മലയാളം ഇ മാഗസിൻ.കോം

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് സലിംകുമാർ, ചുള്ളിക്കാടിന്റെ സഹോദരന്റെ വിഷയത്തിൽ പുതിയ വെളിപ്പെടുത്തൽ

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്, ചുള്ളിക്കാടിന്റെ സഹോദരന്റെ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി സോഷ്യൽ ആക്ടിവിസ്റ്റും പൊതു പ്രവർത്തകനുമായ സന്ദീപ് പോത്താനി വീണ്ടും. ഇത്തവണ നടൻ സലിം കുമാറിന്റെ ഇടപെടലിനെ വിമർശിച്ചുകൊണ്ടാണ്‌ സന്ദീപ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

\"\"

നടൻ സലിംകുമാറിനോട് ഒന്ന് ചോദിച്ചോട്ടെ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രനെ ചുള്ളിക്കാട് ഏറ്റെടുക്കേണ്ടതില്ല എന്ന രീതിയിലുള്ള നിങ്ങളുടെ പ്രതികരണം കണ്ടിരുന്നു. അദ്ദേഹത്തെ ഏറ്റെടുക്കാൻ നിങ്ങളോടോ, നിങ്ങളുടെ സുഹൃത്ത് ചുള്ളിക്കാടിനോടോ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ?

അർബുദമാണ്, മലദ്വാരത്തിലൂടെ ചോര കനിയുന്നുണ്ട് നിങ്ങളുടെ ഒരു സഹായവും ഞങ്ങൾക്ക് വേണ്ട. തെരുവിലിറങ്ങി കൈനീട്ടിയാണെങ്കിലും ഞങ്ങളദ്ദേഹത്തെ ചികിത്സിക്കും. കഴിയാവുന്നിടത്തോളം സംരക്ഷണം നൽകാൻ തന്നെയാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്നത്. മരണം കാത്തുകഴിയുന്ന ഒരാളുടെ ഒന്നു കാണാനുള്ള അഗ്രഹം മാത്രമാണ് ഞങ്ങളിവിടെ പങ്കുവെച്ചത്.

\"\"

കഴിഞ്ഞ ദിവസം നിങ്ങളുടെ ചങ്ങാതി ബാലചന്ദ്രൻ ചുള്ളിക്കാട് എന്നെ വിളിച്ചിരുന്നു. അരമണിക്കൂറോളം ഞങ്ങൾ സംസാരിച്ചിരുന്നു. തന്റെ സഹോദരനെക്കുറിച്ച് ചുള്ളിക്കാടിനില്ലാത്ത പരാതികളാണ് സലിംകുമാർ ഉന്നയിച്ചിരിക്കുന്നത്. കുമ്പളം നക്സൽ കേസിൽ ചുള്ളിക്കാടിനെ തേടി പോലീസുകാർ വീട്ടിൽ കയറി നിരങ്ങിയപ്പോൾ യാഥാസ്ഥിതികരായ മാതാപിതാക്കൾ ശ്വാസിച്ചതിനാണ് അദ്ദേഹം വീടുവിട്ടിറങ്ങിയത്.

അന്ന് ചുള്ളിക്കാടിന്റെ പ്രായം പതിനെട്ടും നിങ്ങൾ കൊടും ഭീകരനായി ചിത്രീകരിച്ച അനിയന്റെ പ്രായം ഒൻപതും. ആ ഒൻപത് വയസ്സുകാരണത്രേ ചുള്ളിക്കാടിനെ നാടുകടത്താൻ മുൻ നിരയിലുണ്ടായിരുന്നത്. അമ്മ മരിച്ചപ്പോൾ കാണാൻ സമ്മതിക്കതിരുന്നത് തന്നോട് പണ്ട് മുതൽക്കേ വൈരാഖ്യം ഉണ്ടായിരുന്ന നാട്ടിലെ നായർ പ്രമാണിമാരണെന്നാണ് ചുള്ളിക്കാട് തന്നെ എന്നോട് പറഞ്ഞിരുന്നു.

\"\"

അനിയത്തിയും സഹോദരനും തമ്മിലുള്ള തർക്കങ്ങളിൽ ബാലചന്ദ്രൻ ചുള്ളിക്കാട് അനിയത്തിക്കൊപ്പം നിന്നതിൽ ഉണ്ടായ ചെറിയ ചെറിയ നീരസങ്ങളും തർക്കങ്ങളുമാണ് രണ്ടു പേരോടുമായി സംസാരിച്ചതിൽ നിന്നും ഞാൻ മനസ്സിലാകുന്നത്.

അവനെ എനിക്കിഷ്ടമല്ല അതിനാൽ കാണാൻ വരുന്നില്ലെന്ന് പറഞ്ഞു സംസാരം തുടങ്ങിയ ചുള്ളിക്കാട് ഞാൻ കാണാൻ വന്നാൽ അയാൾക്കിഷ്ടമാകുമോ എന്നു പറഞ്ഞാണ് അവസാനിപ്പിച്ചത്. തിരുവനന്തപുരത്താണെന്നും ആറാം തിയ്യതി നാട്ടിലെത്തുമ്പോൾ വിളിക്കാമെന്നും പറഞ്ഞിരുന്നു. കൊടുങ്ങല്ലൂരിലെ ഒരാശുപത്രിയിൽ കഴിയുന്ന ചന്ദ്രേട്ടനും ഞങ്ങളും ചുള്ളിക്കാട് കാണാൻ വരുമെന്നുള്ള ഏറെ പ്രതീക്ഷയിൽ തന്നെയായിരുന്നു. അക്കാരണത്താൽ തന്നെ ഈ വിഷയം ഇനി സോഷ്യൽമീഡിയയിൽ സംസാരിക്കില്ല എന്നും കരുതിയിരുന്നു.

\"\"

സലീംകുമാർ നിങ്ങൾ സിനിമയിൽ മാത്രമല്ല ജീവിതത്തിലും കോമഡിയാണെന്ന് പീഡിപ്പിക്കപ്പെട്ട സഹപ്രവർത്തകയെ നുണ പരോശോധനക്ക് വിധേയയാക്കണമെന്നാവശ്യപ്പെട്ട് വേട്ടക്കാരനൊപ്പം നിന്നതടക്കമുള്ള നിലപാടുകളിൽ നിന്നും ഞങ്ങൾ പലതവണ കണ്ടതാണ്. മാതാപിതാക്കളും കൂടപ്പിറപ്പികളുമായി പല കാരണങ്ങളാൽ പിണക്കത്തിലാകുന്നവരും അകന്ന് കഴിയുന്നവരുമുണ്ട്. അസമാധാനത്തിന്റെ വിതരണക്കാരായ നിങ്ങളുടെയെല്ലാം ഇടപെടലുകൾ ഇക്കാര്യങ്ങളിലുണ്ടായാൽ നമ്മുടെ തെരുവുകൾ വളരെ വൈകാതെ അനാഥരാൽ നിറയും.

ബാലചന്ദ്രൻ ചുള്ളിക്കാട് വൈകാതെ അയാളുടെ കൂടപ്പിറപ്പിനെ കാണാൻ വരുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്. സലീംകുമാർ ഇക്കാര്യത്തിൽ ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് ഒരപേക്ഷയോടെ നിർത്തുന്നു. സ്നേഹപൂർവ്വം സന്ദീപ് പോത്താനി.

Avatar

Staff Reporter