ദത്തിൽ പറഞ്ഞു.
“ആഹാ, എന്നാൽ ആ അസുഖം മാറ്റണമല്ലോ,” വിവേക് പറഞ്ഞു, ഫോൺ കട്ട് ചെയ്തു. പ്രഭയ്ക്ക് ഒന്നും മനസിലായില്ല. അവൾ വീണ്ടും നഷ്ടപ്രണയത്തിന്റെ വിഷാദത്തിൽ കിടക്കയിലേക്ക് തന്നെ വീണു. ഒരിക്കൽ ഒരാൾ തന്നെ അപമാനിച്ചു. ഇന്നിതാ വീണ്ടും താൻ അപമാനിതയായിരിക്കുന്നു. വിവേകിന് തന്നെക്കാൾ നല്ലത് അനാമിക തന്നെ, സമപ്രായക്കാർ, ഒരേ വൈബ് ഉള്ളവർ. അവർ ഒരുമിക്കുന്നത് ബിസിനസിനും അവരുടെ ജീവിതത്തിനും ഉയർച്ചകൾ നൽകും. താനുമായി വിവേക് ഒന്നിച്ചാൽ ആർക്കാണ് ഗുണം? തനിക്ക് മാത്രം.
“എന്തിനാണ് ഞാൻ ജീവിക്കുന്നത്? വിവേക് അനാമികയുടേതാണ്. ഞാൻ വെറും ഒരു വിഡ്ഢിയാണ്,” അവൾ കരഞ്ഞു.
പെട്ടെന്ന്, ഫ്ലാറ്റിന്റെ കോളിങ് ബെൽ. വാതിൽ തുറന്നപ്പോൾ, മുന്നിൽ വിവേക്. പ്രഭ, ഒരു നിമിഷം വിശ്വസിക്കാനാകാതെ നിന്നു. “വിവേക്…” അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ അവനെ കെട്ടിപ്പിടിച്ചു, പൊട്ടിക്കരഞ്ഞു.
“എന്താണ്, പ്രഭ? എന്താണ് ഈ കാണിക്കുന്നത്?” വിവേക് ചിരിച്ചുകൊണ്ട് ചോദിച്ചു.
“വിവേക്, എനിക്ക് നിന്നെ… ഒരുപാട് ഇഷ്ടമാണ്. നിന്നെ കൂടാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ല. നീ അനാമികയുടേതാണെന്ന് അറിഞ്ഞപ്പോൾ… ഞാൻ… ഞാൻ ജീവിതം മതിയാക്കിയാലോ എന്ന് വരെ ചിന്തിച്ചു,” പ്രഭ കരഞ്ഞുകൊണ്ട് പറഞ്ഞു.
വിവേക്, അവളെ നോക്കി, ഒരു ആത്മാർത്ഥമായ പുഞ്ചിരിയോടെ, “ഞാൻ അനാമികയുടേതാണെന്ന് ആര് പറഞ്ഞു? പ്രഭ, നീ എല്ലാം തീരുമാനിച്ചോ? ഞാനും അനാമികയും സുഹൃത്തുക്കളാണ്. 5 വർഷം ഒരുമിച്ച് പഠിച്ചു, പക്ഷേ ഞങ്ങൾക്കിടയിൽ പ്രണയമില്ല. നല്ല സൗഹൃദം എങ്ങനെയാണ് പ്രണയമാകുന്നത്?”
“ഇല്ലേ? നിനക്ക് അനാമികയോട് പ്രണയമില്ലേ?” പ്രഭ, വിശ്വാസം വരാതെ ചോദിച്ചു.
“ഇല്ല, പ്രഭ. എനിക്ക്… എന്റെ പ്രഭയോടാണ് പ്രണയം. എനിക്കറിയാം, പ്രഭയ്ക്ക് എന്നെ ഒരുപാട് ഇഷ്ടമാണെന്ന്. നിന്റെ കണ്ണുകൾ, നിന്റെ വാക്കുകൾ… എല്ലാം എന്നോട് അത് പറഞ്ഞിരുന്നു,” വിവേക് പറഞ്ഞു.
“സത്യമാണോ, വിവേക്? നമ്മൾ തമ്മിൽ 10 വയസ്സിന്റെ വ്യത്യാസമുണ്ട്. ലോകം… സമൂഹം… വിവേകിനെ കളിയാക്കില്ലേ?”
“ഓ, സമൂഹത്തോട് പോകാൻ പറ, പ്രഭ. നമ്മൾ നമുക്ക് വേണ്ടി ജീവിക്കുന്നതല്ലേ? നിന്റെ ഒപ്പം ജീവിക്കാനാണ് എനിക്കിഷ്ടം. നീ എന്റേതാണ്,” വിവേക് അവളെ ചേർത്തുപിടിച്ചു.
“വിവേക്… എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നലെ മുതൽ ഈ നിമിഷം വരെ ജീവിതത്തെ വെറുത്ത് ജീവിതം മതിയാക്കിയാലോ എന്ന് ചിന്തിച്ച് സകലതും നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരുന്നു ഞാൻ. താങ്ക്യൂ, വിവേക്… എനിക്ക് ജീവിതം തന്നതിന്,” പ്രഭ, കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു.
“നിന്റെ കൂടെ, എന്റെ ജീവിതം പൂർണമാണ്, പ്രഭ,” വിവേക് പറഞ്ഞു.
ഒൻപതാം ഭാഗം: പുതിയ തുടക്കം
അന്നുമുതൽ പ്രഭയുടെ ജീവിതം മാറിമറിഞ്ഞു. അവളുടെ മുഖം എപ്പോഴും പുഞ്ചിരിയാൽ നിറഞ്ഞു. ഓഫീസിൽ, അവൾ കർക്കശമായ മാനേജർ മാത്രമല്ല, എല്ലാവരോടും സ്നേഹത്തോടെയും ഊഷ്മളതയോടെയും പെരുമാറുന്ന ഒരു പ്രിയപ്പെട്ട ബോസ് കൂടിയായി. വിവേകിന്റെ കൂടെ, അവൾ ജീവിതത്തിന്റെ പുതിയ അർത്ഥവും സന്തോഷവും കണ്ടെത്തി.
അവർ ഒരുമിച്ച് ഓഫീസിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. അനാമിക, അവരുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും നിശ്ശബ്ദമായ സാക്ഷിയായി നിന്നു. ഒരു ദിവസം, മീറ്റിംഗിനിടെ, അനാമിക ചിരിച്ചു കൊണ്ട് പറഞ്ഞു, “നിന്റെ ജീവിതം ഞാൻ ശരിക്കും മാറ്റിയല്ലോ, വിവേക്!”
വിവേക് ആത്മാർത്ഥമായി മറുപടി നൽകി, “നിന്റെ സൗഹൃദം എനിക്ക് ഒരു വലിയ വരദാനമാണ്, അനാമിക. പ്രഭ എന്റെ ജീവിതത്തിന്റെ പ്രകാശമാണ്. അവളുടെ സ്നേഹം എന്റെ ഏറ്റവും വലിയ ഭാഗ്യം. ഞാൻ സ്വപ്നം കണ്ടതിനേക്കാൾ വലിയ സന്തോഷമാണ് അവൾ എനിക്ക് നൽകുന്നത്.”
പ്രഭ, വിവേകിന്റെ കൈകൾ മെല്ലെ ചേർത്തുപിടിച്ചു. അവളുടെ കണ്ണുകൾ സ്നേഹത്താൽ തിളങ്ങി. “നിന്റെ കൂടെ ഞാൻ പൂർണയാണ്, വിവേക്. ഇനി ഒന്നിനെയും ഞാൻ ഭയപ്പെടുന്നില്ല,” അവൾ മൃദുവായി പറഞ്ഞു. അവർ ഒരുമിച്ച്, പുഞ്ചിരിയോടെ, ഭാവിയിലേക്കുള്ള സ്വപ്നങ്ങൾ നെയ്തു.