മലയാളം ഇ മാഗസിൻ.കോം

\’മുലകളെ\’ പറ്റി സജീവമായി ചർച്ച ചെയ്യുന്നവർക്ക്‌ ആർക്കെങ്കിലും അറിയാമോ ഈ കാര്യങ്ങൾ?

ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഗൃഹലക്ഷമി ദ്വൈവാരിക നടത്തുന്ന ‘തുറിച്ച് നോക്കരുത് ഞങ്ങൾക്കും മുലയൂട്ടണം’ എന്ന ക്യാംപെയ്ൻ ആരംഭിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമായി \”മുലകളും\” ഉണ്ട്. മോഡലിനെ വച്ചുകൊണ്ട് മാതൃഭൂമി നടത്തുന്ന ക്യാംപെയ്ൻ കേവലം കച്ചവടതന്ത്രമാണെന്നും അതൊരിക്കലും മുലയൂട്ടലിനെയും മാതൃത്വത്തെയും മഹത്വവത്കരിക്കുന്നതല്ലെന്നുമൊക്കെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആൾക്കാർ സോഷ്യൽ മീഡിയയിലെ സജീവ ചർച്ചയിലെ പങ്കാളികളും ആയി.

\"\"

കേരളത്തിലെ ഈ \”മുലകൾ\” സംസാരത്തിനിടയ്ക്ക് ഡോ. അരവിന്ദിന് പറയാൻ ഉള്ളത് മറ്റൊന്നാണ്.

കേരളത്തിലെ സ്തനാർബുദ ‍ നിരക്കുകള്‍ അതിവേഗം വര്‍ധിക്കുന്നുണ്ട് എന്നിട്ടും മുലകളെ കുറിച്ച് ചര്‍ച്ച ചെയ്യാനും തുറന്നു പറയാനും ഉള്ള മടികൊണ്ട് മാത്രമാണ് നിരവധി സ്ത്രീകൾക്ക് സ്വന്തം ജീവൻ പോലും നഷ്ടപ്പെട്ടുപോകുന്നത്. മുലയെ ചുറ്റിപ്പറ്റിയുള്ള നാണത്തിനും തുറിച്ചു നോട്ടത്തിനുമെല്ലാം നമ്മള്‍ നല്‍കേണ്ട വില വളരെ വലുതാണെന്ന ഓർമ്മപ്പെടുത്താലോടെ ആണ് അദ്ദേഹത്തിന്റെ കുറിപ്പ് വൈറൽ ആകുന്നത്.

\"\"

കാൻസർ ഇന്ന് സർവ്വ സാധാരണവും എന്നാൽ മാരകവുമായ അസുഖമാണ്. പത്തിൽ രണ്ട് പേർക്ക് ഇന്ന് കാൻസർ വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അതിൽ തന്നെ സ്ത്രീകളിൽ സ്തനാർബുദമാണ് വ്യാപകമായി കാണുന്നത്. നേരത്തെ തന്നെ തിരിച്ചറിയാനും ചികിത്സിച്ച് ഭേദപ്പെടുത്താനും സാധിക്കുന്ന സ്തനാർബുദം അശ്രദ്ധ കൊണ്ട് മാത്രമാണ് ഇത്രയേറെ വ്യാപകമാവുന്നത്. ഇത് തിരിച്ചറിഞ്ഞ് കൊണ്ട് ജനങ്ങളുടെ ഇടയിലേക്ക് ഒരു ബോധവൽക്കരണം ആണ് ഡോ. അരവിന്ദൻ ലക്ഷ്യമിടുന്നത്.

അര്‍ബുദം ബാധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ വൈദ്യസഹായം ലഭിച്ചാല്‍ ഇത് പൂര്‍ണമായും മാറ്റാന്‍ സാധിക്കും എന്നു തന്നെയാണ് അദ്ദേഹവും വിലയിരുത്തുന്നത്.എന്നാല്‍ ഇന്നത്തെ സാമൂഹികമായ ചുറ്റുപാടില്‍ നാണം കൊണ്ട് മറച്ചുവയ്ക്കുന്നത് കൊണ്ട് കാര്യങ്ങള്‍ കൈവിട്ടു പോവുകയാണ് ഇതിൽ സാധാരണയായി കണ്ടു വരുന്നത്. ഇത് സംബന്ധിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകളുടെ സഹായത്തോടെയാണ് ഡോക്ടര്‍ അരവിന്ദന്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ കാര്യങ്ങള്‍ വിവരിക്കുന്നത്.

\"\"

ഡോ. കെപി അരവിന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മുലകളെ പറ്റി ചർച്ച നടക്കുമ്പോൾ പറയേണ്ടതാണെന്നു തോന്നുന്ന ഒരു കാര്യം. കേരളത്തിൽ മുലകളുടെ കാൻസർ നിരക്കുകൾ അതിവേഗം കൂടിക്കൊണ്ടിരിക്കുകയാണ്‌. രാജ്യത്തെ ജനസംഖ്യാധിഷ്ടിത കാൻസർ റജിസ്ട്രികളിൽ (Population based cancer registry) വെച്ചു ഈ കാൻസർ ഏറ്റവും കൂടുതൽ ഉള്ളത്‌ തിരുവനന്തപുരം കാൻസർ റജിസ്ട്രിയിൽ ആണ്‌. വർഷം തോറും ഒരു ലക്ഷം പേരിൽ 40 പേർക്ക്‌ സ്തനാർബുദം പിടി പെടുന്നു.

( http://www.thehindu.com/…/breast-cancer-…/article5935823.ece ) കേരളം അതിവേഗം പാശ്ചാത്യ രാജ്യങ്ങളിലെ നിരക്കുകളോട്‌ അടുത്ത്‌ എത്തിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, കേരളത്തിൽ (ഇന്ത്യയിൽ) കാൻസർ ബാധിക്കുന്നവരുടെ ശരാശരി പ്രായം പാശ്ചാത്യരേക്കാൾ പത്തു വർഷം കുറവാണ്.

\"\"

സ്തനാർബുദം ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ പൂർണമായി ചികിത്സിച്ചു ഭേദമാക്കാം. 2 സെന്റിമീറ്ററിൽ താഴെയുള്ള മുഴയാണെങ്കിൽ 90% പേരും പൂർണ സുഖം പ്രാപിക്കുന്നു.

https://www.ncbi.nlm.nih.gov/pmc/articles/PMC3457875/

എന്നാൽ മുഴകൾ നേരത്തെ കണ്ടെത്തി ചികിത്സ തേടുക എന്നത്‌ സുപ്രധാനമാണ്‌. കാൻസർ വരാൻ സാദ്ധ്യതയുള്ളവരിൽ (അമ്മ, സഹോദരി, അമ്മൂമ്മ, അമ്മയുടേയോ അച്ഛന്റേയോ പെങ്ങൾ എന്നിവർക്ക് ചെറുപ്പത്തിൽ തന്നെ സ്തനാർബുദമോ അണ്ഡാശയ അർബുദമോ വന്നവർ) ഇടക്കിടെ ഉള്ള മാമോഗ്രാഫി പോലുള്ള പരിശോധനകൾ വഴി പ്രാരംഭ ദിശയിൽ തന്നെ രോഗം കണ്ടെത്താം. ഈ ടെസ്റ്റുകൾ ചെയ്യാനുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ കുറവാണ്.

\"\"

എന്നാൽ ഇതിലുമൊക്കെ പ്രധാനം ചെറിയ മുഴയുള്ളതായി ഒരു സ്ത്രീയ്ക്ക് സംശയം ഉണ്ടായാൽ ഉടൻ അത് ചികിത്സയിലേക്ക് നയിക്കണം എന്നതാണ്‌. നിർഭാഗ്യവശാൽ ഇതു പലപ്പോഴും സംഭവിക്കുന്നില്ല. ഇതു പുറത്തു പറയാൻ പല സ്ത്രീകളും മടിക്കുന്നു. ആദ്യമായി ചികിത്സയ്ക്കെത്തുമ്പോൾ 2 സെന്റിമീറ്ററിലും വലിയ മുഴകളാണ്‌ നമ്മുടെ നാട്ടിൽ ബഹുഭൂരിഭാഗവും. അതിൽ തന്നെ വലിയൊരു ശതമാനം 5 സെന്റിമീറ്ററിലും വലുതാണ്‌. ഇത് പറയാൻ ഇത്ര വൈകിയതെന്താണ്‌ എന്നു ചോദിക്കുമ്പോൾ നാണിച്ച് തല താഴ്ത്തുന്ന സ്ത്രീകൾ നിരവധിയാണ്‌. നമ്മുടെ നാട്ടിൽ സ്തനാർബുദം ബാധിച്ചവരുടെ മരണ നിരക്ക് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്‌. ഇതിന്റെ മുഖ്യ കാരണം മുലയിൽ തടിപ്പോ മുഴയോ ഉണ്ടെന്ന് പുറത്തു പറയാൻ സ്ത്രീകൾ മടിക്കുന്നതു കൊണ്ടാണ്‌.

മൂടി വെച്ച്, നിഗൂഡവൽക്കരിക്കപ്പെട്ട്, സെക്സ് ഓബ്ജെക്ട് ആക്കി മാറ്റിയ മുലകളെ ഒരു സാധാരണ അവയവമാക്കി മാറ്റിയെടുക്കേണ്ടിയിരിക്കുന്നു. അതിനെ ചുറ്റിയുള്ള ഗോപ്യതയ്ക്കും നാണത്തിനുമെല്ലാം നമ്മൾ നൽകുന്ന വില ഒരുപാടൊരുപാട് സ്ത്രീകളുടെ ജീവനാണ്‌. തുറിച്ചുനോട്ടത്തിനും സ്തനാർബുദ മരണങ്ങൾക്കും ഒക്കെ പിന്നിൽ ഒരേ കാരണങ്ങളാണുള്ളത്.

\"\"

Staff Reporter