വിസ്മയ കേസിൽ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിനെ ഇനി ജയിലിൽ നിന്ന് പുറത്തിറങ്ങാത്ത വിധം പൂട്ടാൻ അന്വേഷണ സംഘത്തിന് ഐജിയുടെ നിർദേശം. തൊണ്ണൂറു ദിവസത്തിനകം കിരണിനെതിരായ കുറ്റപത്രം സമർപ്പിക്കാൻ ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകി. കിരൺ നടുറോഡിൽ വച്ചു പോലും വിസ്മയയെ മർദ്ദിച്ചിരുന്നുവെന്നതിന്റെ തെളിവുകളും സാക്ഷിമൊഴികളും പൊലീസിന് കിട്ടി.

വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നൽകുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയെങ്കിലും കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പൊലീസ് ഇനിയും എത്തിയിട്ടില്ല. അതെന്തായാലും ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരൺകുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം.
90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കിരൺ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഐജി കർശന നിർദ്ദേശം നൽകിയത്. ഭാര്യയെ പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊന്ന കേസിലെ പ്രതി സൂരജിന് ഒരു ഘട്ടത്തിലും ജാമ്യം ലഭിച്ചിരുന്നില്ല. സമാനമായ വിധത്തിൽ വിസ്മയ കേസും മുന്നോട്ടു കൊണ്ടുപോകണമെന്നാണ് നിർദ്ദേശം.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ കേസിന് നിയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിനിടെ നടുറോഡിൽ പട്ടാപ്പകൽ പോലും വിസ്മയക്ക് കിരണിൽ നിന്ന് മർദ്ദനമേറ്റിരുന്നതായി ചിറ്റുമല സ്വദേശിയായ ഹോം ഗാർഡും കുടുംബവും അന്വേഷണ സംഘത്തിന് മൊഴി നൽകി. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ വിസ്മയയുടെ വീട്ടിൽ നിന്ന് പോരുവഴിയിലെ കിരണിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു മർദ്ദനം. അടിയേറ്റ വിസ്മയ കാറിൽ നിന്ന് ഇറങ്ങിയോടി അഭയം പ്രാപിച്ചത് ഹോം ഗാർഡായ ആൾഡ്രിൻ്റെ വീട്ടിലാണ്. ആളുകൂടിയതോടെ കിരൺ കാർ റോഡിൽ ഉപേക്ഷിച്ച് വിസ്മയയെ കൂട്ടാതെ മറ്റൊരു വാഹനത്തിൽ കടന്നു കളഞ്ഞെന്നാണ് ആൾഡ്രിന്റേയും കുടുംബത്തിൻ്റെയും മൊഴി. കിരണിനെ ഈ സ്ഥലത്ത് എത്തിച്ചും തെളിവെടുത്തു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി വിസ്മയയുടെ ഭർത്താവ് കിരണിന്റെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിരുന്നു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും മുദ്രവച്ചു. സ്ത്രീധനമായി നൽകിയ കാറും സ്വർണവും കേസില്‍ തൊണ്ടിമുതലാകും. വിസ്മയയുടെ കുടുംബം വിവാഹ സമയത്ത് നൽകിയ 80 പവൻ സ്വർണം കിരൺ പോരുവഴിയിലെ സഹകരണ ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. ലോക്കർ തുറന്ന് പൊലീസ് പരിശോധന നടത്തി ലോക്കർ മുദ്രവച്ചത്.

വിസ്മയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം പോരുവഴി ശാസ്താംനടയിലെ കിരൺകുമാറിന്റെ വീട്ടിലെത്തി പരിശോധന നടത്തും. പൊലീസ് കസ്റ്റഡിയിലുള്ള കിരണിനെയും ഇതേ സമയം സ്ഥലത്ത് എത്തിക്കും. വിസ്മയ ദുരൂഹ സാഹചര്യത്തിൽ മരിച്ച് ഒരാഴ്ച കഴിഞ്ഞെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. ജൂണ്‍ 21നു പുലർച്ചെ വീടിന്റെ രണ്ടാം നിലയിലുള്ള കിടപ്പുമുറിയോട് ചേർന്ന ശുചിമുറിയിൽ തറ നിരപ്പിൽ നിന്നും 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നൽകിയ മൊഴി.
എന്നാൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തന്നെക്കാൾ 19 സെന്റിമീറ്റർ മാത്രം ഉയരമുള്ള ജനൽ കമ്പിയിൽ എങ്ങനെ തൂങ്ങി മരിക്കുമെന്ന സംശയം തുടരുകയാണ്. ഇതുവരെ ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടത് കിരൺ മാത്രമാണ്. പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം ആത്മഹത്യ എന്നാ ണെങ്കിലും സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനത്തിലേക്ക് മെഡിക്കൽ സംഘം എത്തുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം, വിസ്മയ മരിച്ച ദിവസവും കിരൺ മദ്യപിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്ന് കിരണിനൊപ്പം മദ്യപിച്ചതായി സംശയിക്കുന്ന സുഹൃത്തുക്കളിൽ ചിലരെയും ചോദ്യം ചെയ്തു. മദ്യപിച്ചാൽ കിരൺ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പൊലീസ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയിട്ടുണ്ട്. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കിരണിൻ്റെ ബന്ധുക്കളിൽ ചിലർക്കെതിരെയും മൊഴി ലഭിച്ചിട്ടുണ്ടെങ്കിലും തൽക്കാലം കിരണിന് പരമാവധി ശിക്ഷയുറപ്പിക്കുന്നതിൽ ഊന്നൽ നൽകാനാണ് പൊലീസ് തീരുമാനം.