മിക്ക വാഹന ഉടമകളും തീരേ ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റ്. മിക്കപ്പോഴും ഇത് മറന്നു പോകാറാണ് പതിവ്. വാഹനം സർവ്വീസ് ചെയ്യുന്ന സമയത്താകും മിക്കവരും വാഹന പുക പരിശോധനയുടെ കാര്യം ഓർക്കുന്നത് പോലും.
6 മാസത്തിൽ ഒരിക്കലാണ് വാഹനത്തിന്റെ പുക പരിശോധിക്കേണ്ടതും അതിന്റെ സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിക്കേണ്ടതും. വാഹന പരിശോധനാ സമയത്ത് കൃത്യമായി വാഹന പുക പരിശോധനയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
എന്നാൽ ഇനി മുതൽ വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 2000 രൂപ പിഴ ഈടാക്കും. നിരക്ക് കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഡീസൽ ഓട്ടോകളുടെ പുക പരിശോധന തുക 90 രൂപയായി വർദ്ധിക്കും. നേരത്തെ ഇത് 60 രൂപയായിരുന്നു. അതെസമയം ഇരുചക്ര വാഹനങ്ങൾക്കും പെട്രോൾ ഓട്ടോക്കും 60 രൂപയിൽ നിന്ന് 80 രൂപയായാണ് നിരക്ക് വർധിക്കുന്നത്. പെട്രോൾ കാറുകൾക്ക് നിലവിൽ 75 രൂപയാണ് പുക പരിശോധന നിരക്ക്. ഇത് 100 രൂപയായി ഉയരുമ്പോൾ ഡീസൽ കാറുകളുടെ നിരക്കിലും വർധനവുണ്ടാകും. 75ൽ നിന്ന് 110 രൂപയായാണ് ഇവയുടെ നിരക്ക് വർധിക്കുന്നത്.
ഹെവി വാഹനങ്ങളുടെ പുതിയ പുക പരിശോധന നിരക്കുകൾ പ്രകാരം, ബസിനും ലോറിക്കും നിലവിലുണ്ടായിരുന്ന തുക 100 രൂപയായിരുന്നു. പുതിയ നിരക്ക് നിലവിൽ വരുന്നതോടെ ഇത് 150 രൂപയായാണ് വർധിക്കുക. അതെസമയം, പുക പരിശോധന സർട്ടിഫിക്കറ്റ് കൈവശമില്ലാത്ത പക്ഷം 2000 രൂപ പിഴ ലഭിക്കും. ഇതേ നിയമലംഘനം ആവർത്തിച്ചാൽ 10,000 രൂപയാണ് പിഴ.