പൂജപ്പുരയിൽ നിന്നും ചന്ദനമരങ്ങളുടെ നാട്ടിലേക്ക് പറിച്ചു നടപ്പെടാനൊരുങ്ങുകയാണ് പൂജപ്പുര രവിയെന്ന മലയാളത്തിന്റെ അഭിനയ കാരണവർ. ജീവിത സായന്തനത്തിൽ ചന്ദനമരങ്ങളുടെ നാട്ടിലേക്ക് ചേക്കേറേണ്ടി വരുമ്പോഴും നാടിനോടുള്ള പ്രണയം ചേർത്തുപിടിക്കുകയാണ് അദ്ദേഹം. ആറു വർഷം മുമ്പ് ഭാര്യ തങ്കമ്മ മരിച്ചിരുന്നു. അതിന് ശേഷം മകൻ ഹരികുമാർ ഒപ്പമുണ്ടായിരുന്നു. ഇപ്പോൾ മകൻ കുടുംബത്തിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുന്നതോടെയാണ് പൂജപ്പുര രവി മറയൂരിൽ മകൾ ലക്ഷ്മിയുടെ വീട്ടിലേക്ക് താമസം മാറുന്നത്.
ഈ മാസം 21ന് പൂജപ്പുര രവി പൂജപ്പുരയോട് വിട പറയും. പൂജപ്പുര ചെങ്കള്ളൂർ കൈലാസ് നഗറിൽ ജനിച്ചു വളർന്ന കുടുംബ വീടിനു സമീപം 40 വർഷം മുൻപ് നിർമിച്ച വീട്ടിലായിരുന്നു അദ്ദേഹം ഇതുവരെ താമസിച്ചിരുന്നത്. കലാനിലയം നാടക വേദിയിൽ ഒപ്പമുണ്ടായിരുന്ന അഭിനേത്രി തങ്കമ്മയെയാണ് ജീവിത സഖിയാക്കിയത്. ആറ് വർഷം മുൻപാണ് അവർ മരിച്ചത്.
മലയാള നാടക വേദിയിലൂടെ സിനിമാലോകത്തെത്തിയ പൂജപ്പുര രവിയെന്ന രവീന്ദ്രൻ നായരുടെ അഭിനയ ജീവിതം മലയാള സിനിമയുടെ ചരിത്രത്തിനൊപ്പമുള്ള സഞ്ചാരമായിരുന്നു. ആദ്യകാലങ്ങളിൽ ജഗതി എൻ.കെ.ആചാരിയുടെ കലാനിലയത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. വേലുത്തമ്പി ദളവ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിൽ അരങ്ങേറിയ രവിയെ ശ്രദ്ധേയനാക്കിയത് ‘അമ്മിണി അമ്മാവൻ’ എന്ന ചിത്രത്തിലെ വേഷമാണ്.
പിന്നീട് വലതും ചെറുതുമായ വേഷങ്ങളിലൂടെ സ്ഥിര സാനിധ്യമായ അദ്ദേഹത്തിന്റെ ശബ്ദവും സവിശേഷമായിരുന്നു. സിനിമയ്ക്കൊപ്പം ഒട്ടേറെ ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചു. 2016ൽ ‘ഗപ്പി’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്.‘അഞ്ചു പതിറ്റാണ്ടിനിടെ എത്ര സിനിമകളിൽ അഭിനയിച്ചു എന്നതിനൊരു കണക്കൊന്നുമില്ല; നൂറ് കണക്കിനുണ്ട്. ഗപ്പിക്കു ശേഷവും ചില അവസരങ്ങൾ തേടി വന്നിരുന്നു. ആരോഗ്യം അനുവദിക്കാത്തതിനാൽ വേണ്ടെന്നു വച്ചതാണ്. സിനിമകൾ കാണുന്നതൊക്കെ ഇപ്പോഴും ഹരമാണ്’– രവി പറയുന്നു.
തലസ്ഥാനം വിടുന്ന അദ്ദേഹത്തിന് യാത്രാ മംഗളങ്ങൾ നേരാൻ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും സുഹൃത്തുമായ പ്രേംകുമാർ ഇന്നലെ വീട്ടിലെത്തിയിരുന്നു. ‘ഇവിടം വിടുന്നത് ഇഷ്ടമായിട്ടല്ല. മകൻ പോയി കഴിയുമ്പോൾ ഒറ്റയ്ക്ക് കഴിയാൻ പ്രയാസമാണ്. പ്രായത്തിന്റേതായ ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഒറ്റയ്ക്ക് നടക്കാനൊക്കെ ബുദ്ധിമുട്ടാണ്. ഇനി ഇവിടേക്ക് മടങ്ങിവരാനാകുമോ എന്നറിയില്ല. ഇവിടുന്നു പോയാലും ഈ നാട് എനിക്കൊപ്പം തന്നെയുണ്ടല്ലോ’ – പൂജപ്പുര രവി
ALSO, WATCH THIS VIDEO