മലയാളം ഇ മാഗസിൻ.കോം

മാസം 1500 രൂപ വീതം നിക്ഷേപിച്ചാൽ 35 ലക്ഷം രൂപ വരെ തിരിച്ചു നൽകുന്ന സർക്കാർ പദ്ധതി, ഇടയ്ക്ക്‌ വായ്പ എടുക്കാനും അവസരം

സർക്കാർ ജോലി ഇല്ലാത്തവർക്ക്‌ എപ്പോഴും ആശങ്കകളാണ്‌. തങ്ങളുടെ ഭാവി എങ്ങനെയാകും എന്ന കാര്യത്തിൽ. കാരണം സർക്കാർ ജീവനക്കാർക്ക്‌ റിട്ടയർമെന്റിനു ശേഷം പെൻഷനും മറ്റ്‌ ആനുകൂല്യങ്ങളുമൊക്കെ ലഭിക്കുകയും ഭാവി ജീവിതം സുരക്ഷിതമായിരിക്കുകയും ചെയ്യുമല്ലോ. എന്നാൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും മറ്റ്‌ ദിവസ വേതനക്കാർക്കുമൊന്നും ഇത്തരത്തിൽ ഉറപ്പായ റിട്ടയർമന്റ്‌ ആനുകൂല്യങ്ങൾ ലഭിക്കില്ല.

എന്നാൽ സമ്പത്ത്‌ കാലത്ത്‌ തൈ പത്ത്‌ വച്ചാൽ ആപത്തുകാലത്ത്‌ കാ പത്ത്‌ തിന്നാം എന്ന് പറയുന്നതുപോലെ നിരവധി നിക്ഷേപ പദ്ധതികളാണ്‌ നമുക്കു മുന്നിലുള്ളത്‌. വിവിധ സർക്കാർ – പ്രൈവറ്റ്‌ നിക്ഷേപ പദ്ധതികളിലൂടെ ഭാവി ജീവിതം ഭദ്രമാക്കാൻ സാധിക്കും. അപകട സാധ്യതകൾ ഭയന്ന് സ്വകാര്യ കമ്പനികളുടെ പദ്ധതികൾ തെരഞ്ഞെടുക്കാനും ആളുകൾക്കു ഭയമാണ്. അതുകൊണ്ട് കുറഞ്ഞ ആദായത്തിൽ സർക്കാർ പദ്ധതികളിൽ നിക്ഷേപിക്കാൻ ചിലർ നിർബന്ധിതമാകുന്നുണ്ട്.

അതേസമയം മികച്ച ആദായം വാഗ്ദാനം ചെയ്യുന്ന ദീർഘകാല പദ്ധതികൾ സർക്കാർ മേഖലയിലുമുണ്ട്. റിസ്‌ക് കുറഞ്ഞ, മികച്ച വരുമാനം നൽകുന്ന പദ്ധതികൾ തെരയുന്ന നിക്ഷേപകർക്ക് അനുയോജ്യമാണ് പോസ്റ്റ് ഓഫീസിന്റെ ഗ്രാം സുരക്ഷ പദ്ധതി. റിട്ടയർമെന്റ് കാലത്ത് മികച്ച വരുമാനത്തിനായി നിക്ഷേപകർക്ക് ഈ ഇൻഷുറൻസ് പദ്ധതി ഒരു നല്ല ഓപ്ഷനാണ്. ഗ്രാം സുരക്ഷാ പദ്ധതി പ്രകാരം നിക്ഷേപിച്ച തുക ബോണസ് സഹിതം 80 വയസിനുശേഷമാകും നിക്ഷേപകന് ലഭിക്കുക. അല്ലെങ്കിൽ മരണസമയത്ത് അവരുടെ നിയമപരമായ അവകാശി / നാമനിർദ്ദേശം ചെയ്യപ്പെട്ടവർക്കോ പണം ലഭിക്കും.

19 നും 55 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം. 10,000 രൂപ മുതൽ 10 ലക്ഷം രൂപവരെയുള്ള പോളിസികളിൽ നിക്ഷേപം സാധ്യമാണ്. പ്രതിമാസം, ത്രൈമാസം, അർദ്ധവാർഷികം അല്ലെങ്കിൽ വർഷം തോറും പ്രീമിയം അടയ്ക്കാനുള്ള ഓപ്ഷനുണ്ട്. ഉപഭോക്താവിന് പ്രീമിയം അടയ്ക്കുന്നതിന് 30 ദിവസത്തെ ഗ്രേസും നൽകുന്നുണ്ട്.

പോളിസി കാലയളവിൽ അടവുകൾ തടസപ്പെട്ടാൽ, മുടക്കം വന്ന പ്രീമിയങ്ങൾ അടച്ച് പോളിസി തുടരാനും സാധിക്കും. പദ്ധതിയിൽ നാലു വർഷം പൂർത്തിയാക്കുന്ന ഉപയോക്താക്കൾക്കു വായ്പാ സൗകര്യവും പോസ്റ്റ് ഓഫീസ് നൽകുന്നുണ്ട്. പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്തപക്ഷം മൂന്നു വർഷത്തിനു ശേഷം പോളിസി സറണ്ടർ ചെയ്യാനും ഉപയോക്താകവിനു സാധിക്കും. പദ്ധതിക്കു കീഴിൽ ഇന്ത്യ പോസ്റ്റ് നൽകുന്ന ബോണസാണ് പ്രധാന ആകർഷണം. കഴിഞ്ഞവർഷം 1000 രൂപയ്ക്ക് 65 രൂപയാണ് ബോണസ് പ്രഖ്യാപിച്ചത്.

ഒരാൾ 19-ാം വയസിൽ 10 ലക്ഷം രൂപയുടെ ഗ്രാം സുരക്ഷാ പോളിസി വാങ്ങുകയാണെങ്കിൽ, 55 വർഷത്തെ പ്രതിമാസ പ്രീമിയം 1,515 രൂപയും 58 വർഷത്തേക്ക് 1,463 രൂപയും 60 വർഷത്തേക്ക് 1,411 രൂപയും ആയിരിക്കും. ഇതുപ്രകാരം പോളിസി വാങ്ങുന്നയാൾക്ക് 55 വർഷത്തിനു ശേഷം 31.60 ലക്ഷം രൂപയും 58 വർഷത്തിൽ 33.40 ലക്ഷവും ലഭിക്കും. 60 വർഷത്തെ നിക്ഷേപമാണെങ്കിൽ കാലാവധിക്കുശേഷം 34.60 ലക്ഷം രൂപ ലഭിക്കും.

പദ്ധതിയെക്കുറിച്ച്‌ കൂടുതൽ അറിയാൻ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ 1800 180 5232/155232 ൽ ബന്ധപ്പെടാം. ഔദ്യോഗിക വെബ്‌സൈറ്റ് www.postallifeinsurance.gov.in.

Avatar

Staff Reporter