മലയാളം ഇ മാഗസിൻ.കോം

പ്രിയമേറുന്ന പോസ്റ്റൽ ATM: പിഴയുമില്ല, ഏത്‌ ബാങ്കിന്റെ കാർഡ്‌ ഉപയോഗിച്ചാലും സർവ്വീസ്‌ ചാർജുമില്ല

പോസ്റ്റൽ എടിഎം കാർഡ്‌ ഉപയോഗിച്ച്‌ ഏത്‌ ബാങ്കിന്റെയും എടിഎം കൗണ്ടറിൽ നിന്നും രൂപ പിൻവലിക്കാൻ സാധിക്കുവാൻ തുടങ്ങിയതോടെ പോസ്റ്റൽ അക്കൗണ്ടിന്‌ പ്രിയമേറുന്നു. മിനിമം ബാലൻസ്‌ വെറും അൻപത്‌ രൂപമാത്രം അക്കൗണ്ടിൽ സൂക്ഷിച്ചാൽ മതിയെന്നതാണ്‌ പോസ്റ്റൽ അക്കൗണ്ടിന്റെ പ്രത്യേകത.

കൂടാതെ പോസ്റ്റലിന്റെ എടിഎം കൗണ്ടറിൽ നിന്നും മറ്റ്‌ ബാങ്കുകളുടെ എടിഎം ഉപയോഗിച്ച്‌ എത്ര പ്രാവശ്യം തുക പിൻവലിച്ചാലും അതിന്‌ സർവ്വീസ്‌ ചാർജ്ജ്‌ ഈടാക്കുന്നില്ലായെന്നതും പ്രത്യേകതയാണ്‌. 50 രൂപ മുടക്കി പോസ്റ്റൽ സേവിംഗ്‌ ബാങ്ക്‌ അക്കൗണ്ട്‌ ആരംഭിക്കുന്ന ആളുകൾക്ക്‌ റൂപേ എടിഎം കാർഡാണ്‌ നൽകുന്നത്‌. ഇതേ സൗകര്യങ്ങൾ മറ്റു ബാങ്ക്‌ വഴി ലഭിക്കണമെങ്കിൽ ഓരോരുത്തരുടേയും അക്കൗണ്ടിൽ കുറഞ്ഞത്‌ ആയിരം രൂപയെങ്കിലും ഉണ്ടായിരിക്കണം. ബാങ്ക്‌ അക്കൗണ്ടിന്റെ മിനിമം ബാലൻസ്‌ കുറഞ്ഞു പോയാൽ അതിന്റെ പിഴ വേറേയും ബാങ്ക്‌ ഈടാക്കുകയും ചെയ്യും.

കഴിഞ്ഞമാസം മുതലാണ്‌ എത് ബാങ്കിന്റെയും എടിഎം കാർഡ്‌ ഉപയോഗിച്ച്‌ തുക പിൻവലിക്കാവുന്ന സംവിധാനം തപാൽ വകുപ്പിന്റെ എടിഎം കൗണ്ടറിൽ ഏർപ്പെടുത്തിയത്‌. ഇതോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഏറ്റിഎം കൗണ്ടറുകളായി മാറുകയായിരുന്നു. മറ്റ്‌ ബാങ്കുകൾ നഗരങ്ങളെ കേന്ദ്രികരിച്ച്‌ പ്രവർത്തിക്കുമ്പോൾ തപാൽ ബാങ്ക്‌ നഗരങ്ങളിൽ ഉള്ളവർക്കൊപ്പം ഗ്രാമീണ മേഖലയിലുള്ള ജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു എന്നതാണ്‌ പ്രത്യേകത. ലോകത്തിൽ ഏറ്റവും വലിയ നെറ്റ്‌ വർക്ക്‌ ഉള്ളത്‌ തപാൽ വകുപ്പിനാണ്‌.

ഏത്‌ പോസ്റ്റോഫീസിലും അക്കൗണ്ട്‌ ഉള്ള വ്യക്തിയ്ക്കും അപേക്ഷാനുസരണം തപാൽ വകുപ്പിന്റെ ജില്ലയിലെ ഹെഡ്‌ ഓഫീസുകൾ വഴി എറ്റിഎം കാർഡുകൾ ലഭ്യമാകും. ഇന്ത്യയിലെ എല്ലാ ഹെഡ്‌ പോസ്റ്റ്‌ഓഫീസ്‌, എംഡിജി ഓഫീസ്‌, തിരഞ്ഞെടുത്ത സബ്‌ ഓഫീസുകളിലുമാണ്‌ പ്രരംഭ ഘട്ടത്തിൽ എറ്റിഎം കൗണ്ടറുകൾ സ്ഥാപിക്കുന്നത്‌.

Avatar

Staff Reporter

postal-ATM

Avatar

Staff Reporter